UPDATES

ചരിത്രത്തില്‍ ഇന്ന്

1906 ഡിസംബര്‍ 30: അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചു

മുസ്ലീങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അഖിലേന്ത്യ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം നവാബ് സലിമുള്ള ഖാന്‍ മുന്നോട്ട് വച്ചതോടെ, രാഷ്ട്രീയ ചര്‍ച്ചകളിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സമ്മേളനം എടുത്തുകളഞ്ഞു.

1906 ഡിസംബര്‍ 30ന്, മുഹമ്മദന്‍ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ വാര്‍ഷിക സമ്മേളനം നവാബ് വിഗാര്‍-ുല്‍-മുല്‍കിന്റെ അദ്ധ്യക്ഷതയില്‍ ധാക്കയില്‍ ചേര്‍ന്നു. മുസ്ലീം ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിനിധി സമ്മേളനമായി മാറിയ യോഗത്തില്‍ ഏകദേശം 3,000 പ്രതിനിധികളാണ് പങ്കെടുത്തത്. മുസ്ലീങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അഖിലേന്ത്യ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം നവാബ് സലിമുള്ള ഖാന്‍ മുന്നോട്ട് വച്ചതോടെ, രാഷ്ട്രീയ ചര്‍ച്ചകളിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സമ്മേളനം ആദ്യമായി എടുത്തുകളഞ്ഞു. പാകിസ്ഥാന്‍ എന്ന മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രത്യേക രാജ്യം വേണമെന്ന മുസ്ലീം ലീഗിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യം 1947ല്‍ ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ചു.

മൂന്ന് ഘടകങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും മുസ്ലീങ്ങളെ അകറ്റിയിരുന്നു. തങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശാലമായ ഇടം നല്‍കാനുള്ള സര്‍ സയിദിന്റെ മുസ്ലീങ്ങളോടുള്ള ഉപദേശം, ബംഗാള്‍ വിഭജനത്തിനെതിരായ ഹിന്ദു കലാപം, മുസ്ലീങ്ങളോടുള്ള ഹിന്ദുമത നവോത്ഥാനത്തിന്റെ അസഹിഷ്ണുത എന്നിവയായിരുന്നു അത്. സര്‍ സയിദിന്റെ ഉപദേശത്തോട് മുസ്ലീങ്ങള്‍ കൂറുപുലര്‍ത്തിയെങ്കിലും, ഇന്ത്യന്‍ സാഹചര്യങ്ങള്‍ അതിവേഗം മാറുകയായിരുന്നു. ജനങ്ങളുടെ എല്ലാ മേഖലകളിലേക്കും രാഷ്ട്രീയം ഇടിച്ചുകയറി. പക്ഷെ, മുസ്ലീം ബൗദ്ധീകവിഭാഗങ്ങള്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടതായിരുന്നു പ്രധാന പ്രോത്സാഹന ഘടകം; ജനങ്ങള്‍ക്ക് ഏകീകരണത്തിനുള്ള ഒരു വേദി അനിവാര്യമായിരുന്നു. മൊഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജില്‍ (പിന്നീട് അലിഗഡ് മുസ്ലീം സര്‍വകലാശാല) ജോണ്‍ ലോക്, മില്‍ട്ടണ്‍, തോമസ് പെയ്ന്‍ മുതലായവര്‍ പാശ്ചാത്യ ചിന്തകള്‍ പ്രചരിപ്പിച്ചതാണ് മുസ്ലീം ദേശീതയുടെ ആവിര്‍ഭാവത്തിന് തുടക്കം കുറിച്ചത്.

അഖിലേന്ത്യ മുസ്ലീം ലീഗിന്റെ ആസ്ഥാനം ലൗഖ്‌നൗ ആയി നിശ്ചയിക്കപ്പെടുകയും ആഗാ ഖാന്‍ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എല്ലാ പ്രവിശ്യകളില്‍ നിന്നും ആനുപാതികമായി തിരഞ്ഞെടുക്കപ്പെട്ട 400 പേരായിരുന്നു ആദ്യ അംഗങ്ങള്‍. ‘ഹരിത പുസ്തകം’ എന്നറിയപ്പെടുന്ന ലീഗിന്റെ ഭരണഘടന എഴുതി തയ്യാറാക്കിയത് മൗലാന മുഹമ്മദ് അലി ജോഹര്‍ ആയിരുന്നു. ഔദ്ധ്യോഗിക പ്രേരണയുടെ ഫലമായാണ് മുസ്ലീം ലീഗ് രൂപം കൊണ്ടതെന്ന് നിരവധി ഹിന്ദു ചരിത്രകാരന്മാരും ബ്രിട്ടീഷ് എഴുത്തകാരും ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനെ വിഭജിക്കുന്നതിനും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശക്തി കുറയ്ക്കുന്നതിനുമായി മുസ്ലീം സംഘടന രൂപീകരിക്കാന്‍ പ്രചോദനം നല്‍കിയത് ലോര്‍ഡ് മിന്റോ ആണെന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ഈ വാദമുഖങ്ങള്‍ക്കൊന്നും തെളിവുകളുടെ പിന്തുണയില്ല. ഇതിന് വിരുദ്ധമായി, മുസ്ലീം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും വളര്‍ന്നുവരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്വാധീനം ചെറുക്കുന്നതിനുമായാണ് അടിസ്ഥാനപരമായി മുസ്ലീം ലീഗ് രൂപീകരിച്ചതെന്ന കാഴ്ചപ്പാടാണ് പൊതുവില്‍ അംഗീകരിക്കപ്പെടുന്നത്.

വിഭജനത്തിനും പാകിസ്ഥാന്‍ രൂപീകരണത്തിനും ശേഷവും, മിക്കപ്പോഴും സര്‍ക്കാരിന്റെ ഭാഗമായുള്ള ഒരു ന്യൂനപക്ഷ പാര്‍ട്ടിയായി മുസ്ലീം ലീഗ് ഇന്ത്യയില്‍ തുടര്‍ന്നു. 1976ല്‍ ബംഗ്ലാദേശില്‍ മുസ്ലീം ലീഗ് പുനഃരുദ്ധരിക്കപ്പെട്ടെങ്കിലും, രാഷ്ട്രീയ ഭൂമികയില്‍ അപ്രധാനമായ ഒരു സ്ഥലത്തേക്ക് അത് ഒതുങ്ങപ്പെട്ടു. പാകിസ്ഥാനിലാകട്ടെ, അഖിലേന്ത്യ മുസ്ലീം ലീഗിന്റെ യാഥാര്‍ത്ഥ പിന്‍ഗാമിയായി സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ (അദ്ദേഹത്തിന്റെ മരണശേഷം പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെയും) നേതൃത്വത്തില്‍ മുസ്ലീം ലീഗ് മാറി. എന്നാല്‍ 1958ലെ സൈനിക ഇടപെടലോടെ അവിടെയും അതിന്റെ കഷ്ടകാലം ആരംഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍