അഴിമുഖം പ്രതിനിധി
വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണം എന്ന ശുപാര്‍ശ ഉള്‍പ്പെടുത്തി നിതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ശക്തമായി എതിര്‍ത്തിരുന്ന നിര്‍ദ്ദേശമാണിത്.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിന് മൂന്നു വഴികളാണ് നിതി ആയോഗ് മുന്നോട്ടു വച്ചിരിക്കുന്നത്. രാജ്യത്ത് അത്തരം സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി പുതിയ നിയമം പാസാക്കുക, 1956-ലെ യുജിസി നിയമത്തിലും വിദേശ സര്‍വകലാശാലകളെ ഡീംഡ് സര്‍വകലാശാലകളായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കൊണ്ട് ഡീംഡ് സര്‍വകലാശാല നിയമത്തിലും ഭേദഗതി കൊണ്ടുവരിക, യുജിസിയുടേയും എഐസിടിഇയുടേയും ചിറകുകള്‍ അരിഞ്ഞുകൊണ്ട് ഇന്ത്യയിലേയും വിദേശത്തേയും സര്‍വകലാശാലകള്‍ക്ക് സംയുക്ത പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കുക എന്നീ വഴികളാണ് നിതി ആയോഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യത്തിന് സ്ഥാപനങ്ങളില്ലാത്തത് നികത്താനാകുമെന്നും അതിലൂടെ ഈ രംഗത്തെ മത്സരവും നിലവാരവും വര്‍ദ്ധിപ്പിക്കുമെന്നുമാണ് വിദേശ സര്‍കലാശാലകള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ വാദം.
ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിദ്യാഭ്യാസ നയത്തില്‍ വിദേശ സര്‍വകലാശാലകളെ കുറിച്ച് നിര്‍ദ്ദേശമുണ്ട്. ബിജെപി ഭരിക്കുന്നവയടക്കം 10 സംസ്ഥാനങ്ങളുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തിനുണ്ട്. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.