UPDATES

ഈ മനുഷ്യന്‍ രഘുറാംരാജന്‍ അടക്കമുള്ളവര്‍ ശിഷ്യരായിട്ടുള്ള മുന്‍ ഐഎടി പ്രൊഫസറാണ്‌

അഴിമുഖം പ്രതിനിധി

വിദ്യാഭ്യാസവും അതുകൊണ്ടുള്ള സൗകര്യങ്ങളും സ്വന്തം ഉയര്‍ച്ചയ്ക്കു മാത്രം ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അലോക് സാഗര്‍ എന്തുകൊണ്ട് വ്യത്യസ്തനാകുന്നു?

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ ശിഷ്യരായിട്ടുള്ള, ഡല്‍ഹി ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദവും ഹൂസ്റ്റണ്‍ സര്‍വകലാശലയില്‍ നിന്നു മാസറ്റര്‍ ബിരുദവും സമ്പാദിച്ച, ഒരു മുന്‍ ഐഐടി പ്രൊഫസര്‍ ആണെന്നു കൂടി അറിയുക അലോക് സാഗര്‍. അങ്ങനെയുള്ളൊരു മനുഷ്യന്റെ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി എങ്ങനെയാണു ജീവിക്കുന്നതെന്നു കൂടി അറിയുമ്പോഴാണ് മേല്‍ പറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം കിട്ടുക.

അതേ അലോക് സാഗര്‍ എന്തുകൊണ്ടും വ്യത്യസ്തനായ ഒരു മനുഷ്യന്‍ തന്നെയാണ്. എല്ലാ സുഖസൗകര്യങ്ങളോടുംകൂടി, വലിയസ്ഥാനമാനങ്ങളോടെ, എപ്പോഴും തിരക്കുകള്‍ക്കിടയില്‍ ജീവിക്കാമായിരുന്നിട്ടും അലോക് സാഗര്‍ അതെല്ലാം ഉപേക്ഷിച്ചു. തന്റെ ജീവിതം ആദിവാസികള്‍ക്കായി സമര്‍പ്പിച്ചു.

ഐഐടിയിലെ അധ്യാപക ജോലി രാജിവച്ച് കഴിഞ്ഞ 32 വര്‍ഷമായി മധ്യപ്രദേശിലെ ബൈത്തുല്‍, ഹോഷങ്കബാദ് ജില്ലകളിലെ അപരിഷ്‌കൃതമായ ആദിവാസി ഗ്രാമങ്ങളില്‍ ജീവിച്ച് ,അവിടെയുള്ള മനുഷ്യര്‍ക്കു സേവനം ചെയ്താണ് തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

26 വര്‍ഷമായി അലോക് താമസിക്കുന്നത് കോച്ചമു എന്ന ഗ്രാമത്തിലാണ്. 750 ഓളം ആദിവാസികളാണ് ഇവിടെ വസിക്കുന്നത്. വൈദ്യുതിയോ റോഡുകളോ ഇല്ലാത്ത ഗ്രാമം. ആകെ പറയാനുള്ളത് ഒരു പ്രാഥമിക വിദ്യാലയം മാത്രം.

ബൈത്തൂലില്‍ അലോക് ഇതുവരെ നട്ടുപിടിപ്പിച്ചിരിക്കുന്നത് അരലക്ഷത്തോളം മരങ്ങളാണ്. ‘നിങ്ങള്‍ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അടിത്തട്ടിലുള്ള ജനങ്ങള്‍ക്കുള്ള സേവനത്തില്‍ നിന്നു തുടങ്ങണമെന്നാണ്. നിരവധി പ്രശ്‌നങ്ങളില്‍ കൂടി കടന്നുപോകുന്ന രാജ്യമാണിത്. മറ്റുള്ളവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ആരും തയ്യാറല്ല, എല്ലാവരും തങ്ങളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിച്ച് സ്വന്തം ബുദ്ധിവൈദഗ്ധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന തിരക്കിലാണ്‌; ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തോടായി അലോക് ഒരിക്കല്‍ പറഞ്ഞു.

ഗ്രാമത്തില്‍ താമസിക്കുമ്പോള്‍ അലോക് ഒരിക്കലും തന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചോ ചെയ്തിരുന്ന ജോലിയെക്കുറിച്ചോ ആരോടും വെളിപ്പെടുത്തിയിരുന്നില്ല.

ബൈത്തുല്‍ ജില്ല തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രാദേശിക ഭരണാധികാരികള്‍ക്ക് അലോകിനു മേല്‍ സംശയം വന്നു. അവരദ്ദേഹത്തോട് അവിടം വിടാന്‍ ആവശ്യപ്പെട്ടു. തന്റെ വിശദീകരണങ്ങള്‍ അധികാരികളുടെ കടുംപിടുത്തം അവസാനിപ്പിക്കില്ലെന്നു ബോധ്യം വന്നതോടെ തനിക്കുള്ള വിദ്യാഭ്യാസ യോഗ്യതകളുടെ നീണ്ട ലിസ്റ്റ് പുറത്തെടുക്കേണ്ടി വന്നു അദ്ദേഹത്തിന്. വന്നവരെ അത് തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. എന്നിട്ടും സംശയം തീര്‍ക്കാന്‍ അലോകിന്റെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ചുറപ്പിച്ചാണ് അധികൃതര്‍ സത്യം മനസിലാക്കിയത്.

ലാളിത്യത്തിന്റെ പ്രതീകം കൂടിയാണ് അലോക് സാഗര്‍. ആകെയുള്ളത് മൂന്നുജോഡി കുര്‍ത്തകള്‍. സ്വന്തമായുള്ള വാഹനം ഒരു പഴകിയ സൈക്കിള്‍. ആദിവാസികളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ചും അവ വിതരണം ചെയ്തുമാണ് തന്റെ ഒരു ദിവസം അലോക് ചെലവഴിക്കുന്നത്. വിവിധ ഭാഷകളും ഭാഷാശൈലികളും വശമുണ്ട് ഈ പ്രൊഫസര്‍ക്ക്. ശ്രമിക് ആദിവാസി സംഘ്താനുമായി സഹകരിച്ച് ആദിവാസി ഉന്നമത്തിനായും അലോക് പ്രവര്‍ത്തിക്കുന്നു.

1980കളില്‍ ഡല്‍ഹി ഐഐടിയിലെ തന്റെ അധ്യാപകജീവിതത്തിനിടയിലാണ് രഘുറാം രാജന്‍ അലോകിന്റെ ശിഷ്യനായി എത്തുന്നത്. എന്നാല്‍ പൂര്‍വകാലത്തെ ഓര്‍മകളൊന്നും ഇപ്പോള്‍ തന്നെ മഥിക്കുന്നില്ലെന്നാണ് അലോക് പറയുന്നത്. ജനങ്ങളെ സേവിക്കാന്‍ വിദ്യാഭ്യാസം വേണമെന്നില്ല, മനസ് മാത്രം മതി; ഈ മുന്‍ പ്രൊഫസര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍