UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിയും നിയമം തെറ്റിക്കും, അടുത്ത തവണയും അവാര്‍ഡിന് പരിഗണിക്കേണ്ട; അല്‍ഫോന്‍സ് പുത്രന്‍

അഴിമുഖം പ്രതിനിധി

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പ്രേമം എന്ന സിനിമ പരിഗണിക്കാതെ പോയത് അര്‍ഹതയില്ലാത്തതുകൊണ്ടാണെന്ന ജൂറി ചെയര്‍മാനും സംവിധായകനുമായ എം. മോഹന് മറുപടിയുമായി പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇതേ മാനദണ്ഡങ്ങളാണെങ്കില്‍ അടുത്ത തവണയും തന്റെ സിനിമ അവാര്‍ഡിന് പരിഗണിക്കേണ്ടതില്ലെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്. തന്റെ സിനിമയേയും സഹപ്രവര്‍ത്തകരെയും താഴ്ത്തിക്കെട്ടുന്ന രീതിയില്‍ ജൂറി ചെയര്‍മാന്‍ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു മറുപടിയെന്ന് പറഞ്ഞുകൊണ്ടാണ് തനിക്കു പറയാനുള്ള ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് കുറിച്ചിരിക്കുന്നത്.

എന്റെ സിനിമയില്‍ പ്രേമത്തെ ചിത്രശലഭമായാണ് ഉപമിച്ചിരിക്കുന്നതെന്നും അതിനെ സിനിമയിലെ സ്റ്റഡി ഷോട്ട് ലോജിക്കുമായി ബന്ധിപ്പിക്കാനാകില്ലെന്നും അല്‍ഫോന്‍സ് പറയുന്നു. ആ പൂമ്പാറ്റയെ എത്രത്തോളം ശ്രദ്ധിക്കുന്നുവെങ്കില്‍ അതിന്റെ ചലനങ്ങളില്‍ ഒരിക്കലും ലോജിക് കാണാന്‍ കഴിയില്ല. അതുകൊണ്ടാവാം എന്റെ സിനിമയിലെ ഷോട്ടുകള്‍ക്കും മെയിക്കിംഗിനും ലോജിക് കുറവുള്ളതായി തോന്നിയത്. സിനിമ സംവിധാനത്തിന്റെ നിയമങ്ങളോ ഘടനകളോ എന്റെ ചെറിയ ചിത്രത്തിനു വേണ്ടി ലംഘിച്ചതില്‍ ക്ഷമിക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ പരിഹസിക്കുന്നു.

സിനിമയ്ക്ക് ഘടന ഇല്ലാത്തതിന്റെ പേരില്‍ എനിക്കോ സിനിമയുമായി ബന്ധപ്പെട്ട മറ്റുളളവര്‍ക്കോ അവാര്‍ഡ് നല്‍കാത്തതില്‍ നന്ദിയുണ്ട്. ഈ സിനിമ ഇടവേളയ്‌ക്കോ ക്ലൈമാക്‌സിനോ വേണ്ടി ഉള്ളതല്ല. ഞാന്‍ ചിത്രങ്ങള്‍ ചെയ്യുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടാണ്. എന്റെ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലും ജനങ്ങള്‍ സ്വീകരിച്ചു. ഞാനൊരു പ്രേക്ഷകനാണ്. എന്നെ ആസ്വദിപ്പിക്കുന്ന ചിത്രങ്ങളാണ് ഞാന്‍ ചെയ്യുന്നത്. അവാര്‍ഡ് കമ്മിറ്റിക്ക് ഇഷ്ടപ്പെടുന്നില്ലെന്നു കരുതി പല കാര്യങ്ങളും സിനിമയില്‍ നിന്നും ഒഴിവാക്കുന്ന സംവിധായകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇനിയും നിയമം തെറ്റിക്കുമെന്നും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍