UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി വാഹനനിയന്ത്രണം ഫലപ്രദമോ?

Avatar

ആനി ഗോവെന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

15 ദിവസത്തെ വാഹനനിയന്ത്രണ നടപടികള്‍ തടയില്ലെന്ന ഹൈക്കോടതിയുടെ തീരുമാനം ന്യൂഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് കരുത്തേകും. ലോകത്തില്‍ ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിലൊന്നാണ് ഡല്‍ഹി.

നമ്പര്‍ പ്ലേറ്റിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റ, ഇരട്ട അക്കവാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഗതാഗത അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട നിരവധി പൊതുതാല്‍പര്യ ഹര്‍ജികളിന്മേലാണ് ഹൈക്കോടതിയുടെ തീരുമാനം.

നിയന്ത്രണം മലിനീകരണം കുറച്ചെന്നും നിരത്തുകളില്‍ നിന്ന് പ്രതിദിനം 10ലക്ഷം കാറുകള്‍ മാറിനില്‍ക്കുന്നത് ഗതാഗതക്കുരുക്ക് ഇല്ലാതാക്കിയെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

കോടതി തീരുമാനത്തെ പ്രശംസിച്ച സംസ്ഥാന ഗതാഗതമന്ത്രി ഗോപാല്‍ റായ് ഇത് നഗരത്തിലെ കുട്ടികളെ സ്വതന്ത്രമായി ശ്വസിക്കാന്‍ സഹായിക്കുമെന്നു പറഞ്ഞു. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്.

ലോകാരോഗ്യ സംഘടനയുടെ 2014ലെ പഠനം അനുസരിച്ച് 60 ലക്ഷം ജനങ്ങളും 80 ലക്ഷം കാറുകളുമുള്ള ഡല്‍ഹി ലോകത്ത് അന്തരീക്ഷമലിനീകരണം ഏറ്റവും കൂടിയ നഗരമാണ്.

കാര്‍പൂളിങ് നടത്തിയും വര്‍ഷങ്ങളായി ഉപയോഗിക്കാത്ത ഇരുചക്രവാഹനങ്ങള്‍ പൊടി തട്ടിയെടുത്തും തിരക്കേറിയ ബസുകളില്‍ യാത്ര ചെയ്തും ഡല്‍ഹി നിവാസികള്‍ സര്‍ക്കാര്‍ പരിപാടിയോട് സഹകരിച്ചു. രണ്ടായിരം രൂപ എന്ന കനത്തപിഴയും നിയമലംഘനം കുറച്ചു. ഇതുവരെ 6,000 പേര്‍ക്ക് ചെലാന്‍ നല്‍കിയെന്നാണു കണക്ക്.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം. ഈ സമയത്ത് നിരത്ത് ഗതാഗതം അവധിദിനങ്ങളിലേതുപോലെ സുഗമമായപ്പോള്‍ ബസുകളും മെട്രോ ട്രെയിനുകളും നിറഞ്ഞുകവിഞ്ഞു. ഓട്ടോകളും ടാക്‌സികളും നിരക്കുകൂട്ടിയെന്ന പരാതിയും ഉയര്‍ന്നു.

‘ യാത്ര പേടിസ്വപ്‌നമായി മാറി’യെന്നാണ് സ്‌കൂള്‍ ജീവനക്കാരിയായ സൂരജ് ശര്‍മ പറയുന്നത്. ‘ എന്റെ വഴിയില്‍ മെട്രോ ഇല്ല. കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ബസുകളാകട്ടെ തിരക്കേറിയതും. ഓട്ടോറിക്ഷകള്‍ അമിതനിരക്ക് വാങ്ങുന്നു. യൂബര്‍ പോലും മിക്കപ്പോഴും കൂടിയ നിരക്കാണു കാണിക്കുന്നത്.’

നിര്‍മാണമേഖലയില്‍നിന്നുള്ള പൊടി, വാഹനങ്ങള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍, വ്യവസായമാലിന്യങ്ങള്‍, പുക എന്നിവ കലര്‍ന്ന ദുര്‍ഗന്ധമുള്ള മഞ്ഞുമറയാണ് ഡല്‍ഹിയിലെ വായു. ഈ സ്ഥിതിക്കു മാറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടിക്കു കഴിഞ്ഞോ എന്ന ചോദ്യമുയര്‍ത്തുകയാണ് നിയന്ത്രണത്തിന്റെ വിമര്‍ശകര്‍.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനവും ലഭ്യമായ വിവരങ്ങളും അനുസരിച്ച് ഗതാഗതത്തിരക്കേറിയ സമയത്തെ മലിനീകരണം കുറഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞത്. നിയന്ത്രത്തിന്റെ ആദ്യ ആഴ്ചയിലെ കണക്കാണിത്. എന്നാല്‍ ഇത് വിശ്വസിക്കാത്ത വിദഗ്ധര്‍ ഏറെയുണ്ട്.

ഡാറ്റാ ജേണലിസം സൈറ്റായ ഇന്ത്യസെ്‌പെന്‍ഡ് നഗരത്തിലുടനീളം വായു ഗുണനിലവാരം അളക്കുന്ന മോണിട്ടറുകള്‍ സ്ഥാപിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബര്‍ അവസാനവാരം മുതല്‍ ജനുവരി ആദ്യവാരം വരെ മലിനീകരണം 50 ശതമാനം കൂടിയെന്നാണു കണ്ടത്. താപനില, കാറ്റിന്റെ ഗതി, അന്തരീക്ഷവായുവിലെ ഈര്‍പ്പം എന്നിവയായിരുന്നു കാരണം.

യുഎസ് എംബസിയിലെ മോനിട്ടറില്‍ തിങ്കളാഴ്ച രാവിലെ ഏഴിന് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 318 ആയിരുന്നു. വളരെ അനാരോഗ്യകരമായ വായുനിലയാണിത്. യുഎസ്  പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ വിശകനത്തില്‍ 50ല്‍ താഴെയുള്ള ഇന്‍ഡക്‌സാണ് നല്ല വായു. നിലവാരം രേഖപ്പെടുത്താനുള്ള നിറങ്ങളില്‍ കഴിഞ്ഞയാഴ്ച കറുപ്പുനിറം കൂടി ചേര്‍ക്കാന്‍ ഡല്‍ഹിയിലെ താഴ്ന്ന വായുനിലവാരം യുഎസ് എംബസിക്കു പ്രേരണയായി. ഇന്‍ഡക്‌സ് 500നു മുകളിലെത്തുമ്പോഴാണ് നിറം ‘അപകടകരം’ എന്ന അര്‍ത്ഥത്തില്‍ കറുപ്പാകുക.

ഡിസംബറില്‍ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനും മുന്‍പ് ധൃതിപിടിച്ച് സര്‍ക്കാര്‍ ഒറ്റ – ഇരട്ട അക്ക നിയന്ത്രണം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇതില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു. ഒറ്റയ്ക്കു സഞ്ചരിക്കുന്ന വനിതകളെയും ഇരുചക്രവാഹനങ്ങളെയുംഇതില്‍ നിന്നും ഒഴിവാക്കി.

നിയന്ത്രണത്തിന്റെ ആദ്യദിനത്തില്‍ നിയമം ലംഘിച്ചവര്‍ക്ക് വോളന്റിയര്‍മാര്‍ ചെലാനു പകരം റോസാപ്പൂവുകള്‍ നല്‍കിയപ്പോള്‍, മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ ജോണ്‍ ലെനന്റെ ‘ഇമാജി’ന്റെ പ്രത്യാശാഭരിതമായ വരികള്‍ കുറിച്ചു.

മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കൂടുതലായി നിരത്തിലിറക്കിയ 5000 ബസുകളില്‍ പലതും സ്‌കൂളുകളില്‍നിന്ന് സംഘടിപ്പിച്ചവയാണ്. സ്‌കൂളുകള്‍ക്ക് ഇപ്പോള്‍ ഒഴിവുകാലമാണ്.

നിയന്ത്രണം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയോ എന്നതിന്റെ പൂര്‍ണവിശകലനം സാധ്യമാകാന്‍ ഇനിയും ആഴ്ചകളെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍