UPDATES

സിനിമ

വെള്ളിമൂങ്ങ എന്നൊരു ചിരി സിനിമ

Avatar

അമല്‍ ലാല്‍

സിനിമയുടെ അക്ഷരത്തെറ്റ് ചിരിമയ്ക്ക് വഴിമാറുമ്പോള്‍ ഒരു പ്രാവശ്യം ടിക്കെറ്റെടുത്ത് ചിരിച്ചു കണ്ടിരിക്കാം ഈ വെള്ളിമൂങ്ങയെ….  

ലളിതഹാസ്യത്തിന്‍റെ രസച്ചരടിലും ഗ്രാമക്കാഴ്ചകളുടെ പച്ചപ്പിലും കോര്‍ത്തിണക്കിയ വെള്ളിമൂങ്ങയ്ക്ക് പഴയ സത്യന്‍ അന്തിക്കാട് സിനിമകളുടെ മണവും രുചിയും! 

സമകാലീന മാലയാള സിനിമയുടെ മാറിയ മുഖക്കാഴ്ചയില്‍ പുതുനിര സിനിമാക്കാര്‍ പുതിയ ദൃശ്യഭാഷ ‘പകര്‍ത്തി’യെടുക്കുമ്പോഴും പഴമയുടെ സിനിമാഭാഷയോടാണ് ജിബു ജേക്കബിന് കൂട്ട്! 

തീയറ്ററിന്റെ ഇരുട്ടറയില്‍ ആര്‍ത്തുചിരിച്ച് പുറത്തുവന്ന്‍ താത്വിക അവലോകനം നടത്തി സിനിമയെ മോശമാക്കുന്നതല്ല ഈ കാഴ്ചാനുഭവം. സിനിമയുടെ സൗന്ദര്യാത്മക വിലയിരുത്തലിനപ്പുറം വെള്ളിമൂങ്ങയുടെ ചിരി സന്തോഷങ്ങളാണ് ഈ കാഴ്ചാനുഭവ എഴുത്തിലൂടെ പങ്കുവയ്ക്കുന്നത്! 

വെള്ളിമൂങ്ങ ഒരു ചിരിസിനിമയാണ്, ഒരു ചിരി സിനിമ മാത്രമാണ്. അതിനപ്പുറം അവകാശവാദങ്ങളോ ആരവങ്ങളോ സിനിമ പണിഞ്ഞവര്‍ തന്നെ നടത്തിയതായി കണ്ടില്ല. അതിനാല്‍ തന്നെ ലക്‌ഷ്യം നോക്കി  പ്രേക്ഷകമനസ്സില്‍ പറന്നിരിക്കുന്നുണ്ട് ഈ ചിരിച്ചിറകുള്ള സിനിമ. 

മനസ്സിലെ കെട്ടുമാറാപ്പുകളും ഘനമുള്ള ചിന്തകളും തീയറ്റര്‍ പടിയില്‍ വച്ചാല്‍ ഒരുമിച്ചിരുന്നു ചിരിച്ചു പറക്കാം ഈ ഘനമില്ലായ്മ്മയില്‍. ദ്വയാര്‍ഥ തമാശകളിലൂടെ-ചിരിയെന്നാല്‍ ഇക്കിളിച്ചിരിയെന്നും തമാശയെന്നാല്‍ ചാണകം ചവിട്ടിത്തമാശ എന്നും ആവര്‍ത്തിച്ചുറപ്പിച്ച മലയാളസിനിമയുടെ സമകാലീനതയില്‍ നിന്നൊരു തിരിച്ചു നടത്തമാണ് ഈ സിനിമ. തമാശകളില്‍ ചൂളിയിരുന്നും കുട്ടികളുടെ ചെവിപൊത്തിപ്പിടിച്ചും സിനിമ കണ്ടു ബുദ്ധിമുട്ടിയ മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ധൈര്യമായി സീറ്റുപിടിക്കാം ഈ ഒഴിവുകാല സിനിമയ്ക്ക്. സെന്‍സര്‍ ചെയ്യപ്പെടേണ്ട തമാശകളില്‍ നിന്നും തമാശയുടെ ലാളിത്യത്തിലേക്കുള്ള കുടമാറ്റം തന്നെയാണ് ഈ വെള്ളിമൂങ്ങ.

ഖദറില്‍ നിന്നാണ് സിനിമയുടെ തുടക്കം – തികഞ്ഞ ഗാന്ധിയനും തെളിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകനുമായ സി പി എന്ന അച്ഛന്‍. ആദര്‍ശങ്ങള്‍ ബാക്കിയാക്കുന്ന ജപ്തി നോട്ടീസും ഒരുപാട് കടങ്ങളും. കടക്കെണിയുടെ നടുവില്‍ മരിച്ചുപോവുന്ന ഖദര്‍ധാരിയായ അപ്പന്‍റെ ഖദര്‍ വസ്ത്രം അവിചാരിതമായി ധരിക്കേണ്ടി വരുന്നു മാമച്ചന്‍. ആദര്‍ശ രാഷ്ട്രീയത്തിന്‍റെഖദര്‍ ശുദ്ധിയില്‍ നിന്ന് വെട്ടിപ്പിന്‍റെയും പറ്റിപ്പിന്‍റെയും പ്രായോഗിക ഖദര്‍രാഷ്ട്രീയത്തിലേക്കുള്ള ദൂരമാണ് പിന്നീട് സി പി യില്‍ നിന്ന് മാമ്മച്ചനിലേക്കുള്ളത്.

മാമ്മച്ചന്റെ പ്രയോഗിക രാഷ്ട്രീയത്തമാശകള്‍, പ്രേമം, മറ്റുബന്ധങ്ങള്‍ തുടങ്ങിയവയിലൂടെ സിനിമ നീങ്ങുമ്പോള്‍ ശാന്തിപുരം ഗ്രാമം കട്ടയ്ക്ക് കൂടെ നില്ക്കുന്നു. മാമ്മച്ചന്‍ വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങയാണെങ്കില്‍ ഇനിയുമുണ്ട് ഒരുപാട് വിചിത്ര കഥാപത്രങ്ങള്‍. മാമ്മച്ചന്റെ വാലായ പാച്ചന്‍, രാഷ്ട്രീയ എതിരാളിയായ ജോസ്,സ്ഥിര സംശയരോഗിയായി കൊച്ചാപ്പി തുടങ്ങിയവര്‍…. 

പെരുവണ്ണാപുരത്തിന്‍റെയും, മഴവില്‍ക്കാവടിയുടെയും, പൊന്മുട്ടയിടുന്ന താറാവിന്‍റെയും പീടികവരാന്തകളെ ഓര്‍മ്മിപ്പിക്കും വെള്ളിമൂങ്ങയിലെ പീടികവരാന്താ കഥാപാത്രങ്ങള്‍! ഇതരസിനിമകളുടെ കഥാപാത്ര രൂപപ്പെടുത്തലിന്റെ അടുത്തുനില്ക്കുന്നില്ലെങ്കിലും അകലങ്ങളില്‍ ചില സാമ്യങ്ങള്‍ തീര്‍ച്ചയായും കാണാം. 

വെള്ളിമൂങ്ങ മാമ്മച്ചന്റെ കഥയാണ്. മാമ്മച്ചനായി ബിജു മേനോന്‍ സിനിമയുടെ നട്ടെല്ലാവുന്നുണ്ട്. മാമ്മച്ചന്‍റെ വാലായി അജുവര്‍ഗ്ഗീസ് കൂടെ നിന്ന് ആഘോഷമാക്കുമ്പോഴും വാല്‍ വേഷങ്ങളുടെ കെട്ടുപാടില്‍ നിന്നും അജു മനപ്പൂര്‍വം ഒരു മാറ്റം എടുക്കുന്നത് നന്നായിരിക്കും.കെ പി എ സി ലളിത, സിദ്ധിക്ക്, സുനില്‍ സുഗദ, ശശി കലിങ്ക തുടങ്ങിയവര്‍ സിനിമയുടെ ലളിതസുന്ദര നടപ്പിന് കൂട്ടാവുന്നുണ്ട്.  

കഥാപാത്രങ്ങളിലൂടെ വളരുന്നു കഥ, ആവശ്യത്തിനു തമാശയും പ്രേക്ഷകനോടുള്ള ഇച്ചിരി ട്വിസ്റ്റന്‍ കുസൃതികളുമുള്ള വൃത്തിയുള്ള തിരക്കഥയുമായാണ് ജിബു ജേക്കബിന് തിരക്കഥാകൃത്ത് ജോജി തോമസ് കൂട്ടാവുന്നത്. വിഷ്ണു നാരായണന്റെ ക്യാമറയും ബിജിപാലിന്‍റെ സംഗീതവും കാലങ്ങള്‍ക്ക് അപ്പുറത്തുള്ള ഗ്രാമ താമശകള്‍ക്ക് മേല്‍ കാഴ്ചയും സംഗീതവും ഭംഗിയായി ചേര്‍ത്തിരിക്കുന്നു. 

അനധികൃതമായി വില്ക്കാതെ പരസ്യമായി പരസ്യം ചെയ്തു  ഈ വെള്ളിമൂങ്ങയെ വിറ്റു കാശ് വാരും ഇതിനു മുതല്‍ മുടക്കിയ മുതലാളി എന്നും ഉറപ്പ്.  

കത്തിയെടുത്തു പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ വച്ചാല്‍ കാണാം നൂറും ആയിരം പാകപ്പിഴകള്‍, വേവാതെ കിടക്കുന്ന ഭാഗങ്ങള്‍, കഥാപത്രങ്ങളുടെ ആവര്‍ത്തനങ്ങള്‍, കഥാഗതിയിലെ പൊള്ളത്തരങ്ങള്‍…. എന്നാല്‍ കത്തിയെടുത്ത് കാണേണ്ട സിനിമയല്ലിത് എന്നിടത്ത് കത്തി മാറ്റിവച്ച് ഉള്ളു തുറന്നു ചിരിക്കാം. 

ജിബു ജേക്കബിലെ കന്നി സംവിധായകന് ഈ കന്നി മാസത്തില്‍ അഭിമാനിക്കാം വൃത്തിയുള്ള ഒരു ചിരി മലയാളിക്ക് നല്കിയതില്‍.    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍