UPDATES

സിനിമ

അമല പോള്‍; ചില സദാചാര വ്യാകുലതകളും കോള്‍മയിര്‍ സാഹിത്യവും

Avatar

ഇന്ദു

മലയാളത്തിലെ പ്രമുഖ നായിക നടി വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രചരിച്ചൊരു സന്ദേശം ഇതായിരുന്നു; പബ്ലിക് പ്രോപ്പര്‍ട്ടി പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാകുന്നു!

അധികം ദീര്‍ഘിക്കാതെ പോയ ആ വിവാഹബന്ധം അവസാനിച്ചതിനു പിന്നാലെ വന്ന സന്ദേശവും ഹിറ്റായി; വീണ്ടും പൊതുമേഖലയിലേക്ക്!

ചലച്ചിത്രനടികള്‍ അതേതു ഭാഷയിലേതായാലും, അവരുടെ സ്വകാര്യതകളും വിവാഹജീവിതവും, അതിലെ വിള്ളലും വേര്‍പെടലും എല്ലാം സമൂഹത്തിനും മാധ്യമങ്ങള്‍ക്കും നിറംപിടിപ്പിച്ചു പ്രചരിപ്പിക്കാനുള്ള കഥകള്‍ മാത്രമാണ്. 

സദാചാര വ്യാകുലതകളെ പ്രതിരോധിക്കുന്നവര്‍ എന്ന് ഒരുഭാഗത്ത് ഊറ്റം കൊള്ളുകയും മറുവശത്ത് സിനിമാനടിമാരുടെ രസക്കഥകളില്‍ കോള്‍മയിര്‍ കൊള്ളുകയും ചെയ്യുന്ന മലയാളി ഇക്കാര്യത്തില്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നു.

ഇതായിപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരുപോലെ ചര്‍ച്ച നടത്തുകയും ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നത് മലയാളിയും തെന്നിന്ത്യന്‍ താരവുമായ അമല പോള്‍ വിവാഹമോചിതയാകുമോ എന്നതിലാണ്. തമിഴ് സംവിധായകന്‍ എ എല്‍ വിജയുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും വിജയ് യുടെ മാതാപിതാക്കള്‍, കേള്‍ക്കുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കുന്ന വിധമാണ് പ്രതികരിക്കുന്നതെന്നും വന്നതോടെ അമലയുടെ വഴിപിരിയല്‍ ഉറപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമ നോട്ടീസുകള്‍ ഇറങ്ങിയതോടെ സോഷ്യല്‍ മീഡിയ തെരുവുകളില്‍ ഉത്സവതോരണങ്ങളും നിറഞ്ഞു കഴിഞ്ഞു.

കേരളം വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി മുന്നോട്ട് കുതിക്കുമ്പോഴും അലട്ടാത്ത മാനസികപ്രശ്‌നമാണ് ഒരു സിനിമ നടിയുടെ ദാമ്പത്യം തകരുമ്പോള്‍ നമുക്കുണ്ടാകുന്നത്. വിവാഹമോചനം എങ്ങനെ ഒഴിവാക്കാമെന്നും ദാമ്പത്യപരാജയങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നും പരമ്പരകള്‍ എഴുതുകയും വിദഗ്ദരെ കൊണ്ട് കോളം ചെയ്യിപ്പിക്കുകയും ചെയ്യുന്ന അതേ മാധ്യമങ്ങളാണ് ഒരു സിനിമാനടിയുടെ ജീവിതം ആഘോഷമാക്കുന്നത്.

ഇവിടെ എന്തെങ്കിലും സ്ത്രീവിരുദ്ധമായി നടക്കുന്നുണ്ടെങ്കില്‍ അത് ചലച്ചിത്ര (സിരിയല്‍/നാടക) നടികളുടെ കാര്യത്തില്‍ സംഭവിക്കുന്നതിനേക്കാള്‍ കൂടുതലായട്ടില്ല എന്നു പറയുന്നത് ഇതുകൊണ്ടാണ്. സിനിമയ്ക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും അഭിനേത്രി വെറും ചരക്ക് മാത്രമാണ്. അത് എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്നാണ് വയ്പ്പ്! സിനിമയിലാണെങ്കില്‍ ഇപ്പോഴും ഒരു പ്രദര്‍ശനവസ്തു എന്നതിനപ്പുറത്തേക്ക് സ്ത്രീകള്‍ മാറിയിട്ടില്ല. 

ഒരിക്കല്‍ ഒരു നായിക നടി പറഞ്ഞതോര്‍ക്കുന്നു; തിരക്കഥ വായിച്ചു നോക്കാന്‍ ഇപ്പോഴും നടിമാര്‍ക്ക് അവകാശമില്ല. ഏതാനും പേര്‍ അതിന് അനുവദിക്കുന്നുണ്ടെന്നല്ലാതെ ഭരിഭാഗവും അങ്ങെയൊരു ആവശ്യം കേട്ടാല്‍ ഒന്നുകില്‍ പരിഹസിക്കും അല്ലെങ്കില്‍ ദേഷ്യപ്പെടും. ഇങ്ങനെ ചെയ്യുന്നവര്‍ പലരും മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകള്‍ എടുത്തിട്ടുള്ളവരുമാണ്!

മറ്റൊരു നടി സ്വയം വിമര്‍ശിച്ചു പറഞ്ഞതു കേള്‍ക്കുക; കഴിഞ്ഞ സിനിമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് പുതിയ ചിത്രത്തില്‍. കഴിഞ്ഞതില്‍ ഞാന്‍ നായകനെ പ്രേമിക്കുന്ന പെണ്‍കുട്ടിയായാണ് അഭിനയിച്ചതെങ്കില്‍ പുതിയ ചിത്രത്തില്‍ നായകന്‍ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ്!

ഈ രണ്ട് അനുഭവങ്ങളില്‍ നിന്നും മലയാള നായികമാരുടെ അവസ്ഥ എന്താണെന്ന് വ്യക്തമാകും (ഇതിന് അപവാദങ്ങള്‍ ഉണ്ടാകാം).

സിനിമ ഫീല്‍ഡില്‍ ഇതാണ് അവസ്ഥയെങ്കില്‍ പുറത്ത്, പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇവരോടുള്ളത് അതിലും വിലകുറഞ്ഞ സമീപനമാണ്. അതിനു തെളിവാണ് ഒരു നടി വിവാഹം കഴിച്ചാലും വിവാഹമോചിതയായാലും അതാഘോഷിക്കുന്ന രീതികള്‍ തെളിയിക്കുന്നത്.

സിനിമ എന്റെ തൊഴിലാണെന്നും അതു ചെയ്യുന്നതിനുള്ള കൂലിയാണ് ഞാന്‍ വാങ്ങുന്നതെന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ പറയുമ്പോള്‍ തലകുലുക്കും. ഇതേ പ്രയോഗം ഒരു നടിയില്‍ നിന്നാണ് വരുന്നതെങ്കില്‍ ചിറികോട്ടി ഒരു വഷളന്‍ ചിരി വിടരും. തൊഴിലിനും കൂലിക്കും പുതിയ അര്‍ത്ഥം കല്‍പ്പിക്കും. ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഒരുത്തിക്കും സിനിമയില്‍ ചാന്‍സ് കിട്ടില്ലെന്നൊക്കെയുള്ള തീര്‍ച്ചപ്പെടുത്തലുകള്‍ എവിടെ നിന്നെല്ലാം കേട്ടിരിക്കുന്നു.

ഒരു ഐ ടി പ്രൊഫഷണല്‍ രാത്രിയില്‍ തൊഴില്‍ എടുത്താലോ ഒറ്റയ്ക്ക് സഞ്ചരിച്ചാലോ പുരുഷസുഹൃത്തിനൊപ്പം കഴിഞ്ഞാലോ പുത്തന്‍ കാലത്തിന്റെ ധൈര്യം എന്ന് കൈ തട്ടി പ്രോത്സാഹിപ്പിക്കുന്നവര്‍ തന്നെയാണ് ഒരു ഹോട്ടല്‍ റൂമില്‍ ഒരു നടി ഒറ്റയ്ക്ക് താമസിച്ചാല്‍ അത് മറ്റേ പരിപാടിക്ക് എത്തിയതാണെന്നു വിളിച്ചു കൂവുന്നത്. കൂടെ ആരാണെന്നു കണ്ടുപിടിക്കാന്‍ പാപ്പരാസികള്‍ പരക്കം പായും.

മാധ്യമങ്ങള്‍ക്ക് നടിമാര്‍ എന്നും കച്ചവടസാധ്യതയുള്ള ഒരു ചരക്ക് മാത്രമാണ് അഭിനേത്രികള്‍. അവര്‍ക്ക് പ്രണയമുണ്ടായാലും കല്യാണമായാലും വയറ്റിലുണ്ടായാലും ബന്ധം പിരിഞ്ഞാലും അത് ഹോട്ട് ന്യൂസ് ആണ്. അമല പോള്‍ വിവാഹമോചിതയാകുന്നു എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കുമ്പോള്‍ തന്നെ ഇവിടെ കേന്ദ്ര കഥാപാത്രം ആ നടി മാത്രമാവുകയും ചര്‍ച്ചകള്‍ അവരെ കുറിച്ചു മാത്രമാവുകയും ചെയ്യുന്നു. മറുവശത്തുള്ള പുരുഷനെ മാറ്റി നിര്‍ത്തുന്നു. വിചാരണ നേരിടുന്നത്. കുറ്റം മുഴുവന്‍ അവളുടേത്!

എന്തുകൊണ്ടാണ് സിനിമാ നടികളെല്ലാം (വിവാഹമോചിതരായ നടിമാരുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ടല്ലോ) വിവാഹമോചിതരാകുന്നുവെന്ന് സ്വയം ചോദിച്ച് അതിനുള്ള ഉത്തരവും പറഞ്ഞൊരു സുഹൃത്തുണ്ട്. എന്നും ഒരേ കട്ടിലാണെങ്കില്‍ പെട്ടെന്ന് മടുക്കുമത്രേ! ഇതിനു മറ്റൊരാളുടെ വകഭേദവുമുണ്ടായി; എന്നും ഒരേ പാത്രത്തില്‍ കഴിക്കുന്നതും മടുപ്പാണ്…!

വിജയ്- അമല ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാന്‍ കാരണമായി വിജയ് യുടെ കുടുംബം പറയുന്നത് (അങ്ങനെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്) അമല വിവാഹശേഷവും സിനിമകള്‍ ചെയ്യുന്നൂവെന്നതാണ്. അതൊരു കരാര്‍ ലംഘനമാണത്രേ! ഭര്‍ത്താവിനെയും അയാളുടെ മാതാപിതാക്കളെയും വീടും നോക്കി കഴിഞ്ഞോളാം എന്ന കരാര്‍ എഴുതി കൊടുത്തശേഷമാണോ അമലുടെ കഴുത്തില്‍ വിജയ് താലി കെട്ടിയതെന്ന് അറിയില്ല. മറ്റുള്ള കാരണങ്ങള്‍ അമല ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കുന്നതും ധിക്കാരപരമായി പെരുമാറുന്നതുമാണ്.

ഒരു നടനുമായുള്ള അഭിമുഖത്തില്‍ കേട്ട ചോദ്യമാണ്; താങ്കളുടെ ഭാര്യ (അവരൊരു നടിയായിരുന്നു) സിനിമയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടോ? 

നടന്‍ ചിരിയോടെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അവള്‍ കുടുംബിനിയുടെ റോളില്‍ സന്തുഷ്ടയാണ്. പിന്നെ സ്വന്തം ഭാര്യ മറ്റൊരാളുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതൊക്കെ കാണുന്നത് അത്ര സുഖമുള്ള കാര്യവുമല്ലല്ലോ, നടന്‍ കൂട്ടി ചേര്‍ത്തു.

താങ്കള്‍ മറ്റുള്ള സ്ത്രീകളുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതില്‍ ഭാര്യക്ക് എതിര്‍പ്പില്ലേയെന്ന ചോദ്യം അദ്ദേഹം നേരിട്ടോ ഇല്ലയോ എന്ന് അറിയില്ല.ഇവിടെ അമലയുടെ കാര്യത്തിലുള്ള പരാതി കേട്ടപ്പോഴാണ് ഇക്കാര്യം ഓര്‍ത്തുപോയത്.

ഇപ്പോഴും തങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് അമലയോ വിജയോ പ്രതികരിച്ചിട്ടില്ല. എങ്കിലും കേള്‍ക്കുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ അത് തികച്ചും സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളടക്കം അതെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, തൊഴില്‍ എടുക്കാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ വിലകല്‍പ്പിക്കാതെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നണി പാടുകയാണ്. കുറച്ച് എരിവ് കൂടുതല്‍ കിട്ടാന്‍ ഒരു നായകനടനുമായി അമലയ്ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലും വന്നിരിക്കുന്നു.

ഇതെല്ലാം ചേര്‍ത്തുള്ള പാക്കേജുകള്‍ വാര്‍ത്തകളാക്കുന്ന മാധ്യമങ്ങളോടും ആ വാര്‍ത്തകളില്‍ മുഴുകി രതി സുഖം അനുഭവിക്കുന്നവരും സമൂഹത്തിന് അപമാനമാണെന്നല്ലാതെ എന്തു പറയാന്‍…

(മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍