UPDATES

സിനിമ

ബംഗാളി എന്നാല്‍ അത്രയ്ക്ക് അറപ്പുളവാക്കുന്ന ഒന്നാണോ നാദിര്‍ഷാ…?

Avatar

ഉണ്ണികൃഷ്ണന്‍ ഇ എം

പത്തേമാരി പകര്‍ന്നു തരുന്ന തീഷ്ണമായ ജീവിത നിമിഷങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ളൊരു മൂഡിലായിരുന്നില്ല. അപ്പോഴാണ് പൃഥ്വിരാജും, ജയസൂര്യയും, ഇന്ദ്രജിത്തും അമറും അക്ബറും അന്തോണിയുമൊക്കെയായി വന്നിട്ടുണ്ടെന്നറിഞ്ഞത്. ‘ക്ലാസ്‌മേറ്റ്സ്’ വീണ്ടുമൊന്നിക്കുകയാണെങ്കിലും ഇവര്‍ ഒറ്റയ്ക്കും പറ്റയ്ക്കുമായി വന്ന ചില മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതൊരു ക്ലോസ് എന്‍കൗണ്ടര്‍ ആകുമോയെന്ന പേടി ഇല്ലാതിരുന്നില്ല. ബഡായ് ബംഗ്ലാവിലെ ബഡായികള്‍ എഴുതിയുണ്ടാക്കുന്ന ബിബിന്‍ ജോര്‍ജിന്റേയും വിഷ്ണുവിന്റെയും സ്‌ക്രിപ്റ്റിലും മാവേലിയെ ജനപ്രിയനാക്കിയ നാദിര്‍ഷയുടെ സംവിധാനത്തിലും ചളികള്‍ക്കിടയില്‍ ചിരിക്കാനുള്ള ചില വകകള്‍ എങ്കിലുമുണ്ടാകുമെന്നെ ചെറിയൊരു പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ടു തന്നെ വലിയ നിരാശയുണ്ടായില്ല.

തായ്‌ലാന്‍ഡിലെ പട്ടായ ബീച്ചില്‍ പോയി കുറച്ചു ദിവസം അര്‍മ്മാദിച്ചാഘോഷിക്കുകയെന്നത് ജീവിതവ്രതമായി കരുതുന്ന 90കള്‍ക്കപ്പുറവുമിപ്പുറവും ജനിച്ച കൊച്ചിക്കാരന്‍ പയ്യന്‍സാണ് അമറും അക്ബറും ആന്റണിയും. ഈയൊരു ലക്ഷ്യം മാത്രം മനസ്സില്‍ താലോലിച്ച് (പ്രേഷകരെ ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയില്‍) തമാശകള്‍ പറഞ്ഞും കാണിച്ചും കൊച്ചിയിലൂടെ കറങ്ങുന്ന ഈ മൂവര്‍ സംഘം തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാള്‍ക്ക് വന്നു ചേര്‍ന്ന ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ അവസാന പതിനഞ്ചു മിനിട്ടില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി തീരുന്നതും തുടര്‍ന്നു അവര്‍ നടത്തുന്ന പ്രതികരണവുമാണ് സിനിമയോ കോമഡി സ്‌കിറ്റെന്നോ ഉറപ്പിച്ചു പറയാനാവാത്ത ഈ കലാരൂപത്തില്‍ പറയുന്നത്. ഇങ്ങനെ ഇവര്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്നതിലും ഭേദം പഴയ പടി തുടരുന്നതായിരുന്നു. സ്വാഭാവികമായും പ്രേഷകര്‍ക്ക് അങ്ങനയേ തോന്നൂ.

ഈ വണ്ടി എങ്ങനെയൊക്കെ പോകും ഏതു വരെ പോകുമെന്നുമൊക്കെ സംഭവം തുടങ്ങുമ്പോഴെ നമുക്കു പുടി കിട്ടും. അത് അങ്ങനെയൊക്കെ തന്നെ ചെന്നു നില്‍ക്കുകയും ചെയ്യും. സി ബി ഐ ചിത്രങ്ങള്‍ തൊട്ട് പലരും വൃത്തിയായും അല്ലാതെയും പ്രയോഗിച്ചു വരുന്ന വഴിയില്‍ക്കൂടിപോകുന്നവനെ പിടിച്ച് മഹാവില്ലനാക്കുന്ന ടെക്‌നിക്ക് പരിചയമില്ലാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ഇതിലെ ക്ലൈമാക്‌സ് ഭയങ്കര ത്രില്ലിങ്ങായിരിക്കും. നല്ലതും അല്ലാത്തതുമായ തമാശകളില്‍ പൊതിഞ്ഞ് ചിത്രം നല്‍കുന്ന സന്ദേശം അങ്ങേയറ്റം അപലപനീയവും അരാഷ്ട്രീയവുമാണ്.

പല ദേശങ്ങളിലും ചെന്നു പണിയെടുത്ത് പ്രവാസത്തിന്റെ യാതനയും വേദനയും വിവേചനവും അനുഭവിച്ചറിഞ്ഞവരാണ് മലയാളികള്‍. തൊട്ടടുത്ത തിയേറ്ററില്‍ കളിക്കുന്ന പത്തേമാരി എന്ന സിനിമയിലെ മലയാളി പ്രവാസ ജീവിതത്തിന്റെ വേദനകള്‍ പ്രേക്ഷകരെ നന്നായി നൊമ്പരപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇപ്പുറത്തു കളിക്കുന്ന ഈ മലയാള സിനിമയില്‍ പ്രവാസിയായ ബംഗാളി അറപ്പുളവാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന നികൃഷ്ട ജീവിയാണ്. തുണി അലക്കുന്ന ചേച്ചിമാരെക്കുറിച്ചും, സ്‌കൂളിലെ ടീച്ചര്‍മാരെക്കുറിച്ചുമൊക്കെ നായകന്മാര്‍ പങ്കു വയ്ക്കുന്ന ചിന്തകളുടെ കുറച്ച് കൂടിയ തലമാണ് ആ നികൃഷ്ട പ്രവര്‍ത്തി. രണ്ടിനും പരിഹാരമുണ്ടാക്കേണ്ടത് മാനസിക തലത്തിലാണ്. ഒന്നിനെ പിള്ളേരുടെ തമാശയായി ആഘോഷിക്കുന്ന കഥാകൃത്ത് മറ്റൊന്നിനു വിധിക്കുന്നത് ദാദ്രി മോഡല്‍ വധശിക്ഷയാണ്. നിയമ പാലകരും ശിക്ഷ നടപ്പാക്കുന്ന ജനക്കൂട്ടത്തിനു മൗനാനുവാദം നല്‍കി ദൃക്‌സാക്ഷികളാവുന്നു. എന്തായാലും അതിനു മുമ്പായി അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ് സീരിസുകളുടെ ഹാംഗ് ഓവറില്‍ അവസാനത്തെ ഈ ഭാഗങ്ങള്‍ക്ക് വേണ്ടത്ര ഇംപാക്ട് ഇല്ലാതെ പോകുന്നത് എന്തായാലും നല്ല കാര്യമാണ്. സംവിധായകന്‍ ഉദ്ദേശിച്ച പോലെ ”കൊല്ലടാ അവനെ” എന്നല്ല, പടം എങ്ങനെയെങ്കിലും തീര്‍ത്തിട്ടു പോഡേ.. എന്നാണ് പ്രേഷകര്‍ പറയുന്നത്.

ബഡായി ബംഗ്ലാവ് പോലെ തന്നെയാണ് സിനിമയും മുന്നേറുന്നത്. 10 കോമഡികള്‍ പറയുമ്പോള്‍ 5 എണ്ണത്തില്‍ കൂടുതല്‍ ക്ലിക്കാവുന്നുണ്ട് (തമാശകളിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചൊക്കെ പറയുകയാണെങ്കില്‍ എല്ലാ മലയാള സിനിമയിലേയും പോലെ തന്നെ ഒരു ഗവേഷണം നടത്താനുള്ള വകയുണ്ട്). തനിക്ക് ഇംഗ്ലീഷ് അറിയില്ല അമ്മച്ചി എല്ലാം നാട്ടുകാര്‍ പറഞ്ഞുണ്ടാക്കുന്നതാ എന്ന പൃഥ്വിരാജിന്റെ കമന്റ്, കാമുകിയുടെ അച്ഛനെ ഇംപ്രസ് ചെയ്യാന്‍ ഇന്ദ്രന്‍ പാടുന്ന പാട്ട്, ഡ്യുയറ്റിലെ മൂവ്‌മെന്‍സുകള്‍ക്കിടയില്‍ നായികയ്ക്ക് പരുക്കേല്‍ക്കുന്നത്, താഴെ വരുന്ന മദ്യപാന വിരുദ്ധ മുന്നറിയിപ്പിന്റെ തലയ്ക്കിട്ടു തന്നെ കൊടുക്കുന്നൊരു കൊട്ട് തുടങ്ങി ഓര്‍ത്തു ചിരിക്കാവുന്നതും അപ്പോള്‍ ചിരി വരുന്നതുമായ ഒരു പിടി തമാശകളുണ്ട്. അവസാനത്തെ പാട്ടൊഴിച്ച് രണ്ടും സിറ്റ്വേഷന്റെ മൂഡിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് (അത് ഇഷ്ടപ്പെടുന്നതും അല്ലാത്തതും ഓരോരുത്തരുടേയും മനോധര്‍മ്മം). 

ഇന്‍ ഹരിഹര്‍ നഗറും, കല്ല്യാണ രാമനും പോലെയൊക്കെ ആകണമെന്നാഗ്രഹിച്ചെടുത്ത ത്രീ കിംഗ്‌സിനേക്കാളും, കസിന്‍സിനേക്കാളും മികച്ച രീതിയില്‍ വന്നിട്ടുണ്ട് സിനിമ (ഞാന്‍ പറഞ്ഞത് സിനിമയിലെ തമാശകളെ കുറിച്ചു മാത്രമാണേ. ഇതു നല്‍കുന്ന സന്ദേശം. അയ്യോ അത് എന്‍ഡോ സള്‍ഫാനെക്കാള്‍ വിഷമയം). ഗസ്റ്റ് ആക്ടര്‍ ആസിഫ് അലിയുടേത് ചെറിയൊരു വേഷമാണെങ്കിലും ഉള്ള റോള്‍ അദ്ദേഹം പതിവു പോലെ നന്നായി വെറുപ്പിച്ചു. ആദ്യത്തെ ആ ഒരു പത്ത് മിനിട്ടു കഴിഞ്ഞ് തിയേറ്ററില്‍ കയറി ഇന്റര്‍വെല്ലിനു തന്നെ ഇറങ്ങിപ്പോയാല്‍ പ്രേക്ഷകര്‍ക്ക് വലിയ പരുക്കില്ലാതെ രക്ഷപ്പെടാം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍