UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമരാവതി: ഒരു സ്മാര്‍ട് സിറ്റി എങ്ങനെ പണിയരുത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സ്മാര്‍ട് സിറ്റികള്‍-അഥവാ അങ്ങനെയാകും എന്ന് കരുതുന്നവയോട്-ഒരു പ്രത്യേക അടുപ്പമുണ്ട്. രാജ്യത്തെങ്ങും അത്തരത്തിലുള്ള നിരവധി എണ്ണം വരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം കക്ഷി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവും ഒട്ടും വ്യത്യസ്തനല്ല. കാലക്രമേണ 4 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഒരു ‘ഹരിതപാടം’ തലസ്ഥാനമായി അമരാവതി പടുത്തുയര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പുതിയ നഗരം വലുത് മാത്രമല്ല, സിംഗപ്പൂരിനെക്കാള്‍ ‘മികച്ചതും’കൂടിയാകണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.

ഇവര്‍ രണ്ടു പേരും, മറ്റ് നിരവധി പ്രമുഖരും ഒക്ടോബര്‍ 22, വ്യാഴാഴ്ച്ച അമരാവതിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. പുതിയ തലസ്ഥാന നഗരത്തിന് ഗുണ്ടൂരിനും വിജയവാഡയ്ക്കും ഇടയ്ക്കായി കൃഷ്ണ നദിയുടെ ഫലഭൂയിഷ്ഠമായ 32 കിലോമീറ്റര്‍ ദൂരം വരുന്ന നദീതീരമുണ്ടായിരിക്കും. സാങ്കേതികതയുടെയും സമ്പത്തിന്റെയും കേന്ദ്രമാകും എന്ന് കരുതുന്ന നഗരത്തിന്റെ ഇരു ചിറകുകള്‍ പോലെ രണ്ടു അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. പുതിയ തലസ്ഥാനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ നായിഡു സിംഗപ്പൂരില്‍ നിന്നുള്ള കമ്പനികളെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു. നഗരത്തെ ബുദ്ധമതക്കാരായ വിനോദസഞ്ചാരികളുടെ സുപ്രധാന ലക്ഷ്യകേന്ദ്രമാക്കാന്‍ ജപ്പാനില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാമെന്നും പ്രതീക്ഷയുണ്ട്.

പക്ഷേ ഇത് കഥയുടെ ഒരുവശം മാത്രമേ ആകുന്നുള്ളൂ. പ്രയോഗത്തില്‍ ഇതൊന്നും അത്ര എളുപ്പമാകില്ല. എന്തുകൊണ്ട്? ഭൂമി ഏറ്റെടുത്ത രീതിയില്‍ പൌരസമൂഹ പ്രവര്‍ത്തകരും കര്‍ഷകരും തീര്‍ത്തും അസംതൃപ്തരാണ്. സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് അവര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. തെലുഗുദേശം കക്ഷിയില്‍പ്പെട്ട നിയമസഭാംഗങ്ങള്‍ കര്‍ഷകരുടെ ഫലഭൂയിഷ്ഠമായ ഭൂമി വില്‍പ്പിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്ന ഇടനിലക്കാരും ഭൂമി കച്ചവടക്കാരും ആയി മാറിയെന്നും ആരോപണമുണ്ട്.

നിയമാനുസൃതമായി നിര്‍ബന്ധമായും ലഭിക്കേണ്ട പാരിസ്ഥിതികാനുമതി ലഭിക്കാതെ പുതിയ നഗര നിര്‍മ്മാണവുമായി മുന്നോട്ടുപോകരുതെന്ന ഒക്ടോബര്‍ 10-ലെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന്, ഇപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകനായ മുന്‍ ധനകാര്യ മന്ത്രാലയ സെക്രട്ടറി  ഇ എ എസ് ശര്‍മ ഒക്ടോബര്‍ 16-നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയ, വനം വകുപ്പ് സെക്രട്ടറി അശോക് ലവാസക്ക്  അയച്ച കത്തില്‍ പറയുന്നു. ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും നീര്‍ത്തടങ്ങളും-മൊത്തമുള്ള 33,000 ഏക്കര്‍ ഭൂമിയുടെ ഏതാണ്ട് 40 ശതമാനവും- ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം വാദിക്കുന്നു. നൂറോളം തരത്തിലുള്ള ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

ശര്‍മ എഴുതുന്നു: “തലസ്ഥാനനഗര പദ്ധതിക്കായി പാരിസ്ഥിതിക അനുമതി തട്ടിക്കൂട്ടാന്‍ തിടുക്കം കാണിക്കുക മാത്രമല്ല, ഭരണകക്ഷിക്കു താത്പര്യമുള്ള ഭൂ ഇടപാട് പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതിയടക്കം മറ്റ് അനുമതികള്‍ നേടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കുറുക്കുവഴികളിലൂടെ പോവുകയാണ്. ഇത് അങ്ങേയറ്റം വഷളായ സാഹചര്യമാണ്. തലസ്ഥാനനഗര പദ്ധതിക്കു അനുമതി നല്‍കുന്നതിനും അങ്ങനെ വളരെ വേഗത്തില്‍ ഉയര്‍ന്നുവരുന്ന ഒരു ഭൂമി ഇടപാട് അഴിമതിയില്‍ കുരുങ്ങുന്നതിനും മുമ്പ് പരിസ്ഥിതി മന്ത്രാലയം ഇനി രണ്ടു തവണ ആലോചിക്കേണ്ടതുണ്ട്.”

ടി ഡി പി പാര്‍ലമെന്‍റ് അംഗം  നടത്തുന്ന ഭൂമി ഇടപാട് കമ്പനി പോലെ (ജയഭേരി പ്രോപ്പര്‍ട്ടീസ്) തലസ്ഥാനനഗര പദ്ധതിമൂലം വമ്പന്‍ നേട്ടം കൊയ്യുന്ന നിരവധി സ്വകാര്യ കമ്പനികളുടെ ഉദാഹരണങ്ങള്‍ ശര്‍മയുടെ കത്തില്‍ എടുത്തുകാട്ടുന്നു. തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു. ചണ്ഡീഗഡ് നഗരത്തിന്റെ ആസൂത്രണത്തിലും വികസനത്തിലും പങ്കാളിയായിരുന്ന വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ജി ദേവസഹായം പറയുന്നത് ഭൂമി ഏറ്റെടുക്കലിന്റെ രീതികള്‍ സ്ഥിരം രീതിയിലാണെന്നാണ്: ആദ്യം സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നു, അത് പണയം വെക്കുന്നു, ബാങ്കുകളില്‍ നിന്നും ആവശ്യത്തിന് പണം ലഭ്യമാക്കുന്നു, പിന്നീട് യഥാര്‍ത്ഥ വിപണിവില ഉടമകള്‍ക്ക് നല്‍കുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ഭൂമി ഇടപാടുകാര്‍ക്ക് കൈമാറുന്നു.

മുന്‍ നഗര വികസന സെക്രട്ടറി കെ സി ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകള്‍ നായിഡു സര്‍ക്കാര്‍ അവഗണിച്ചതിലും സാമൂഹ്യ പ്രവര്‍ത്തകര്‍ തികച്ചും അസംതൃപ്തരാണ്. ഒരു നഗരം മാത്രമായി പണിയുന്ന സമ്പ്രദായം പഴഞ്ചനാണെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പകരം സാങ്കേതിക, വിവര കേന്ദ്രങ്ങളടക്കമുള്ള നിരവധി നഗര കേന്ദ്രങ്ങള്‍ പണിയാനാണ് സമിതി നിര്‍ദേശിച്ചത്. സമിതി അതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് കേവലം ഒരാഴ്ച്ച മുമ്പായി 2014 ആഗസ്ത് 15-നു, ഏകനഗര പദ്ധതി ഏകപക്ഷീയമായി പ്രഖ്യാപിച്ച നായിഡു സമിതിയുടെ ശുപാര്‍ശകളെ വെറും തമാശയാക്കി മാറ്റി.

ആന്ധ്രപ്രദേശ് പുനസംഘടന നിയമം 2014 പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ശിവരാമകൃഷ്ണന്‍ സമിതിയെ നിയമിച്ചത്. “നിലവിലുള്ള കാര്‍ഷിക സംവിധാനത്തെയും ആളുകളെയും അവരുടെ വാസസ്ഥലങ്ങളെയും  ഏറ്റവും കുറഞ്ഞ അളവില്‍ ഇളക്കി പ്രതിഷ്ഠിക്കുന്ന… പ്രാദേശിക പരിസ്ഥിതിയെയും നീര്‍ത്തടങ്ങളടക്കമുള്ള പ്രാകൃതിക ഘടകങ്ങളെയും സംരക്ഷിക്കുന്ന… നിര്‍മ്മാണ ചെലവും ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവും കുറയ്ക്കാനുള്ള സാധ്യത കണക്കാക്കുന്ന,” തരത്തില്‍ പുതിയ തലസ്ഥാനം എങ്ങനെ ഉണ്ടാക്കാം എന്ന് ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് കൃത്യമായി ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ത്തന്നെ തനതെന്ന് കരുതുന്ന,‘സ്വയം സന്നദ്ധരായ’ കര്‍ഷകരില്‍ നിന്നും ഭൂമി ഏറ്റെടുത്തു ഒരുമിപ്പിക്കുന്ന നായിഡു സര്‍ക്കാരിന്റെ പദ്ധതി വിവാദമായിരിക്കുന്നു. സര്‍ക്കാരിന് ഭൂമി കൈമാറുന്ന ഉടമക്ക് അടിസ്ഥാന സൌകര്യ വികസനം നടത്തിയതിനു ശേഷം, കൂടുതല്‍ മൂല്യം കൈവന്ന  ഭൂമിയുടെ ഒരു ഭാഗം കൈമാറുന്നതാണ് പദ്ധതി.

എന്നാല്‍ 20,000ത്തിലേറെ ആളുകളില്‍ നിന്നും ഭൂമി ഏറ്റെടുത്ത ഈ പദ്ധതി സ്വയം സന്നദ്ധമല്ലെന്നും നിര്‍ബന്ധപൂര്‍വമായിരുന്നു എന്നും സര്‍ക്കാരിന്റെ വിമര്‍ശകര്‍ ആരോപിക്കുന്നു. ഭൂമി നല്‍കാന്‍ തയ്യാറാകാത്തവര്‍ക്ക് മേല്‍ ഭീകരത അഴിച്ചു വിടുകയായിരുന്നു എന്നാണ് ആരോപണം. അപ്പോഴേക്കും അന്വേഷണങ്ങള്‍ നടത്തുകയും ചില ക്രമക്കേടുകളൊക്കെ കണ്ടെത്തുകയും സ്വാധീനമുള്ള ചില രാഷ്ട്രീയക്കാരും അവരുടെ സുഹൃത്തുക്കളും ഇഷ്ടംപോലെ പണമുണ്ടാക്കുകയും ചെയ്യും.

കടത്തില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാര്‍ (ആന്ധ്ര പ്രദേശിന്റെ ധനക്കമ്മി 18,000 കോടി രൂപയ്ക്ക് മുകളിലാണ്) തലസ്ഥാന നഗര പദ്ധതിക്കായി റായലസീമയും സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയും അടക്കമുള്ള പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിനായി നീക്കിവെച്ച പണമാണ് എടുത്തുപയോഗിക്കുക എന്ന് ശര്‍മ കുറ്റപ്പെടുത്തുന്നു. ഇത് പ്രാദേശിക അസന്തുലിതാവസ്ഥ വളര്‍ത്തും. ക്ഷേമപദ്ധതികള്‍ക്കുള്ള പണലഭ്യത ചുരുക്കും. പുതിയ നഗരത്തിന് വെള്ളം നല്‍കാനായി കൃഷ്ണ നദിയില്‍ കെട്ടുന്ന തടയണ കാര്‍ഷിക ഭൂമിയിലേക്കുള്ള ജലലഭ്യതയില്‍ കുറവും വരുത്തും. ഇത് കൂടാതെ, ഗണ്യമായി പണം മുടക്കി (1500 കോടി രൂപ), പരിസ്ഥിതി സൌഹൃദമല്ലാത്ത രീതിയിലാണ് വന്‍തോതില്‍ ഭൂമി (ഏതാണ്ട് 10,000 ഏക്കര്‍) കണ്ടെത്തുന്നത്.

ഇതൊരു പരിചിത കഥയാണ്. മറ്റുള്ളവരുടെ ഭൂമിയില്‍ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന ഭൂരഹിതരായ തൊഴിലാളികളെ സര്‍ക്കാരിന്റെ ഈ ഭൂമി ഏറ്റെടുക്കല്‍ ഏറെ ദോഷകരമായി ബാധിക്കും. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കൃഷിഭൂമിയില്‍ നേരിട്ട് ഇടപെടാത്ത ഇവിടെനിന്നും അകലെയായി  ഹൈദരാബാദിലും ഗുണ്ടൂരിലും, വിജയവാഡയിലുമുള്ള ഭൂവുടമകളാണ്.  അവരില്‍ ഏറെപ്പേര്‍ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കമ്മ സമുദായക്കാരാണ്.

പക്ഷേ, അമരാവതിയെ സിംഗപ്പൂരിന്റെ എതിരാളിയാക്കാന്‍ ആഗ്രഹിക്കുന്ന നായിഡുവിനെയും മോദിയെയും ഇത് ആശങ്കപ്പെടുത്തുന്നില്ല. അവരെ സംബന്ധിച്ചു ഇതൊരു ഉട്ടോപ്യന്‍ സ്വപ്നമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍