UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യത്തെ തകര്‍ക്കുന്ന അസഹിഷ്ണുതയോട് സഹിഷ്ണുത പാടില്ല; അമര്‍ത്യസെന്‍

Avatar

അഴിമുഖം പ്രതിനിധി

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ അസഹിഷ്ണുതയോട് കൂടുതല്‍ സഹിഷ്ണുതയുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നുവെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. എഡിറ്റേഴ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച രാജേന്ദ്ര മാഥൂര്‍ സ്മാരക വാര്‍ഷിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടേയും സഹിഷ്ണുതയുടേയും പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കാര്‍ കഠിന പ്രയത്‌നം നടത്തേണ്ടതുണ്ടെന്നും സെന്‍ പറഞ്ഞു.

‘ഇന്ത്യക്കാര്‍ അസഹിഷ്ണുക്കളായി മാറിയതല്ല പ്രശ്‌നം. വാസ്തവത്തില്‍ അസഹിഷ്ണുതയോട് നാം കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുന്നവരായി മാറുകയാണുണ്ടായത്. സംഘടിത ആക്രമണകാരികളാല്‍ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നാം പിന്തുണ നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ വേണ്ടവിധത്തില്‍ ഇവര്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും മുമ്പും അതുണ്ടായിട്ടില്ലെന്നും ഞാന്‍ സംശയിക്കുന്നു,‘ അദ്ദേഹം പറഞ്ഞു.

ദാദ്രി സംഭവത്തെ മുന്‍നിര്‍ത്തിയായിരിക്കണം സെന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28-ന് ഉത്തര്‍ പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ ബിഫ് മാംസം സൂക്ഷിച്ചെന്നാരോപിച്ച് ബി.ജെ.പി നേതാവിന്റെ മകന്‍ അടങ്ങുന്ന ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് സൈഫിയെ കൊലപ്പെടുത്തിയിരുന്നു. 

താനടക്കമുളള ഹിന്ദുമതക്കാര്‍ ഉള്‍പ്പെടെ വലിയൊരു ശതമാനം ഇന്ത്യക്കാരും മറ്റു വിഭാഗക്കാരുടെ ഭക്ഷണ ശീലങ്ങള്‍ സ്വീകരിക്കുന്നവരാണെന്നും ഇവരെല്ലാം മറ്റുള്ളവരുടെ മതവിശ്വാസങ്ങളോട് സുപരിചിതരും സഹിഷ്ണുത പുലര്‍ത്തുന്നവരുമാണെന്നും 82-കാരനായ സെന്‍ പറയുകയുണ്ടായി.

‘നേരത്തെ തന്നെ നിലനിന്നിരുന്ന വിലക്കുകള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും ഈ അസഹിഷ്ണുത നിലവിലെ സര്‍ക്കാര്‍ വന്നതോടെ തുടങ്ങിയതല്ല. ഇന്ത്യയിലെ മുന്‍നിര ചിന്തകരില്‍ ഒരാളായിരുന്ന എം എഫ് ഹുസൈനെ വളരെ ചെറിയ ഒരു വിഭാഗം നിരന്തരം വേട്ടയാടി രാജ്യത്തിനു പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിന് മതിയായ പിന്തുണ കിട്ടിയില്ല. ഇന്ത്യന്‍ സര്‍ക്കാരിന് ഇതില്‍ പങ്കില്ലെങ്കിലും ഹുസൈനെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. സല്‍മാന്‍ റുഷ്ദിയുടെ സാത്തനിക് വേഴ്‌സസ് ലോകത്ത് ആദ്യമായി ഇന്ത്യ നിരോധിച്ചപ്പോള്‍ അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പങ്ക് വളരെ വ്യക്തമായിരുന്നു.’ സെന്‍ പറഞ്ഞു.

അസഹിഷ്ണുതയെ കൈകാര്യം ചെയ്യാന്‍ മൂന്ന് പരിഹാരമാര്‍ഗങ്ങളുണ്ടെന്നും സെന്‍ പറഞ്ഞു. ഒന്ന് ഇന്ത്യന്‍ ഭരണഘടനയെ അതില്‍ പറയാത്ത കാര്യങ്ങള്‍ക്കു വേണ്ടി പഴിക്കുന്നത് നിര്‍ത്തുക. രണ്ട്, ഇന്ത്യന്‍ പീനല്‍ കോഡിലെ ചില കൊളോണിയല്‍ നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെയിരിക്കുന്നത് അനുവദിക്കാതിരിക്കുക. മൂന്ന്, ജനാധിപത്യത്തെ അട്ടിമറിക്കുന്ന അസഹിഷ്ണുതയോട് രാജ്യം ഒരിക്കലും സഹിഷ്ണുത പുലര്‍ത്താതിരിക്കുക.

ഇന്ത്യക്കാരെന്ന നിലയില്‍ ജനങ്ങള്‍ക്ക് സ്വന്തം ബഹുസ്വരതയുടേയും സഹിഷ്ണുതയുടേയും പാരമ്പര്യം എടുത്തു പറഞ്ഞ് അഭിമാനിക്കാന്‍ ആവശ്യത്തിലേറെ കാരണങ്ങളുണ്ടെങ്കിലും അവയെ സംരക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നും സെന്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍