UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തല വെട്ടിമാറ്റിയ ഇന്ത്യന്‍ ഭൂപടവുമായി ആമസോണ്‍ വീണ്ടും: വില്‍പ്പന നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി

പാകിസ്താനും ചൈനയുമായും തര്‍ക്കം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്

ഇന്ത്യന്‍ ഭൂപടത്തെ അപമനാച്ചതിന്റെ പേരില്‍ ആമസോണ്‍ വീണ്ടും കുരുക്കില്‍. പൂര്‍ണമല്ലാത്ത ഇന്ത്യന്‍ ഭൂപടങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചെന്നാണ് ഒടുവിലത്തെ വിവാദം. പാകിസ്താനും ചൈനയുമായും തര്‍ക്കം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

ബിജെപി വക്താവ് തജീന്ദര്‍ പാല്‍ സിംഗ് ബാഗയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വിവരം പുറത്തുവിട്ടത്. ‘കനേഡിയന്‍ കമ്പനിയായ ആമസോണ്‍ വില്‍ക്കുന്നത് വികൃതമായ ഇന്ത്യന്‍ ഭൂപടമാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. ഉടന്‍ തന്നെ നിങ്ങളുടെ സൈറ്റില്‍ നിന്നും ചിത്രം പിന്‍വലിക്കുകയും വില്‍പ്പന അവസാനിപ്പിക്കുകയും വേണം’ തജീന്ദര്‍ പാല്‍ ആവശ്യപ്പെടുന്നു.

 

മുമ്പ് ഇന്ത്യന്‍ ദേശീയ പതാക ചിത്രീകരിക്കുന്ന ചവിട്ടി വില്‍പ്പന നടത്തിയതിന് ആമസോണിന് ഇന്ത്യ കര്‍ശനമായ താക്കീത് നല്‍കിയിരുന്നതാണ്. ആമസോണ്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ വിസ നിഷേധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവാദ ചവിട്ടി കമ്പനി പിന്‍വലിക്കുകയും ചെയ്തു.

രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ചിത്രം പതിച്ച ചെരുപ്പ് വില്‍പ്പനയ്ക്ക് വച്ചും ആമസോണ്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പോലുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആമസോണ്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തെയും നിയമത്തെയും ആദരിക്കാന്‍ ആമസോണ്‍ ബാധ്യസ്ഥരാണെന്നും ദേശീയ പതാകയെ അപമാനിക്കുന്ന വിവാദ ചവിട്ടി വില്‍പ്പനയ്ക്ക് വച്ചതില്‍ ഖേദിക്കുന്നെന്നുമാണ് ആമസോണ്‍ പറഞ്ഞിട്ടുള്ളത്. സംഭവം പുറത്തായതോടെ ഭൂപടം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍