UPDATES

വിദേശം

ഞങ്ങള്‍ക്ക് നിങ്ങളുടെ സംസ്കാരം ആവശ്യമില്ല; ആമസോണ്‍ ആദിവാസി വനിതകള്‍ തിരിച്ചുപോകുമ്പോള്‍

Avatar

ഡോം ഫിലിപ്‌സ് 
(വാഷിങ്ടണ്‍ പോസ്റ്റ്) 

2014 ഡിസംബറില്‍ ആമസോണിലെ മൂന്ന് ആദിവാസികളെ – ഒരു ചെറുപ്പക്കാരന്‍, അയാളുടെ അമ്മ, ബന്ധത്തില്‍പ്പെട്ട വയസായ ഒരു സ്ത്രീ – അവര്‍ ജീവിച്ചിരുന്ന വനത്തിനു പുറത്ത് ഒരു ഗ്രാമത്തിലേക്കു കൊണ്ടുവന്നു.

ഒന്നര വര്‍ഷത്തിനുശേഷം രണ്ടു സ്ത്രീകളും തിരികെ വനത്തിലേക്കു രക്ഷപെട്ടു. ഒരു മഴു, വലിയൊരു കത്തി, അവരുടെ വളര്‍ത്തുപക്ഷികള്‍ എന്നിവയല്ലാതെ മറ്റൊന്നും അവര്‍ കൊണ്ടുപോയില്ല. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോയ വഴിയില്‍ ഉപേക്ഷിച്ചു. അവരുടെ രക്ഷപെടല്‍ തന്നത് വ്യക്തമായൊരു സന്ദേശമായിരുന്നു.

ഞങ്ങള്‍ക്ക് നിങ്ങളുടെ സംസ്‌കാരം ആവശ്യമില്ല. ഞങ്ങളുടെ പുരാതന ജീവിതരീതി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു.

‘അതൊരു നിരസിക്കലായിരുന്നു,’ ഇന്‍ഡിജനസ് മിഷനറി കൗണ്‍സില്‍ എന്ന നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പിന്റെ കോ ഓര്‍ഡിനേറ്റര്‍ റോസനാ ഡിനിസ് പറഞ്ഞു. ആവ എന്ന ആദിവാസി ഗോത്രവുമായി ഡിനിസിന് 20 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്. ഈ ഗോത്രത്തിലുള്ളവരായിരുന്നു മടങ്ങിയ സ്ത്രീകള്‍.

‘ടെലിവിഷനല്ല അവര്‍ക്ക് പ്രധാനം. കാട്ടില്‍ അഥവാ അവരുടെ വീട്ടിലായിരിക്കുക, നദികള്‍ക്കും മൃഗങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കുമൊപ്പം. അതാണ് അവര്‍ക്കു പ്രധാനം.’

വംശനാശം നേരിടുന്ന ആവ ഗോത്രവിഭാഗത്തില്‍ ഏതാണ്ട് 450 പേരാണുള്ളത്. ആമസോണിലെ തെക്കുകിഴക്കന്‍ അതിര്‍ത്തികളിലുള്ള മൂന്ന് റിസര്‍വുകളിലാണ് ഇവരുടെ ഗ്രാമങ്ങള്‍. എന്നാല്‍ മേല്‍പറഞ്ഞ മൂന്നുപേരെപ്പോലെ അറിയപ്പെടാത്ത അനവധി ആളുകള്‍ നായാടിയുള്ള ജീവിതം തുടരുന്നു.

ജനസമ്പര്‍ക്കമില്ലാത്ത 110 സംഘങ്ങള്‍ ആമസോണിലുണ്ടെന്ന് ബ്രസീല്‍ സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. അനധികൃത തടിവെട്ടലും ഖനനവും കൃഷിയും ഇവരുടെ അതിജീവനത്തെ അപകടത്തിലാക്കുന്നു.

ആവകളില്‍ ഇന്ന് കൃഷി ചെയ്യുന്നവരുമുണ്ട്. എങ്കിലും മിക്കവരും തോക്കുകൊണ്ടുള്ള വേട്ടയാടലാണ് ഇഷ്ടപ്പെടുന്നത്. രണ്ടു സ്ത്രീകളും – നാല്‍പതോ അന്‍പതോ വയസുതോന്നിക്കുന്ന ജക്‌റേവാജ, 60 വയസു തോന്നുന്ന അമകാരിയ, ജക്‌റേവാജയുടെ മകന്‍ 20 വയസു തോന്നുന്ന വിറോഹോവ എന്നിവരെ 2014ല്‍ കണ്ടെത്തിയത് ഒരു ആവ നായാട്ടുസംഘമാണ്.

പനയോല കൊണ്ടുണ്ടാക്കിയ കുടിലിലായിരുന്നു അവരുടെ താമസം. അമ്പും വില്ലും കൊണ്ടു വേട്ടയാടിയും പഴങ്ങള്‍ ശേഖരിച്ചുമായിരുന്നു ജീവിതം. ആകെയുണ്ടായിരുന്ന ആധുനിക ഉപകരണങ്ങള്‍ ഒരു കത്തിക്കഷണവും മഴുവും ദ്വാരം വീണൊരു പാത്രവുമാണ്. താന്‍ കുട്ടിയായിരുന്നപ്പോള്‍ അല്‍പകാലം താമസിച്ച ഗ്രാമത്തില്‍നിന്നാണ് ഇവ കിട്ടിയതെന്ന് വിറോഹോവ വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞിരുന്നു.

668 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള സംരക്ഷിത മേഖലയില്‍ മരം വെട്ടുകാരുടെ കടന്നുകയറ്റമാണ് മൂവരെയും അടുത്തുള്ള ആദിവാസി ഗ്രാമത്തിലേക്കു വരാന്‍ നിര്‍ബന്ധിതരാക്കിയത്. ഗ്രാമത്തില്‍ വൈദ്യുതിയും അടിസ്ഥാന ആരോഗ്യസൗകര്യങ്ങളും ടിവിയുമുണ്ട്.

രണ്ടു സ്ത്രീകള്‍ക്കും ഗുരുതര ക്ഷയബാധയുണ്ടായി. മൂവരെയും ഹെലികോപ്ടറില്‍ നഗരത്തിലെ ആശുപത്രിയിലെത്തിച്ചു. ഇരുവരും ആശുപത്രി പരിസരത്തുള്ള വൈക്കോല്‍കുടിലില്‍ മാസങ്ങളോളം കഴിഞ്ഞു.

ടിറാകാംബുവിലെ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഇവരില്‍ വിറോഹോവ ഒരു ആവ സ്ത്രീക്കൊപ്പം താമസം തുടങ്ങി. അയാള്‍ ഇപ്പോഴും അവിടെയുണ്ടെന്നാണു കരുതുന്നത്.

ഇവിടെ പൊരുത്തപ്പെടാന്‍ വിസമ്മതിച്ച സ്ത്രീകള്‍ ഇരുവരും പുറത്തുനിന്നെത്തുന്ന ആദിവാസികളല്ലാത്ത സന്ദര്‍ശകരെപ്പറ്റിയും ഭക്ഷണത്തെയും മരുന്നിനെയും പറ്റി അസ്വസ്ഥരായിരുന്നുവെന്ന് ഡിസിന പറയുന്നു. തകരമേല്‍ക്കൂരയുള്ള കുടിലില്‍ മറ്റു രണ്ട് കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു അവരുടെ താമസം. ഇവിടത്തെ ചൂടും അവരെ അസ്വസ്ഥരാക്കി.

പനയോലകള്‍കൊണ്ട് മേല്‍ക്കൂരയുള്ള പുതിയൊരു കുടില്‍ അവര്‍ക്കുവേണ്ടിയുണ്ടാക്കിയെങ്കിലും ഓഗസ്റ്റ് ആദ്യവാരം അവര്‍ ഇവിടം വിട്ടു. സന്ദര്‍ശനത്തിനെത്തിയ ഡിനിസാണ് അവര്‍ പോയ വിവരം അറിയുന്നത്. സംരക്ഷിതവനങ്ങളിലെ തീ മൂലം ഇരകളില്ലാത്ത അവസ്ഥയും കൃഷിക്കാരുടെയും മരം വെട്ടുകാരുടെയും കടന്നുകയറ്റം മൂലമുള്ള ഭീഷണിയും ഇനി അവര്‍ക്കു നേരിടേണ്ടിവന്നേക്കും.

‘ഇത്തരം ഭീഷണികള്‍ മൂലം കാട്ടിലെ ജീവിതം ദുഷ്‌കരമാകാം. പക്ഷേ ജക്‌റേവാജയും അമകാരിയയും ആ ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്നു വ്യക്തം,’ ലോകമെങ്ങും ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായ സര്‍വൈവല്‍ ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തകന്‍ സാറാ ഷെന്‍കെര്‍ പറയുന്നു. ഷെന്‍കെര്‍ 2015 ഏപ്രിലില്‍ ഈ സ്ത്രീകളെ കണ്ടിരുന്നു. അന്ന് ഭീതിമൂലം സംസാരിക്കാനാകാത്ത അവസ്ഥയിലും രോഗത്തിലുമായിരുന്നു അവര്‍. അവര്‍ തിരികെ കാട്ടിലേക്കു മടങ്ങിയെന്നത് ആദിവാസികള്‍ക്ക് കാട് എത്ര പ്രധാനമാണെന്നു കാണിക്കുന്നതായി ഷെന്‍കെര്‍ പറയുന്നു.

‘ഇനി ചെയ്യേണ്ടത് അവരുടെ ഭൂമി സംരക്ഷിക്കുകയാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍