UPDATES

ഓട്ടോമൊബൈല്‍

നമ്മുടെ അംബാസിഡര്‍ ഇനി പുഷോയ്ക്ക്; ഇന്ത്യന്‍ നിരത്തില്‍ പുനരവതാരം പ്രതീക്ഷിച്ച് അംബി ആരാധകര്‍

2014 ല്‍ അംബാസിഡര്‍ നിര്‍മാണം അവസാനിപ്പിച്ചിരുന്നു

മാരുതി കഴിഞ്ഞാല്‍ അല്ലെങ്കില്‍, മാരുതിയേക്കാള്‍ ഇന്ത്യക്കാരന്റെ ജീവിതത്തില്‍ ഇടംപിടിച്ചിരുന്നു അംബാസിഡര്‍ കാറുകള്‍. കാലഘട്ടത്തിന്റെ ആഡംബരമായിരുന്നു ഈ നാലുചക്രവാഹനം. ഇന്ത്യന്‍ നിരത്തുകളില്‍ അംബാസിഡറിനോളം പ്രാമാണിത്യം ഇന്നോളം മറ്റേതെങ്കിലും, അതേതു ലക്ഷ്വറി വാഹനമായാലും സ്വന്തമാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നു ഉറപ്പിച്ചു പറയാം.

പക്ഷേ 56 വര്‍ഷങ്ങള്‍ക്കിപ്പുറം 2014 ല്‍ അവസാനിക്കാത്ത ഗൃഹാതുരത അവശേഷിപ്പിച്ച് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് അംബാസിഡറിന്റെ നിര്‍മാണം അവസാനിപ്പിച്ചു.

ഇപ്പോള്‍ വീണ്ടും അംബാസിഡര്‍ വാര്‍ത്തയില്‍ വരുന്നത് അംബാസിഡര്‍ എന്ന ബ്രാന്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ്. അംബാസിഡര്‍ ബ്രാന്‍ഡ് ഫ്രഞ്ച് കമ്പനിയായ പുഷോ സ്വന്തമാക്കിയിരിക്കുന്നു. 80 കോടി രൂപയ്ക്കാണു സി കെ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്യൂഷോവുമായി കരാര്‍ ഒപ്പിട്ടത്.

പ്യൂഷോ ഈ പേരില്‍ തന്നെ കാര്‍ നിര്‍മിക്കുമെന്നോ, ഇന്ത്യന്‍ റോഡുകളില്‍ വീണ്ടും അംബാസിഡര്‍ പ്രത്യക്ഷപ്പെടുമോ എന്നൊന്നും അറിയില്ല. എന്നാലും അംബാസിഡര്‍ തിരികെയെത്തുമെന്നു തന്നെ വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. അപ്പോഴും എല്ലാവരും പറയുന്നൊരു കാര്യം; ആ രൂപത്തില്‍ മാറ്റം വരുത്തരുതേ എന്നാണ്.

അംബാസിഡറിന്റെ ജനനം
ബ്രിട്ടന്റെ മോറിസ് ഓക്‌സ്‌ഫോര്‍ഡിനെ മാതൃകയാക്കിയാണ് അംബാസിഡറിന്റെ ജനനം. കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശമായ ഉത്തര്‍പരയില്‍ ആയിരുന്നു നിര്‍മാണ പ്ലാന്റ്.1958 ല്‍ ആയിരുന്നു പ്ലാന്റ് സ്ഥാപിതമായത്. സ്വതന്ത്ര്യലബ്ധമായി അധികകാലമായിട്ടില്ലാത്ത ഒരു രാജ്യത്തിന്റെ സാമ്പത്തികനിലവാരത്തില്‍ അംബാസിഡര്‍ അധികം വൈകാതെ തന്നെ ഒരു ഹൈ സോഷ്യല്‍ സ്റ്റാറ്റസ് സ്വന്തമാക്കി. അക്കാലത്ത് അംബാസിഡറിന്റെ പത്ര പരസ്യങ്ങളില്‍ കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നത്- Ambassadorial Status ആയിരുന്നു.

മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, സിനിമ താരങ്ങള്‍, ബിസിനസുകാര്‍ എന്നിവരുടെയെല്ലാം പ്രിയ വാഹനമായും അംബാസിഡര്‍ മാറി. ദീര്‍ഘനാള്‍ ഇവരുടെയെല്ലാം പ്രസ്റ്റീജ് സിംബലും അംബാസിഡര്‍ ആയിരുന്നു. ഇന്ത്യയിലെ ടാക്‌സി കാറുകള്‍ എന്നാല്‍ അംബാസിഡര്‍ എന്ന നിലയിലേക്കും കാര്യങ്ങള്‍ മാറുന്നത് പിന്നീടാണ്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ എവിടെയും അംബാസിഡര്‍ കാണാമെന്നായി.

ഒടുവില്‍ ജപ്പാന്‍ കമ്പനിയായ സുസൂക്കിയുടെ സഹകരണത്തോടെ മാരുതി 800 ഇന്ത്യന്‍ റോഡുകളില്‍ അവതരിക്കുകയും ചെയ്തതോടെ അംബാസിഡറിന്റെ പ്രതാപത്തിനു മങ്ങലേല്‍ക്കാന്‍ തുടങ്ങി.

അംബാസിഡര്‍ യുഗത്തിന്റെ അന്ത്യം
കാര്‍ വിപണയിലേക്ക് പുതിയപുതിയ താരങ്ങള്‍ കടന്നു വരാന്‍ തുടങ്ങിയതോടെ ഉപഭോക്താക്കളുടെ താത്പര്യം അവയിലേക്കു മാറാന്‍ തുടങ്ങി. സാങ്കേതിക വിദ്യകളും ലക്ഷ്വറി സൗകര്യങ്ങളും നിറഞ്ഞ പുതിയ വാഹനങ്ങളോട് പിടിച്ചു നില്‍ക്കന്‍ അംബാസിഡറിനു സാധിക്കാതെയായി. ഇതുമൂലമുണ്ടായ തിരിച്ചടി ശക്തമായിരുന്നു. വാഹനത്തിനു ഡിമാന്‍ഡ് കുറയുകയും വില്‍പന സാരമായി ഇടിയുകയും ചെയ്തു. 2013 ല്‍ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് വിറ്റത് 2,200 കാറുകള്‍. 2014 കമ്പനി വാഹന നിര്‍മാണം അവസാനിപ്പിച്ചതോടെ ഒരു കാര്‍ യുഗത്തിനും അന്ത്യമായി.

ചരിത്രവും സവിശേഷതകളും
* ഇന്ത്യയിലെ ആദ്യത്തെ ഡിസല്‍ കാര്‍
* മാന്‍ഫാക്ചറിംഗ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘമേറിയ ഓട്ടോ ബ്രാന്‍ഡ്(1958-2014)
* Mark 1 മുതല്‍ Encore വരെ ഏഴു മോഡല്‍ വാഹനങ്ങള്‍
* ആദ്യത്തെ അംബാസിഡര്‍ കാറിന്റെ വില 14,000 രൂപ, അവസാനത്തെ മോഡലിന്റെ വില 5 ലക്ഷം
*ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാര്‍ ആയി 2013 ലെ ഗ്ലോബല്‍ ഓട്ടോമാറ്റിക് പ്രോഗ്രാമായ ടോപ് ഗിയര്‍ തെരഞ്ഞെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍