UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബേദ്ക്കറെക്കുറിച്ച് കുറ്റകരമായ തൊട്ടുകൂടായ്മ കാണിക്കുന്ന ഇന്ത്യയും അവിടുത്തെ മാധ്യമങ്ങളും

എസ് ആനന്ദ്

നൂറ്റാണ്ടുകളായി ഉപഭൂഖണ്ഡത്തിലെ ഭൂരിപക്ഷം ജനങ്ങളും ജീവിക്കാന്‍ ശീലിച്ച, സാമ്പ്രദായികമായി ഭീതിപരത്തിയിരുന്ന ഒരു ഭരണസ്ഥാപനത്തിനെതിരെ തന്റെ എഴുത്തിലും പ്രസംഗങ്ങളിലും ഡോ. ബി.ആര്‍ അംബേദ്കര്‍ പുലര്‍ത്തിയിരുന്ന അസന്ദിഗ്ദ്ധമായ നിര്‍വികാരതയോടെ അസ്പര്‍ശ്യര്‍ എന്ന പദം ഉപയോഗിച്ച രീതിയില്‍ തന്നെ അത് ഉപയോഗിക്കാനാണ് എനിക്ക് താല്‍പര്യം. അംബേദ്കര്‍ എന്നൊരാളിന്റെ നിലനില്‍പ്പിനെ തന്നെ നിഷേധിക്കാന്‍ വെമ്പുന്ന ആ സംവിധാനത്തിനെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഡിസംബര്‍ ആറിന് അദ്ദേഹത്തിന്റെ 60-ആം ചരമവാര്‍ഷികം ശാന്തമായി കടന്നുപോയ ഈ സന്ദര്‍ഭത്തില്‍ അംബേദ്ക്കറെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മിക്ക ഇന്ത്യക്കാര്‍ക്കും അസ്പര്‍ശ്യത എന്ന സംജ്ഞ ഓര്‍മ്മയിലെത്തുന്നത് എന്തുകൊണ്ടാണെന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

അദ്ദേഹത്തെ കുറിച്ച് അവര്‍ ആലോചിക്കുന്നില്ല എന്നതാണ് കൂടുതല്‍ ഗൗരവമുള്ള കാര്യം. അദ്ദേഹം ജനിച്ച ദിവസം, അദ്ദേഹം മരിച്ച ദിവസം, അരമില്യണ്‍ വരുന്ന തൊട്ടുകൂടാത്തവര്‍ക്കായി അദ്ദേഹം പുനര്‍ജനിച്ച ദിവസം ഒന്നും അവര്‍ ഓര്‍ക്കുന്നില്ല. സ്പര്‍ശിക്കാവുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മിക്ക ഇന്ത്യക്കാരുടെയും ഹൃദയത്തിലും തലച്ചോറിലും വൈകാരികമായും ബൗദ്ധികമായും അംബേദ്കര്‍ കടന്നുവരുന്നില്ല.

ഒരു രാജ്യത്തെ കണ്ടുപിടിച്ചു എന്ന് പ്രമുഖ എഴുത്തുകാരനായ ജെറി പിന്റോ വിശേഷിപ്പിച്ച ആ മനുഷ്യനെ കുറിച്ച് ഒരു ലേഖനമോ വാര്‍ത്തയോ ഉണ്ടോ എന്നറിയാനായി, ഡിസംബര്‍ ആറിന് രാവിലെ ഞാന്‍ പത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളും അരിച്ചുപെറുക്കി. ബാബാസഹിബിന് തൊട്ടടുത്ത ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സര്‍ക്കാര്‍ പരസ്യമല്ലാതെ മറ്റൊന്നും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളായ ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയവയില്‍ നിന്നും കണ്ടെടുക്കാനായില്ല.

അംബേദ്ക്കര്‍ ജീവിച്ചിരുന്നപ്പോള്‍ തള്ളിപ്പറഞ്ഞ ചില സന്യാസിമാരുടെ സ്ഥാനമാണ് ഇന്ത്യയിലെ ജാതി സമൂഹത്തിന്റെ മനസില്‍ ഇപ്പോഴുമുള്ളത്. ചിലരുടെ വ്യവഹാരങ്ങളിലാവട്ടെ അദ്ദേഹത്തിന് ശംഭുകന്റെയോ കര്‍ണന്റെയോ സ്ഥാനമാണ്. ചിലര്‍ ഒരു വിരോധാഭാസവുമില്ലാതെ അദ്ദേഹത്തെ ആധുനിക മനുവെന്ന് വിശേഷിപ്പിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിലെ മേല്‍ജാതിക്കാരുടെ മനസ്സില്‍ അംബേദ്ക്കറിന് യാതൊരു സ്ഥാനവുമില്ല.

ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്ന ഹിന്ദു തീവ്രവാദം ഒരു ഒന്നാന്തരം വാള്‍ വിഴുങ്ങിയാണ്. ഹിന്ദുത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന അംബേദ്ക്കറെ ഒരു ഭക്തസന്യാസിയാക്കി ഏറ്റെടുക്കാനുള്ള തിരക്കിലാണവര്‍. ബുദ്ധനെ വിഷ്ണുവിന്റെ ഒമ്പതാം അവതാരമായി വിശേഷിപ്പിച്ചത് പോലെ അംബേദ്ക്കറെ വിഷ്ണുവിന്റെ പതിനൊന്നാം അവതാരമായി അവതരിപ്പിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് പലരും ഭയപ്പെടുന്നു.

ഡിസംബര്‍ ആറ് പോലെയുള്ള ഒരു ദിവസം ആരാലും ശ്രദ്ധിക്കാതെ കടന്നുപോകാന്‍ അനുവദിച്ചവരെല്ലാം ഒരുതരത്തിലുള്ള തൊട്ടുകൂടായ്മ പാലിക്കുന്നുണ്ട്. ഹിന്ദുവും ഹിന്ദുസ്ഥാന്‍ ടൈംസും മാത്രമല്ല, വലിയ മാധ്യമങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന കഫിലയും വലിയ മാധ്യമങ്ങള്‍ പൊതുബോധത്തെ വെല്ലുവിളിക്കുകയാണെന്ന് പറയുന്ന റയോട്ടും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. അദ്ദേഹത്തിന്റെ ആശയങ്ങളോടും അദ്ദേഹം പുലര്‍ത്തിയിരുന്ന വിശാലമായ പ്രവര്‍ത്തനങ്ങളോടും നീതി പുലര്‍ത്തുന്നതിന് പകരം അംബേദ്ക്കറെ ഏറ്റെടുക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെ അനുവദിക്കുകയാണ് അവരൊക്കെ ചെയ്യുന്നത്. ഡിസംബര്‍ ആറിന് വൈകിട്ട് നാല് മണിവരെയെങ്കിലും അദ്ദേഹത്തിന്റ ആശയങ്ങളെയോ ജീവിതത്തെയോ സംബന്ധിക്കുന്ന ഒരു ലേഖനങ്ങളും ഒരു മുഖ്യധാര മാധ്യമത്തിലും വന്നില്ല. ചില സ്വതന്ത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മാത്രമാണ് അത്തരത്തിലുള്ള എന്തെങ്കിലും കണ്ടത്. ചൈത്യഭൂമിയില്‍ കൂടിയ പത്തുലക്ഷത്തിലേറെ പേരെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ വരുമായിരിക്കും. അവിടെ കൂടിയ ദളിതര്‍ നോട്ട് നിരോധനത്തിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് സ്‌ക്രോളിന്റെ എഡിറ്റര്‍ എന്നോട് പറഞ്ഞു.

അംബേദ്ക്കറെ കുറിച്ച് കുറ്റകരമായ അറിവില്ലായ്മ പുലര്‍ത്തുന്ന ഇന്ത്യയിലെ മുന്നോക്ക ജാതിക്കാരില്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തെയും ജീവിതത്തെയും കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കേണ്ടതല്ലേ? എങ്ങനെയാണ് അദ്ദേഹത്തിന്റ ശവകൂടീരത്തിലേക്ക് ദശലക്ഷം ആളുകള്‍ എത്തുകയും അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ പിരിഞ്ഞുപോവുകയും ചെയ്യുന്നതിനെ കുറിച്ച് പുസ്തകങ്ങളോ, ലേഖനങ്ങളോ എന്തിന് പത്ര റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവരുന്നില്ല. ആരാണ് ഈ ജനങ്ങള്‍? എന്താണ് അവരുടെ കഥകള്‍? എങ്ങനെയാണ് ബാബസാഹിബ് അവരെ പ്രചോദിപ്പിക്കുന്നത്? കുംഭമേളയെയും മറ്റും കുറിച്ച് കെട്ടുകണക്കിന് സാഹിത്യം പുറത്തുവരുമ്പോള്‍, ഡിസംബര്‍ ആറിന് മുംബൈയിലും അംബേദ്ക്കര്‍ കൂട്ടമതം മാറ്റം നടത്തിയ ഒക്ടോബര്‍ 14-ന് നാഗ്പൂരിലും ദശലക്ഷങ്ങള്‍ അണിനിരക്കുന്നതിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് പോലും വരാത്തത് എന്തുകൊണ്ടാണ്?

രണ്ട് മാസം മുമ്പെ തയ്യാറാക്കി വച്ചിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ സംബന്ധിച്ച വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കണമായിരുന്നിരിക്കാം. എന്നാല്‍ ജയലളിത ഒരു ഒഴിവുകഴിവ് മാത്രമാണ്. അദ്ദേഹത്തിന്റ ജീവിത്തിലെ പ്രധാന ദിവസങ്ങളായ ഡിസംബര്‍ ആറും, ഏപ്രില്‍ 14-ഉം മേയ് 15 ഒക്കെ ആരും അറിയാതെ കടന്നുപോവുകയാണ് ചെയ്യുന്നത്. പ്രതിദിനം രണ്ട് ദളിതര്‍ കൊല്ലപ്പെടുകയും ആറ് ദളിത് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് പേരുകളും തീയതികളും മറക്കാന്‍ എളുപ്പമാണ്.

 

(എസ് ആനന്ദ് സ്ക്രോളില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍