UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചിട്ട് 60 വര്‍ഷം; ഇന്ത്യന്‍ ദളിതിന്റെ പോരാട്ടവഴികള്‍

Avatar

അഴിമുഖം പ്രതിനിധി

ഡോ. ബി.ആര്‍ അംബേദ്കര്‍ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചിട്ട് 60 വര്‍ഷം  തികയുന്നു. 1956 ഒക്ടോബര്‍ 14ന് നാഗ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. അഞ്ച് ലക്ഷത്തോളം പേര്‍ ബാബാസാഹിബിനൊപ്പം അന്ന് ബുദ്ധമതക്കാരായി. “നിര്‍ഭാഗ്യവശാല്‍ ഞാനൊരു ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഞാനൊരു ഹിന്ദുവായി മരിക്കില്ല” എന്ന് അതിനും 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംബേദ്‌കര്‍ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന്‍റെ  സാക്ഷാത്കാരമാണ് നാഗ്പൂരിലെ ദീക്ഷ ഭൂമിയില്‍ അന്ന് കണ്ടത്. ജാതി ഇല്ലാതാക്കുക എന്നാല്‍ അതിനര്‍ഥം ഹിന്ദു മതത്തെ തകര്‍ക്കുക എന്നത് തന്നെയാണെന്ന കാര്യത്തില്‍ അംബേദ്‌കറിനു സംശയമില്ലായിരുന്നു. അതേ വര്‍ഷം ഡിസംബര്‍ ആറിന് ഡോ. അംബേദ്‌കര്‍ അന്തരിച്ചു.

ദളിത്‌ രാഷ്ട്രീയം പിന്നീട് പല കൈവഴികളിലൂടെയും ഒഴുകി. ബുദ്ധമതം സ്വീകരിക്കാതെ തന്നെ അംബേദ്‌കറൈറ്റുകള്‍ ഡോ. അംബേദ്‌കറെ ഉയര്‍ത്തിപ്പിടിച്ചു. വിമോചകനായും ചിലപ്പോള്‍ വിഗ്രഹമായും. വിഗ്രഹവത്കരണം അംബേദ്‌കര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ഒന്നാണ്. ഇന്ത്യയിലെ ദളിത്‌ രാഷ്ട്രീയത്തെ അത് തീര്‍ത്തും ബാധിച്ചിട്ടില്ല എന്ന് പറയാനാവില്ല. അതിന്‍റെ തുടര്‍ച്ചയായുണ്ടായ കക്ഷി രാഷ്ട്രീയ പരീക്ഷണങ്ങളില്‍ ചിലത് വിജയം കണ്ടു. ചിലത് തോറ്റ് പോയി. അപൂര്‍വം ചിലത് അനിവാര്യമായും തോല്‍ക്കേണ്ട ദുരന്തങ്ങളും ആയിരുന്നു. 

Educate, Agitate, Organize (പഠിക്കുക, പോരാടുക, സംഘടിക്കുക) എന്ന അംബേദ്കറുടെ മുദ്രാവാക്യം അല്ലെങ്കില്‍ ആഹ്വാനം ഇന്ത്യയിലെ ദളിതര്‍ക്ക് എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാനായിട്ടുണ്ട്? അത് സാധ്യമാക്കും വിധം രാജ്യത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ എത്രത്തോളം ഗുണപരമായി മാറിയിട്ടുണ്ട്? മണ്ഡല്‍ വിരുദ്ധ രാഷ്ട്രീയവും സവര്‍ണ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയവും ഇന്ത്യയില്‍ നിര്‍ണായകമായി മാറിയ കാലത്ത് തന്നെയാണ് സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളും ശക്തിപ്പെടുന്നത്. 1980-കളില്‍ കാന്‍ഷി റാമിന്‍റെ നേതൃത്വത്തില്‍ അത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ശക്തിപ്പെട്ടു. അത് പിന്നീട് അധികാരം നേടുകയും ചെയ്തു. ബ്രാഹ്മിന്‍ ബെല്‍ട്ടും ഹിന്ദുത്വ പാര്‍ട്ടികളുമായും എല്ലാം ഉണ്ടാക്കിയ ധാരണകള്‍ വിവാദമുണ്ടാക്കിയെങ്കിലും കാന്‍ഷിറാമും മായാവതിയും ബി എസ് പിയും തുറന്നിട്ട സാധ്യതകള്‍ അങ്ങനെ തന്നെ നില്‍ക്കുന്നു. അംബേദ്‌കറുടെ പിന്തുടര്‍ച്ചാവകാശം നിരന്തരം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച ദളിത്‌ കക്ഷികള്‍ പലതും പലതരം രാഷ്ടീയ പരീക്ഷണങ്ങളുടെയും ഭാഗമായി. ഹിന്ദുത്വ കക്ഷികളുമായി അധികാരം ലക്ഷ്യമിട്ട് സഖ്യങ്ങള്‍ രൂപീകരിക്കാന്‍ ദളിത്‌ പ്രസ്ഥാനങ്ങള്‍ മടി കാണിച്ചില്ല. മഹാരാഷ്ട്രയില്‍ രാംദാസ് അതാവാലെയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു വിഭാഗം ശിവസേനയുമായി ആദ്യം കൂട്ടുകൂടുകയും ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുകയുമാണ്. അതേസമയം കടുത്ത ദളിത്‌ വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാര്‍ ഒരു പതിറ്റാണ്ടില്‍ അധികമായി മനുസ്മൃതി കത്തിച്ച അംബേദ്‌കറെ ഹിന്ദുവാക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ദളിതരുടെ പുതിയ അതിജീവന പോരാട്ടങ്ങള്‍, സമത്വത്തിനും തുല്യനീതിക്കുമായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുന്നത്.

   
അംബേദ്‌കര്‍ കൊളുത്തിയ തീയില്‍ നിന്ന് ആളിപ്പടര്‍ന്ന ദളിത്‌ രാഷ്ട്രീയം എവിടെ എത്തി നില്‍ക്കുന്നു എന്ന പരിശോധന ആവശ്യമാണ്‌. ഇന്ന് ഇന്ത്യയിലെ ദളിതരുടെ അവകാശപ്പോരാട്ടങ്ങളില്‍ ഏറ്റവും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്ന രണ്ടു പേരുകള്‍ രോഹിത് വെമുലയും ജിഗ്നേഷ് മേവാനിയുമാണ്. രോഹിത് മരണത്തിനു ശേഷവും കൂടുതല്‍ ശക്തിയോടെ ഇന്ത്യന്‍ സവര്‍ണ – ബ്രാഹ്മണിക്കല്‍ ഫാസിസത്തിനെതിരായ പോരാട്ടം തുടരുന്നു. ഇന്ത്യയിലെ സര്‍വകലാശാലകള്‍ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടക്കെതിരായ ഏറ്റവും സജീവമായ പ്രതിരോധ കേന്ദ്രങ്ങളെന്ന നിലയില്‍ ശ്രദ്ധ നേടിയത് രോഹിതിന്റെ ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതക’ത്തിന് ശേഷമാണ്.

ഗുജറാത്തിലെ ഉനയില്‍ ഗോവധം ആരോപിച്ച് ദളിത്‌ യുവാക്കള്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായതിന് ശേഷമാണ് ജിഗ്നേഷ് മേവാനി എന്ന യുവ അഭിഭാഷകന്‍ ശ്രദ്ധ നേടുന്നത്. ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ അംബേദ്‌കര്‍ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനകീയ പോരാട്ടങ്ങളുടെ, പ്രതിരോധങ്ങളുടെ  മുന്‍നിരയില്‍ നിര്‍ത്തിയിരിക്കുകയാണ്. ജാതിക്ക് ഒരു തരത്തിലും പ്രാധാന്യം കൊടുക്കാതെയുള്ള കേവല സാമ്പത്തികമാത്രവാദവും ജാതി മാത്രമാണ് ഇന്ത്യയിലെ വര്‍ഗം എന്ന് തെറ്റിദ്ധരിപ്പിക്കുന്നവരും മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങളെ ഒരു പോലെ നിരാകരിക്കുന്നതാണ് മേവാനിയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്നാണു വ്യക്തമാവുന്നത്. സ്വകാര്യ സ്വത്ത് നിയമവിധേയമായ ഒരു നാട്ടില്‍ ഭൂപരിഷ്കരണത്തിന്റെയും ഭൂമിയുടെ ലഭ്യത ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം മേവാനിക്ക് നല്ല ബോധ്യമുണ്ട്. വര്‍ഗ രാഷ്ട്രീയത്തിന്‍റെ ഭാഗമായി തന്നെ അഭിമുഖീകരിക്കേണ്ടതാണ് ജാതി അടക്കമുള്ള എല്ലാ സ്വത്വ പ്രശ്നങ്ങളും എന്ന ബോധ്യത്തിനോട് അടുത്ത് നില്‍ക്കുന്നതാണ് ജിഗ്നേഷ് മേവാനിയുടെ രാഷ്ട്രീയ നിലപാടുകള്‍. ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ ജാതിയും വര്‍ഗവും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിന്‍റെ ഫലമായി രൂപപ്പെടുന്ന രാഷ്ട്രീയമാണ് ഇനി ഗതി നിര്‍ണയിക്കാന്‍ പോകുന്നത്.    

ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം ദളിത് വിമോചനം എത്രത്തോളം സാധ്യമാക്കിയിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. അംബേദ്‌കരുടെ ബുദ്ധമത പ്രവേശനം കഴിഞ്ഞ് 60 വര്‍ഷം കഴിയുമ്പോഴും ബുദ്ധമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ദളിതര്‍ ഇന്ത്യയില്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. പീഡിപ്പിക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവ വലിയൊരു വിഭാഗത്തിനു നിഷേധിക്കപ്പെടുന്നു. ഭൂമിയുടെ വിതരണത്തിലും എല്ലാ തൊഴില്‍ മേഖലകളിലും കടുത്ത വിവേചനങ്ങളും അനീതിയും നേരിടുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇന്ത്യയിലെ പട്ടികജാതിക്കാര്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് ബുദ്ധമതമാണ്‌. 2001 മുതല്‍ 2011 വരെയുള്ള കണക്ക് പ്രകാരം 38 ശതമാനം വളര്‍ച്ച. അംബേദ്‌കറുടെ ജന്മനാട് ഉള്‍ക്കൊള്ളുന്ന മഹാരാഷ്ട്രയില്‍ ഇത് 60 ശതമാനത്തിന് അടുത്താണ്. ഇതിനൊപ്പം ചേര്‍ത്തുവക്കേണ്ട മറ്റൊരു കണക്ക് കൂടിയുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ  രാജ്യത്ത് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 44 ശതമാനം കൂടിയിട്ടുണ്ട് എന്നും കാണാം. 

ബുദ്ധമതത്തിലേക്കോ മറ്റേതെങ്കിലും മതങ്ങളിലേക്കോ ഉള്ള പരിവര്‍ത്തനത്തെ കുറിച്ചല്ല ഇന്ന് ദളിത്‌ രാഷ്ട്രീയം സംസാരിക്കുന്നത്. അതിനു നേരിടാന്‍ ഉള്ളത് കൂടുതല്‍ തീവ്രമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ആണ്. ജിഗ്നേഷ് മേവാനി അടക്കമുള്ള നേതാക്കള്‍ സംസാരിക്കുന്നതും ഇത് തന്നെ.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍