UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്കു പുറത്തുനിന്നും പൊരുതാനാണിഷ്ടം; അംബികാസുതന്‍ മാങ്ങാട് സംസാരിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

പ്രുമഖ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് തനിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു. ഈ നിരാസം എഴുത്തുകാരന്‍ തന്റെ സാമൂഹികപ്രതിബദ്ധതയുടെ പ്രകടനമായാണ് ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ടു താനിതു ചെയ്തു എന്നതിന് കൃത്യമായ ഉത്തരമുണ്ട് അംബികാസുതന്‍ മാങ്ങാടിന്. അഴിമുഖത്തിനോട് തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് അംബികാസുതന്‍ മാങ്ങാട്. 

മൂന്നുനാലുദിവസം മുമ്പാണ് അക്കാദമി അംഗത്വമറിയിച്ചുകൊണ്ടുള്ള കടലാസ് വരുന്നത്. ആ സ്ഥാനം ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നു ബന്ധപ്പെട്ടവരെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പു കിട്ടിയപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. ഇതൊരു വാര്‍ത്തയാക്കണമെന്നൊന്നും ആഗ്രഹിച്ചില്ല. എങ്ങനെയോ വിവരമറിഞ്ഞ ചില മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നത്.

എന്തുകൊണ്ട് ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു എന്ന ചോദ്യത്തിന് എന്റെ ഉത്തരം ലളിതവും അതേസമയം ഉറച്ചതുമാണ്. രോഹിത് വെമൂലയെപ്പോലുള്ള ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്തൊരു രാജ്യത്ത് ഞാന്‍ എടുത്ത തീരുമാനം ശരിയാവുകയാണ്. ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ പുസ്തമേളയാണ് ജയ്പൂര്‍ പുസ്തകോത്സവം. ഒരു പാകിസ്താനി കവി വരുന്നൂ എന്നതിനാല്‍ ജയ്പൂര്‍ പുസ്തകോത്സവം നടത്താന്‍ അനുവദിക്കില്ലെന്നു വാശിപിടിക്കുന്നവരുടെ മുന്നില്‍ ഞാന്‍ എടുത്ത തീരുമാനം ശരിയാണ്. ഒരു കസാഖിസ്താന്‍കാരിനിവിടെ ഫുട്‌ബോള്‍ കളിക്കാന്‍ പറ്റില്ലെന്നു പറയുന്നവരുടെ മുന്നിലും ഞാന്‍ ശരിയാണ്.

ബന്യാമിന്‍ എന്ന ഇന്ത്യന്‍ എഴുത്തുകാരനു പാകിസ്താനില്‍ നടന്ന സാഹിത്യസംഗമത്തില്‍ പങ്കെടുക്കാം. ഒരു ബുദ്ധിമുട്ടുമില്ല. പാകിസ്താനില്‍ അതിനെതിരെ ഒരു പ്രതിഷേധവും അലര്‍ച്ചയും ഉണ്ടായില്ല. എന്നാലൊരു പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഇവിടെ വരാന്‍ സമ്മതിക്കില്ല. 

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പക്ഷം ചേര്‍ന്നു നിന്നും സമരം ചെയ്യുന്നൊരാളാണ് ഞാന്‍. അങ്ങനെയുള്ളൊരാള്‍ ഡല്‍ഹിയില്‍ ചെന്നു അക്കാദമിയുടെ കസേരയില്‍ ഇരിക്കുന്നതില്‍ ശരികേടുണ്ട്. സാഹിത്യ അക്കാദമിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നു പറയുന്നവരുണ്ട്. പക്ഷേ ഭരണകൂടത്തിന്റെ ജിഹ്വയായാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കു മറച്ചുവയ്ക്കാന്‍ കഴിയും. അക്കാദമി പുരസ്‌കാരം തിരിച്ചുകൊടുത്തവര്‍ക്കെതിരെ അക്കാദമിയുടെ അകത്തുനിന്നു തന്നെയാണ് രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതെന്നു കാണണം. അങ്ങനെയുള്ള ഒന്നിന്റെ ഭാഗമായി ഞാന്‍ മാറിയാല്‍ പൊതുജനം എന്നെക്കുറിച്ച് എന്തു വിചാരിക്കും. ഞാനും ഈ നൃശംസതകളെ അനുകൂലിക്കുകയാണെന്നു വരില്ലേ.

ഭരണക്കാരെ, അവരിതാ നിങ്ങളുടടുത്തെത്തിയിരിക്കുന്നു; കണ്‍ തുറന്നു കാണുക

ഞാനാരോടും ആവശ്യപ്പെട്ടു കിട്ടിയതല്ല ഈ അംഗത്വം. അതുകൊണ്ടു തന്നെ അതു നിരസിക്കുന്നതിന് എനിക്കാരോടും ചോദിക്കേണ്ടതുമില്ല.

അക്കാദമിയുടെ അകത്തു നിന്നുകൊണ്ട് അതിലെ ശരികേടുകള്‍ക്കെതിരെ പൊരുതിക്കൂടെ എന്നു ചോദിക്കാം. അങ്ങനെ ചെയ്യുന്നവരുണ്ടാകാം, എനിക്കു പുറത്തുനിന്നും പൊരുതാനാണിഷ്ടം. നാളെ ബിജെപി സര്‍ക്കാര്‍ ഒരു മന്ത്രിസ്ഥാനം തരുന്നു, ഞാനത് സ്വീകരിച്ചിട്ട് ബിജെപിക്കെതിരെ പ്രവര്‍ത്തിക്കണമെന്നു പറയുന്നതില്‍ കാര്യമില്ലല്ലോ. എന്റെ ശരിയാണ് ഞാന്‍ ചെയ്തത്…

(അംബികാസുതന്‍ മാങ്ങാടുമായി സംസാരിച്ചു തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍