UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്രപരിണാമത്തിന്റെ കൂടിനുള്ളിലെ മനുഷ്യാവസ്ഥകള്‍

Avatar

ജെ. ബിന്ദുരാജ്

ഓരോരുത്തരുടേയും ജീവിതം ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ഒതുങ്ങിപ്പോകുന്ന കാലമാണിത്. ജാതി, മതം, വര്‍ഗം, രാഷ്ട്രീയം, ലിംഗം എന്നിവ ഓരോരുത്തരേയും ആദ്യം ചില വേലിക്കെട്ടുകള്‍ക്ക് അകത്തേക്ക് എത്തിക്കുകയും പതിയെ അവനില്‍ മനുഷ്യന്റേതല്ലാത്ത ഒരു അസ്തിത്വം നിര്‍മ്മിക്കുകയും ചെയ്യുന്നു. പതിയെ പതിയെ അവന്‍ അവന്റെ യഥാര്‍ത്ഥ ജീവത്വരകളില്‍ നിന്നും പ്രാഥമികമായ ആവശ്യങ്ങളില്‍ നിന്നും അകലുകയും വിഭ്രമാത്മകവും അര്‍ത്ഥശൂന്യവുമായ മറ്റൊരു ഐഡന്റിറ്റിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ആദ്യം അവന്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിക്കാന്‍ ആരംഭിക്കുന്നു. ഭക്ഷണം, ഉറക്കം, ഭോഗം എന്നിവയൊക്കെ അവന്റെ മുന്‍ഗണനകളില്‍ നിന്നും മാറുന്നു. പകരം പോര്, വൈരം, അസഹിഷ്ണുത, പണം, പ്രശസ്തി എന്നിവയൊക്ക അതിലേക്ക് കടന്നുവരുന്നു. പതിയെ പതിയെ അവന്‍ മനുഷ്യന്‍ എന്ന അസ്തിത്വത്തില്‍ നിന്നും വിടുതല്‍ നേടാന്‍ ആരംഭിക്കുന്നു. അവന്റെ ഐഡന്റിറ്റി ഏതെങ്കിലുമൊരു വേലിക്കെട്ടാണ് നിശ്ചയിക്കുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവന്‍ സ്വയം ഒരു അകപ്പെടലിലേക്ക് എത്തപ്പെടുകയാണ്. അതൊരു കൂടാണ്. ആ കൂട്ടിനകത്ത് അവന്‍ പെട്ടുപോകുമ്പോഴും അവന്റെ ധാരണ പുറത്തുള്ളവരാണ് കൂട്ടിനുള്ളില്‍ കഴിയുന്നതെന്നാണ്. അത് അന്യവല്‍ക്കരണത്തിന്റെ ഭീകരതയാണ്. സ്വയമറിയാതെ കൂട്ടിലേക്ക് അടയ്ക്കപ്പെടുന്ന ഭീതിദമായ അവസ്ഥ. ഈ വേലിക്കെട്ടുകള്‍ക്ക് പുറത്തുനിന്നും ലോകത്തെ നോക്കിക്കാണുന്നവര്‍ക്ക് കൂടിനകത്ത് അകപ്പെട്ടിരിക്കുന്ന മനുഷ്യരെപ്പറ്റി പല ആശങ്കകളും ഉണ്ടാകും. അങ്ങനെ അകപ്പെട്ടു പോകുന്നവരെപ്പറ്റിയോര്‍ത്ത് അവരുടെ മനസ്സ് വേദനിക്കാന്‍ തുടങ്ങും. അത് മനുഷ്യത്വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു അവസ്ഥയായാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യന്‍ നിര്‍വചിക്കപ്പെടുന്ന കാലത്തോളം മാത്രമേ പക്ഷേ ആ അസ്തിത്വത്തിന് നിലനില്‍പ്പുണ്ടാകുകയുള്ളുവെന്ന് മാത്രം.

എറണാകുളം ദര്‍ബാര്‍ ഹാളില്‍ ജനുവരി ഒമ്പതിന് ആരംഭിച്ച അമീന്‍ ഖലീല്‍ എന്ന കലാകാരന്റെ ചിത്രപ്രദര്‍ശനം അത്തരം ദാര്‍ശനികമായ സമസ്യകളുടെ രാഷ്ട്രീയമാണ് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിന് ചില മോട്ടിഫുകളെ അതിവിദഗ്ധമായി സംയോജിപ്പിക്കുന്നിടത്താണ് കലാകാരന്‍ തന്റെ ഉദ്യമത്തില്‍ വിജയം കാണുന്നത്. പ്രദര്‍ശനവേദിയിലേക്ക് കയറുമ്പോള്‍ ഒരാളെ എതിരേല്‍ക്കുന്നത് കൂട്ടിലയ്ക്കപ്പെട്ട മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ചിത്രങ്ങളാണ്. മനുഷ്യന്‍ കൂട്ടിനകത്തും മൃഗങ്ങളും പക്ഷികളും കൂട്ടിനു പുറത്തുമെന്ന് തോന്നിപ്പിക്കുന്നു അത്. ആരാണ് അകത്ത് എന്ന് പക്ഷേ ആര്‍ക്കും വ്യക്തമായി പറയാനാവില്ല. പാരിസ്ഥിതികമായ ഒരു അസന്ദിഗ്ധതയുടെ കൂടെ പ്രതിഫലനമാകുകയാണ് അത്. ഇനിയും മുന്നോട്ടു നടക്കുക. വിവിധതരത്തിലും രൂപത്തിലും നിറത്തിലുമുള്ള വൃത്തിയാക്കപ്പെട്ട പാത്രങ്ങളാണ് ആ കാന്‍വാസുകളിലുള്ളത്. ഭക്ഷണത്തിന്റെ രാഷ്ട്രീയം സാര്‍വദേശീയമായ പ്രതിസന്ധിയായി വളരുന്ന കാലത്തിലേക്കുള്ള മുന്‍കാഴ്ചയാണത്. യുദ്ധം, പോരാട്ടങ്ങള്‍, ജാതീയവും വര്‍ഗീയവുമായ വേര്‍തിരിവുകള്‍ എല്ലാം നിറഞ്ഞ ലോകത്ത് അവഗണിക്കപ്പെടുന്നത് പാവപ്പെട്ടവന്റെ ആഹാരത്തിനുള്ള അവകാശമാണെന്ന് ഈ വൃത്തിയാക്കപ്പെട്ട പാത്രങ്ങള്‍ തെളിയിക്കുന്നു. അടിസ്ഥാനപരമായ ആവശ്യത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് കാലിപ്ലേറ്റുകളുടെ കവലപ്രസംഗങ്ങളില്‍ അഭിരമിക്കുന്നവരായി നമ്മുടെ ജനത പരിണമിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണത്. മണ്ണില്‍ കുഴികുത്തി ഇലയിട്ട് ഭക്ഷണം കഴിച്ചിരുന്ന കാലം തൊട്ടേ വര്‍ഗീയവും ജാതീയവുമായുള്ള ആ തിരിവുകളിലേക്ക് നമ്മള്‍ കടന്നു തുടങ്ങിയിരുന്നു.

അമീന്റെ ഒരു കാന്‍വാസ് മുഴുവന്‍ നിറയുന്നത് മണ്ണാണ് ആ മണ്ണിനു നടുവില്‍ പ്രതിഷ്ഠിക്കപ്പെട്ട നിലയാണ് ഇല. പലതരം അര്‍ത്ഥങ്ങള്‍ കാഴ്ചക്കാരന്റെ വീക്ഷണങ്ങള്‍ക്കനുസരിച്ച് വായിച്ചെടുക്കാവുന്ന വിധമാണത് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആ മണ്ണ് ഭൂമിയായി വേണമെങ്കില്‍ സങ്കല്‍പിക്കാം. പ്രതിഷ്ഠപോലെ അതിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഇലയാകട്ടെ അവസാനത്തെ പച്ചപ്പും. പ്രകൃതിയും പ്രകൃതിവിഭവങ്ങളുടേയും ചൂഷണം അതിന്റെ എല്ലാ തലങ്ങളേയും ഭേദിച്ച് മുന്നേറുന്ന കാലത്ത് പ്രകൃതി ചൂഷണത്തിന്റെ, കൊല ചെയ്യപ്പെടുന്ന പ്രകൃതി സമ്പത്തിന്റെ, നശിപ്പിക്കപ്പെടുന്ന ജലസ്രോതസ്സുകളുടെ എല്ലാം പ്രതീകമായി അത് മാറുന്നു. പാളയിലയും വാഴയിലയും പാത്രങ്ങളുമൊക്ക ഇവിടെ ശൂന്യമാണ് മനുഷ്യന്റെ മനസ്സുപോലെ! വര്‍ധിതമായ ചൂഷണം എല്ലാറ്റിനേയും തുടച്ചെടുത്തിരിക്കുന്നു. അവസാനത്തെ തുള്ളിയും ബാഷ്പീകരിക്കപ്പെടുംവരെ മനുഷ്യന്‍ അവന്റെ നാശോന്മുഖമായ കലാപത്തില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നു. അവന്റെ മനസ്സിലെ നന്മയുടെ അവസാന കണവും ചോര്‍ന്നു പോകുന്നിടത്ത് അവന്‍ അവനല്ലാതായി തീരുന്നു. കൂട്ടിലയ്ക്കപ്പെട്ട അസ്തിത്വമില്ലാത്ത കേവലമൊരു മാംസപിണ്ഡമായി അവന്‍ മാറുന്നു.


മുന്നോട്ടു നീങ്ങിയാല്‍ വീണ്ടും കാണാം ആക്ഷേപഹാസ്യാത്മകമായി നിലകൊള്ളുന്ന ഒരു കുടവയറന്‍. അടിമുടി ദേശസ്‌നേഹിയായ ഒരാളാണ് അയാള്‍. അവന്റെ അണ്ടര്‍വെയറില്‍ പോലും രാഷ്ട്രങ്ങളുടെ പതാകകളാണ് ദേശഭക്തിയാണ് അവനെ ഗ്രസിച്ചിരിക്കുന്നത്. പക്ഷേ അവന്‍ സ്വയം കാഴ്ചകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. അവന്റെ ചെവിട്ടില്‍ ഒരു ആന്റിന ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ദൂരെ നിന്നും ആരൊക്കെയോ പറയുന്നതാണ് അവന് വേദവാക്യം. അടുത്തുള്ള കാഴ്ചകളോ ശബ്ദങ്ങളോ അവന് അനുഭവവേദ്യമാകുന്നില്ലെന്ന് ചുരുക്കം. ഇതിന്റെ മാനങ്ങള്‍ ദേശവിരുദ്ധതയായിപ്പോലും അസഹിഷ്ണുതയുടെ പുതിയകാലത്ത് വ്യാഖ്യാനിക്കപ്പെട്ടേക്കാം പക്ഷേ വര്‍ഗത്തിനും ദേശത്തിനും ജാതീയതയ്ക്കുമപ്പുറം മനുഷ്യനെ തേടുന്ന ചിത്രകാരനെ ആര്‍ക്കാണ് പുതിയകാലത്ത് നിശ്ശബ്ദനാക്കാന്‍ കഴിയുക. മറ്റൊരു ചിത്രം അതിന്റെ കൂട്ടിച്ചേര്‍ക്കലാണ് ഒരു മുറിക്കുള്ളില്‍ നിന്നും പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന ഒരു ബാലന്റെ ഇമേജാണത്. ഏകാന്തമായ ആ അനുഭവത്തില്‍ അവന്‍ മറ്റുള്ളവരില്‍ നിന്നെല്ലാം ഒറ്റപ്പെട്ടിരിക്കുകയാണ്. ശരിയായ രീതിയില്‍ സംവദിക്കാനാകാതെ ഒരു കൂട്ടിലേക്ക് അകപ്പെട്ടിരിക്കുന്ന പുതിയ തലമുറയുടെ പ്രതീകമാകാം ആ ബാലന്‍. അവന് പുതിയകാല സംവേദന ഉപാധികളും മാധ്യമങ്ങളുമില്ലേ എന്നത് ന്യായമായ ഒരു സംശയമാണ്. പക്ഷേ അടക്കിവച്ചിട്ടുള്ള അവന്റെ അകത്ത് രൂപംകൊള്ളുന്ന അഗ്‌നിപര്‍വതത്തെ ആരും അത്ര എളുപ്പം തിരിച്ചറിയണമെന്നില്ലല്ലോ. സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ കാന്‍വാസിലാണ് അവന്റെ നിലനില്‍പ് എഴുതപ്പെട്ടിട്ടുള്ളത്.

ഒരു മത്സ്യം ഭക്ഷിച്ചശേഷം ചിന്തയിലാണ്ടിരിക്കുന്ന ഒരാളുടെ ചിത്രം ഫോസില്‍ എന്ന പേരില്‍ പിക്കാസ്സോ വരച്ചിട്ടുണ്ട്. അമീന്റെ അടുത്ത ചിത്രം പിക്കാസ്സോയുടെ ആ ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. പല പ്ലേറ്റുകളിലും പലതാണ് അവിടെയുള്ളത്. ഒരു പ്ലേറ്റില്‍ മീന്‍ മുള്ളാണെങ്കില്‍ മറ്റൊന്നില്‍ കോഴിയുടെ പൊരിച്ച കാലിന്റെ എല്ല്. എല്ലാ സൗന്ദര്യാരാധനയും ആരംഭിക്കുന്നത് നിറഞ്ഞ വയറില്‍ നിന്നാണെന്ന ചിന്തയെ നിരാകരിക്കാനുള്ള ഇമേജുകളാണ് അവിടെ ആ പ്ലേറ്റുകളില്‍ നിറച്ചുവച്ചിരിക്കുന്നതെന്ന് ചിത്രകാരന്‍ പറയുന്നു. എല്ലാറ്റിലേയും പട്ടിണി സര്‍ഗാത്മകതയിലേക്ക് ഒരുവനെ കൊണ്ടെത്തിക്കുന്നുവെന്ന വാദം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ചോളമണ്ഡല കാല ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യത്തിന്റെ വ്യഥ ഒരുപക്ഷേ അമീന്റെ ആ വരകളെ സ്വാധീനിച്ചിട്ടുണ്ടാകും. അടുത്തത് ഒരു കയറ്റമാണ് എങ്ങുമെത്താത്ത ഒരു കയറ്റം. പൂര്‍ണമായും കരിക്കട്ടയാക്കപ്പെട്ട ഒരു ഏണിയിലൂടെ എങ്ങുമെത്താത്ത ഒരു യാത്ര വീഡിയോവിലും യാഥാര്‍ത്ഥ്യത്തിലുള്ള കരിക്കട്ട ഏണിയിലുമായി ഒരുക്കിയിരിക്കുകയാണ് അവിടെ…


ആലപ്പുഴ സ്വദേശിയായ അമീന്‍ ഖലീല്‍ എന്ന ചിത്രകാരന്‍ തന്റെ കലായാത്ര ആരംഭിച്ചിട്ട് ഇപ്പോള്‍ പതിനേഴ് വര്‍ഷങ്ങള്‍ക്കുമേലെയായിരിക്കുന്നു. ദുബായിലെ തൊഴില്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയചിത്രകാരനാകാന്‍ തീരുമാനിച്ച് ചെന്നൈയിലെ ആര്‍ട്ടിസ്റ്റ് വില്ലേജായ ചോളമണ്ഡലത്തെത്തിയ കാലത്ത് അമീന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആ കലാകാരന് വളരാനുള്ള വഴികള്‍ തുറന്നിട്ടത് ഇന്ത്യാ ടുേഡ മലയാളത്തില്‍ പ്രസീദ്ധീകരിച്ചിരുന്ന ചെറുകഥകളായിരുന്നു. ആ കഥകളുടെ ചിത്രീകരണം അമീനില്‍ പുതിയ വീക്ഷണകോണുകളുടെ ലോകങ്ങള്‍ സൃഷ്ടിച്ചു കടിഞ്ഞാണില്ലാത്ത ഭാവനകളാണല്ലോ എപ്പോഴും പുതിയ ലോകങ്ങള്‍ സൃഷ്ടിക്കുക. ചെന്നൈയില്‍ നടത്തിയ ചിത്രപ്രദര്‍ശനങ്ങള്‍ പലതും അമീന്റെ ഭാവമണ്ഡലം വികസിച്ചുവരുന്നതിന്റെ സാക്ഷ്യങ്ങളായി മാറി. ഫ്രഞ്ച് ഇന്‍സ്റ്റലേഷന്‍ കലാകാരനായ ആന്ദ്രേ നബാവേയുമായുള്ള സൗഹൃദം ഫ്രാന്‍സിലേക്ക് ആദ്യ വിദേശപ്രദര്‍ശനമെത്തുന്നതില്‍ സഹായിച്ചു. മറ്റൊരു തൊഴിലും സ്വീകരിക്കാതെ പൂര്‍ണമായും ചിത്രരചനയിലേക്ക് തിരിഞ്ഞുകൊണ്ട്, അതില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിതം മുന്നോട്ടു നയിക്കാനാകുമെന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ അമീന്‍ തെളിയിച്ചു. നോര്‍വേയിലും ഫിന്‍ലാന്‍ഡിലുമൊക്കെ നടത്തിയ പ്രദര്‍ശനങ്ങള്‍ പെയിന്റിങ്ങുകള്‍ക്ക് വിപണിയില്‍ വിലയുറപ്പിക്കപ്പെട്ടു. ഇന്ന് അമീന്റെ ഏറ്റവുമധികം ചിത്രങ്ങള്‍ വിറ്റുപോകുന്നത് ഈ രാജ്യങ്ങളിലാണ്. ഒരു വിദേശപങ്കാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആ യാത്ര കൂടുതല്‍ എളുപ്പത്തിലുള്ളതാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

ആലപ്പുഴക്കാരിയായ ഷീബയാണ് അമീന്റെ ജീവിതപങ്കാളി. ഏക മകന്‍ ആഹില്‍. അമീന്റെ സഹോദരനായ ഹിലാല്‍ ജൈവകൃഷി രംഗത്ത് കേരളത്തില്‍ ഇതിനകം തന്നെ പേരെടുത്ത വ്യക്തിയാണ്. ജൈവകൃഷിരീതികളിലൂടെ ഉല്‍പാദിപ്പിക്കുന്ന അരി വില്‍ക്കപ്പെടുന്ന അരിമേളകളാണ് ഹിലാലിനെ പ്രശസ്തനാക്കിയിരിക്കുന്നത്.

കേരള ലളിതകലാ അക്കാദമി ഈ വര്‍ഷം നടത്തുന്ന 30 യുവചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനത്തില്‍ ആദ്യത്തേതാണ് അമീന്റെ തീവ്രപരിണാമത്തിന്റെ കൂട് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍