UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി- ഒബാമ കൂടിക്കാഴ്ച: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫോട്ടോഷൂട്ടുകള്‍ മാത്രം പോര

Avatar

ധീരജ് നയ്യാര്‍
(ബ്ലൂംബര്‍ഗ്)

പദവിയിലിരിക്കെ രണ്ടു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിക്കുകയും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഏക യു.എസ് പ്രസിഡന്റായി അടുത്ത വാരം ബരാക്ക് ഒബാമ മാറും. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളായിട്ടുപോലും ഇത്തരത്തിലുള്ള രാഷ്ട്രീയ സൗഹൃദം സൃഷിടിച്ചെടുക്കാന്‍ ശീതയുദ്ധത്തിനു ശേഷവും രണ്ടു പതിറ്റാണ്ടുകള്‍ വേണ്ടി വന്നുവന്നത് രാഷ്ട്രീയ വിശ്വാസം നേടിയെടുക്കുന്നതിലുള്ള പ്രയത്‌നങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്. 

രണ്ടു രാജ്യങ്ങളും പുതിയ പങ്കാളിത്തതിന്റെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവരാണെങ്കിലും സാമ്പത്തിക പങ്കാളിത്ത ദൃഡത കൈവരിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നതാണ് വസ്തുത. 2012 ല്‍ അമേരിക്കന്‍ വാണിജ്യ പ്രതിനിധിയുടെ കാര്യാലയം പുറത്തുവിട്ട കണക്കു പ്രകാരം രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള സാധന-സേവന ക്രയവിക്രയത്തിനു 93 ബില്ല്യന്‍ ഡോളറിന്റെ മൂല്യം മാത്രമേയുള്ളൂ, അതേ സമയം ചൈനയുമായുള്ള അമേരിക്കയുടെ ക്രയവിക്രയം അതേ വര്‍ഷം 579 ബില്ല്യന്‍ ഡോളറായിരുന്നു. ആ വര്‍ഷത്തെ വിദേശ മൂലധനത്തിന്റെ കാര്യമെടുത്തു നോക്കിയാലും ഇതു തന്നെയാണ് സ്ഥിതി , ഇന്ത്യയിലേക്ക് 28 ബില്ല്യന്‍ യു.എസ് ഡോളര്‍ ഒഴുകിയപ്പോള്‍ ചൈനയിലെത്തിയത് 50 ബില്ല്യനാണ്. 

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയേക്കാള്‍ വലുതായ ചൈനയുടെ സാമ്പത്തിക വ്യവസ്ഥ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അതിവേഗത്തിലാണ് വളര്‍ന്നുകൊണ്ടിക്കുന്നത്. ഇന്ത്യയിലെ ജി.ഡി.പി വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും വര്‍ദ്ധിക്കുന്ന യു.എസ് വ്യാപാരത്തിലും നിക്ഷേപങ്ങളിലേക്കുമാണ് നയിക്കുക. ഇന്ത്യന്‍-യു.എസ് രാഷ്ട്രപതികളുടെ ഫോട്ടോഷൂട്ടുകള്‍ക്ക് പരിഹരിക്കാനാവാത്ത അടിസ്ഥാന മുന്‍ഗണന പ്രശ്‌നങ്ങള്‍ ഈ രാജ്യങ്ങള്‍ തമ്മിലുണ്ട്. 

ഇന്‍ഷ്വറന്‍സ്, ചില്ലറക്കച്ചവടം എന്നിങ്ങനെയുള്ള 1.3 ട്രില്ല്യന്റെ സേവന മേഖലയിലാണ് അമേരിക്കന്‍ നിക്ഷേപകരുടെ കണ്ണ്. ഈ രംഗങ്ങളിലുള്ള ഇന്ത്യന്‍ നയങ്ങള്‍ സംരക്ഷണപരവും മാറ്റം സാധ്യമല്ലാത്തതുമാണ്. പരിഷ്‌കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ചില്ലറക്കച്ചവടത്തിലുള്ള എഫ്.ഡി.ഐ വേണ്ടെന്നു വെക്കുകയും കാര്യമായ നിയന്ത്രണം നല്‍കാതെ ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള വിദേശ നിക്ഷേപം 49 ശതമാനത്തില്‍ ഒതുക്കുകയും ചെയ്തു. മോദിയുടെ മനസ്സുമാറ്റാന്‍ ഒബാമക്ക് യാതൊരു നിര്‍വാഹമില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ബി.ജെ.പി യുടെ നട്ടെല്ലായ ചില്ലക്കച്ചവടക്കാരെ പിണക്കാന്‍ മോദി ഒരിക്കലും തയ്യാറാവില്ലെന്നു മാത്രമല്ല ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം സാമ്പത്തിക മേഖലയിലെ ഉദാരവല്‍ക്കരണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ സംശയം വര്‍ദ്ധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. 

ഒബാമയുടെ സന്ദര്‍ശനത്തില്‍ ചൈനയുടെ കടന്നുകയറ്റ മോഹത്തിലുള്ള രാജ്യത്തിന്റെ ഉത്കണ്ഠ ഓര്‍മ്മിപ്പിക്കാനും അതിനുള്ള പ്രതിരോധ മാര്‍ഗങ്ങളിലുള്ള ഉടമ്പടിയിലെത്താനും മോദി ശ്രമിക്കുമെങ്കിലും ഈ മേഖലയിലും വലിയ വിദേശ നിക്ഷേപത്തിനുള്ള സാധ്യതയില്ലാത്തത് സഹകരണത്തിന്റെ വ്യാപ്തിക്ക് തടസ്സമായി നില്‍ക്കും. മറ്റൊരു വലിയ വൈതരണിയായി നിലകൊള്ളുന്നത് ഇന്ത്യയിലെ ദുര്‍ബലമായ പേറ്റന്റ് നിയമങ്ങളാണ്. വലിയ നിക്ഷേപം നടത്തി വികസിപ്പിച്ചെടുക്കുന്ന സേവനോത്പന്നങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുക. ഉദാഹരണമായി, മരുന്ന് നിര്‍മ്മാണ രംഗത്ത് യാതൊരു വിധത്തിലും ഉറപ്പുകളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കഴിഞ്ഞാഴ്ച്ച Gilead വികസിപ്പിച്ചെടുത്ത വിലകൂടിയ ഹെപ്പറ്റെറ്റിസ് സി എന്ന മരുന്നിന് പേറ്റന്റ് നല്‍കാന്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് വിസമ്മതിക്കുകയും അതു മൂലം പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് ചെറിയ വിലയ്ക്ക് മരുന്നു ലഭ്യമാക്കുന്നതിനു വേണ്ടി തന്റെ ഭരണകൂടം കൈക്കൊണ്ട നിലപാടിനെ ചോദ്യം ചെയ്യാന്‍ മോദി ശ്രമിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്. 

ഒബാമയും ഈ സൗഹൃദത്തിന്റെ പേരില്‍ രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരും. താത്ക്കാലിക ഇന്ത്യന്‍ ജോലിക്കാര്‍ക്ക് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കൂടുതല്‍ വിസ നല്‍കാനുള്ള സാധ്യത കാണുന്നില്ല. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്കന്‍ വിപണി തുറന്നു കൊടുക്കാനുള്ള ഒബാമയുടെ തീരുമാനത്തെ അമേരിക്കന്‍ കര്‍ഷക ലോബി എതിര്‍ത്തേക്കും. 

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം ആവശ്യമുള്ള മേഖലകള്‍ ഏറ്റവും രാഷ്ട്രീയമായ പ്രതിബന്ധങ്ങളുള്ള മേഖലകള്‍ കൂടിയാണ്. ഒബാമയുടെ സന്ദര്‍ശന സമയത്തും അതിനു ശേഷവുമുള്ള ഗഹനമായ സംഭാഷണങ്ങളും കൂടിയാലോചനകളുമാണ് ഒരേയൊരു പോംവഴി. സന്ദര്‍ശനത്തിന്റെ പ്രതീകാത്മകത സാമ്പത്തിക വ്യവസ്ഥയിലും കാണണമെന്നു വാശിപിടിച്ചാല്‍ നിരാശയായിരിക്കും ഫലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍