UPDATES

സയന്‍സ്/ടെക്നോളജി

നിഗൂഢതയായി അമേരിക്കന്‍ അഗാവേ

Avatar

എബി ഫിലിപ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കന്‍ അഗാവേ ചെടികളുടെ ജീവചക്രം വിചിത്രമാണ്: ജീവിക്കുക, മരിക്കുക, വീണ്ടും അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. പൂവ് വിടര്‍ന്നു കഴിഞ്ഞാല്‍ ചെടി ഉടന്‍ മരിക്കുകയും വിത്തുകളുടെ രൂപത്തില്‍ ക്ലോണുകള്‍ അവശേഷിപ്പിക്കുകയുമാണ് ചെയ്യാറ്.

അമേരിക്കന്‍ അഗാവേയുടെ കഥയിലേയ്ക്ക് നിഗൂഡതയുടെ ഒരു തലം കൂടി ചേര്‍ത്തുവയ്ക്കുകയാണ് മിഷിഗന്‍ മത്തായെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഒരു ചെടി. ഈ അഗാവേ ചെടി ഇരുപത്തിയെട്ട് അടി ഉയരത്തില്‍ വളരുകയും അതിന്റെ ആയുസായ ഇരുപത്തഞ്ചുവര്‍ഷത്തെ കാറ്റില്‍പ്പറത്തി എണ്‍പതുവര്‍ഷം കാത്തിരുന്നശേഷം പൂവിടുകയും ചെയ്തു. ഇപ്പോള്‍ ഒടുവില്‍ അത് മരിക്കുകയാണ്.

അതിവേഗം നശിക്കുകയാണ് ഇപ്പോള്‍ ചെടി. അതിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് ഹോര്‍ട്ടികള്‍ച്ചര്‍ മാനേജരായ മൈക്ക് പാമര്‍ പറയുന്നു. അടുത്തമാസം ചെടി വെട്ടിക്കളയാനാണ് പദ്ധതിയെന്നും പാമര്‍ പറയുന്നു. എന്നാല്‍ വിടര്‍ന്നപ്പോള്‍ ചെടിയൊരു കാഴ്ച തന്നെയായിരുന്നു.

അമേരിക്കന്‍ അഗാവേ അസ്പരാഗാസ് കുടുംബത്തില്‍ പെട്ട ഒരു ചെടിയാണ്. 1934ല്‍ മെക്‌സിക്കോയില്‍ നിന്ന് ഈ ചെടി മത്തായെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തിയപ്പോള്‍ മുതല്‍ വളരെ പതിയെയായിരുന്നു വളര്‍ച്ച. കഴിഞ്ഞ വര്‍ഷം വരെ അസ്വാഭാവികമായ ഒന്നും സംഭവിച്ചതുമില്ല. കഴിഞ്ഞവര്‍ഷമാണ് ചെടിയുടെ ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പ് ഒടുവില്‍ പൂവണിയാന്‍ പോവുകയാണെന്ന് മനസിലായത്.

കഴിഞ്ഞ മേയ് മാസത്തില്‍ ചെടിയുടെ വളര്‍ച്ച വളരെ വലിയ അളവിലായിരുന്നു. ഏകദേശം ആറ് ഇഞ്ചോളം ദിവസേന വളര്‍ന്നിരുന്നു. ചെടിയുടെ വളര്‍ച്ച കാരണം മേല്‍ക്കൂരയില്‍ നിന്ന് ഗ്ലാസ് എടുത്തുമാറ്റിയാണ് ചെടിക്ക് പൂവിടാന്‍ അധികൃതര്‍ സ്ഥമൊരുക്കിയത്.

സാധാരണഗതിയില്‍ പതിനഞ്ചുമുതല്‍ ഇരുപത്തഞ്ചുവര്‍ഷത്തിനിടെയാണ് അഗാവേ ചെടികള്‍ പൂവിടുക. എന്നാല്‍ എന്തുകൊണ്ടാണ് പ്രത്യേകകാലം കഴിയുമ്പോള്‍ ഓരോ ചെടിയും പൂവിടുന്നത് എന്നത് ഇന്നും ആര്‍ക്കും അറിയാത്ത രഹസ്യമാണ്.

‘എന്തുസാഹചര്യത്തിലാണ് ചെടി പൂക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. വീടിനുള്ളില്‍ ഒരു ചെടി പൂക്കുന്നതും അപൂര്‍വമാണ്.’ പാമര്‍ പറയുന്നു.

നശിച്ചുപോകുന്ന അഗാവേ ചെടി അതിന്റെ അനന്തരാവകാശിയിലൂടെ പുനര്‍ജനിക്കും എന്നതാണ് സദ്‌വാര്‍ത്ത. എന്നാല്‍ ഈ അഗാവേ ചെടി ഒറിജിനലിന്റെ ക്ലോണ്‍ ആകുന്ന രീതിയില്‍ വിത്തുകള്‍ ഉണ്ടാക്കിയിരുന്നില്ല എന്നതാണ് ഈ സാഹചര്യത്തിലെ ട്വിസ്റ്റ്.

ചില വിത്തുകള്‍ എടുത്ത് ഒരു പുതിയ അഗാവേയെ ഇതിന്റെ സ്ഥാനത്ത് തന്നെ സ്ഥാപിക്കുമെങ്കിലും പുതിയത് പഴയത് പോലെ തന്നെയാകില്ല എന്ന് കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ചെടിയെ സംരക്ഷിച്ചിരുന്ന പാമര്‍ പറയുന്നു.

തെക്കുപടിഞ്ഞാറന്‍ അമേരിക്കയിലും മെക്‌സിക്കോയിലും കണ്ടുവരുന്ന ഒരിനം ചെടിയായ അമേരിക്കന്‍ അഗാവേ വളരെ പരുക്കന്‍ പ്രദേശങ്ങളില്‍ തീരെ വെള്ളം ഉപയോഗിക്കാതെ നിലനില്‍ക്കുന്ന ചെടിയാണ്. ഏതെങ്കിലും കുറച്ചുചെടികള്‍ എങ്കിലും നിലനില്‍ക്കട്ടെ എന്ന കരുതലില്‍ നിന്നാവണം നൂറുകണക്കിനോ ആയിരക്കണക്കിനോ ഒക്കെ വിത്തുകള്‍ അഗാവേ ചെടികള്‍ ഉല്‍പ്പാദിപ്പിക്കാറുണ്ട്.

ഈ അഗാവേയുടെ വിത്തുകളും കുഴിച്ചുവയ്ക്കുന്നുണ്ട്, പക്ഷെ അവയൊക്കെ വിരിഞ്ഞുവരണമെങ്കില്‍ നിങ്ങളുടെ കൊച്ചുമക്കളുടെയോ അവരുടെ മക്കളുടെയോ കാലമാകണം.

ഈ ചെടിയില്‍ നിന്ന് മദ്യമുണ്ടാക്കാം എന്നതാണ് മറ്റൊരു സദ്‌വാര്‍ത്ത. എന്നാല്‍ ഇതില്‍ നിന്ന് ഉണ്ടാക്കുന്നത് ടെക്കീലയല്ല. ടെക്കീല ഉണ്ടാക്കുന്നത് പ്രത്യേകതരം ടെക്കീല അഗാവേകളില്‍ നിന്നാണ്.

മെക്‌സിക്കോയില്‍ ടെക്കീല ഉല്‍പ്പാദിപ്പിക്കുന്ന ഇടങ്ങളില്‍ അമേരിക്കന്‍ അഗാവേയില്‍ നിന്ന് മെസ്‌കാല്‍ എന്ന മദ്യവും ഉണ്ടാക്കാറുണ്ട്. പൂവിടുന്നതിനു മുന്‍പുള്ള അഗാവേ കൂമ്പില്‍ നിന്നും അഗ്വാമിയേല്‍ എന്ന മധുരദ്രാവകം ലഭിക്കും. അതിനെ പുളിപ്പിച്ച് പുള്‍ക്ക് എന്നൊരു മദ്യം ഉണ്ടാക്കാറുണ്ട്. ഇലകളില്‍ നിന്നെടുക്കുന്ന നാരുകൊണ്ടു കയറും നിര്‍മ്മിക്കാറുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍