UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബോള: ഞാനൊരു ഡോക്ടറാണ്, രോഗികളെ ചികിത്സിക്കുന്ന ഒരാള്‍

Avatar

ഏഞ്ചല എല്‍. ഹെവ്‌ലെറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞങ്ങളുടെ രോഗി എത്തും മുമ്പ് ആ രാത്രിയില്‍ എന്റെ ഹൃദയമിടിപ്പ് ഏറിക്കൊണ്ടിരുന്നു. ലൈബീരിയയില്‍ നിന്നും റിച്ചാഡ് സാക്രയെ കൊണ്ടുവരികയാണ്. ആ രാജ്യത്തുനിന്നും എബോള രോഗം ബാധിച്ചതിനാല്‍ ഒഴിപ്പിക്കുന്ന മൂന്നാമത്തെ അമേരിക്കക്കാരന്‍. ആദ്യത്തെ രണ്ടുപേരെയും എമോറി സര്‍വ്വകലാശാലയില്‍ വിജയകരമായി ചികിത്സിച്ചു. പശ്ചിമാഫ്രിക്കയില്‍ കെടുത്തി വിതക്കുന്ന, യു. എസിനെ ഭീതിയിലാഴ്ത്തിയ വൈറസിനെ നേരിടാന്‍ ഇപ്പോള്‍ ഞങ്ങളുടെ ഊഴമാണ്.

ഞാന്‍ അസിസ്റ്റന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്യുന്ന നെബ്രാസ്‌ക ബയോകന്റൈന്‍മെന്റ് വിഭാഗത്തിലെ ഞങ്ങളുടെ സംഘം, വര്‍ഷങ്ങളായി, ഇത്തരം കടുത്ത പകര്‍ച്ചാ സാധ്യതയുള്ള രോഗികളെ ചികിത്സിക്കുമ്പോഴും ഏത് രോഗത്തിന് എന്തു പ്രതിരോധവസ്ത്രമാണ് വേണ്ടതെന്നതിനും, സുരക്ഷിതമായ ചികിത്സയ്ക്കും ഒക്കെയുള്ള പരിശീലനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പക്ഷേ 2005ല്‍ എന്‍ ബി യു തുടങ്ങിയത് മുതല്‍ ഇതാദ്യമായാണ് ഞങ്ങളാ പരിശീലനങ്ങളൊക്കെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച, ആഗോള സംവാദത്തിന്റെ കേന്ദ്രബിന്ദുവായ ഒരു രോഗമുള്ള ഒരു രോഗിയെ ചികിത്സിക്കുന്ന ഉത്തരവാദിത്തത്തിന്റെ കനത്ത സമ്മര്‍ദ്ദത്തിനെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുക്കുക അസാധ്യമാണ്.

പകര്‍ച്ചവ്യാധികളുള്ള, പ്രത്യേകിച്ചും എബോള പോലെ മാരകമായ രോഗമുള്ളവരെ ചികിത്സിക്കുന്നതിലുള്ള വെല്ലുവിളികള്‍ എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ഇത്തരം രോഗികളുമായി, അവരുടെ അവസ്ഥ മനസിലാക്കാന്‍ തൊട്ടുനോക്കാനാവില്ല. സ്വകാര്യജീവിതത്തെക്കുറിച്ച് കുശലം പറയാന്‍ അവര്‍ക്കടുത്ത് കസേര വലിച്ചിട്ട് ഇരിക്കാനുമാവില്ല. സാംക്രമികരോഗബാധക്കാര്‍ക്കുള്ള വേര്‍തിരിച്ച വിഭാഗത്തില്‍ റിക് എന്ന രോഗിക്ക് എന്നെക്കുറിച്ച് ആകെയറിയാവുന്നത് എന്റെ കണ്ണുകളുടെ നിറവും, പിന്നെ പ്രവേശിപ്പിച്ചപ്പോള്‍ അയാള്‍ക്ക് നല്‍കിയ എന്നെക്കുറിച്ചുള്ള ചെറുകുറിപ്പും. ഇതൊക്കെയാണെങ്കിലും ഒരു വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരനുഭവമാണിത്. ആഫ്രിക്കയിലെ ആദ്യ എബോള രോഗബാധയെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ മുന്‍ഗാമികളെക്കുറിച്ച് വായിച്ചതും ഞാന്‍ പകര്‍ച്ചവ്യാധി വിദഗ്ദ്ധയാകാന്‍ തീരുമാനിച്ചതിന് പിന്നിലുണ്ടായിരുന്നു. നെബ്രാസ്‌ക സര്‍വ്വകലാശാലയില്‍ എന്‍ ബി യു ഉണ്ട് എന്ന കാരണം കൊണ്ടുകൂടിയാണ് ഞാനെന്റെ ജന്‍മസംസ്ഥാനമായ ടെക്‌സാസ് വിട്ടു നെബ്രാസ്‌കയിലെത്തിയത്.

റികിന്റെ വരവിന് ഞാന്‍ മാനസികമായി തയ്യാറെടുത്തപ്പോഴും അടുത്ത കുറച്ചു ആഴ്ച്ചകള്‍ക്കുളില്‍ എന്റെ ജീവിതം എങ്ങനെയാണ് മാറിയേക്കാവുന്നത് എന്നും ഞാന്‍ ആലോചിച്ചു. എന്റെ ഭര്‍ത്താവിനെയും കുട്ടികളെയും എങ്ങനെയാകും ബാധിക്കുക? ഞങ്ങളുടെ ചുറ്റുമുള്ള മറ്റ് വീട്ടുകാര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക? അവരുടെ കൂടെ പഠിക്കുന്നവര്‍ മോശം പരാമാര്‍ശങ്ങള്‍ നടത്തുമോ? ഒമാഹയില്‍ എബോള കൊണ്ടുവന്നു എന്ന വിമര്‍ശം കേള്‍ക്കാതെ എനിക്കിനി പലചരക്ക് കടയില്‍ പോകാനാകുമോ? അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ഞാനെന്റെ കുട്ടികളോട് ഇതിനെക്കുറിച്ച് സംസാരിച്ചു. ആരെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞാല്‍ ‘എന്റെ അമ്മ രോഗബാധിതരെ ശുശ്രൂഷിക്കുന്ന ഒരു ഡോക്ടറാണെന്ന്’ അഭിമാനത്തോടെ പറയണമെന്ന് ഞാനവരോടു പറഞ്ഞു. അടുത്ത ദിവസത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ ഞാനവരെ ഒന്നുകൂടി ഉമ്മകൊടുത്ത് ആ രാത്രി ഉറക്കി.

ഒരു വലിയ കളിക്ക് മുമ്പുള്ള കളിക്കാരനെപ്പോലെ എന്റെ ശരീരത്തില്‍ ഊര്‍ജം നിറഞ്ഞു. പകര്‍ച്ച വ്യാധികളിലെ ചികിത്സയോ പ്രതിരോധമോ ഇല്ലാത്ത മഹാവ്യാധിയാണ് എബോള. ഇരുട്ട് പെരുപ്പിച്ച എന്റെ ആകാംക്ഷകള്‍ ആ രാത്രി ഉറക്കം അസാധ്യമാക്കി.

പിറ്റേന്ന് മഴയില്‍ നനഞ്ഞുണര്‍ന്ന രാവിലെ ഞാന്‍ ആശുപത്രിയിലെത്തി. 40 ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യവിദഗ്ധര്‍ എല്ലാം തയ്യാര്‍. അന്തരീക്ഷത്തില്‍ ആകാംക്ഷയും, ആവേശവും നിറഞ്ഞുനിന്നു. ഞാന്‍ കനത്ത സുരക്ഷാ വസ്ത്രങ്ങളിലായിരുന്നു. അടുത്ത 3 ആഴ്ച്ചക്കുള്ളില്‍ എന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും സംരക്ഷിക്കാവുന്ന ഓരോ അടരുകള്‍. ഒമാഹയ്ക്ക് പുറത്തു വ്യോമസേന താവളത്തില്‍ ഇറക്കിയ ഞങ്ങളുടെ രോഗി ആംബുലന്‍സില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ തയ്യാറായിരുന്നു. സാംക്രമികരോഗ വിദഗ്ദ്ധനും എന്‍ ബി യു ഡയറക്ടറുമായ ഡോക്ടര്‍ ഫിലിപ് സ്മിത്തായിരുന്നു അവിടെ എന്റെ പങ്കാളി. 2009ല്‍ എന്നെ നെബ്രാസ്‌കയില്‍ നിയമിച്ച, എന്റെ മാര്‍ഗദര്‍ശിയും സുഹൃത്തുമാണ് അദ്ദേഹം. രോഗിയുമായുള്ള അനാവശ്യസമ്പര്‍ക്കം ഒഴിവാക്കാനായി, ഞങ്ങളിലൊരാള്‍ മാത്രം പരിശോധനാ മുറിയിലേക്ക് പോയാല്‍ മതിയെന്ന്! അന്ന് രാവിലെ അവിടെ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു. മറ്റെയാള്‍ രോഗിയെ വീഡിയോ വഴി നിരീക്ഷിക്കും. താന്‍ രോഗിയെ പരിശോധിക്കാമെന്നും ഞാന്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നും ഫില്‍ എന്നോടു പറഞ്ഞു.

ആദ്യദിവസങ്ങള്‍ ഏറെ വിഷമം പിടിച്ചതായിരുന്നു. കൃത്യമായ ഉത്തരമില്ലാത്ത ഒരു സമസ്യ പൂരിപ്പിക്കാന്‍ ഞാന്‍ ദിവസം 14 മണിക്കൂറോളം പണിയെടുത്തു. ഞങ്ങള്‍ പല ചികിത്സകളും പരീക്ഷിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പ് എബോള വിമുക്തനായ കെന്റ് ബ്രാഡ്‌ലി എന്ന ഡോക്ടറില്‍ നിന്നുള്ള രക്തമാറ്റം ഉള്‍പ്പെടെ. റികിന്റെ രോഗാവസ്ഥയനുസരിച്ച് എന്റെ സമ്മര്‍ദ്ദം കൂടുകയും കുറയുകയും ചെയ്തു. അതിനിടെ മാധ്യമങ്ങളുടെ അഭ്യര്‍ഥനകള്‍ കുമിഞ്ഞുകൂടി. ജോലിക്കിടയിലെ ഒഴിവില്‍ മാധ്യമങ്ങളുടെ അഭിമുഖങ്ങള്‍ക്കായുള്ള നൂറുകണക്കിനു ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു. ഒരാഴ്ച്ച, റികിനോട് ഒരു മറയില്‍ക്കൂടിയാണ് ഞാന്‍ സംവദിച്ചത്. അയാളെ നേരില്‍ക്കാണേണ്ട സമയമായപ്പോള്‍ ഞാന്‍ ആകാംക്ഷയിലായി. പക്ഷേ, അയാളുടെ മുറിയില്‍ കടന്നപ്പോള്‍ ഞാന്‍ ധരിച്ച അധികസുരക്ഷാ കവചങ്ങളെക്കുറിച്ചെല്ലാം ഞാന്‍ മറന്നു. മുഴുവന്‍ ശ്രദ്ധയും അയാളിലായി. ‘എങ്ങനെയുണ്ടായിരുന്നു കഴിഞ്ഞ രാത്രി?’ പിന്നെ പരിശോധന. മറ്റേതൊരു രോഗിയോടുമെന്നപോലെ ആരോഗ്യപരിപാലനത്തിനുള്ള രീതികളെക്കുറിച്ചും സംസാരിച്ചു. ഞങ്ങളെ ആവശ്യമുള്ള ഈ രോഗിക്കായി ഞങ്ങള്‍ ചെയ്യുന്നത് ശരിയായ കാര്യമാണെന് എനിക്ക് ആ നിമിഷം ബോധ്യമായി. ഞാന്‍ ഭയന്നിരുന്നില്ല.

വന്നു ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റിക് പുരോഗതി പ്രകടിപ്പിക്കാന്‍ തുടങ്ങി. കൂടുതല്‍ ജാഗ്രത വന്നു, ഞങ്ങളുടെ ജീവനക്കാരോടു ഇടപഴകാന്‍ തുടങ്ങി, ബന്ധുക്കളോട് വീഡിയോ വഴി സംസാരിച്ചു, തമാശ പറഞ്ഞു. അയാള്‍ വ്യായാമത്തിനുള്ള ഒരു സൈക്കിള്‍ ചവിട്ടിയ അന്ന് രാത്രി നഴ്‌സുമാരുടെ മുറിയിലിരുന്ന് ഞാന്‍ സന്തോഷംകൊണ്ടു കരഞ്ഞുപോയി. രോഗി ആരോഗ്യത്തിലേക്ക് മടങ്ങിവരുന്നതിനെക്കാള്‍ ഒരു ആരോഗ്യപ്രവര്‍ത്തകന് നേട്ടമുള്ള മറ്റൊന്നുമില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ റികിന് വൈറസ് ബാധ കാണാതായി. സുരക്ഷാകവചങ്ങളില്ലാതെ അയാളുമായി ആദ്യം ഇടപഴകിയ നിമിഷം തീര്‍ത്തൂം വികാരനിര്‍ഭരമായിരുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ, കണ്ണാടി വാതിലിലൂടെ, പ്ലാസ്റ്റിക് സുരക്ഷാ അടരുകളിലൂടെ ഞങ്ങള്‍ ഒരു രോഗിയും ചികിത്സകരും എന്ന ബന്ധം വളര്‍ത്തിയെടുത്തിരുന്നു. ഒരു മാസം മുമ്പ് നമ്മുടെ രാജ്യത്തു ഒരിയ്ക്കലും ഇല്ലാതിരുന്ന എബോള എന്ന വിനാശകാരിയായ വൈറസിനെ ഞങ്ങള്‍ ഒരുമിച്ച് തോല്‍പ്പിച്ചു. ആശുപത്രിയില്‍ നിന്നും വിടുതി നല്‍കിയ ദിവസം കണ്ണീരും ആലിംഗനങ്ങളുമായി സമൃദ്ധം. അതിലുള്‍പ്പെട്ട എല്ലാവരും അസാധാരണമായ ധീരതയും, സമര്‍പ്പണവും, അനുതാപവും, അക്ഷീണപരിശ്രമവും പ്രകടിപ്പിച്ചു.

ഈ അനുഭവം എന്റെ ഓര്‍മ്മയില്‍ കൊത്തിവെച്ചിരിക്കുന്നു. വലിയൊരു വെല്ലുവിളി, പക്ഷേ ഏറെ നേട്ടവും. ഞാനിനി ഇതുപോലെ വീണ്ടും ചെയ്യുമോ? തീര്‍ച്ചയായും. സത്യത്തില്‍ ഞാനിതെഴുതുമ്പോള്‍ അടുത്ത എബോള രോഗിയെ നെബ്രാസ്‌കയിലേക്ക് എത്തിക്കുകയാണ്. കടമ്പകളുണ്ടാകും. പക്ഷേ രോഗികളെ ചികിത്സിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. അതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതും. എല്ലാത്തിനുമുപരി ഞാനെന്റെ കുട്ടികളോട് പറഞ്ഞപോലെ: ഞാനൊരു ഡോക്ടറാണ്, രോഗികളായ ആളുകളെ ചികിത്സിക്കുന്ന ഒരാള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍