UPDATES

സിനിമ

അമേരിക്കന്‍ സ്നൈപ്പര്‍: ഒരു കൂട്ടക്കൊലയാളിയെ വിശുദ്ധനാക്കുന്ന വിധം

Avatar

ടെറെന്‍സ് മക്കോയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കന്‍ സനൈപ്പര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും അതിനു രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുന്നു. താര നായകനായ ബ്രാഡ്ലി കൂപ്പര്‍ എല്ലാ അഭിമുഖങ്ങളിലും ഇത് എടുത്തുപറയുന്നുണ്ട്. സംവിധായകന്‍ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ സിനിമ ഒരു പട്ടാളക്കാരന്റെ ജീവിതം മാത്രമാണ് പറയുന്നതെന്നും അതൊരു കഥാപാത്രപഠനം മാത്രമാണെന്നും കൂപ്പര്‍ ഊന്നിപ്പറയുന്നു.

എന്നാല്‍ ഇയാള്‍ വെറും സാധാരണ പട്ടാളക്കാരനല്ല. ഇത് ക്രിസ് കൈല്‍ എന്ന അമേരിക്കന്‍ ചരിത്രത്തില്‍ ഏറെ ഇതിഹാസവല്‍ക്കരിക്കപ്പെട്ട “ഏറ്റവും അപകടകാരിയായ” സ്നൈപ്പര്‍ ആണ്. കൂപ്പറിന്റെ താല്‍പ്പര്യം എന്തായാലും അയാളുടെ സിനിമ രാഷ്ട്രീയമായിക്കഴിഞ്ഞു.

ഒരു ടെക്സാസ് ഗണ്‍ റേഞ്ചില്‍ വെടിയേറ്റ് മരിക്കുന്നതിനുമുന്പ് കൈല്‍ ഇറാക്കിലെ ജോലിക്കിടെ 150 പേരെ കൊന്നിട്ടുണ്ട് എന്ന് വാദിച്ചിരുന്നു. വലിയ ബൂട്ടുകള്‍ ധരിക്കുന്ന, ടെക്സാസ് ചുവയില്‍ സംസാരിക്കുന്ന, ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഓര്‍മ്മക്കുറിപ്പ് എഴുതിയ കൈല്‍ കോടികളാണ് സമ്പാദിച്ചത്. എവിടെച്ചെന്നാലും അവിടെയെല്ലാം വിവാദങ്ങളും ഉണ്ടാക്കി.

ഒരു വീക്കെന്‍ഡില്‍ മാത്രം 105 മില്യന്‍ ഡോളര്‍ എന്ന റെക്കൊര്‍ഡ് തൂത്തുവാരിക്കഴിഞ്ഞ ഈ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങള്‍ തന്നെ. ഒരു അമേരിക്കന്‍ പടയാളിയെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചതിന് കണ്‍സര്‍വേറ്റീവുകള്‍ അഭിനന്ദനങ്ങള്‍ ചൊരിയുമ്പോള്‍ ചില ലിബറലുകള്‍ ഇറാക്കികളെ കൊല്ലുന്നതിലും മനുഷ്യത്വരഹിതമായി പെരുമാറുന്നതിലും കൈല്‍ പ്രകടിപ്പിക്കുന്ന ആനന്ദത്തെ ചോദ്യം ചെയ്യുന്നു.

ഇതിനിടെ കൈല്‍ സ്വയം പറയുന്ന ചില കഥകളുണ്ട്. ഇവയില്‍ പലതും പല പത്രപ്രവര്‍ത്തകരുടേയും അന്വേഷണത്തിന് ശേഷം സംശയത്തിന് നിഴലിലാണ്. ഇതിലൊന്ന്: സ്വന്തം ട്രക്ക് മോഷ്ടിക്കാന്‍ വന്ന രണ്ട് ടെക്സാസ് ഗുണ്ടകളെ വെടിവെച്ചുകൊന്നുവെന്ന് കൈല്‍ പറയുന്നുണ്ട്. ന്യൂ ഓര്‍ലിയന്‍സിലേയ്ക്ക് ചെന്ന് കത്രീന ചുഴലിക്കാറ്റിനുശേഷം ഉണ്ടായ ആശയക്കുഴപ്പത്തിനിടെ മുപ്പത് ചീത്ത മനുഷ്യരെ കൊന്നുവെന്നും പറയുന്നു. മിന്നസോട്ട ഗവര്‍ണറായ ജെസ്സെയെ ഇടിച്ചുവെന്നും നുണക്കഥ പറഞ്ഞിട്ടുണ്ട്.

“സ്ഥിതീകരിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും അയാള്‍ പലരോടും പറഞ്ഞിട്ടുണ്ട്”, കൈലിനെപ്പറ്റി പറ്റി ഒരു പുസ്തകം എഴുതിയ പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ ജെ മൂണി പറയുന്നു.

എന്നാല്‍ ക്രിസ് കൈലിന്റെ കഥകളിലെ അത്തരം ശൂന്യതകളെപ്പറ്റി പറയുന്നവര്‍ അവരുടെ തന്നെ കുഴി തോണ്ടുന്ന അവസ്ഥയാണ് ഉള്ളത്. കൈലിനെ ലക്ഷ്യമാക്കി ചില ട്വീറ്റുകള്‍ നടത്തിയ പത്രപ്രവര്‍ത്തക രാനിയ ഖാലേക്കിന്റെ അനുഭവം ഇതാണ്. കൈലിന്റെ പുസ്തകത്തില്‍ നിന്ന് പല ഭാഗങ്ങളും അവര്‍ എടുത്തുകാട്ടി. അയാളെ അമേരിക്കന്‍ സ്നൈപ്പര്‍ എന്ന് വിളിക്കുകയും ചെയ്തു.

“മൃഗീയം, ക്രൂരത!” കൈല്‍ എഴുതി. “അതിനെതിരെയാണ് നമ്മള്‍ ഇറാക്കില്‍ പൊരുതിയത്. അതുകൊണ്ടാണ് ഞാന്‍ ഉള്‍പ്പെടെ പലരും എതിരാളികളെ കാടന്മാര്‍ എന്ന് വിളിച്ചത്. ഞങ്ങള്‍ അവിടെ കണ്ടതിനെ വിശേഷിപ്പിക്കാന്‍ മറ്റു പേരുകള്‍ ഉണ്ടായിരുന്നില്ല.” അയാള്‍ കൂട്ടിച്ചേര്‍ത്തു. “ആളുകള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്. ഇറാക്കില്‍ ഇത്രയധികം ആളുകളെ കൊന്നതില്‍ വിഷമം തോന്നിയോ? ഞാന്‍ അവരോടു പറയും, ഇല്ല, ഞാന്‍ ചെയ്തത് ഞാന്‍ ആസ്വദിച്ചു. ഞാന്‍ നുണ പറയുകയോ പെരുപ്പിച്ച് പറയുകയോ അല്ല.”

ഖാലെക്കിന്റെ അഭിപ്രായത്തില്‍ കൈലിനെ വലുതാക്കി കാണിക്കുന്ന സിനിമകള്‍ ഏതായാലും അത് “അപകടകരമായ പ്രചാരണമാണ്. അത് ഒരു കൂട്ടകൊലയാളിയെ വിശുദ്ധനാക്കുകയും ഇറാക്ക് യുദ്ധത്തെ തിരുത്തിയെഴുതുകയുമാണ് ചെയ്യുന്നത്.” കൈലിന് രക്തദാഹമായിരുന്നുവെന്നും വെറുപ്പും വിദ്വേഷവും നിറഞ്ഞതുകൊണ്ടാണ് ഇറാക്കി കാട്ടാളന്മാരെ കൊന്നതെന്നും അവര്‍ പറയുന്നു. അവരുടെ കമന്റുകള്‍ പുറത്തുവന്നയുടന്‍ തന്നെ അവരെ കൊന്നുകളയുമെന്ന ഭീഷണികള്‍ വരെ വന്നു.

അതിനുശേഷം സ്വന്തം ട്വിറ്റര്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്ത ഒരാള്‍ എഴുതിയത് അവരെ ഉടന്‍ തന്നെ കൊന്നുകളയേണ്ടതുണ്ട് എന്നാണ്.  അല്ലെങ്കില്‍ ഒരു ഉപകാരം ചെയ്യൂ, സ്വയം മരിക്കൂ എന്നാണു അയാള്‍ ആവശ്യപ്പെട്ടത്.

അത്ര ശക്തമായ എതിര്‍പ്പുകള്‍ സൂചിപ്പിക്കാത്തവര്‍ പോലും വലിയ ഓണ്‍ലൈന്‍ വിഷം തുപ്പലിന് ഇരയായി. ഇന്റര്‍വ്യൂ സിനിമയിലെ നടനായ സേത്ത് റോജന്‍ അമേരിക്കന്‍ സ്നൈപ്പര്‍ അയാള്‍ക്ക് ഇന്‍ഗ്ലോറിയസ് ബാസ്റ്റാര്‍ഡ്സിന്റെ മൂന്നാം ഭാഗം പോലെയാണ് തോന്നിച്ചത് എന്ന് പറഞ്ഞു. ഒരു സ്നൈപ്പറെ മഹത്വവല്‍ക്കരിക്കുന്ന ക്വെന്റിന്‍ ടാരന്‍റിനോയുടെ നാസി പ്രോപ്പഗന്‍ഡ സിനിമയാണത്. അടുത്ത ഡയലോഗ് ഇങ്ങനെ“കൈലിനെ പോലെയുള്ളവര്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ ഉത്തര കൊറിയയിലെ ഏതെങ്കിലും ജയിലില്‍ കിടക്കാത്തത്”.

ഡോക്യുമെന്ററി സംവിധായകന്‍ മൈക്കല്‍ മൂര്‍ ട്വീറ്റ് ചെയ്തു: എന്റെ അമ്മാവനെ രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു സ്നൈപ്പര്‍ കൊലപ്പെടുത്തി. സ്നൈപ്പര്‍മാര്‍ ഭീരുക്കളാണ് എന്നാണു ഞങ്ങളെ പഠിപ്പിച്ചത്. അവര്‍ പിന്നില്‍ നിന്ന് ഷൂട്ട്‌ ചെയ്യും. സ്നൈപ്പര്‍മാര്‍ ഹീറോകളല്ല. അതിക്രമിച്ചുകയറുന്നവര്‍.” എന്നാല്‍ വേഗം തന്നെ കൂപ്പറുടെ മികച്ച പെര്‍ഫോര്‍മന്‍സിനെ പുകഴ്ത്തി. “മിക്ക അമേരിക്കക്കാരും സ്നൈപ്പര്‍മാരെ ഹീറോകളായി കരുതുന്നില്ല. ടെന്നസിയിലെ മെംഫിസിലെ ആ മനുഷ്യനെ ഓര്‍ക്കുമ്പോഴെങ്കിലും.” 

ഈ ചര്‍ച്ചകള്‍ നാളുകള്‍ നീണ്ട ഒരു സാംസ്കാര യുദ്ധത്തിന്റെ ബാക്കിയാണ്. യാഥാസ്ഥിതിക മാധ്യമങ്ങള്‍ സിനിമയെ ആക്രമിക്കുന്ന ലിബറലുകള്‍ക്കെതിരെ ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. തോക്കുപയോഗത്തെ സംബന്ധിച്ച വിവാദചര്‍ച്ചകളുടെ ഒരു തുടര്‍ച്ച ഇതില്‍ കാണാം. ഇറാക്ക് യുദ്ധ അനുകൂലികളായ യാഥാസ്ഥിതികരെ യുദ്ധവിരുദ്ധ ലിബറലുകളുടെ എതിര്‍ചേരിയില്‍ നിറുത്തുകയാണിവിടെ.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ മറ്റൊരു വിടവും ഇവിടെ കാണാം: അമേരിക്കന്‍ സേനയില്‍ പ്രവര്‍ത്തിക്കാന്‍ ആളുകളുടെ എണ്ണം കുറയുന്നുണ്ട്. സാധാരണക്കാരും യുദ്ധത്തില്‍ നിന്ന് തിരിച്ചുവന്നവരും തമ്മിലുള്ള അന്തരമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടുശതമാനത്തിലേറെ അമേരിക്കക്കാര്‍ യുദ്ധത്തില്‍ പങ്കെടുത്തു. ഇന്ന് വെറും 0.5 ശതമാനം ആളുകളാണ് സേനയില്‍ ചേരുന്നത്. അതില്‍ തന്നെ പലരും “സാമൂഹികമായി ഒറ്റപ്പെട്ട, രാഷ്ടീയമായ യാഥാസ്ഥിതികാരാണ്” എന്നാണ് നിരീക്ഷകനായ തോമസ്‌ റിക്ക്സ് പറയുന്നത്. സാമ്പ്രദായിക ആദരവുകളല്ലാതെ വലിയ ചിന്തയൊന്നും സാധാരണ അമേരിക്കക്കാര്‍ പടയാളികള്‍ക്ക് വേണ്ടി നീക്കിവയ്ക്കാറില്ല.

“തെറ്റിധാരണകളെ പെരുപ്പിക്കുന്ന സാംസ്കാരിക ശക്തികളിലൊന്ന്‌ അമേരിക്കന്‍ സ്നൈപ്പര്‍ പോലുള്ള സിനിമകളാണ്”, ന്യൂയോര്‍ക്ക് ടൈംസിലെ കാള്‍ ഐക്കന്‍ബെറി, ഡേവിഡ് കെന്നഡി എന്നിവര്‍ പറയുന്നു. “പല യാഥാസ്ഥിതികര്‍ക്കും സേനാ അംഗങ്ങള്‍ക്കും ക്രിസ് കൈല്‍ ഒരു വലിയ മനുഷ്യനായിരിക്കും. അയാളെ വിമര്‍ശിക്കുക എന്നാല്‍ സേനയും അതില്‍ ജോലി ചെയ്യുന്നവരെയും അപമാനിക്കുന്നതുപോലെയും ആയിരിക്കും.”

“നമ്മുടെ സേന നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം വിദേശ ശത്രുവില്‍ നിന്നല്ല, അമേരിക്കന്‍ ജനതയും അവരുടെ പട്ടാളവും തമ്മിലുള്ള അകലത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.” ഐക്കന്‍ബെറിയും കെന്നഡിയും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍