UPDATES

വിദേശം

132 വര്‍ഷം മുന്‍പും അമേരിക്ക സ്ത്രീകളോട് ഇങ്ങനെ തന്നെയായിരുന്നു

Avatar

പെറ്റ്യൂല ഡിവോഷാക് 
(വാഷിംഗ്ടന്‍ പോസ്റ്റ്) 

ബെല്‍വ ആന്‍ ലോക്ക്വുഡ് അസംതൃപ്തിയോടെയാവില്ല അന്ത്യവിശ്രമം കൊള്ളുന്നത്. അക്കാര്യം ഞാന്‍ പോയി നോക്കി ഉറപ്പു വരുത്തിയതാണ്. 

ആ ഫെമിനിസ്റ്റ് നായികയുടെ കല്ലറ തേടി തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രെഷ്ണല്‍ സെമിത്തേരിയില്‍ തിരയാനും പൊക്കമുള്ള രണ്ട് ഇറ്റാലിയന്‍ സൈപ്രസ്സ് മരങ്ങള്‍ക്കിടയിലുള്ള അവരുടെ സ്മാരക ശില കണ്ടെത്താനും മറ്റു ചില സ്ത്രീകളും ഉണ്ടായിരുന്നു. 

സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോലും അവകാശമില്ലാതിരുന്ന 1884ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ആദ്യ വനിതയാണ് ലോക്ക്വുഡ്. അവരുടെ കല്ലറ സന്ദര്‍ശിച്ച സ്ത്രീകള്‍ “I voted” എന്നെഴുതിയ സ്റ്റിക്കറുകള്‍ സമര്‍പ്പിച്ചു. 

ഇക്കഴിഞ്ഞ ബുധനാഴ്ച രാജ്യം വീണ്ടുമൊരിക്കല്‍ കൂടെ ഒരു വനിതയെ വൈറ്റ്ഹൌസിലെത്തിക്കുന്നതില്‍ നിന്ന് മുഖം തിരിച്ചതോടെ ആരോ കൈ കൊണ്ടെഴുതിയ ഒരു ക്ഷമാപണവും അവിടെ വച്ചിരുന്നു: “ക്ഷമിക്കൂ. ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ ഞങ്ങള്‍ക്കതിനായില്ല.” പിന്നീട് മറ്റാരോ ആ കുറിപ്പിനവസാനം “വീണ്ടും” എന്നെഴുതിച്ചേര്‍ത്തു. 

“വീണ്ടും” എന്ന വാക്കിന് വലിയ അര്‍ത്ഥമുണ്ട്, ലോക്ക്വുഡ് എന്ന പേരിനും. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യ വനിതാ അഭിഭാഷകരിലൊരാളായിരുന്ന അവര്‍ക്ക് എല്ലാ ക്ലാസ്സുകളിലും പ്രശസ്ത വിജയം ലഭിച്ചിട്ടുപോലും ബിരുദം നല്‍കാന്‍ ലോ സ്കൂള്‍  തയ്യാറായില്ല. അവസാനം അന്ന് പ്രസിഡന്‍റായിരുന്ന യുളീസസ്സ് എസ്. ഗ്രാന്‍റ് ഇടപെടേണ്ടി വന്നു. ഹിലരി ക്ലിന്‍റണ്‍ മല്‍സരിക്കുന്നതിനു 132 വര്‍ഷം മുന്‍പായിരുന്നു അവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെങ്കിലും ലോക്ക്വുഡിന് നേരിടേണ്ടി വന്ന ബഹളം ഇതുപോലെ തന്നെയായിരുന്നു; ആളുകളുടെ പ്രതികരണങ്ങള്‍ അന്നും വ്യത്യസ്ഥമായിരുന്നില്ല. 

ഗവണ്‍മെന്‍റില്‍ തുല്യ പ്രാതിനിധ്യത്തിനും തുല്യ വേതനത്തിനും മനുഷ്യാവകാശങ്ങളിലെ സമത്വത്തിനും വേണ്ടി അമേരിക്കന്‍ വനിതകള്‍ നടത്തി വന്നിട്ടുള്ള പോരാട്ടങ്ങള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല; ഒരുപക്ഷേ അവ ഒരിക്കലും അവസാനിക്കുകയുമില്ല. ചുരുങ്ങിയത് നമ്മുടെ ജീവിതകാലത്തെങ്കിലും. 

നിപുണയെങ്കിലും കുറവുകളുമുള്ള മുന്‍ പ്രഥമ വനിതയും സെനറ്ററും സ്റ്റേറ്റ് സെക്രട്ടറിയുമായ ഒരു വ്യക്തിയെ കുറിച്ചായിരുന്നില്ല ഇക്കഴിഞ്ഞ ആഴ്ചയില്‍ കുറേ സ്ത്രീകളുടെ മനസ്സില്‍ വാനോളമുയര്‍ന്ന പ്രതീക്ഷകള്‍. മറിച്ച്, ഇനിയും മറി കടക്കാത്ത ഒരു നാഴികക്കല്ലായിരുന്നു അതിനു കാരണം. ഇനിയെങ്കിലും ഒരു വനിതാ പ്രസിഡന്‍റ് എന്ന നാഴികക്കല്ല്.  

അതുകൊണ്ട് സ്ത്രീ വിദ്വേഷിയായ ട്രംപിനോട് ക്ലിന്‍റണ്‍ പരാജയപ്പെട്ടപ്പോള്‍ 200 വര്‍ഷത്തെ പുരോഗമനത്തിന്‍റെ ബട്ടണ്‍ റീസെറ്റ് ചെയ്തതുപോലെയാണ് ലക്ഷക്കണക്കിനു സ്ത്രീകള്‍ക്ക് തോന്നിയത്. 

ലോക്ക്വുഡിന്‍റെ കാലത്ത് സെക്സിസം വളരെ പ്രകടവും വിചിത്രവുമായിരുന്നു. 1869ല്‍ കൊളംബിയന്‍ കോളേജിലെ (ഇന്നത്തെ ജോര്‍ജ്ജ് വാഷിംഗ്ടന്‍ യൂണിവേഴ്സിറ്റി) ലോ സ്കൂളില്‍ പ്രവേശനത്തിനുള്ള അവരുടെ അപേക്ഷ തിരസ്കരിച്ചു കൊണ്ട് ലഭിച്ച കത്തില്‍ “മറ്റ് യുവാക്കളുടെ ശ്രദ്ധ തിരിയാന്‍ കാരണമായേക്കും എന്നതുകൊണ്ട് അത്തരമൊരു പ്രവേശനം ഉചിതമാവില്ല,” എന്നാണ് എഴുതിയിരുന്നത്. 

മറ്റൊരു ലോ സ്കൂള്‍ പ്രവേശനം നല്‍കുന്നതു വരെ അവര്‍ പൊരുതി. പിന്നെ ഡിഗ്രി കിട്ടാന്‍, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഒക്കെ ലോക്ക്വുഡിന് തന്‍റെ യുദ്ധം തുടരേണ്ടി വന്നു. 

“സ്ത്രീയുടെ എല്ലാ വികാരങ്ങളോടും അവബോധത്തോടും കൂടി ജനിച്ച എനിക്ക് ഒരു ആണിന്‍റേതായ അഭിലാഷങ്ങളായിരുന്നു. ആണിന്‍റെയും പെണ്ണിന്‍റെയും അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഇടയ്ക്കുള്ള അകലം മറന്നു കൊണ്ടുള്ള മോഹങ്ങള്‍,” തന്‍റെ പോരാട്ടങ്ങളെ കുറിച്ച് 1888 ഫെബ്രുവരിയില്‍ ലിപ്പിന്‍കോട്ട്സ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറയുന്നു. 

ഈ ആധുനിക കാലത്തെ അമേരിക്കയിലും തന്‍റെ സ്വപ്നങ്ങള്‍ പിന്തുടരുന്ന അനേകം സ്ത്രീകള്‍ക്ക് പ്രതിരോധങ്ങളെ അതിജീവിക്കേണ്ടി വരുന്നുണ്ട്. 

കാഠിന്യത്തിനു പേരുകേട്ട ആര്‍മിയിലെ റേഞ്ചര്‍ സ്കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത രണ്ടേ രണ്ടു സ്ത്രീകളിലൊരാളാണ് ക്യാപ്റ്റന്‍ ക്രിസ്റ്റന്‍ ഗ്രീസ്റ്റ്. ഡെബോറ സാംപ്സണ്‍ റെവല്യൂഷണറി വാറില്‍ കോണ്ടിനെന്‍റല്‍ ആര്‍മിയോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ആണായി വേഷം മാറി 233 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഗ്രീസ്റ്റ് ഗ്രാജ്വേറ്റ് ചെയ്തത്. 

2004ല്‍ സൂസന്‍ ഹോക്ക്ഫീല്‍ഡ് MITയുടെ ആദ്യ വനിതാ പ്രസിഡന്‍റായി; എലന്‍ സ്വാലോ റിച്ചാര്‍ഡ്സ് ആദ്യത്തെ വനിതാ ഗ്രാജ്വേറ്റായി 131 വര്‍ഷങ്ങള്‍ക്കു ശേഷം. 

1916ല്‍ ആദ്യ വനിതാ അംഗമായി ജീനെറ്റ് റാന്‍കിനെ (R-Mont.) ഉള്‍പ്പെടുത്തിയ ശേഷം വനിതാ സ്പീക്കറായി നാന്‍സി പലോസിയെ തെരഞ്ഞെടുക്കാന്‍ യു‌എസ് ഹൌസ് ഓഫ് റെപ്രസെന്‍റേറ്റീവ്സിന് 91 വര്‍ഷങ്ങളെടുത്തു.  

ഈ സ്ത്രീകളെല്ലാം പൊരുതുകയും  തോല്‍ക്കുകയും അവിടെ നിന്ന് വീണ്ടും ഉയര്‍ന്നു വരികയും ചെയ്തവരാണ്. 

19ആം ഭേദഗതി പ്രകാരം അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശം ലഭിക്കുന്നതിന് 3 വര്‍ഷം മുന്‍പ്, 1917ല്‍ ബെല്‍വ ആന്‍ ലോക്ക്വുഡ് മരിച്ചു. പുരുഷന്മാരുടെ ലോകത്ത് തന്‍റെ ഓരോ ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടിയും അവര്‍ക്ക് നിരന്തരം പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. 

1884ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം നിയമരംഗത്തെ തന്‍റെ പരിശ്രമങ്ങളെ കുറിച്ച് എഴുതി. 

“ഞാന്‍ നടത്തിക്കൊണ്ടിരുന്ന നീണ്ട, സമാനതകളില്ലാത്ത സമരത്തില്‍ താല്‍പ്പര്യം തോന്നിയ ചില വാഷിംഗ്ടന്‍ പത്രക്കാരായ പുരുഷന്മാര്‍ ഇനിയെന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് എന്നോടു ചോദിച്ചു,” അവര്‍ ഓര്‍മ്മിച്ചു. 

“എഴുന്നേറ്റ് തുടര്‍ച്ചയായി പോരാടും,” അവര്‍ അവരോടു പറഞ്ഞു.

എഴുന്നേറ്റ് വീണ്ടും പോരാടുക. അമേരിക്കന്‍ സ്ത്രീകള്‍ അതാണ് എന്നും ചെയ്തു പോരുന്നത്. അതാണ് ഞങ്ങള്‍ ഇനിയും ചെയ്യാന്‍ പോകുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍