സത്യജിത് റേ കമ്പോസ് ചെയ്ത ഗാനം ആസ്വദിച്ചവര്‍ക്ക് ഇതൊരുപക്ഷെ അത്ര ഇഷ്ടപ്പെടില്ലായിരിക്കാം. ഏതായാലും ബംഗാളിന്റെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരിക്കുന്ന ഈ പാട്ടില്ലാതെ എങ്ങനെ പരസ്യം പൂര്‍ണമാകും?
“അമി ചീനി ഗൊ ചീനി തൊമാരേ ഒ ഗോ ബിദേശിനി” (വിദൂരത്തുള്ള സ്ത്രീ, എനിക്കറിയാം നീ ആരാണെന്ന്) എന്ന് തുടങ്ങുന്ന ടാഗോറിന്റെ വരികള്‍ പ്രശസ്തമാണ്. സത്യജിത് റേ തന്റെ ചിത്രം ചാരുലതയില്‍ പാട്ടായി ഇത് ഉപയോഗിച്ചിട്ടുണ്ട്. സത്യജിത് റേ തന്നെ സംഗീതം പകര്‍ന്ന് കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ കേള്‍ക്കുന്ന ഈ പാട്ടും സൗമിത്ര ചാറ്റര്‍ജിയും മാധബി മുഖര്‍ജിയും അഭിനയിക്കുന്ന രംഗവും പ്രശസ്തമാണ്. പല സിനിമകളിലും ടാഗോറിന്റെ ഈ വരികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ടൂറിസം പരസ്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായി ഈ പാട്ട് അവതരിപ്പിക്കപ്പെടുന്നു.
ടാഗോറിന്റെ വരികള്‍ക്കൊപ്പം ബംഗാളിന്റെ ഏറ്റവും ആകര്‍ഷകമായ ദൃശ്യങ്ങളുണ്ട്. ഒരു ബംഗാളി വിവാഹ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കൊല്‍ക്കത്തയിലെ ഹൗറാ ബ്രിഡ്ജില്‍ മഞ്ഞ അംബാസഡര്‍ കാറില്‍ യാത്ര, കടുകെണ്ണയില്‍ വറുത്ത മത്സ്യം കൂട്ടി ബംഗാളി ഭക്ഷണം, ബംഗാളി ഗ്രാമങ്ങള്‍, ബാവുള്‍ ഗായകര്‍, കൊല്‍ക്കത്ത നഗരത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ ട്രാമില്‍ യാത്ര, കാളീപൂജ, ഡാര്‍ജിലിംഗിലെ തേയില തോട്ടങ്ങള്‍, ചായയുടെ രുചി…ഇങ്ങനെ പോകുന്നു ബംഗാള്‍ സര്‍ക്കാരിന്റെ ടൂറിസം പ്രൊമോഷന് വീഡിയോ. സത്യജിത് റേ കമ്പോസ് ചെയ്ത ഗാനം ആസ്വദിച്ചവര്‍ക്ക് ഇതൊരുപക്ഷെ അത്ര ഇഷ്ടപ്പെടില്ലായിരിക്കാം. ഏതായാലും ബംഗാളിന്റെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരിക്കുന്ന ഈ പാട്ടില്ലാതെ എങ്ങനെ പരസ്യം പൂര്‍ണമാകും?
“ഭൂഭോനെ ഭ്രോമിയ ശേഷെ,
അമി എഷെചി നുതൊനൊ ദേശെ,
അമി ഒതിഥി തൊമാരി ദ്വാരെ ഒ ഗോ ബിദേശിനി…
(കരയിലൂടെയും കടലിലൂടെയും ഞാന്‍ പല നാടുകള്‍ ചുറ്റി സഞ്ചരിച്ചു, ഇപ്പോള്‍ ഒരു അപരിചിത ദേശത്ത് നിന്റെ ആതിഥ്യം സ്വീകരിക്കാന്‍ വന്നിരിക്കുകയാണ്…)
അവസാനം ബംഗാളിനെ പ്രണയിക്കാന്‍ എത്തുന്ന വിദേശ യുവതിയെ ചേര്‍ത്ത് പിടിച്ച് ഷാരൂഖ് ഖാനും പാടുന്നു: “അമി ചീനി ഗൊ ചീനി തൊമാരേ ഒ ഗോ ബിദേശിനി”
സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളും ഡിസ് ലൈക്കുകളും വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം പതിവ് പോലെ നിറയുന്നുണ്ട്.
വീഡിയോ കാണാം: