UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു, രോഹിത് വെമൂല; സ്ഥലംമാറ്റത്തിനെതിരെ രാജിവച്ച് അധ്യാപകന്റെ പ്രതിഷേധം

Avatar

അഴിമുഖം പ്രതിനിധി

രോഹിത് വെമൂല, ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍(ഐ ഐ എം സി)നിക്ഷിപ്ത താതപര്യാര്‍ത്ഥം നടത്തിയ സഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ചുകൊണ്ട് അസോഷ്യേറ്റ് പ്രൊഫസര്‍ അമിത് സെന്‍ഗുപ്ത ഒ എസ് ഡി അനുരാഗ് മിശ്രയ്ക്ക് സമര്‍പ്പിച്ച രാജിക്കത്തിന്റെ മലയാള പരിഭാഷ

പ്രിയപ്പെട്ട അനുരാഗ് മിശ്ര,

ഒഡീഷയിലെ ധെങ്കനാലിലേക്ക് എന്നെ സ്ഥലം മാറ്റി നിയമിച്ചു കൊണ്ടുള്ള താങ്കളുടെ കത്തിനു മറുപടി ആയാണ് ഇതെഴുതുന്നത്. ഞാനുമായോ അല്ലെങ്കില്‍ മറ്റു ഫാക്കല്‍റ്റി അംഗങ്ങളുമായോ ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ കത്ത് എനിക്കയച്ചിരുന്നത്. ഇത് ഐഐഎംസിയുടെ സ്വയംഭരണ, അക്കാദമിക സ്വാതന്ത്ര്യത്തിന്റെ എല്ലാ തത്വങ്ങളെയും ലംഘിക്കുന്നു. ഐഐഎംസിയെ താങ്കള്‍ ജനാധിപത്യവിരുദ്ധരും പക്ഷപാതികളുമായ ഒരു ഭരണകൂടത്തിന്റെ കയ്യിലെ കളിപ്പാവയാക്കിച്ചുരുക്കിയിരിക്കുന്നു.

ഇതു വ്യക്തമായും ഒരു ഇരയാക്കല്‍ ആണെന്നു ഞാന്‍ കരുതുന്നു. ഫാക്കല്‍റ്റിയോട് ഇങ്ങനെയാണ് പെരുമാറുന്നത് എങ്കില്‍ താങ്കളുടെ നടപടി ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളേയും അധ്യാപനമെന്ന തൊഴിലിന്റെ മഹത്വത്തെയും മനപ്പൂര്‍വ്വം വിലയിടിക്കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും ഇത് തങ്ങള്‍ക്കു മാത്രമറിയുന്ന കാരണങ്ങള്‍ പറഞ്ഞ് വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ, ബൗദ്ധിക സ്വാതന്ത്ര്യത്തിനും അക്കാദമിക് സ്വയംഭരണത്തിനും തൊഴില്‍പരമായ വൈദഗ്ധ്യത്തിനുമെതിരായി നടക്കുന്ന വലിയൊരു വേട്ടയാടലിന്റെ ഭാഗമാണ്.

ഐഐഎംസി വിദ്യാര്‍ത്ഥികള്‍ രോഹിത് വെമുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്യാമ്പസില്‍ നടത്തിയ മറ്റു ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുത്ത പ്രതിഷേധ പ്രകടനത്തെ പിന്തുണച്ചത് കൊണ്ടാണ് എനിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത് എന്നെനിക്ക് ബോധ്യമുണ്ട്. രോഹിത് വെമുലയ്ക്കു വേണ്ടി നില കൊള്ളുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. വരും ദിവസങ്ങളിലും ഞാനിതിനെ പിന്തുണയ്ക്കും. ഇതെന്റെ ഭരണഘടനാപരമായ അവകാശമാണ്. വെമുലയ്ക്കും ഹൈദരാബാദ് യൂണിവേഴിസിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ഗുരുതരമായ അനീതിയാണ് ചെയ്തിട്ടുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും പൊരുതുകയും ചെയ്യും.


അമിത് സെന്‍ഗുപ്തയെ സ്ഥലം മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ്‌

ജെഎന്‍യു, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളെ പിന്തുണച്ചതും എനിക്കെതിരെ നടപടിയെടുക്കാന്‍ കാരണമായിട്ടുണ്ട്. ഈ രണ്ടു സമരങ്ങളും മഹത്തരമാണെന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉയര്‍ത്തിയ സമാധാനപരവും മികവുറ്റതുമായ ജനാധിപത്യ സംവാദങ്ങള്‍ രാജ്യത്തെ പുഷ്ടിപ്പെടുത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള ധിഷണാശാലികളെ, ഒരു മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. വിമര്‍ശന ബുദ്ധിയേയും ബഹുസ്വരതയേയും തുറന്ന ചിന്തകളേയും പരിപോഷിപ്പിക്കുകയും ഇന്ത്യന്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍കൃതരായ പാവങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ജെഎന്‍യുവിന്റെ മഹത്തായ ബൗദ്ധിക, രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഒരു ഭാഗമാണെന്നതിലും ഞാന്‍ അഭിമാനിക്കുന്നു. ഈ നടപടിയിലൂടെ എന്നെ മാത്രമല്ല താങ്കള്‍ ലക്ഷ്യമിട്ടിരിക്കുന്നത്, നമ്മുടെ പുരോഗമനാത്മക ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളേ കൂടിയാണ്.

ഐഐഎംസിയില്‍ എന്റെ മറ്റേത് സഹ അധ്യാപകരേയും പോലെ ഒരു പക്ഷേ ഏറ്റവുമധികം ക്ലാസുകളും വര്‍ക്ക്‌ഷോപ്പുകളും ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഭയവും ജാതീയതയും ലിംഗവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഒരിക്കലും മുതിരരുതെന്നും ജോലിയില്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായിരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളെ ഞാന്‍ പഠിപ്പിച്ചത്. അതിരുകളില്ലാത്ത സ്വതന്ത്ര ചിന്ത ഉണ്ടായിരിക്കണമെന്നും എന്തു തന്നെ സംഭവിച്ചാലും സത്യത്തിനും പൊതുതാല്‍പര്യത്തിനും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്നും ഞാന്‍ അവരെ പഠിപ്പിച്ചു. അതിനുള്ള പിഴയാണ് ഇപ്പോള്‍ എനിക്കു ലഭിച്ചിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.

താങ്കളുടെ ഏകപക്ഷീയവും അധാര്‍മ്മികവുമായ സ്ഥലമാറ്റ നിയമനത്തെ ഞാന്‍ തള്ളുന്നു. സത്യം എന്നൊടൊപ്പം നിലനില്‍ക്കും.

ഇതില്‍ പ്രതിഷേധിച്ച് ഐഐഎംസിയില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു.

താങ്കള്‍ക്കും ഐഐഎംസിക്കും നല്ലതു വരട്ടെ എന്നാശംസിക്കുന്നു.

അമിത് സെന്‍ഗുപ്ത
അസോസിയേറ്റ് പ്രൊഫസര്‍
ഇംഗ്ലീഷ് ജേണലിസം
ഐഐഎംസി,
ന്യൂ ദല്‍ഹി

മാര്‍ച്ച് 4, 2016

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍