UPDATES

അമിത് ഷാ കണ്ണുവച്ച കേരളം; സിപിഎമ്മും കോണ്‍ഗ്രസും ഭയക്കേണ്ടതായ കാര്യങ്ങളുണ്ട്

ആക്രി കച്ചവടക്കാരന്റെ ബുദ്ധികൊണ്ട് പരിവാര്‍ രാഷ്ട്രീയത്തെ എതിരിടാമെന്ന തോന്നല്‍ ഇനി വേണ്ട

കെ എ ആന്റണി

കെ എ ആന്റണി

ബിജെപി കേരള ആസ്ഥാന മന്ദിരത്തിനു ശില ഇട്ടതിനുശേഷം അമിത്ഷാ പറഞ്ഞത് താന്‍ കേരളത്തില്‍ വരാനിരിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള ശില കൂടിയാണ് പാകിയത് എന്നാണ്. അമിത് ഷാ യുടെ വിശ്വാസം അദ്ദേഹത്തെ തുണക്കുമോ എന്ന് കാലം തെളിയിക്കട്ടെ.
നിലവിലെ പ്രശ്‌നം കേരള സന്ദര്‍ശനത്തിലൂടെ അമിത് ഷാ ലക്ഷ്യം ഇട്ടതും നേടിയതും എന്താണ് എന്നുള്ളതുതന്നെയാണ്. ലക്ഷ്യം അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും താമര വിരിയിക്കുകയും കേരളത്തെയും ഒരു ബിജെപി അനുകൂല സംസ്ഥാനമാക്കി മാറ്റുക എന്നതും തന്നെ. എന്നാല്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ ബിജെപി യുടെ കേരള നേതൃത്വം എത്രകണ്ട് ശക്തമാണെന്ന കാര്യത്തില്‍ തനിക്കുള്ള ആശങ്ക അമിത് ഷാ പ്രകടിപ്പിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരള നേതൃനിരയിലെ തമ്മിലടി തന്നെ പ്രധാന വെല്ലുവിളി. ന്യൂന പക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇവിടുത്തെ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് അമിത്ഷാ നല്‍കിയതത്രെ.

എന്നാല്‍ അമിത് ഷാ കേരളത്തില്‍ വന്നത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ഗൂഢ ഉദ്ദേശത്തോടെ ആണെന്നാണ് സിപിഎം, കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ ആരോപണം. അമിത് ഷാ പോയിടത്തൊക്കെ വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് കേരളത്തിലും നടപ്പിലാക്കാനാണ് ശ്രമമെന്നും മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ആരോപിക്കുമ്പോള്‍ മത സൗഹാര്‍ദം തകര്‍ത്തു കേരളത്തെ മറ്റൊരു ഗുജറാത്ത് ആക്കി മാറ്റാനാണ് ഷായുടെ ശ്രമമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ആക്ഷേപം. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ക്കു ‘കാല്‍ തൊട്ടു വന്ദിക്കാന്‍ വരുന്നവരെ കരുതിയിരിക്കണം’എന്ന ഉപദേശവും കോടിയേരി വകയായുണ്ട്. ‘ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുകയും സംഘര്‍ഷം വിതയ്ക്കുകയും ചെയ്യുന്ന ബിജെപിയെ അതേ തന്ത്രത്തിലൂടെ കേരളത്തിലും വളര്‍ത്താമെന്ന അമിത് ഷായുടെ മോഹം വെറും വ്യാമോഹം മാത്രമാണ് ‘എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഈ മൂന്ന് നേതാക്കളുടെയും സ്വരം ഒന്നുതന്നെയാവുന്നതു വ്യക്തമാക്കുന്നത് അമിത് ഷായെ അവരാരും കുറച്ചു കാണുന്നില്ല എന്ന് തന്നെയാണ്. അതാവട്ടെ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാനും അതിലൂടെ നേട്ടം കൊയ്യാനും ഉതകുന്ന തന്ത്രം പയറ്റി ഗുജറാത്തില്‍ മാത്രമല്ല യുപിയിലും മറ്റും ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ അമിത് ഷാക്ക് കഴിഞ്ഞു എന്നത് കൊണ്ടുതന്നെയാണ്.

പോരെങ്കില്‍ ഈ അടുത്ത കാലത്തു നിലമ്പൂരിലടക്കം നടന്ന ശ്രമങ്ങളും കേരളം കണ്ടതാണ്. അതിനും മുന്‍പ് കാസര്‍ഗോഡ് ജില്ലയില്‍ നടന്ന മദ്രസ അദ്ധ്യാപക കൊല മാത്രമല്ലല്ലോ കേരളത്തിന് ഒരു വര്‍ഗീയ ചേരുവ കല്പിച്ചു നല്‍കാന്‍ സംഘ് പരിവാര്‍ ആസൂത്രണം ചെയ്ത കലാപരിപാടികള്‍ തലശേരി കലാപം മുതല്‍ ഇങ്ങോട്ടു ഒട്ടു മിക്ക ഹിന്ദു മുസ്ലിം സംഘര്‍ഷങ്ങള്‍ക്കു പിന്നിലും ഒരു സംഘ പരിവാര്‍ ബുദ്ധിയുണ്ടായിരുന്നു, രണ്ടാം മാറാട് കലാപം ഒഴിച്ച് നിര്‍ത്തിയാല്‍. ഈ ഒരു തന്ത്രത്തിന്റെ ഭാഗമായികൂടി വേണം മുസ്ലിം നേതാക്കളെ തീര്‍ത്തും അവഗണിച്ചു ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതും.

യെമനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, മത ന്യൂനപക്ഷങ്ങള്‍ ഇന്ന് നേരിടുന്ന ആശങ്കകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ പോയതെന്ന് ബിഷപ്പുമാര്‍ പറയുന്നുണ്ടെങ്കിലും ആരും ഇത് വിശ്വസിച്ച മട്ടില്ല. പാതിരിമാരുടെ ലക്ഷ്യം മറ്റു ചിലതാണെന്നു പരോക്ഷമായി സൂചിപ്പിച്ച മുസ്ലിം ലീഗ് സത്യത്തില്‍ ഈ വിഷയത്തില്‍ ഒരു വലിയ ചര്‍ച്ചക്കുള്ള സാധ്യത തുറന്നിട്ടിരിക്കുന്നു. ന്നാല്‍ ലീഗ് കരുതുന്നതുപോലെ വിദേശ ഫണ്ടും ഉത്തരേന്ത്യയിലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും മറ്റും കാര്യം മാത്രമല്ല ഈ കൂടിക്കാഴ്ചക്ക് പിന്നില്‍. പാതിരിമാരുടെ ആവശ്യങ്ങള്‍ക്കപ്പുറം അമിത് ഷാ മുന്നോട്ടു വെക്കുന്ന ഡിമാന്‍ഡ് സഭ അതിന്റെ കുഞ്ഞാടുകളുടെ പിന്തുണ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാക്കി മാറ്റണം എന്നുള്ളതാണ്. ഒരു പാലം ഇടുമ്പോള്‍ ഇങ്ങോട്ടു മാത്രം പോരല്ലോ. കേരളം തികച്ചും മത നിരപേക്ഷ സംസ്ഥാനം ആണെന്നും അമിത്ഷായുടെ പരിപ്പ് ഇവിടെ വേവില്ല എന്നുമൊക്കെ പറയുമ്പോഴും കേരളത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂര്‍ ബെല്‍റ്റില്‍ ചില അട്ടിമറികളൊക്കെ നടത്താന്‍ പാതിരിമാര്‍ക്കു കഴിയും. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് യുഡിഎഫ് അനുകൂലമായി ചിന്തിക്കുന്ന ക്രൈസ്തവ വോട്ടര്‍മാര്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അനുകൂലമായി മാറുന്നതുപോലെ ബിജെപി ക്കു അനുകൂലമായി മാറിക്കൂടായ്കയില്ല. ഇവിടെ പ്രശനം പശുവും പോത്തും എരുമയും മാത്രമല്ലെന്നും മനുഷ്യനും ഒരുമയുമാണെന്നു ചിന്തിക്കാത്തിടത്തോളം കാലം സംഘികള്‍ ആഘോഷ പൂക്കളം തീര്‍ക്കും എന്നും അറിയേണ്ടതായുണ്ട് ഓരോ മനുഷ്യസ്‌നേഹിയും. വെറും ആക്രി കച്ചവടക്കാരന്റെ ബുദ്ധിയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ നിന്നാല്‍ പണി ഇങ്ങോട്ടു കിട്ടും എന്ന തിരിച്ചറിവും പരിവാര്‍ വിരുദ്ധര്‍ക്ക് ഉണ്ടായാല്‍ ഏറെ നന്ന്. തുറന്നു പറയുന്നില്ലെങ്കിലും ഈ പേടി സിപിഎമ്മിനും കോണ്‍ഗ്രസിനും ഉണ്ടുതാനും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍