UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദീന്‍ദയാല്‍ ഉപാധ്യായയുടെ ലോഗോ ഉപയോഗിക്കണം; തൊഴില്‍ മന്ത്രാലയത്തിന് അമിത് ഷായുടെ നിര്‍ദേശം

ഒരു പാര്‍ലമെന്റ് അംഗം പോലുമല്ല ബിജെപി അധ്യക്ഷന്‍

കേന്ദ്രസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷന്‍ എന്നല്ലാതെ ഭരണഘടനപരമായ എന്തെങ്കിലും അധികാരമോ, കുറഞ്ഞപക്ഷം ലോക്‌സഭ അംഗമോ അല്ല ബിജെപി പ്രസിഡന്റ് അമിത് ഷാ. പക്ഷേ ഷായ്ക്ക് ഇന്ത്യ സര്‍ക്കാരിന്റെ വകുപ്പുകളില്‍ എത്രമാത്രം സ്വാധീനം ഉണ്ടെന്നതിനു തെളിവാണ് തൊഴില്‍ മന്ത്രാലയത്തിന് അദ്ദേഹമെഴുതിയ കത്ത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി അവരുടെ പ്രചരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനും ഈ കത്ത് ഉദ്ദാഹരണമാണ്.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വാര്‍ഷികാചരണത്തോടനുബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയവും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഓഫിസകളും എല്ലാവരും തന്നെ പ്രസിദ്ധീകരണങ്ങളിലും ലേഖനസാമ്രഗികളിലും ദീന്‍ദയാല്‍ ഉപാധ്യായയുടെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ടാണു അമിത് ഷാ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കു കത്തെഴുതിയത്.

ഏപ്രില്‍ ആറാം തീയതി ഹിന്ദിയില്‍ എഴുതിയ കത്തില്‍ ഷാ ആവശ്യപ്പെടുന്നത് തൊഴില്‍ മന്ത്രാലായം പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ലേഖനങ്ങള്‍, പരസ്യങ്ങള്‍ മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലെല്ലാം തീര്‍ച്ചയായും ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ലോഗോ പതിക്കണം എന്നാണ്. ഇതെത്രയും വേഗം നടപ്പില്‍ വരുത്തണമെന്നും തൊഴില്‍ മന്ത്രാലയത്തോട് ബിജെപി പ്രസിഡന്റ് ആവശ്യപ്പെടുന്നു.

അമിത് ഷായുടെ കത്ത് മന്ത്രാലയം ഒരു ഡി ഒ(ഡെമി-ഒഫീഷ്യല്‍) ആയാണ് പരിഗണിച്ചത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കത്തിടപാടുകളാണ് ഡി ഒ. അമിത് ഷായുടെ കത്ത്് കിട്ടിയ മന്ത്രി ദത്താത്രേയ തന്റെ ഒഎസ്ഡി(ഒഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി)യോട് അടിയന്തര കാര്യമായി പരിഗണിച്ച് ചര്‍ച്ച നടത്താന്‍ ഏപ്രില്‍ 12 ന് തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ഏപ്രില്‍ 13 നു ഒഎസ്ഡി തൊഴില്‍ സെക്രട്ടറി എം സത്യാവതിയെ അറിയിക്കുകയും ചെയ്തു. ഷായുടെ ആവശ്യം എത്രയും വേഗം നടപ്പില്‍ വരുത്താനാണ് മന്ത്രിയും ആഗ്രഹിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി മേയ് മാസത്തില്‍ മറ്റ് ഓഫിസുകളിലേക്ക് എത്രയും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം ബിജെപിയുടെ ഉപസ്ഥാപനമല്ല. പാര്‍ലമെന്റ് അംഗം പോലുമല്ലാത്ത ബിജെപി പ്രസിഡന്റിന് ഇങ്ങനെയൊരു നിര്‍ദേശം നല്‍കി കത്തയയക്കാന്‍ അവകാശമില്ല. മുമ്പൊന്നും നടക്കാത്ത കാര്യമണിത്; ഒരു മുന്‍ കാബിനറ്റ് സെക്രട്ടറി ദി ഹിന്ദുവിനോടു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍