UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

അമിത് ഷാ മോഡല്‍ ജനാധിപത്യത്തില്‍ മോചനത്തിനുള്ള വഴി വേറെ വെട്ടണം

നമ്മുടെ തെരഞ്ഞെടുപ്പ് ജനഹിതത്തെയല്ല, അതിനെ തെരഞ്ഞെടുപ്പ് എന്ന മത്സരത്തിനനുരൂപമായി മാനിപ്യുലേറ്റ് ചെയ്യാനുള്ള കഴിവിനെ പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

യുപിയിൽ ബിജെപി നേടിയത് ഉജ്ജ്വല വിജയം തന്നെയാണ്. മൽസരിച്ച 384ൽ 312 ലും വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നിലയുമായി തട്ടിച്ച് നോക്കുമ്പോൾ ഇക്കുറി 265 സീറ്റിന്റെ വർദ്ധനവ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സ്വപ്നതുല്യമായ ഒരു മുന്നേറ്റം തന്നെയാണ്. എന്നാൽ വോട്ട് ശരാശരി പരിശോധിക്കുമ്പോൾ ബിജെപിയെ തെരഞ്ഞെടുത്തത് 39.7 ശതമാനം വോട്ടർമാരാണെങ്കിൽ അവരെ വേണ്ട എന്ന് തീരുമാനിച്ചത് 50.2 ശതമാനം ആളുകളാണെന്ന് പറയാം. എസ് പിക്ക് വോട്ട് ചെയ്ത 21.8, കോൺഗ്രസ്സിന് വോട്ട് ചെയ്ത 6.2, ബി എസ് പിക്ക് വോട്ട് ചെയ്ത 22.2 എന്നിങ്ങനെയാണ് ഈ 50.2 ശതമാനം. എൻഡിഎ മുന്നണിയിൽ ബിജെപിയുടെ സഖ്യകക്ഷികളായിരുന്നവരുടെ വോട്ട് ശതമാനവും കൂട്ടേണ്ടതുണ്ട്. ഇപ്പുറത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള എൻഡിഎ ഇതര കക്ഷികളുടെയും. പക്ഷേ അതൊക്കെ കൂട്ടിയാലും എൻഡിഎ അധികാരത്തിൽ വരരുത് എന്ന് ആഗ്രഹിച്ചവർക്ക് തന്നെയാവും ഭൂരിപക്ഷം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതാവട്ടെ 400-ൽ 325. എന്നുവച്ചാൽ 81.25 ശതമാനം സീറ്റുകളിലും വിജയം.

മൂന്നിൽ രണ്ടിനടുത്ത് ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിച്ച തിരഞ്ഞെടുപ്പും വ്യത്യസ്തമായിരുന്നില്ല. 31.2 ശതമാനം വോട്ട് നേടിയ ബി ജെ പിക്ക് 51.9 ശതമാനം സീറ്റുകൾ നേടാൻ കഴിഞ്ഞു. എന്നാൽ ബിജെപിയെ ചെറുക്കാൻ കോൺഗ്രസ്, എഐഎഡിഎംകെ, ബി എസ് പി, എസ് പി, സിപിഎം തുടങ്ങിയ സംഘടനകൾക്ക് വോട്ട് ചെയ്ത 33.4 ശതമാനം വരുന്നവരെ പ്രതിനിധീകരിക്കുന്നതോ കേവലം 17.5 ശതമാനം സീറ്റുകൾ.   തെരഞ്ഞെടുപ്പിന് ശേഷം പ്രവർത്തിക്കാൻ പോകുന്നത് വോട്ട് ശതമാന കണക്കല്ല, സീറ്റ് ശതമാനകണക്കായിരിക്കും. അതായത് യുപിയിലെ ജനങ്ങളിൽ പകുതിയിലധികവും വേണ്ട എന്നുവച്ച ഒരു മുന്നണിയാണ് എൻഡിഎ എന്നതല്ല കണക്ക്, മറിച്ച് 81.25 ശതമാനം സീറ്റുകളും വിജയിച്ച മുന്നണിയാണത് എന്നത്.

കുറച്ച് കാട്ടാനായി പൊലിപ്പിച്ച കണക്കുകൾ? 

ഈ വിശകലനത്തിന് ന്യായമായും വിമർശനങ്ങളുണ്ടാകും. ഈ കണക്ക് ബിജെപിയുടെ വിജയത്തിന്റെ തിളക്കം കുറച്ച് കാട്ടാൻ  വേണ്ടി പറയുന്ന ഒന്നാണ് എന്നത് തന്നെ അതിൽ പ്രമുഖം. എന്നാൽ ഇത്തരം ഒരു കണക്കുകൊണ്ട് അത് കുറയുകയുമില്ല എന്നതാണ് സത്യം. കാരണം ഇത്  ബിജെപിക്ക് മാത്രം ബാധകമായ ഒന്നല്ല. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977-ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി നേടിയ 51.89 ശതമാനത്തിന്റെ ഭൂരിപക്ഷം പോലെ ചില ചില അപൂർവ്വ അപവാദങ്ങൾ മാറ്റി നിർത്തിയാൽ ജയിക്കുന്ന കക്ഷിക്ക് അൻപത് ശതമാനത്തിലേറെ വോട്ട് കിട്ടിയ ചരിത്രമില്ല.

എന്നിരുന്നാലും ഒന്നും പറയാതെ നിശബ്ദമായി കണക്കു പുസ്തകത്തിൽ ഇരിക്കുകയല്ല ഈ സംഖ്യകൾ എന്നതും കാണണം. പ്രീ പോൾ സഖ്യം വച്ച് നോക്കിയാൽ ഇതിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പിൽ യുപിഎക്ക് 37.2 ശതമാനം വോട്ടിൽ 262 സീറ്റ് കിട്ടി. എന്നാൽ എൻഡിഎയ്ക്കും മൂന്നും നാലും സഖ്യങ്ങൾക്കും ചേർന്ന് കിട്ടിയ 50.9 ശതമാനം വോട്ട് 265 സീറ്റുകൾ നേടി. ഇനി 2004 തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ അന്ന് 35.4 ശതമാനം വോട്ട് കിട്ടിയ യുപിഎയ്ക്ക് 218 സീറ്റും, 33.3 ശതമാനം വോട്ട് കിട്ടിയ എൻഡിഎയ്ക്ക് 181 സീറ്റും ലഭിച്ചു. 7.7 ശതമാനം വോട്ട് നേടിയ ഇടത് മുന്നണിക്ക് 59 സീറ്റും. അതായത് അൻപത് ശതമാനത്തിൽ അധികം വോട്ട് ലഭിച്ചാലേ ഒരു മുന്നണി ജയിച്ചതായി കരുതാനാവു എന്ന് വാദിച്ചാൽ സമീപകാലത്തൊന്നും ഇവിടെ അത് നടന്നിട്ടില്ല എന്ന മറുവാദവും സാധ്യം തന്നെ.

പക്ഷേ അപ്പോഴും ഒരു വ്യത്യാസമുണ്ട്. അത് വോട്ട് ശരാശരിയും സീറ്റ് ശരാശരിയും തമ്മിലുള്ള അന്തരം ഇത്രകണ്ട് ഭീകരമാകുന്ന അവസ്ഥ മുമ്പൊന്നും നാം കണ്ടിട്ടില്ല എന്നതാണത്. അതായത് കണക്കിനെ ആർക്കും വെറുതേ  പൊലിപ്പിക്കാനാവില്ല, മറിച്ച് നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതിനെ ഫലപ്രമായി ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും.

എന്താണീ അന്തരത്തിന്റെ കാരണം?

വോട്ട് ശതമാനവും സീറ്റ് ശതമാനവും തമ്മിലുള്ള ഈ വലിയ അന്തരത്തിന് കാരണം വോട്ടുകൾ ഭിന്നിച്ച് പോകുന്നതാണെന്ന് വ്യക്തം. രണ്ട് പാർട്ടികൾ, മുന്നണികൾ ദ്വന്ദ്വയുദ്ധം എന്നോണം മൽസരിക്കുന്നിടത്തേ ഈ പകുതിയിലധികം ജനങ്ങളുടെ സമ്മതി എന്ന മാനദണ്ഡം തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഫലപ്രദമായി പ്രതിഫലിക്കൂ. അതാവട്ടെ തീരെ ഗുണകരമായിരിക്കില്ല, ഒരു മൂന്നാം ബദൽ വേണം, പറ്റുമെങ്കിൽ നാലും അഞ്ചും വേണം എന്നത് തന്നെയാണ് ഇതുവരെയുള്ള നമ്മുടെ ജനാധിപത്യ ചരിത്രം നമ്മെ പഠിപ്പിക്കുന്നതും.

ഇവിടെ നിന്ന് നാം വീണ്ടും യുപിയിലേയ്ക്ക് തിരിച്ചുവന്നാൽ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിച്ച കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബി എസ് പി, ബിജെപി എന്നിവയൊക്കെയും ഒന്നിലധികം തവണ അവിടെ അധികാരം കയ്യാളിയിട്ടുള്ളവരാണ്. അവസാന നിമിഷം തട്ടിക്കൂട്ടിയ എസ് പി – കോൺഗ്രസ് സഖ്യമില്ലായിരുന്നുവെങ്കിൽ അവിടെ ഒരു ചതുഷ്കോണ മൽസരമായിരുന്നേനെ നടക്കുക. ഒപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ പോന്നവണ്ണം പ്രസക്തമല്ലെങ്കിലും ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉണ്ട്. അഖിലേഷ് – രാഹുൽ സഖ്യം ഒടുക്കം അത്, എൻഡിഎ, ബി എസ് പി എന്നിങ്ങനെ മത്സരത്തെ ഏതാണ്ട് ഒരു ത്രികോണമാക്കി എന്ന് മാത്രം.

ഇത്തരം നാമമാത്രമല്ലാത്ത ത്രികോണ, ചതുർഭുജ, പഞ്ചഭുജ മത്സരങ്ങൾ ജനാധിപത്യത്തെ കൂടുതൽ ജനാധിപത്യപരമാക്കുന്നു എന്ന് നമുക്ക് തീർച്ചയായും വാദിക്കാം. ഇവിടെ ‘നാമമാത്രമല്ലാത്ത’ എന്ന വ്യവസ്ഥ പ്രത്യേകം ശ്രദ്ധിക്കുക. കേരളത്തിൽ പോലും വോട്ടിങ്ങ് മെഷീനിൽ പത്ത് – പന്ത്രണ്ട് പേർ കാണും നമുക്ക് തെരഞ്ഞെടുക്കാൻ. എന്നുവച്ച് ആ മത്സരം പന്ത്രണ്ട് കോൺ ആവില്ലല്ലോ. യുപിയിൽ നടന്ന ത്രികോണ മത്സരം അങ്ങനെ നാമമാത്രമായ ഒന്നായിരുന്നില്ല എന്ന് വ്യക്തം. പക്ഷേ അപ്പോഴും അവിടെ ജനഹിതം പ്രതിഫലിച്ചോ? ഇല്ല എന്നതാണ് സത്യം. മത്സരത്തിന്റെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു വിജയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ചുരുക്കി പറഞ്ഞാൽ നമ്മുടെ തെരഞ്ഞെടുപ്പ് ജനഹിതത്തെയല്ല, അതിനെ തെരഞ്ഞെടുപ്പ് എന്ന മത്സരത്തിനനുരൂപമായി മാനിപ്യുലേറ്റ് ചെയ്യാനുള്ള കഴിവിനെ പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. യുപിയിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വെറും 42.30 ശതമാനം വോട്ടിന്റെ പിൻബലത്തിൽ 88 ശതമാനത്തിലധികം സീറ്റ് നേടിയ അതേ തന്ത്രങ്ങൾ തന്നെയാണ് ഇന്ന് സംസ്ഥാനതലത്തിലും നടപ്പായതെന്ന് ചുരുക്കം. ഇത് മത്സരത്തിന്റെ കോണ് കൂടുന്നതനുസരിച്ച് വോട്ടും ഭിന്നിച്ച് പോകും എന്ന ഒരു യാന്ത്രിക വിശദീകരണത്തിൽ ഒതുങ്ങുമോ?

ഭിന്നിപ്പിക്കുന്നുവോ കേന്ദീകരിക്കുന്നുവോ?

വോട്ടുകൾ ഭിന്നിച്ച് പോകുന്നത് അൻപത് പോയിട്ട് മുപ്പതോ, ഇരുപത്തിയഞ്ചോ, അങ്ങനെ ശതമാനകണക്കിൽ എത്ര ചെറിതായ വോട്ട് നേട്ടത്തെയും മൽസരത്തിൽ വിജയിക്കാൻ പോന്നതാക്കി മാറ്റാം. അതായത് ഒരുപോലെ കരുത്തരായ പന്ത്രണ്ട് സ്ഥാനാർത്ഥികൾക്കിടയിൽ നടക്കുന്ന ഒരു മത്സരത്തിൽ വെറും ഒൻപത് ശതമാനം വോട്ട് നേടുന്ന, അതായത് 91 ശതമാനം തത്വത്തിൽ വേണ്ടെന്ന് വച്ച ഒരാളിന്റെ വിജയത്തിലും കലാശിക്കാം. എന്നാൽ ഈ കണക്കിലെ പ്രതിലോമ സാധ്യത പൊലിപ്പിച്ച് കാട്ടി ജനാധിപത്യത്തിൽ പൗരന് ചോയിസുകൾ കൂടുന്നത് ശരിയല്ല  എന്ന് വാദിക്കാനും പറ്റില്ല. എന്നാൽ നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് ഒരു അപകടം തന്നെയാണ് താനും. അപ്പോൾ പിന്നെ ഇതിനെ എങ്ങനെ വിശകലനം ചെയ്യും?

തിരഞ്ഞെടുക്കാൻ രണ്ടേയുള്ളോ അതോ ഇരുപതുണ്ടോ എന്ന കേവലം സംഖ്യാപരമായ ബഹുത്വത്തിലല്ല ജനാധിപത്യപരമായ ചോയിസുകളുടെ ധനാത്മക സാധ്യതകൾ നിലനിൽക്കുന്നത്, മറിച്ച് ജനാധിപത്യ മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന തരം പ്രത്യയശാസ്ത്രങ്ങളുടെ, രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ പ്രായോഗിക തിരഞ്ഞെടുപ്പ് ലഭ്യതയിലാണ്. ഇതിന് സമാന്തരമായി തിരഞ്ഞെടുക്കുന്ന ജനതയുടെ മാനദണ്ഡങ്ങളുടെ
ആഴവും കൃത്യതയും കൂടി വരുന്നതോടെ ചോയിസ് കൂടുന്നതിനനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്നത് ഏറ്റവും മെച്ചമായിരിക്കും എന്നുവരുന്നു. അതായത് ഒൻപത് ശതമാനം വോട്ട് കിട്ടി വിജയിച്ചാലും അത് ലഭ്യമായതിൽ ഏറ്റവും മികച്ചതാകുന്നു എന്ന്.

അല്ലെങ്കിൽ സംഭവിക്കുന്നത് ചോയിസുകൾ തിരഞ്ഞെടുക്കേണ്ടവരെ ആശയകുഴപ്പത്തിലാക്കുക എന്ന സാധ്യതയാണ്. അത് സംഭവിക്കുന്നതോടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാനദണ്ഢം ജനഹിതത്തിനൊത്ത് നിൽക്കുക എന്നതിൽ അപ്പുറം അതിനെ മാനിപ്യുലേറ്റ് ചെയ്യുക എന്നതിലേയ്ക്ക് വഴിമാറുന്നു. പ്രത്യേകിച്ച് ഒരു ബഹുസ്വര രാഷ്ട്രത്തിൽ ജനഹിതമെന്നത് ജാതീയവും മതപരവും വംശീയവുമായ സ്വത്വബോധത്തിലേയ്ക്ക് ചുരുക്കപ്പെടുമ്പോൾ. ഡെമോഗ്രഫിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവുകയും വിശാലമായ ജനാധിപത്യ, മതേതര കാഴ്ചപ്പാടുകളുടെ ചുമട് ഇറക്കി വയ്ക്കുകയും ചെയ്യുന്ന ഒരു ഒരു ഭൂരിപക്ഷ മതവാദത്തിന് സ്വത്വവാദാനന്തര പ്രായോഗിക രാഷ്ട്രീയത്തിൽ നല്ല ഒരു മാനിപ്യുലേറ്ററിന്റെ സഹായം മാത്രം മതി ഈ കളിയിൽ വിജയിക്കാൻ.

അമിത്ഷാ മോഡൽ ജനാധിപത്യം 

അമിത് ഷാ ഒരു രാഷ്ട്രീയ ദാർശനികനാണെന്നൊന്നും ബിജെപിക്കാർ പോലും പറയുമെന്ന് തോന്നുന്നില്ല. അയാൾ ഒരു നല്ല മാനിപ്യുലേറ്ററാണെന്ന് അവർ പക്ഷേ സമ്മതിക്കുകയുമില്ല. അത് അങ്ങനെ നിൽക്കുമ്പോഴും യുപിയിൽ പണ്ടും ഇക്കുറിയും  ഈ കണക്കിലെ കളിയിൽ ബിജെപി ജയിച്ചതിന്റെ പിന്നിൽ അയാൾ തന്നെയാണ്. ഇത്  ബിജെപിയുടെ സൈദ്ധാന്തിക ആചാര്യനായ ടിജി മോഹൻദാസ് ഒരു ചാനൽ തിരഞ്ഞെടുപ്പ് വിശകലന ചർച്ചയിൽ പങ്ക് വച്ച ചില അറിവുകൾ കൂടി ഉപയോഗിച്ച് വിശദീകരിക്കാം. അതായത് യുപിയിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറായപ്പോൾ പലരും പറഞ്ഞത്രേ, ഇതിൽ പേരിനുപോലും ഒരു മുസ്ളീമില്ലല്ലോ, ലോക് ക്യാ സോച്ചേങ്കേ, മീഡിയ ക്യാ ബോലേങ്കേ എന്നൊക്കെ. ചുമ്മാ പേരിന് കുറച്ച് മുസ്ലീം നാമധാരികളെ കൂടി കൂട്ടിചേർത്ത് ഒന്ന് പരിഷ്കരിച്ചുകൂടെ എന്ന വാദം മുറുകിയപ്പോൾ അമിത് ഷാ, ലിസ്റ്റ് വിമർശകരുടെയും ശങ്കാലുക്കളുടെയും കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, എങ്കിൽ പിന്നെ നിങ്ങൾ ഉണ്ടാക്കിക്കോ…! മോദി ഉടൻ ഇടപെട്ട് ഇനി അവസാന നിമിഷം തർക്കമൊന്നും വേണ്ട, അമിത്ജീ തീരുമാനിക്കു എന്ന് പറഞ്ഞ് ഒത്തുതീർപ്പാക്കി. ആ പട്ടികയാണ് 81 ശതമാനം നേടി വിജയിച്ചത്.

മോഹൻ ദാസ്ജി ഇത് ഒരു ചോദ്യത്തിന്റെ ഉത്തരം എന്ന നിലയിൽ, ബിജെപിയിൽ മോദിക്ക് ഒരു ഏകഛത്രാധിപതി പരിവേഷമൊന്നുമല്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് സ്ഥാപിക്കാൻ പറഞ്ഞതാണ്. പക്ഷേ അതിനിടയിലൂടെ തന്ത്രം കൂടി പുറത്ത് ചാടി എന്ന് മാത്രം. മുസാഫർനഗർ കലാപം ആരാസൂത്രണം ചെയ്തു എന്നതൊന്നും ഇവിടെ പ്രസക്തമല്ല. അതിനെ നിയന്ത്രിക്കുന്നതിൽ ഭരിക്കുന്ന അഖിലേഷ് പരാജയപ്പെട്ടു. മായാവതിക്കും അതിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ല എന്നത് പോട്ടെ, അതിൽ മുറിവേറ്റവരുടെ വികാരത്തെ തങ്ങളുടെ പക്ഷത്തേക്ക് വരവുവയ്ക്കാൻ പോന്ന ഒരു ഉമ്മൻ ചാണ്ടി ലൈൻ ജനസമ്പർക്കം നടത്താൻ പോലും കഴിഞ്ഞില്ല. ഇതിലൂടെയോക്കെ സ്വന്തം ശക്തികേന്ദ്രമായ മതന്യൂനപക്ഷത്തിന്റെ പിന്തുണ ഒലിച്ച് പോകുന്നത് അറിഞ്ഞില്ലെന്നത് കൂടാതെ, നോട്ട് നിരോധനം ചെയ്തുകൊള്ളും പണി എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു എൻഡിഎ ഇതര കക്ഷികൾ.

കോൺഗ്രസ്സും അവർ കഴിഞ്ഞാൽ ഏറ്റവും അധികം ഭരിച്ച ബിജെപിയും ദരിദ്രനാരായണരായി നിലനിർത്തി പോന്ന മനുഷ്യരിൽ ഒരു നല്ല ശതമാനം വസിക്കുന്ന യുപിയിൽ നോട്ട് നിരോധനം നേരിട്ട് ബാധിക്കും, അത് സ്വയം ഒരു രാഷ്ട്രീയ തീരുമാനമായി മാറിക്കൊള്ളും എന്നൊക്കെ ധരിക്കുന്നതിൽ ഒരു വലിയ യുക്തിരാഹിത്യമുണ്ട്. അവരുടെ പ്രശ്നം പണം പിൻവലിക്കാനാകുന്നില്ല എന്നതല്ല, പിന്‍വലിക്കാൻ പണം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നതാണ്. അപ്പോൾ മോദിജി ആയിരവും അഞ്ഞൂറും പിൻവലിച്ചതോടെ ഇവിടത്തെ പണക്കാർ തൽക്കാലത്തേക്കെങ്കിലും തങ്ങൾ അനുഭവിക്കുന്ന അവസ്ഥ എന്തെന്ന് ഒന്നു മനസിലാക്കുമല്ലോ എന്ന് അവർ ചിന്തിച്ചാൽ അതിൽ എന്താണ് തെറ്റ്! കൂടാതെ കള്ളപ്പണം ഈ പോക്ക് പോയാൽ രാജ്യം പാകിസ്ഥാന്റെ കയ്യിലിരിക്കും എന്ന പ്രചാരണവും. പിന്നെ ഇത് ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക മാന്ദ്യം. അതും മന്ദതയില്ലാത്ത ഒരു ഇകോണമി അനുഭവിച്ചവർക്ക് മാത്രം ഉള്ള ഒരു പ്രശ്നമല്ലേ. സദാ മാന്ദ്യത്തിൽ കഴിയുന്നവർക്ക് ഇനിയെന്ത് പുതിയൊരു മാന്ദ്യം!

പട്ടിണിക്കിട്ട് വോട്ട്ബാങ്ക് നിർമ്മാണം

അങ്ങനെ ആൾക്കാരെ പട്ടിണിക്കിടുന്നത് തന്നെയും തങ്ങൾക്ക് അനുകൂലമായ ഒരു ‘ജനഹിത‘ നിർമ്മാണത്തിന് ഉപയോഗിക്കാൻ പറ്റും എന്ന് യുപി വഴി ഇന്ത്യയ്ക്ക് മനസിലാക്കിക്കൊടുക്കുന്നു ‘ജനഹിത’ത്തിന്റെ ഈ മാതൃക. അത്തരം ഒരു മുന്നൊരുക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അമിത്ഷാ എന്ന മാനിപ്യുലെറ്റർ എങ്കിൽ പിന്നെ നിങ്ങൾ ഉണ്ടാക്കിക്കോ എന്നുപറഞ്ഞ് ഇരുപത് ശതമാനം വരുന്ന മുസ്ളീം സമുദായത്തിന് പേരിനുപോലും പ്രതിനിധാനമില്ലാത്ത ഒരു പട്ടിക വിമർശകരുടെ വാദമുഖത്തേയ്ക്ക് വലിച്ചെറിയുന്നത്. മോദി അത് പെറുക്കി ഉടൻ താങ്കൾ നിശ്ചയിക്കൂ എന്ന് പറഞ്ഞ് തിരികെ നൽകുന്നു. പിന്നെ ഉണ്ടായത് ചരിത്രം.

പ്രശ്നം അതുമല്ല, ഇനി ഉണ്ടാകാൻ പോകുന്നതാണ്. ടിജി മോഹൻ ദാസിനെ തന്നെ പിന്നെയും അബലംബിച്ചാൽ ജാതി, സാമുദായിക സ്വത്വങ്ങൾ രാഷ്ട്രീയമായി പരാജയപ്പെടുമ്പോൾ പിന്നെ ജനത്തിന് താങ്ങായി മതസ്വത്വം മാത്രമെ ഉണ്ടാകൂ! അപ്പോൾ ന്യൂനപക്ഷങ്ങൾ? അവരുടെ കാര്യം നോക്കാനും ഇവിടത്തെ ഹിന്ദുക്കൾക്കറിയാം!  ഇതൊരാൾ ചുമ്മാ വിടുവാ പറയുന്നതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിൽ പയറ്റി മൃഗീയ വിജയം നേടിയ ഒരു രാഷ്ട്രീയ തന്ത്രത്തെ കേരളത്തിലെ അവരുടെ ‘കട്ട ലോക്കൽ’ സൈദ്ധാന്തിക ആചാര്യൻ അവതരിപ്പിക്കുന്നതാണ്. ഇതിന്റെ ഫലം അനുഭവിക്കാൻ പോകുന്നതാകട്ടെ സാധാരണ മനുഷ്യരും.  മുസ്ളിങ്ങൾക്ക് വാടകയ്ക്ക് വീടില്ല, പറ്റുകൊടുക്കുന്ന കടയില്ല എന്ന സാഹചര്യം വ്യാപിക്കുന്നത്, അവർ സ്വന്തം നിലയ്ക്ക് ചെറുത്തുനില്‍പ്പുകൾ സംഘടിപ്പിക്കുന്നത് പോലും മറുവശത്ത് ഒരു രാഷ്ട്രീയ അജണ്ട നടപ്പിലാവുന്ന സുഖമാണ് നൽകുന്നത്. എന്നുവച്ച് അവർക്ക് ജീവിക്കണ്ടേ?

യുപിയിൽ നിന്ന് കേട്ട ഒരു കഥ കൂടി പറഞ്ഞ് നിർത്താം. അവിടത്തെ പല മുസ്ലീം ഭൂരിപക്ഷ മണ്ഢലങ്ങളിലും ബിജെപി വിജയിച്ചു എന്നാണല്ലോ കേൾക്കുന്നത്. മുസഫർനഗർ കലാപം നടന്നപ്പോൾ അതിൽ ഫലപ്രദമായി ഇടപെടാൻ അഖിലേഷിന് കഴിഞ്ഞില്ല. മായാവതി അങ്ങോട്ട് തിരിഞ്ഞുനോക്കിയേ ഇല്ലത്രേ. അപ്പോൾ പിന്നെ ജീവിക്കാൻ മറ്റെന്താണൊരു വഴി? മനുഷ്യർ ഗുണ്ടാ പിരിവ് കൊടുക്കുന്നത് ഗുണ്ടാരാജിനോടുള്ള താല്പര്യം കൊണ്ടാണെന്ന് പറയാനാവില്ലല്ലോ.

അമിത് ഷാനന്തര ഇന്ത്യൻ ജനാധിപത്യം വിഭജനങ്ങളുടെതായിരിക്കും എന്ന സൂചന തന്നെയാണ് യു പിയിൽ നിന്ന് ഉൾപ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നത്; സ്വത്വരാഷ്ട്രീയം കൊണ്ട് അതിനെ ബലപ്പെടുത്താനേ പറ്റൂ എന്നും. മോചനത്തിനുള്ള വഴി വേറെ വെട്ടേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍