UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷായുടെ ‘മുട്ടന്‍’ പാരമ്പര്യം

Avatar

ടീം അഴിമുഖം

നമ്മുടെ നാടിന്റെ വലിയ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് അമിത് ഷായെ ഭരണകക്ഷിയായ ബിജെപിയുടെ അദ്ധ്യക്ഷനായി 2014 ജൂലൈ 9ന് നിയമിച്ചു. കോടതിയില്‍ ഉള്ള കേസുകളുടെ തിരക്കൊഴിയുന്ന മുറയ്ക്ക് അദ്ദേഹം ഭരണകക്ഷിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ്. മൂന്ന് കൊലപാതക കേസുകള്‍, സാക്ഷികളെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന സംഘത്തിനെ പോറ്റല്‍, വിരോധമുള്ള ഉദ്യോഗസ്ഥരെ വെടിവയ്ക്കുന്നതിനായി കുറ്റവാളികളെ വാടകയ്‌ക്കെടുക്കല്‍ തുടങ്ങിയ ചില്ലറ കുറ്റങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനെതിരായി ഉള്ളത്. 

ഇത്തരം സ്ഥാനങ്ങളില്‍ എത്തപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ പല പ്രമുഖരുടെയും പാരമ്പര്യം പിന്തുടരുന്ന വലിയ തന്ത്രജ്ഞനാണ് അമിത് ഷാ. ഇന്ത്യയെ വലിയ പ്രശസ്തികളിലേക്കും യുദ്ധ വിജയങ്ങളിലേക്കും നയിക്കുകയും ആഭ്യന്തര അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തുകയും പ്രതിപക്ഷ നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആയിരങ്ങളെ പ്രകോപനമില്ലാതെ ജയിലില്‍ അടയ്ക്കുകയും തത്വദീക്ഷയില്ലാത്ത പുത്രന്‍ സഞ്ജയന് രാജ്യത്തിന്റെ അവകാശം തീറെഴുതി നല്‍കുകയും ചെയ്ത ഇന്ദിര ഗാന്ധിയെ 1975-78 കാലഘട്ടത്തിന് ശേഷവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമാധികാരിയായി തുടരാന്‍ അനുവദിച്ചിരുന്നു. 1975ലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവസംസ്‌കാര ചടങ്ങിലെ മുഖ്യകര്‍മി അവരായിരുന്നു. അവരുടെ അധികപ്പറ്റുകള്‍ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തു. പക്ഷെ മറ്റുള്ളവര്‍ ആരും കാണാത്ത നിരവധി കഴിവുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അവരില്‍ കണ്ടു. അങ്ങനെ അവര്‍ക്ക് ഇന്ദിര ഇന്ത്യയും ഇന്ത്യ ഇന്ദിരയുമായി മാറി. 

1980ല്‍ അവര്‍ നേടിയ ഞെട്ടിപ്പിക്കുന്ന വിജയം അവരുടെ എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ പര്യപ്തമായിരുന്നു. അല്ലെങ്കില്‍ അവരുടെ പാപങ്ങള്‍ കഴുകി കളയാനുള്ള ധാര്‍മ്മിക അധികാരം ഇന്ത്യയിലെ വോട്ടര്‍മാര്‍ അവര്‍ക്ക് നല്‍കി എന്നും പറയാം. പക്ഷെ 1984ലെ കഥയ്ക്ക് ചെറിയ പാഠഭേദം ഉണ്ടായിരുന്നു. പ്രത്യേകിച്ചും സ്വന്തം അമ്മയുടെ വധത്തിന് ശേഷമുണ്ടായ ഡല്‍ഹിയിലെ സിഖ് കുരുതിയെ ന്യായീകരിച്ചുകൊണ്ട് രാജീവ് ഗാന്ധി അധികാരത്തില്‍ ഏറിയപ്പോള്‍. വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ചെറുതായി ഒന്നു കുലുങ്ങും എന്നായിരുന്നു ആ മനുഷ്യന്റെ ന്യായീകരണം. ആ ന്യായീകരണത്തിന് മേല്‍ അയാള്‍ ഈ രാജ്യം ഭരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ തെരുവുകളിലൂടെ കൊലപാതക സംഘങ്ങളെ നയിക്കുകയും ആയിരക്കണക്കിന് സിഖുകാരുടെ കഴുത്തറക്കുകയും ചെയ്തവരായിരുന്നു മന്ത്രിസഭയിലേയും പാര്‍ട്ടിയിലേയും അയാളുടെ കൂട്ടാളികള്‍. ആ കലാപത്തിലെ ഇരകള്‍ ചൂണ്ടിക്കാട്ടിയ പേരുകളില്‍ ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍ കുമാറും കമല്‍നാഥും ഉണ്ടായിരുന്നു. ആ കലാപത്തിലെ ഇരകള്‍ ഡല്‍ഹിയിലെ അഴുക്ക് ചാലുകളില്‍ അലയുന്ന സമയത്ത് കൂട്ടക്കുരുതി ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തവര്‍ തലസ്ഥാന നഗരിയിലെ മന്ത്രിസൗദങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു.

ദശാബ്ദങ്ങള്‍ക്ക് ശേഷവും കഥയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. കുറ്റവാളികളെയും കൊലപാതകികളെയും തട്ടിപ്പുകാരെയും മഹത്വവല്‍ക്കരിക്കാനും ജ്ഞാനസ്‌നാനം ചെയ്യിക്കാനും മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അമിത പ്രയത്‌നം ചെയ്യുന്നു. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ കുറ്റവാളികളെയും കരുത്തുറ്റ നേതാക്കളെയുമാണ് മറ്റെന്തിനെക്കാളും തങ്ങള്‍ക്ക് പഥ്യം എന്ന് ഈ ജനാധിപത്യ രാജ്യത്തിലെ സുന്ദരന്മാരും സുന്ദരികളും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. 

ബിജെപി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷാ ഒറ്റയ്ക്കല്ല. അദ്ദേഹത്തിന്റെ തലതൊട്ടപ്പനും ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ഈ മേഖലയില്‍ ഇതിനെക്കാള്‍ നേട്ടങ്ങള്‍ കൊയ്ത ആളാണ്. ഗുജറാത്ത് കലാപ കാലത്ത് നടപടികള്‍ സ്വീകരിക്കാതിരുന്നതിന് സുപ്രീം കോടതി അയാളെ ആധുനിക നീറോ എന്ന് വിളിച്ചിട്ടുണ്ട്. കലാപം അടിച്ചമര്‍ത്തുന്നതില്‍ അയാള്‍ പരാജയപ്പെട്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2004ല്‍ ബിജെപിയും സഖ്യ കക്ഷികളും പരാജയപ്പെട്ടതിന് ഏക കാരണം ഗുജറാത്ത് കലാപമായിരുന്നു എന്ന് പറഞ്ഞത് അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. രാജ്യ ധര്‍മ്മം നിര്‍വഹിക്കാന്‍ അദ്ദേഹം മോദിയെ ഉപദേശിക്കുകയും ചെയ്തിരുന്നു.

പക്ഷെ നമ്മുടെ മഹത്തായ രാഷ്ട്രത്തിന് ഒരു പാരമ്പര്യം ഉണ്ട്. ഒരു ന്യൂനപക്ഷത്തിന്റെ കൈയില്‍ നിന്നായാലും നിങ്ങള്‍ക്ക് വോട്ട് കിട്ടുകയും തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്താല്‍ നിങ്ങളുടെ എല്ലാ ചെയ്തികളും നീതീകരിക്കപ്പെടും. നിങ്ങളുടെ ഭൂതവും ഭാവിയും നീതീകരിക്കപ്പെടും. പിന്നെ നിങ്ങള്‍ ലജ്ജിക്കുകയോ തലതാഴ്ത്തി നടക്കുകയോ ചെയ്യേണ്ടതില്ല. ക്രിമിനല്‍ ചെയ്തികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യ തിന്മകളും തുടച്ചു മാറ്റാന്‍ നിരക്ഷരികള്‍ക്ക് ഭൂരിപക്ഷമുള്ള ആ സമ്മതിദാനം നിങ്ങളെ സഹായിക്കും. പ്രിയപ്പെട്ട വായനക്കാരെ വോട്ട് മാത്രമാണ് കാര്യം. ഭവത്ഗീത പറയുന്നത് ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍