UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ പത്ത് പഞ്ചായത്ത് പിടിക്കലല്ല അമിത് ഷായുടെ ലക്ഷ്യം

Avatar

സാജു കൊമ്പന്‍

മോദിയുടെ വക ‘മാന്‍ ഓഫ് ദി മാച്ച്’ അവാര്‍ഡ് ഏറ്റുവാങ്ങി ബി ജെ പി അദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്തതിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണത്തിലായിരുന്നു അമിത് ഷാ. മുസ്ലിം ഭൂരിപക്ഷ കാശ്മീരില്‍ അടക്കം മുന്നേറ്റം സൃഷ്ടിക്കാമെന്ന അതിമോഹത്തിലാണ് മോദിയും ഷായും. രാഷ്ട്രീയം സാധ്യതയുടെ കല ആയതുകൊണ്ട് തന്നെ ഇതൊരു അതിമോഹമാണെന്ന് പറയാനും പറ്റില്ല. എന്തായാലും  കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ വിജയിച്ച അമിത് ഷാ തന്ത്രം ഇന്ത്യലെമ്പാടും പ്രാവര്‍ത്തികമാക്കുക തന്നെയായിരിക്കും വരും ദിനങ്ങളില്‍ ബി ജെ പിയുടെ ലക്ഷ്യം.

ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ കഴിഞ്ഞതിന് ശേഷം അമിത് ഷാ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തത് കേരളമാണ് എന്നത് തന്നെയാണ് ഷായുടെ കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം. തെക്കേ ഇന്ത്യയില്‍ കര്‍ണാടകത്തില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ബി ജെപിക്ക് കഴിഞ്ഞെങ്കിലും അഴിമതിയും സ്വജന പക്ഷപാതവും മുത്തലിഖും ഒക്കെ ചേര്‍ന്ന് അതിന്‍റെ പ്രഭ കെടുത്തിക്കളഞ്ഞു എന്നത് ബി ജെ പിക്കാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ കര്‍ണ്ണാടകയിലെ മുന്നേറ്റം അതിര്‍ത്തി കടത്തി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ബിജെപിക്കൊട്ട് കഴിഞ്ഞിട്ടുമില്ല. കര്‍ണ്ണാടകയല്ല മറിച്ച് തെക്കേ ഇന്ത്യയില്‍ തങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കണമെങ്കില്‍ സാമൂഹിക ജീവിത നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും വിവിധ മത സാമുദായിക വിഭാഗങ്ങള്‍ക്കും അത്യാവശ്യം രാഷ്ട്രീയ സ്വരം ഉയര്‍ത്താന്‍ കഴിയുന്നതുമായ കേരളത്തില്‍ നിന്നു തന്നെ തുടങ്ങണമെന്ന് അമിത് ഷാ കരുതിയിട്ടുണ്ടാകണം. വികസനമെന്ന മായാ വിഭ്രാന്തിയില്‍ കഴിയുന്ന കേരളത്തിലെ ഒരു പുതു തലമുറ മധ്യവര്‍ഗത്തിനിടയില്‍ മോദിക്ക് കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഈ ഒരു താത്പര്യത്തെ  അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുക എന്നത് തന്നെയാണ് അമിത് ഷായുടെ വരവിന്‍റെ പ്രഥമ ലക്ഷ്യം. അതോടൊപ്പം തുടര്‍ന്ന് വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് നീളുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് അടിത്തറ പാകുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് എന്ന് കരുതാനും സമീപകാല തെളിവുകള്‍ ധാരാളം.

സാമുദായിക ധ്രുവികരണം ഒരു വശത്തുകൂടി സാധിച്ചെടുത്തുകൊണ്ട് മികച്ച വിളവുണ്ടാക്കാം എന്ന ഉത്തരേന്ത്യന്‍ പരീക്ഷണം മുന്പില്‍ നില്‍ക്കുമ്പോള്‍ തന്നെ കേരളം പോലുള്ള സംസ്ഥാനത്ത് ഏറ്റവും ഗുണം ചെയ്യുക തങ്ങളോട് പ്രണയം കാണിക്കുന്ന ‘മറ്റുള്ളവരെ’ കൂട്ടത്തില്‍ കൂട്ടുക എന്ന തന്ത്രമായിരിക്കും എന്ന് ബി ജെ പിക്ക് നന്നായറിയാം. കേരളത്തില്‍ പയറ്റാന്‍ പോകുന്നത് അതുതന്നെയായിരിക്കും എന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. അതുകൊണ്ടാണ് പശ്ചിമഘട്ട വിഷയത്തില്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെയും ആര്‍ എസ് എസിന്റെയും പ്രഖ്യാപിത നിലപാടില്‍ നിന്നു തെന്നി മാറി ഗാഡ്ഗില്‍ റിപ്പോര്‍ട്ടല്ല പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടായിരിക്കും പരിഗണിക്കുക എന്ന മൃദു സമീപനം കേന്ദ്ര ഗവണ്‍മെന്‍റ് സ്വീകരിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കുള്ള  മോദിയോടുള്ള സ്നേഹ പ്രഖ്യാപനവും ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.  

കോണ്‍ഗ്രസിനുള്ളില്‍ അടിക്കടി ഉണ്ടാകുന്ന കുഴപ്പങ്ങളും ഉമ്മന്‍ ചാണ്ടി തുടരെ തുടരെ നേരിടുന്ന ആരോപണങ്ങളും ചേര്‍ന്ന് യു ഡി എഫിനുണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടത്തില്‍ നിന്നും നേട്ടം കൊയ്യാമെന്നും ബി ജെ പി കണക്കു കൂട്ടുന്നുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടാനായാല്‍ അതിന്‍റെ ബലത്തില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാളയത്തിലേക്ക് യു ഡി എഫില്‍ നിന്ന് ആരെയെങ്കിലുമൊക്കെ കൂട്ടാന്‍ പറ്റുമോ എന്ന് നോക്കാനും ബി ജെ പി മടിക്കില്ല. കെ എം മാണിയോടുള്ള ഒരു വിഭാഗം ബി ജെ പി നേതാക്കളുടെ സ്നേഹ പ്രകടനത്തെ അതിന്‍റെ ടെസ്റ്റ് ഡോസായിട്ടു വേണമെങ്കില്‍ കാണാവുന്നതാണ്. ഇടതുപാളയത്തെ അത്ര വിശ്വാസത്തിലെടുക്കാത്ത മാണിക്ക് കേരള ഭരണം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ കേന്ദ്രത്തില്‍ മകനൊരു പ്ലേസ്മെന്‍റ് നേടിക്കൊടുക്കാന്‍ ബി ജെ പി ബന്ധം കൊണ്ട് സാധിക്കുമെങ്കില്‍ മൂന്നാമതൊരു മുന്നണി രൂപീകരണവും കേരള രാഷ്ട്രീയം ചിലപ്പോള്‍ കണ്ടേക്കാം. എന്തായാലും മകന്‍റെ മന്ത്രി പദ മോഹം യു പി എ സര്‍ക്കാരിന്റെ കാലത്ത് നടക്കാതെ പോയതിന്‍റെ ചൊരുക്ക് ഇപ്പൊഴും മാണിയുടെ മനസിലുണ്ട്. കേരളത്തിനായി മോദി ഒഴിച്ചിട്ടിരിക്കുന്ന മന്ത്രിക്കസേര ആര്‍ക്ക് എന്ന കാര്യത്തില്‍ തീരുമാനമാകണമെങ്കില്‍ കേരള രാഷ്ട്രീയം കുറച്ചുകൂടി കലങ്ങി തെളിയേണ്ടതുണ്ട്.

കണ്ണൂരിലടക്കം സി പി ഐ എമ്മില്‍ രൂപം കൊള്ളുന്ന പ്രാദേശിക അസംതൃപ്തി മുതലെടുത്ത് ആളെകൂട്ടുക എന്ന നയം സ്വീകരിക്കാനാണ് ബി ജെ പിയുടെ തീരുമാനം. അതുകൊണ്ട് തന്നെയായിരിക്കാം പിണറായിയില്‍ പ്രാദേശിക ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും അടിക്കൊത്ത തിരിച്ചടി കൊടുക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറാകാതിരുന്നത്. സാധാരണ പ്രവര്‍ത്തകരോടുള്ള ശത്രുത മാറ്റി വയ്ക്കാന്‍ ബി ജെ പി തീരുമാനിച്ചിരിക്കുന്നു എന്നാണ് കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍. ഇന്നും മാക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന അടിത്തറയായ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ബി ജെ പിയെ പ്രതീക്ഷാനിര്‍ഭരമായി നോക്കുകയാണ് എന്നാണ് ഹിന്ദുത്വ ബുദ്ധിജീവിയായ പി പരമേശ്വരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. എന്തായാലും ദളിത് പിന്നോക്ക വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കങ്ങള്‍ ബി ജെ പി ആരംഭിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് നടന്ന കായല്‍ സമ്മേളന ശതാബ്ദിയില്‍ മോദി പങ്കെടുത്തത്. പിന്നീട് ശിവഗിരിയിലും മോദി എത്തുകയുണ്ടായി. ഇത്തരം സാമുദായിക സംഘടനകളെ തങ്ങളുടെ റിക്രൂട്ടിംഗ് ഏജന്‍സികളാക്കി മാറ്റാനുള്ള ശ്രമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബി ജെ പി ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

ബെസ്റ്റ് ഓഫ് അഴിമുഖം

അമിത് ഷായുടെ ‘മുട്ടന്‍’ പാരമ്പര്യം
മോദി ഭക്തര്‍ക്കെന്ത് കുന്നംകുളം പോളിയും ശ്രീകൃഷ്ണാ കോളേജും?നമോ വിചാറുകാരെ ആനയിക്കുംമുമ്പ് പിണറായി വിജയന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍
അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?
അഡ്വ. ജയശങ്കറിന്റെ രാഖിയും ളാഹ ഗോപാലന്റെ ഫ്യൂഡല്‍ സമീപനങ്ങളും: എവിടെ ദളിത് ബുദ്ധിജീവികള്‍?

വെള്ളാപ്പള്ളിയെയും സുകുമാരന്‍ നായരെയും പോലുള്ള സാമുദായിക നേതാക്കള്‍ യാതൊരു ഉളുപ്പുമില്ലാതെ വര്‍ഗ്ഗീയത നിറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതും മുസ്ലീംലീഗിനെ കക്ഷി ചേര്ത്ത് അടിക്കടി വര്‍ഗീയതയുടെ നിറമുള്ള വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും അതില്‍ ബി ജെ പി കക്ഷി ചേരുന്നതും ഒരു വശത്ത് സാമുദായിക ധ്രുവീകരണത്തിന്റെ സാധ്യതകളും സംഘപരിവാര്‍ പരീക്ഷിക്കുന്നുണ്ട് എന്നതിന് തെളിവാണ്. അതിന് അറിഞ്ഞോ അറിയാതെയോ ഇടതു പാര്‍ട്ടികളും വഴിയൊരുക്കി കൊടുക്കുന്നുണ്ട് എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ വിവാദ തീരുമാനത്തില്‍ വര്‍ഗ്ഗീയത എന്ന പദ പ്രയോഗമെടുത്തിട്ട എ കെ ബാലന്റെ പ്രസ്താവനയും കര്‍ദിനാളിന്റെ മോദി താത്പര്യത്തെ വലിയ കാര്യമായി കണ്ടുകൊണ്ട് പിണറായി വിജയന്‍ എഴുതിയ ലേഖനവുമൊക്കെ ഉണ്ടാക്കുന്ന ഹിന്ദു വോട്ടുകളുടെ ഐക്യപ്പെടല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക ബി ജെ പിക്കായിരിക്കും എന്നതിന്‍റെ സൂചനകള്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെ നല്കിയിട്ടുണ്ട്.

എന്തായാലും ഏതെങ്കിലും പത്ത് പഞ്ചായത്ത് പിടിക്കാനല്ല അമിത് ഷാ കേരളത്തിലെത്തുന്നത് എന്നത് തീര്‍ച്ചയാണ്. അത് കേരളത്തിലെ കോണ്‍ഗ്രസുകാരും മാര്‍ക്സിസ്റ്റ് മുന്നണിയും തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇടുക്കി വഴി എത്തിയ ആര്‍ എസ് എസ് മുഖ്യന്‍ ഭഗവത്തിന്റെ കേരള യാത്രയും ഷായുടെ സന്ദര്‍ശനവുമായി കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന അദ്ദേഹത്തിന്റെ ‘വിശാല’ ഹിന്ദുത്വ കാഴ്ചപ്പാട് കേരളം പോലെ സമുദായിക ബലാബലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഏറെക്കുറേ തുല്യ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പയറ്റാന്‍ പോകുന്ന അടവ് നയത്തിന്‍റെ താത്വിക വിശദീകരണം കൂടിയാണ്. 

സെപ്തംബറില്‍ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ കാണാം എന്ന വാട്സാപ്പില്‍ പ്രചരിക്കുന്ന നരേന്ദ്ര മോദിയുടെ മലയാളത്തിലുള്ള ഓണാശംസ വീഡിയോയും സൂചിപ്പിക്കുന്നത് കേരളം മുഖ്യ അജണ്ടയായി ബി ജെ പി ഏറ്റെടുത്തിരിക്കുന്നു എന്നു തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍