UPDATES

അമിത് ഷായുടെ പ്രസംഗത്തിനിടെ ഹര്‍ദിക് പട്ടേല്‍ അനുയായികള്‍ യോഗസ്ഥലം കൈയേറി

അഴിമുഖം പ്രതിനിധി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ യോഗസ്ഥലം കൈയേറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി മന്ത്രിസഭയില്‍ അംഗങ്ങളായ പട്ടേല്‍ വിഭാഗക്കാര്‍ക്കുള്ള സൂറത്തിലെ സ്വീകരണ ചടങ്ങാണ് പട്ടേല്‍ സംവരണത്തിനായി വാദിക്കുന്ന ഹാര്‍ദികിന്റെ ആളുകള്‍ അലങ്കോലമാക്കിയത്.

അമിത് ഷാ വേദിയിലേക്ക് പ്രവേശിച്ചപ്പോള്‍തന്നെ ഹര്‍ദിക്, ഹര്‍ദിക് വിളികളുമായി സദസ്സിന്റെ അവസാനനിരയില്‍നിന്ന് ബഹളമുയര്‍ന്നു. തുടര്‍ന്ന് സദസ്സിലെ കസേരകള്‍ തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ സദസ്സിലുണ്ടായിരുന്ന ആളുകള്‍ തിരിച്ചുപോകുവാന്‍ തുടങ്ങി.

ബഹളത്തിനിടെ പ്രസംഗിക്കാനായി എഴുന്നേറ്റ അമിതാ ഷാക്ക് ആറു മിനിറ്റ് മാത്രമാണ് സദസ്സിനെ അഭിസംബോധന ചെയ്യാനായത്. മുഖ്യമന്ത്രി വിജയ് രൂപാണി, ബിജെപി സംസ്ഥാന പ്രസിഡന്റെ് ജിത്തു വാഗാനി, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല, പട്ടേല്‍ വിഭാഗക്കാരായ 44 മന്ത്രിസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ ഈ സമയം വേദിയിലുണ്ടായിരുന്നു.

ബിജെപിയുടെ ശക്തി തെളിയിക്കുന്നതോടൊപ്പം സംവരണ വിഷയത്തില്‍ പാര്‍ട്ടിയുമായി സ്വരചേര്‍ച്ച ഇല്ലാതെ നില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ് അമിത് ഷായുടെ നിര്‍ദേശപ്രകാരം സൂറത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്.

ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടു വേദിയിലേക്ക് പാഞ്ഞടുക്കാന്‍ ശ്രമിച്ച, ഹര്‍ദിക് രൂപീകരിച്ച പാട്ടീദാര്‍ അന്‍മത് ആന്ദോളന്‍ സമിതി അംഗങ്ങളെ പോലീസ് തടഞ്ഞതോടെയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. സംഭവത്തിനു കാരണം കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെ തുടര്‍ന്ന് ഒരു സംഘം സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറിയതിനാലാണെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാക്കളുടെ പ്രതികരണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍