UPDATES

പൊങ്കാലയ്ക്കു പിന്നാലെ ഓണാശംസയുമായി അമിത് ഷാ

അഴിമുഖം പ്രതിനിധി

ഓണത്തലേന്ന്‍ വാമനജയന്തി ആശംസ നേര്‍ന്നു കൊണ്ടുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിനോട് കടുത്ത എതിര്‍പ്പുയര്‍ന്നതോടെ ഓണാശംസ നേര്‍ന്ന് അമിത് ഷാ രംഗത്ത്. ഇന്ന് രാവിലെ മലയാളത്തിലാണ് അമിത് ഷായുടെ ആശംസ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും അമിത് ഷാ ഓണാശംസ നേര്‍ന്നിരുന്നെങ്കിലും വാമനജയന്തി ആശംസ ഉണ്ടായിരുന്നില്ല. 

 

ഇതോടെയാണ് ഓണത്തെ സവര്‍ണവത്ക്കരിക്കാനും ഹിന്ദുക്കളുടേത് മാത്രമാക്കി തീര്‍ക്കാനുമുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായാണ് വാമനജയന്തി ആശംസ എന്ന വിമര്‍ശനം ഉയര്‍ന്നത്. ആര്‍എസ്എസ് മുഖപത്രമായ കേസരിയാണ് ഇക്കാര്യത്തില്‍ ആദ്യം രംഗത്ത് വന്നത്. ഓണം മഹാബലിയുടെ ഓര്‍മയ്ക്കായല്ലെന്നും വാമനജയന്തിയാണെന്നൂം കേസരി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നലെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും ഇതേ നിലപാടുമായി രംഗത്തു വന്നത് ഏറെ വിവാദമാകുകയും ചെയ്തു. കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാദം. ഇതിനെ തുടര്‍ന്നായിരുന്നു അമിത് ഷായുടെ വാമനജയന്തി പോസ്റ്റ്. തന്റെ ഐശ്വര്യത്തില്‍ അഹങ്കരിച്ച മഹാബലിയുടെ അഹങ്കാരം നീക്കാനായി വാമനന്‍ അനുഗ്രഹിക്കുകയായിരുന്നുവെന്നും മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും ഉത്തരേന്ത്യയിലാണ് മഹാബലി ജീവിച്ചിരുന്നതെന്നുമാണ് ആര്‍എസ്എസിന്റെ വാദം.

 

 

അമിത് ഷായുടെ വാമന ജയന്തി ആശംസയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തുകയും ചെയ്തിരുന്നു. തിരുവോണ ദിവസത്തിന്‍റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചുകൊണ്ടും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും അമിത് ഷാ പുറപ്പെടുവിച്ച ഫേസ്ബുക്ക് പോസ്റ്റ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ തിരുവോണത്തെയും അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമത്വത്തിന്‍റെയും സമഭാവനയുടേതുമായ സങ്കല്പമാണ് ഓണത്തിന് പിന്നിലുള്ളത്. ജാതിമതവേര്‍തിരിവുകള്‍ക്കതീതമായ ആഘോഷമാണിത്. കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, തിന്മകള്‍ ഏതുമേയില്ലാത്ത സമഭാവനയുടേതായ ഒരുകാലം ഉണ്ടായിരുന്നുവെന്നാണ് ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യം പറഞ്ഞുവരുന്നത്. സമത്വാധിഷ്ഠിതമായ ഒരു സാമൂഹികവ്യവസ്ഥിതിയെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നത്തിന്‍റെ പ്രതീകമായാണ് മഹാബലിയെ കണക്കാക്കുന്നത്. ആ മഹാബലിയെ ചവിട്ടി പാതാളത്തിലേക്കയച്ച വാമനനെ പ്രകീര്‍ത്തിക്കുകവഴി മഹാബലി പ്രതിനിധാനം ചെയ്ത സമസ്ത സാമൂഹികമൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തുകയാണ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

 

അമിത് ഷായുടെ വാമനജയന്തി പോസ്റ്റിന് താഴെ 5000-ത്തിന് മുകളില്‍ കമന്റുകളാണ് ഇന്നലെ മാത്രമുണ്ടായത്. ഇതില്‍ ഭൂരിഭാഗവും അമിത് ഷയെയും സംഘപരിവാറിനെയും വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു. #PoMoneShaji എന്ന ഹാഷ്ടാഗും ഇതിന്റെ ഭാഗമായി ഇറങ്ങി. കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന വാമനജയന്തി എങ്ങനെ ഈ വര്‍ഷം മുതല്‍ ഉണ്ടായി എന്നതായിരുന്നു ഭൂരിഭാഗം വിമര്‍ശനങ്ങളുടെയും കാതല്‍. തുടര്‍ന്ന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം തന്നെ ഷായെ പ്രതിരോധിക്കേണ്ട അവസ്ഥയിലായി. ഇതിന് പിന്നാലെയാണ് ഇന്ന് ഓണാശംസയുമായി ഷാ രംഗത്തെത്തിയിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍