UPDATES

വാമനജയന്തി ആശംസിച്ച് അമിത് ഷായും; ലക്ഷ്യം ദളിത് മുന്നേറ്റത്തിന് തടയിടല്‍

അഴിമുഖം പ്രതിനിധി

ഓണത്തെ സവര്‍ണവത്ക്കരിക്കാനും ഹിന്ദു ഉത്സവമാക്കി മാറ്റിയെടുക്കാനുമുള്ള ആര്‍എസ്എസ് ശ്രമത്തിനു പിന്നാലെ വാമനജയന്തി ആശംസിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും. തന്റെ ഫേസ്ബുക്ക് പേജിലാണ് വാമനജയന്തി ആശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് അമിത് ഷാ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്താകെ ഉയര്‍ന്നുവരുന്ന ദളിത് മുന്നേറ്റത്തിന് തടയിടുന്നതിന്റെ ഭാഗമായി മുന്നോക്കജാതി ഹിന്ദുക്കളെ ഒരുമിപ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമാണ് ഓണത്തെ വാമനജയന്തിയാക്കി മാറ്റാനുള്ള ശ്രമമെന്നാണ് സൂചനകള്‍. നേരത്തെ ഓണം മഹാബലിയുടെ ഓര്‍മയ്ക്കായല്ലെന്നും വാമനജയന്തിയാണെന്നൂം ആര്‍എസ്എസ് മുഖപത്രമായ കേസരി പ്രസ്താവിച്ചിരുന്നു.

 

ഇതിനു പിന്നലെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും ഇതേ നിലപാടുമായി രംഗത്തു വന്നത് ഏറെ വിവാദമാകുകയും ചെയ്തു. കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാദം. അമിത് ഷായുടെ വാദത്തിനും അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ ഐശ്വര്യത്തില്‍ അഹങ്കരിച്ച മഹാബലിയുടെ അഹങ്കാരം നീക്കാനായി വാമനന്‍ അനുഗ്രഹിക്കുകയായിരുന്നുവെന്നും മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും ഉത്തരേന്ത്യയിലാണ് മഹാബലി ജീവിച്ചിരുന്നതെന്നുമാണ് ആര്‍എസ്എസിന്റെ വാദം.

 

ഓണത്തോടനുബന്ധിച്ച് വി.എച്ച്.പി മുന്നോട്ടു വച്ചിരിക്കുന്ന പുതിയ സിദ്ധാന്തത്തിന് ആര്‍എസ്എസും പിന്തുണ നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍. ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനനെന്നും എല്ലാവര്‍ക്കും വാമനജയന്തി ആശംസ നേരുന്നുവെന്നുമാണ് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. മീശ വച്ച്, കറുത്ത നിറമുള്ള മഹാബലിയുടെ തലയില്‍ ബ്രാഹ്മണനായ വാമനന്‍ ചവിട്ടുന്നതാണ് പോസ്റ്റിലെ ചിത്രം. 

 

കേരളത്തില്‍ സര്‍വമതസ്ഥരും ആഘോഷിക്കുന്ന ഓണത്തെ ഹൈന്ദവത്ക്കരിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഏറ്റവും പുതിയ ശ്രമമാണ് അമിത് ഷായുടെ പോസ്റ്റ് എന്നാണ് കരുതുന്നത്. അതോടൊപ്പം, ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ദളിത് മുന്നേറ്റത്തെ ചെറുക്കുന്നതിന് സവര്‍ണ മതസ്ഥരെ സംഘടിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. യു.പി തെരഞ്ഞെടുപ്പില്‍ ദളിത്, മുസ്ലീം മുന്നേറ്റത്തിനെതിരെ മുന്നോക്ക ഹിന്ദു വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗം കൂടിയാണ് വാമനജയന്തി ആഘോഷം. ദളിതനും അസുരരാജാവായ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നത് സവര്‍ണനായ വാമനന്റെ കടമയാണെന്ന രീതിയിലാണ് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയുള്ള കമന്റുകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍