UPDATES

ട്രെന്‍ഡിങ്ങ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം: സമ്മര്‍ദ്ദവുമായി സംഘപരിവാര്‍ സ്പോണ്‍സര്‍മാര്‍

അമിത് ഷായും യോഗി ആദിത്യനാഥും എന്‍ആര്‍ഐ സ്‌പോണ്‍സര്‍മാരുമായി കൂടിയാലോചന നടത്തി

അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംഘപരിവാറിന്റെ 150-ലേറെ വരുന്ന അന്താരാഷ്ട്ര സ്‌പോണ്‍സര്‍മാര്‍. ഡല്‍ഹിയിലും ലക്‌നൌവിലും കൂടിയാലോചന നടത്തിയ ഇവര്‍ ബിജെപി പ്രസിഡന്റ് അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയ ഇവര്‍ അയോധ്യയിലെ തര്‍ക്കഭൂമിയിലും സന്ദര്‍ശനം നടത്തി.

കര്‍സേവപുരത്തെ വിശ്വഹിന്ദു പരിഷത്തിന്റെ മുഖ്യഓഫീസിലെത്തിയ സംഘം സംഘപരിവാറിന്റെ തയ്യാറെടുപ്പുകളും വിലയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) സംഘമാണ് അമിത് ഷായും ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയത്. യുകെ, കാനഡ. യുഎസ്, യുഎഇ തുടങ്ങിയവയുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ വക്താവ് വിനോദ് ബന്‍സാല്‍ സ്‌ക്രോള്‍.ഇന്‍നോട് പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം സംഘം ഇന്നലെ മടങ്ങുകയും ചെയ്തു. ഈ സന്ദര്‍ശനം വിഎച്ച്പി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്‍ആര്‍ഐ സ്‌പോണ്‍സര്‍മാര്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം മുടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനാണ് ആലോചനയെന്നും അദ്ദേഹം പറയുന്നു. അതേസമയം സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി അധികാരത്തിലിരുന്നിട്ടും എന്താണ് ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ താമസമെന്നാണ് സ്‌പോണ്‍സര്‍മാരുടെ സംശയമെന്ന് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.

അതീവരഹസ്യമായും അവസാന നിമിഷത്തിലുമാണ് എന്‍ആര്‍ഐമാരുടെ അയോധ്യ ചലോ എന്ന മൂന്ന് ദിന യാത്ര ആസൂത്രണം ചെയ്തത്. വിശ്വഹിന്ദു പരിഷത്താണ് ഇവരെ സ്വാഗതം ചെയ്തത്. മെയ് നാലിന് ന്യൂഡല്‍ഹിയിലെ ആര്‍കെ പുരത്തെ വിഎച്ച്പി ഓഫീസിലായിരുന്നു ഇവരുടെ സ്വീകരണവും ഉച്ചഭക്ഷണവും തയ്യാറാക്കിയത്. വിഎച്ച്പി പ്രസിഡന്റ് ജി രാഘവേന്ദ്രയും സെക്രട്ടറി ജനറല്‍ ചമ്പത് റായിയും ചടങ്ങില്‍ പങ്കെടുത്തതായും ബന്‍സാല്‍ വെളിപ്പെടുത്തി.

അതേദിവസം തന്നെ ബിജെപി ആസ്ഥാനത്ത് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും അത്താഴവും ഒരുക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് അമിത് ഷാ എന്‍ആര്‍ഐ സ്‌പോണ്‍സര്‍മാരെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ഷാ അവരില്‍ നിന്നും നിവേദനം സ്വീകരിച്ചു. അയോധ്യ തര്‍ക്കത്തില്‍ സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാകുന്നത് വരെ സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഒരു ബിജെപി വക്താവ് വെളിപ്പെടുത്തി.

ഡല്‍ഹിയിലെ ഹയാത് റീജന്‍സി ഹോട്ടലില്‍ അന്ന് രാത്രി തങ്ങിയ എന്‍ആര്‍ഐ സംഘം പിറ്റേന്ന് ലക്‌നൗവിലെത്തി. അവിടെ നിന്നും എയര്‍കണ്ടീഷന്‍ ചെയ്ത പ്രത്യേക ബസില്‍ അയോധ്യയിലും എത്തിച്ചേര്‍ന്നു. തര്‍ക്കഭൂമി സന്ദര്‍ശിച്ച ശേഷം കര്‍സേവപുരത്തെത്തിയ സംഘം അവിടെ നടക്കുന്ന കരിങ്കല്‍ ജോലികള്‍ വിലയിരുത്തി. രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി വിഎച്ച്പി നടത്തുന്ന തയ്യാറെടുപ്പുകള്‍ നേതാക്കള്‍ വിശദീകരിച്ചു.

മെയ് ആറിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ലക്‌നൗവിലെ വീട്ടില്‍ ആതിഥികളായിരുന്നു ഇവര്‍. ഷായെ പോലെ മുഖ്യമന്ത്രിയും നിര്‍മ്മാണം ആരംഭിക്കാനുള്ള തടസ്സങ്ങള്‍ നീക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് അറിയിച്ചത്.

460 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് മോസ്‌ക് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചായിരുന്നു പൊളിക്കല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍