UPDATES

സിനിമ

അമ്മയുടെ യോഗവും സുരേഷ് ഗോപിയും; ഒരു രാഷ്ട്രീയ കെട്ടുക്കഥ

Avatar

എറണാകുളത്തെ അബാദ് പ്ലാസയിലോ (അതാണ് സ്ഥിരം വേദി) മറ്റേതെങ്കിലും നക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച ഹാളിലോ കൂടാറുള്ള അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്‌ടേഴ്‌സിന്റെ (അമ്മയെന്ന് വിളിപ്പേര്‍) യോഗം അന്താരാഷ്ട്ര പ്രശ്‌നങ്ങളോ കാലാവസ്ഥവ്യതിയാനമോ ആഗോളഭീകരതയോ ചര്‍ച്ച ചെയ്യാറില്ല. കാശുകൊടുത്ത് അമ്മയുടെ അംഗത്വം വാങ്ങിയവരൊക്കെ പുതിയ ഉടുപ്പും കൂടിയ മേക്കപ്പുമൊക്കെയിട്ടു വരും, കുറച്ചു നേരം വരവുചിലവു കണക്കുകളൊക്കെ വായിക്കും, പിന്നെ ഗ്രൂപ്പ് ഫോട്ടോ, തരംതിരിച്ചുള്ള സെല്‍ഫിയെടുക്കല്‍, പരസ്പരമുള്ള പുകഴ്ത്തല്‍ ഇത്യാദി ആചാരങ്ങള്‍…അതു കഴിഞ്ഞാല്‍ കൂടിയ കാശിന് ഓര്‍ഡര്‍ ചെയ്ത ബുഫേ കഴിക്കും; ശേഷം സീ യു നെക്‌സ് ടൈം എന്നു പറഞ്ഞു പിരിയും. ജോഷി സാറിനെയും കൂടെയൊരു കാമറാമാനെയും വിളിച്ചാല്‍ ഒരു സൂപ്പര്‍ ഹിറ്റ് പടം പിടിക്കാനുള്ള വകുപ്പ് ഉണ്ട്. 

അമ്മയുടെ ഓരോ യോഗം കഴിയുമ്പോഴും അംബുജാക്ഷനാകെയുണ്ടായിരുന്ന സന്തോഷം കുറച്ച് സുന്ദരമായ ഫോട്ടോകള്‍ കാണാമെന്നതുമാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്തൊക്കെയോ കുശുമ്പും കുന്നായ്മയും പറഞ്ഞ് ഇറങ്ങിയതുകൊണ്ട് ഫോട്ടോ വിശേഷങ്ങള്‍ മാറ്റിവച്ച് മറ്റു ചിലതൊക്കെ പറയണമെന്നു തോന്നുന്നു.

ബഹുമാന്യനായ രാജ്യസഭ എം പി സുരേഷ് ഗോപിയെ സിനിമാക്കാര്‍ തഴഞ്ഞെന്നും അമ്മയുടെ യോഗത്തില്‍ സുരേഷ് ഗോപിയെ അവഗണിച്ചെന്നുമൊക്കെയാണ് പരിവേദനങ്ങള്‍ കേള്‍ക്കുന്നത്. അംബുജാക്ഷനൊരു സംശയം, മേല്‍പ്പറഞ്ഞ എം പി സിനിമാക്കാരന്‍ മാത്രമായിരുന്ന കാലത്ത് അമ്മയുടെ യോഗത്തിന് വരാറുണ്ടായിരുന്നോ? ഇല്ലെന്നു തന്നെയാണ് ഈയുള്ളവന്റെ വിശ്വാസം.

വളരെക്കാലമായിട്ടു തന്നെ അമ്മ എന്ന സംഘടനയുമായി അകന്നു കഴിയുകയാണ് സുരേഷ് ഗോപി. ഈയടുത്തകാലത്തൊന്നും അദ്ദേഹം അമ്മയുടെ യോഗത്തിന് പോയിട്ടുമില്ല. എന്താണ് അതിന്റെ കാരണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടില്ല. ആ അകല്‍ച്ച, അദ്ദേഹം ബിജെപിക്കാരനും എം പിയുമൊക്കെ ആകുന്നതിനു മുമ്പേ തുടങ്ങിയതാണ്.

രണ്ടാമത്തെ ആക്ഷേപം സുരേഷ് ഗോപിയുടെ ജന്മദിനത്തിന് സിനിമാക്കാര്‍ ആശംസ അര്‍പ്പിച്ചില്ല എന്നതാണ്. അതും മനപൂര്‍വം! അങ്ങനെയൊരു ആചാരം അമ്മയുടെ ബൈലോയില്‍ എഴുതിവച്ചിട്ടുണ്ടോ? രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തിന് നരേന്ദ്ര മോദി ആശംസ അര്‍പ്പിച്ചല്ലോ പിന്നെയെന്താ സുരേഷ് ഗോപിയുടെ ജന്മദിനത്തിന് മമ്മൂട്ടി ആശംസ പറയാതിരുന്നതെന്നൊക്കെ ചോദിച്ചാല്‍ എന്തു മറുപടി പറയാനാണ്? ജന്മദിനാശംസകളൊക്കെ വ്യക്തിപരമായി വിഷയങ്ങളല്ലേ. പൊതുവേദിയില്‍ അതു പ്രകടിപ്പിക്കണമെന്നില്ല. മമ്മൂട്ടിയും മറ്റുള്ളവരും സുരേഷിനെ വ്യക്തിപരമായി ആശംസിച്ചോ ഇല്ലയോ എന്നു നമുക്കറിയില്ല. ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ ഉണ്ടാകുന്നതിനു മുമ്പേ പിറന്നാളും ആശംസ പറച്ചിലുമൊക്കെ നാട്ടിലുണ്ട്. അന്നൊക്കെ ആരുടെയൊക്കെ പിറന്നാള്‍ ആശംസിക്കാറുണ്ടെന്ന് നമ്മള്‍ അറിഞ്ഞിരുന്നോ? 

അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹവേദിയില്‍ കുശലം പറയാനെത്തിയ സുരേഷ് ഗോപിയെ മമ്മൂട്ടി ഗൗനിച്ചില്ലെന്ന തരത്തില്‍ ഒരു വീഡിയോ ക്ലിപ്പിംഗിനെ കൂട്ടിപിടിച്ച് വിവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ വി എസ് അചുതാനാന്ദന്‍ എത്തിയതിന്റെ ഫോട്ടോ പിറ്റേദിവസം മനോരമ പത്രത്തില്‍ അച്ചടിച്ചു വന്നതെപ്രകാരമാണോ അപ്രകാരമായിരുന്നു സുരേഷ് ഗോപിയെ മമ്മൂട്ടി അവഗണിച്ച വീഡിയോയുടെ സത്യാവസ്ഥയും. അചുതാനന്ദനും സ്വരാജും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്ന ശത്രുതയാണ് മനോരമ ഉപയോഗിക്കാന്‍ ശ്രമിച്ചതെങ്കില്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമിടയിലെ ശീതസമരം മുതലെടുക്കാനായിരുന്നു ഇവിടെ ചിലര്‍ ശ്രമിച്ചത്.

ഈ സിനിമാക്കാരെല്ലാം പുറമെ കാണുന്ന സൗഹൃദം മനസില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അംബുജാക്ഷനും വിശ്വസിക്കുന്നില്ല. കെട്ടിപ്പിടുത്തവും ചിരിയും സെല്‍ഫിയെടുക്കലുമൊക്കെ പബ്ലിക്കായി ഉണ്ടായിരിക്കും, പക്ഷേ തരംകിട്ടിയാല്‍ കുറ്റം പറയാനും പാരവയ്ക്കാനും ഒരു മടിയുമില്ല. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഇടയില്‍ ഉണ്ടെന്നു പറയുന്ന അകല്‍ച്ച ഈഗോ മൂലമാണ്. മമ്മൂട്ടിയുടെ വല്യേട്ടന്‍ മനോഭാവും താന്‍ കൊച്ചല്ലെന്ന സുരേഷ് ഗോപിയുടെ അഭിമാനപ്രശ്‌നവുമാണ് അവര്‍ക്കിടയിലെ പ്രശ്‌നം. കിംഗ് ആന്‍ഡ് കമ്മിഷണര്‍ പൂര്‍ത്തിയാക്കാന്‍ ഷാജി കൈലാസ് അനുഭവിച്ച പ്രയാസമൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതാണ്. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകുമെന്നപോലെയായിരുന്നു കാര്യങ്ങള്‍ പോയിരുന്നത്. പഴശിരാജയില്‍ അഭിനയിക്കാന്‍ സുരേഷ്‌ഗോപി തയ്യാറാകാതിരുന്നതും ഹരിഹരനോടോ എംടിയോടോ ഉള്ള പരിഭവം കൊണ്ടായിരുന്നില്ല.

സ്വയം വിഗ്രഹങ്ങളെന്നു നടിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇത്തരം ഏറ്റമുട്ടലുകള്‍പ്പെടാന്‍ സാധാരണമാണ്. അതുപക്ഷേ ഇന്നേവരെയാരും സിനിമാക്കാരുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. മാറിയ രാഷ്ട്രീയകാലത്ത് സിനിമാക്കരെ തമ്മില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ അഭ്യുദയകാംക്ഷികളുമാണ്. തീയാളിപ്പടരാന്‍ വളരെ എളുപ്പമുള്ള ഉണങ്ങിയ കാടുകളാണ് ഓരോ താരത്തിന്റെയും ഹൃദയങ്ങള്‍. അവിടെ നിങ്ങളായി കൊള്ളിയൊരച്ചിടരുത്.

സുരേഷ് ഗോപി ബിജെപി രാഷ്ട്രീയം സ്വീകരിച്ചതാണ് അദ്ദേഹത്തിനെതിരെ സിനിമാതാരങ്ങള്‍ തിരിയാന്‍ കാരണമെന്നൊക്കെ പറയുന്നത് കുശമ്പല്ലാതെ മറ്റെന്താണ്? ഇതേ സുരേഷ് ഗോപി എം പി യായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യം വിളിച്ച് അഭിനന്ദിച്ചവര്‍ മമ്മൂട്ടിയും ലാലുമൊക്കെയാണ്. വെറും ആശംസ പറച്ചില്‍ മാത്രമായിരുന്നില്ല, ഒരു സ്‌നേഹിതനോടുള്ള കരുതലും ഉപദേശവുമൊക്കെ അവര്‍ സുരേഷ് ഗോപിക്കായി പങ്കുവയക്കുകയും ചെയ്തിരുന്നു. അതൊന്നും ശ്രദ്ധിക്കുകയോ അവഗണിക്കുകയോ ചെയ്തവര്‍ ഇല്ലാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കി സിനിമാക്കാര്‍ക്കിടയില്‍ വിഷം തളിക്കുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. ഇതിനര്‍ത്ഥം സുരേഷ് ഗോപിയുടെ രാഷ്ട്രീയം എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നല്ല, ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയവര്‍ താരങ്ങളിലും സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. എന്നാല്‍ ബിജെപിക്കാരനായ സുരേഷ് ഗോപിയെ സിനിമയില്‍ നിന്നും ഊരുവിലക്കിയതായി ഒരറിവുമില്ല. സിനിമയല്ല,സിനിമയില്‍ നിന്നും സുരേഷ് ഗോപിയാണ് അകന്നത്. അദ്ദേഹത്തെ തേടി നല്ല കഥാപാത്രങ്ങള്‍ വന്നില്ല എന്നതുമാത്രമാണ് അതിനു കാരണം. സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഇടിയുകയും സാറ്റ്‌ലൈറ്റ് റൈറ്റ് തീരെ ഇല്ലാതാവുകയും ചെയ്ത അവസ്ഥയിലാണ് അദ്ദേഹം സിനിമയില്‍ നിന്നും മാറുന്നത്. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിനു മുമ്പുള്ള അദ്ദേഹത്തിന്റെ അവസ്ഥയും ഓര്‍ക്കണം. വീട്ടിലെ കറണ്ട് ചാര്‍ജ് അടയ്ക്കാന്‍ പോലും കാശില്ലെന്നു വിലപിച്ച സുരേഷ് ഗോപിയുണ്ടായിരുന്നു. ഏകദേശം സിനിമയില്‍ നിന്നും ഔട്ടായി എന്ന നിലയിലാണ് രഞ്ജി പണിക്കര്‍ അദ്ദേഹത്തിനു രക്ഷയായത്. എന്നാല്‍ അതൊരു ഗംഭീര തിരിച്ചുവരവൊന്നുമാക്കാന്‍ സുരേഷിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റ ചില പോരായ്മകളും അതോടൊപ്പം സിനിമകള്‍ തെരഞ്ഞെടുത്തതിലെ വീഴ്ചകളുമാണ് പാരയായത്. യുവതാരങ്ങളുടെ തള്ളിക്കയറ്റം കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കല്‍ കൂടുതല്‍ പ്രയാസമാവുകയും സ്വയം പിന്‍വാങ്ങല്‍ നടത്തുകയുമായിരുന്നു സുരേഷ്. അതേ തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഏതായാലും സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പറ്റിയ അബദ്ധം രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് സംഭവിച്ചില്ല. 

എന്തായാലും സുരേഷ് ഗോപി ഇപ്പോള്‍ ആഹ്ളാദവാനാണ്…തന്റെ ജന്മദിനം സിനിമാക്കാര്‍ ആഘോഷിച്ചില്ലെന്നോ അമ്മയില്‍ വിളിച്ചു തന്നെ അനുമോദിച്ചില്ലെന്നോ അദ്ദേഹം പരിഭവപ്പെടുമെന്നു തോന്നുന്നില്ല. ഇതൊന്നും ഒരു ഇഷ്യുവേ അല്ലാത്തപ്പോള്‍ എന്തിനാണിങ്ങനെ ഇല്ലാത്തതും പറഞ്ഞ പൊല്ലാപ്പുണ്ടാക്കുന്നതെന്നാണ്് അംബുജാക്ഷന്റെ സംശയം…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍