UPDATES

ഹൈദരാബാദ്; പോലീസ് അക്രമത്തെ അപലപിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

Avatar

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ അപലപിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്നും കാമ്പസില്‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തെപ്പറ്റി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം അത് ഏത് സാഹചര്യത്തിലായിരുന്നാലും ന്യായീകരിക്കാനാകുന്നതല്ലെന്നും, വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം വരെ നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ തന്നെ അന്വേഷണം നടത്തണം എന്നും കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആകര്‍ പട്ടേല്‍ പറഞ്ഞു.

വി.സിയുടെ ഓഫീസില്‍ പ്രതിഷേധിച്ചിരുന്നവരെ പുറത്തേക്ക് വലിച്ചിഴച്ച പോലീസുകാര്‍ വേശ്യകളെ പോലെ പെരുമാറരുതെന്നു പറയുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അക്ഷിത ചിറ്റ്‌ല എന്ന വിദ്യാര്‍ത്ഥിനി തങ്ങളെ അറിയിച്ചതായും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. പോലീസുകാര്‍ വിദ്യാര്‍ത്ഥികളെന്നോ അധ്യാപികമാരെന്നോ നോക്കാതെ ലൈംഗികമായി അതിക്രമം നടത്തുകയും അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മുടിയില്‍ പിടിച്ച് വാനിലേക്ക് തള്ളുകയും വിദ്യാര്‍ത്ഥികളെ വാനില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നും വൈഖരി ആര്യാട്ട് എന്ന വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ കുറിച്ചത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. സര്‍വകലാശാലയില്‍ ജാതീയ വേര്‍തിരിവുകള്‍ കൂടുതലാണെന്ന് ദലിത്, ആദിവാസി മറ്റ് താഴ്ന്ന വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പരാതിപ്പെടുന്നതാണ്. എല്ലാവര്‍ക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്താന്‍ സര്‍വലാശാലയുടെ ഭാഗത്തു നിന്നും നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയമായി ഈ വിഷയത്തില്‍ ഇടപെടുന്നു എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും ആകര്‍ പട്ടേല്‍ പറഞ്ഞു.

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ വൈസ് ചാന്‍സലര്‍ അപ്പാറാവു ക്യാമ്പസില്‍ തിരികെ പ്രവേശിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് പിന്തുണയോടെ ക്രൂരമായ പ്രതികാര നടപടികളാണ് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍