UPDATES

സിനിമ

എന്തുകൊണ്ട് മനോജ് കാനയുടെ ‘അമീബ’ നമ്മള്‍ കാണണം

Avatar

സഫിയ ഒ സി

നിശബ്ദമായാണ് ‘അമീബ’ കടന്നു വന്നത്. ഹോര്‍ഡിംഗുകളുടെയോ വര്‍ണ്ണ പോസ്റ്ററുകളുടെയോ ടെലിവിഷന്‍ പ്രമോ പരിപാടികളുടെയോ ബഹളമില്ലാതെ. പൊതു ജനക്കൂട്ടത്താല്‍ അധികം ശ്രദ്ധിക്കപ്പെടാതെ… യഥാര്‍ഥത്തില്‍ ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നതും അത് തന്നെയായിരുന്നു. നമ്മുടെ ഇടയില്‍ ആരാലും ശ്രദ്ധിക്കാതെ അമീബകളെ പോലെ ജീവിക്കുന്ന ചിലരുടെ കഥ. അവരെ കുറിച്ചുള്ള ചിത്രമാണ് മനോജ കാന സംവിധാനം ചെയ്ത ‘അമീബ’. 

കാസര്‍ഗോഡ് സ്വര്‍ഗ്ഗയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഡോക്യുമെന്ററികളും നമ്മളെ സ്തബ്ദരാക്കിയും കുറ്റബോധത്തിലേക്ക് ചുഴറ്റിയെറിഞ്ഞും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. വിഷ മഴയുടെ ഈ ദുരിത പെയ്ത്ത് വാര്‍ത്തകള്‍ മാധ്യമ മത്സര ലോകത്ത് ചിലപ്പോള്‍ പിന്നോട്ട് പോവുകയും ഇടയ്ക്ക് ദുഃസ്വപ്നം പോലെ കടന്നു വരികയും ചെയ്തുകൊണ്ടിരുന്നു. ഈ കഴിഞ്ഞ മാസമാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളും അവരുടെ അമ്മമാരും ഒരാഴ്ചകാലത്തോളം തിരുവനന്തപുരത്തെ ഭരണാധികാരികളുടെ മൂക്കിന്‍ തുമ്പത്തു സമരമിരുന്നത്. കരുണയില്ലാത്ത ഭരണകൂടവും പൊതുസമൂഹവും ആ സമരത്തെയും സെക്രട്ടറിയേറ്റിന് മുന്നില്‍ അവതരിക്കാറുള്ള അനവധി സമരങ്ങളില്‍ ഒന്നായി കണ്ടു എന്നുള്ളതാണ് വേദനാജനകം. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലോകത്തെ ചില മനുഷ്യരുടെ ജീവിതമാണ് മനോജ് കാന എന്ന യുവസംവിധായകന്‍ തന്‍റെ രണ്ടാമത്തെ ചിത്രമായ അമീബയിലൂടെ പറയുന്നത്. നേരത്തെ എടുത്ത ചായില്യം എന്ന ചിത്രം വടക്കന്‍ മലബാറിലെ തെയ്യക്കാരുടെ ജീവിത പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയാണ്. 

അമീബയുടെ മുഖ്യ കഥ നാരായണേട്ടന്‍റെയും കുടുംബത്തിന്‍റെയുമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയാണ് അയാള്‍. ഭാര്യയും രണ്ടു പെണ്‍മക്കളും ഒരാണ്‍കുട്ടിയും അടങ്ങുന്ന കുടുംബം. മകന്‍ ഒരു എന്‍ഡോസള്‍ഫാന്‍ ഇരയാണ്. രണ്ടു കയ്യും ഇല്ല. പക്ഷേ കാലുകൊണ്ട് എഴുതുകയും പഠിക്കുകയും ചെയ്യും അവന്‍. മൂത്തമകള്‍ വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഗ്രാമം എന്ന കുപ്രസിദ്ധി ഉള്ളതിനാല്‍ വിവാഹം നടക്കുന്നില്ല. ഇളയമകള്‍ ബി ടെക്ക് പൂര്‍ത്തിയാക്കി നാട്ടിലെത്തിയിരിക്കുകയാണ്. ബാംഗ്ലൂരില്‍ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു കാമുകനുണ്ട് അവള്‍ക്ക്. 

ഈ കുടുംബത്തിന്റെ ദുരന്തങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ അവര്‍ക്ക് ചുറ്റുമുള്ള ലോകത്തേക്ക് കൂടി കണ്ണോടിക്കുന്നു. അതില്‍ ശരീരം ശുഷ്കിച്ച് വീട്ടിനകത്ത് അടച്ചിരിക്കുന്ന യുവതിയും ഭര്‍ത്താവിനെയും മകനെയും കൊന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയും അനുദിനം കടത്തിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ വീണ്ടും വീണ്ടും പിഴിയുന്ന പലിശക്കാരനും ഒക്കെ കാണാം. 

ഏത് ഘട്ടത്തിലും ഒരു ഡോക്യുമെന്ററി ഫോര്‍മാറ്റിലേക്ക് വഴുതി വീഴാമായിരുന്ന സിനിമയെ ഒരു കുടുംബം കടന്നു പോകുന്ന അതിജീവന ശ്രമങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ‘അമീബ’യുടെ വിജയം. പ്രസവിക്കേണ്ടിവരും എന്നു ഭയന്ന് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്ന നാരായണന്റെ മൂത്തമകള്‍ മനീഷ ആ സമൂഹം കടന്നു പോകുന്ന മാനസിക ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ വിചിത്ര രൂപീകളായ മാനസിക വളര്‍ച്ചയില്ലാത്ത മനുഷ്യരുടെ ദുരിതത്തെക്കാള്‍ ഭയാനകമാണ് അവരുടെ കൂട്ടിരുപ്പുകാരുടെ മാനസിക ലോകം എന്നു പറഞ്ഞുവെക്കുന്നുണ്ട് സിനിമ. 

സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം രോഗികളുടെ ഞെട്ടലുണ്ടാക്കുന്ന ദൃശ്യങ്ങള്‍ കാണിക്കാതെ തന്നെ അ ദുരന്തത്തിന്റെ വ്യാപ്തി പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു എന്നുള്ളതാണ്. വീട്ടിനകത്ത് അടച്ചിടപ്പെട്ട ജീവിതത്തിനിടയില്‍ നാരായണന്റെ മകള്‍ നിമിഷ ലാപ്ടോപ്പുമായി വന്നു തനിക്ക് സിനിമ കാണിച്ചപ്പോഴാണ് ഷീല പുറംലോകത്തെ കുറിച്ച് അറിയുന്നത്. അതിനു ശേഷം അവള്‍ നിമിഷയോട് ഒരു പൊട്ടു വെച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നു. തന്റെ മുഖം കണ്ണാടിയില്‍ കാണുന്നു. പൊട്ടുകുത്തിയ സുശീലയെ നോക്കി നിമിഷ സുന്ദരിയായിട്ടുണ്ടല്ലോ എന്നു പറയുന്ന നിമിഷം സുശീലയുടെ മുഖത്ത് മിന്നി മറയുന്ന ഭാവം ഒരു അഭിനേതാവിന്റെതായിരുന്നില്ല. ശരിക്കും വക്കില്‍ നിന്നു ചോര പൊടിയുന്നുണ്ട് ഈ ദൃശ്യത്തില്‍. 

പുറത്തു ശാന്തമെന്ന് തോന്നുമെങ്കിലും അകമേ തിളയ്ക്കുന്ന സ്വര്‍ഗ്ഗയിലെ ജീവിതത്തിനു സമാന്തരമായിട്ടാണ് മെട്രോ നഗരമായ ബംഗളൂരുവിലെ ജീവിതം കാണിക്കുന്നത്. നിമിഷയുടെ കാമുകന്‍ അവിടെ ഐ ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പിന്നീട് ജോലി നഷ്ടപ്പെടുന്നതും. സ്വര്‍ഗ്ഗയിലെ മനുഷ്യരെ ആലംബഹീനരാക്കിയത് പോലെ കോര്‍പ്പറേറ്റ് നീരാളിക്കൈകള്‍ പുതുതലമുറയേയും ധൃതരാഷ്ട്രാലിംഗനത്തില്‍ ഞെരിക്കുന്നത് എങ്ങനെയാണ് എന്നു പറയാന്‍ ശ്രമിക്കുന്നുണ്ട് ഈ ഉപകഥ.

ഹാസ്യ നടന്‍ എന്നതിനപ്പുറം തന്നിലെ അഭിനയ സിദ്ധികളെ പലപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് ഇന്ദ്രന്‍സ്. ‘അമീബ’യിലെ നാരായണന്‍ തീര്‍ച്ചയായും ഇന്ദ്രന്‍സിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. എടുത്തു പറയേണ്ടുന്ന മറ്റൊരു കഥാപാത്രം ഇന്ദ്രന്‍സിന്റെ ഭാര്യയെ അവതരിപ്പിച്ച കാര്‍ത്ത്യായനി എന്ന നടിയാണ്. ഏതോ ഒരു നാടകത്തില്‍ അഭിനയിച്ചു എന്ന പരിചയത്തിനപ്പുറം അഭിനയത്തില്‍ വലിയ അനുഭങ്ങളില്ലാത്ത ഈ സ്ത്രീ തന്റെ ശരീര ഭാഷകൊണ്ടും സംസാര ഭാഷകൊണ്ടും ദുരിതങ്ങള്‍ കണ്ട് കണ്ട് വീട്ടിന്നകത്ത് ഉരുകി കഴിയുന്ന ക്ഷീണിതയായ വീട്ടമ്മയെ ഹൃദയസ്പൃക്കായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നാരായണന്റെ പെണ്‍മക്കളായി രംഗത്ത് വന്ന അനുമോളും പുതുമുഖം ആത്മീയയും തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ ഉള്ളില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

തങ്ങള്‍ ഇടപെടുന്ന പ്രാദേശികമായ സാമൂഹ്യ സാംസ്കാരിക ചുറ്റുപാടില്‍ നിന്നു കൊണ്ട് സിനിമ എടുക്കുന്നു എന്നതാണ് മനോജ് കാനയെ പോലുള്ള പുതുതലമുറ സംവിധായകരുടെ പ്രത്യേക. വലിയ ഫെസ്റ്റിവലുകളില്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ വേണ്ടിയല്ല ഈ സിനിമകള്‍. മറിച്ച് താന്‍ നിലകൊള്ളുന്ന സമൂഹത്തിനോട് സംവദിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. ജനങ്ങളില്‍ നിന്നും സംഭാവനയായി കിട്ടുന്ന ചെറിയ തുകകള്‍ സ്വരുക്കൂട്ടി മനോജിനെ പോലുള്ളവര്‍ സാക്ഷാത്കരിക്കുന്ന സിനിമകള്‍ ഏറ്റെടുക്കേണ്ടത് തീര്‍ച്ചയായും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കാരണം നമ്മള്‍ കൊടുക്കുന്ന ഈ പണം അവര്‍ ഉപയോഗിക്കുക പുതിയ മോഡല്‍ ഓഡി കാറ് വാങ്ങാനായിരിക്കില്ല എന്ന കാര്യം ഉറപ്പ്. 

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ഓട്ടത്തില്‍ മുഖ്യധാര സിനിമകളോട് പടവെട്ടി മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ അമീബയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. 

അടിക്കുറിപ്പ്: അമീബ ഇപ്പോള്‍ തിരുവനന്തപുരം നിള, തൃശൂര്‍ ശ്രീ, കാസര്‍ഗോഡുള്ള ഒരു തിയറ്റര്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍