UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമൃതം പ്രിമിയം തേയിലയില്‍ കൃത്രിമ നിറങ്ങളും രുചിവര്‍ദ്ധക വസ്തുക്കളും; ഭക്ഷ്യസുരക്ഷാവകുപ്പ്

അഴിമുഖം പ്രതിനിധി

അമൃതം പ്രിമിയം റ്റീ (Amurtham Premium Tea) എന്ന പേരില്‍ കൃത്രിമ നിറങ്ങള്‍, കൃത്രിമ രുചിവര്‍ദ്ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത തേയില കേരളത്തിലെ ഹോട്ടലുകളിലും, ചായക്കടകളിലും, തട്ടുകടകളിലും വ്യാപകമായി വിതരണം ചെയ്ത് വരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ്‌ വകുപ്പ് ഇതു കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍  ഏകദേശം 1500-ഓളം കിലോ തേയില പിടിച്ചെടുക്കുകയും ഗോഡൗണുകള്‍  സീല്‍ ചെയ്യുകയും ചെയ്തു. പ്രമുഖ സ്ഥാപനങ്ങളുടെയും, സ്‌കൂളുകളുടെയും, ക്യാന്റീനുകള്‍ അടക്കം ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലേബലില്‍ കണ്ട കമ്പനിയുടെ വിലാസവും മറ്റ് വിവരങ്ങളും വ്യാജമാണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നതായാണ് പിടിയിലായവരില്‍ നിന്നും ലഭിച്ച സൂചന. ഉപയോഗിച്ചു കഴിഞ്ഞ തേയില ചണ്ടിയില്‍ കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് ഈ തേയില തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത്.

തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍മാരായ ഭൂസുധ, എ. സതീഷ്‌കുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ അജയകുമാര്‍, ഗൗരീഷ്, ഇന്ദു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. പിടിച്ചെടുത്ത തേയില രാസപരിശോധനയ്ക്കുവേണ്ടി ഗവണ്‍മെന്റ് അനലിസ്റ്റ് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നമുറയ്ക്ക് നിയമനടപടി സ്വീകരിക്കുന്നതാണ്. പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അമൃതം പ്രിമിയം റ്റീ (Amurtham Premium Tea) എന്ന പേരില്‍ ചുവന്ന നിറമുള്ള ഒരു കിലോ പായ്ക്കറ്റ് പുറത്തിറങ്ങുന്ന തേയില ഒരു കാരണവശാലും വാങ്ങി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇവയുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലെ 8943346526, 8943346529, 8943346198 എന്നീ നമ്പരുകളില്‍ അറിയിക്കേണ്ടതാണ് എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍