UPDATES

പോസിറ്റീവ് സ്റ്റോറീസ്

മുസ്ലീങ്ങള്‍ പ്രസാദം നല്‍കുന്ന ബപ്പനാഡു ദുര്‍ഗ പരമേശ്വരി ക്ഷേത്രം; നിര്‍മ്മിച്ചത് കേരളീയനായ മുസ്ലീം വ്യാപാരി

മുസ്ലീങ്ങള്‍ പ്രസാദം നല്‍കുന്ന അപൂര്‍വ സമ്പ്രദായം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നു; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മംഗളൂരുവില്‍ നിന്നും 29 കിലോമീറ്റര്‍ അകലെ

കര്‍ണാടകയിലെ മുല്‍കിയില്‍ സാംബവി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന 800 വര്‍ഷം പഴക്കമുള്ള ബപ്പനാഡു ദുര്‍ഗ പരമേശ്വരി ക്ഷേത്രം, മതസൗഹാര്‍ദത്തിന്റെ ആധുനിക കാലത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു. ഒരു മുസ്ലീം വ്യാപാരി നിര്‍മ്മിച്ച ക്ഷേത്രത്തില്‍, മുസ്ലീങ്ങള്‍ പ്രസാദം നല്‍കുന്ന അപൂര്‍വ സമ്പ്രദായം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നു. ലിംഗ രൂപത്തില്‍ പൂജിക്കപ്പെടുന്ന ശ്രീ ദുര്‍ഗ പരമേശ്വരിയാണ് മംഗളൂരുവില്‍ നിന്നും 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ദേവത. ജാതിമത ഭേദമന്യേ എല്ലാവരും ‘ഉള്ളാടി’ എന്ന് തുളുവര്‍ വിളിക്കുന്ന ഈ ദേവതയെ പൂജിക്കുന്നു. ദീര്‍ഘകാലമായി ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങളില്‍ അഹിന്ദുക്കള്‍ പങ്കെടുത്തിരുന്നതായി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത 1141 എഡിയിലെ ലിഖിതങ്ങള്‍ തെളിയിക്കുന്നു.

ബ്രഹ്മാവില്‍ നിന്നും വരം ലഭിച്ച ദാരികാസുരന്‍ ദേവന്മാരെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് ദേവത അദ്ദേഹത്തെ നിഗ്രഹിക്കുകയായിരുന്നു എന്നാണ് ഐതീഹ്യം പറയുന്നത്. ദാരികാസുരന്‍ നിഗ്രഹത്തിന് ശേഷം സ്വര്‍ഗ്ഗത്തിലുള്ള തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ച്, സപ്ത ദുര്‍ഗകള്‍ എന്ന് അറിയപ്പെടുന്ന ദേവതയുടെ സഹോദരിമാരും ഭക്തരുടെ ക്ഷേമത്തിനായി മുല്‍കിക്ക് സമീപം വാസം ഉറപ്പിക്കുകയായിരുന്നു. മുല്‍കിയിലെ സാംബവി, നന്ദിനി നദികളുടെ സംഗമസ്ഥാനത്ത് ദേവത ബിംബരൂപം പ്രാപിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.

കുറച്ചുകാലത്തിന് ശേഷം, കേരളത്തില്‍ നിന്നുള്ള മുസ്ലീം വ്യാപാരിയായ ബാപ്പു ബിയറി വ്യാപാരാവശ്യങ്ങള്‍ക്കായി സാംബാവി നദിയിലൂടെ സഞ്ചരിക്കുകയായിരുന്നു. മുല്‍കിയില്‍ എത്തിയതോടെ വെള്ളത്തിനടിയിലുള്ള എന്തോ വസ്തുവില്‍ തട്ടി നദിയുടെ നടുവില്‍ ബോട്ട് നിശ്ചലമായി. സമീപകാലത്ത് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുവീണ ക്ഷേത്രത്തിന്റെ അടിത്തറയും അഞ്ച് ലിംഗങ്ങളുമായിരുന്നു തടസകാരണം. നദിയിലെ വെള്ളം രക്തവര്‍ണമായി. ഭക്തനായ ബാപ്പു നിസ്‌കരിച്ച ശേഷം ചെളി കയറിയ ബോട്ടില്‍ കിടന്നുറങ്ങി. മനുഷ്യര്‍ക്ക് ഒരു ദൈവമേ ഉള്ളുവെന്നും എന്നാല്‍ പല പേരുകളിലാണ് ഭക്തര്‍ സംബോധന ചെയ്യുന്നതെന്നും വിവരിച്ചുകൊണ്ട് തനിക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്ന് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവത ബപ്പുവിനോട് ആവശ്യപ്പെട്ടു.

പ്രാദേശിക ജയിന്‍ ഭരണാധികാരിയായ മുല്‍കി സാവന്തയുടെ സഹായത്തോടെ തന്റെ മുഴുവന്‍ സമ്പാദ്യവും ചിലവഴിച്ച് ബാപ്പു ക്ഷേത്രം നിര്‍മ്മിച്ചു. മുല്‍കി തന്റെ രണ്ടാം ജന്മഗൃഹമാക്കിക്കൊണ്ട് അദ്ദേഹം അവിടെ താമസമാക്കി. അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് പ്രദേശം ബപ്പുനാഡു എന്ന് അറിയപ്പെടുന്നത്. ബപ്പു ബാരിയുടെയും ക്ഷേത്രനിര്‍മ്മാണത്തിന്റെയും കഥ വിവരിച്ചുകൊണ്ട് കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഇവിടുത്തെ പ്രാദേശിക കലാകാരന്മാര്‍ ‘ബപ്പുനാഡു ക്ഷേത്ര മാഹാത്മേ’ എന്ന ഒരു യക്ഷഗാനം അവതരിപ്പിക്കുന്നുണ്ട്.

ബപ്പുവിന്റെ പിന്മുറക്കാര്‍ ഇപ്പോഴും കുടുംബ വീട്ടില്‍ താമസിക്കുന്നുണ്ട്. ക്ഷേത്രം നിര്‍മ്മിച്ച മനുഷ്യനോടുള്ള ബഹുമാന സൂചകമായി, ക്ഷേത്രത്തിലെ രഥോല്‍സവം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വാര്‍ഷിക ഉത്സവത്തിലെ ആദ്യത്തെ പ്രസാദം ബപ്പു ബാരിയുടെ പിന്മുറക്കാര്‍ക്കാണ് നല്‍കുന്നത്. കുടുംബം പകരമായി ദേവതയ്ക്ക് പഴങ്ങളും പൂക്കളും സമര്‍പ്പിക്കുന്നു.

ഈ പ്രദേശത്തെ മുസ്ലീങ്ങള്‍ വിവാഹത്തിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ വീട്ടില്‍ നടത്തുകയും മറ്റ് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ വച്ച് നിര്‍വഹിക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നടക്കുന്ന അന്നദാനത്തില്‍ മതത്തിന് അതീതമായി മുഴുവന്‍ വിശ്വാസികളും പങ്കെടുക്കുന്നു. ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദം നിമിത്തം ക്രിസ്ത്യാനികളും ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. മുല്ലപ്പൂ കച്ചവടം നടത്തുന്ന ക്രിസ്ത്യാനികള്‍, സംസ്ഥാനത്തിന്റെ മറ്റുഭാഗത്ത് എത്ര ആവശ്യമുണ്ടെങ്കിലും ക്ഷേത്രത്തിലെ ഉത്സവകാലത്ത് ഇവിടെ മാത്രമേ പൂ വില്‍ക്കാറുള്ളു. ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് സമാധാനവും സാഹോദര്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് മതസൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കാന്‍ ഈ ക്ഷേത്രം സഹായിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍