UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവിലെ ഒരു അമേരിക്കന്‍ വിദ്യാര്‍ഥിനി ഇന്ത്യയെ കാണുന്ന വിധം

Avatar

റെയ്‌ന ഗട്ടൂസോ
(വാഷിങ്ടണ്‍ പോസ്റ്റ്)

ഡല്‍ഹിയില്‍ ഞാന്‍ ആദ്യം പ്രണയത്തിലാകുന്നത് മൂന്നുവര്‍ഷം മുന്‍പാണ്. ഇന്ത്യക്കാരിയായ സഹപാഠിയുമായി. നഗരവും ബന്ധവും പുതുമയയുള്ളതും ആവേശകരവുമായിരുന്നു. പാചകം ചെയ്യുമ്പോള്‍ ചുണ്ടില്‍ സിഗരറ്റ് കരുതുന്ന പെണ്‍സുഹൃത്തിനൊപ്പം അടുക്കളയില്‍ ഞാന്‍ മണിക്കൂറുകള്‍ സംസാരിച്ചിരുന്നു. അവരുമായും മറ്റ് പുതിയ സുഹൃത്തുക്കളുമായുള്ള ബന്ധം സന്തോഷം പകരുന്നതും പരിചിതമല്ലാത്ത സംസ്‌കാരത്തില്‍ വഴി അന്വേഷിക്കുന്ന ബൈസെക്ഷ്വല്‍ സ്ത്രീ എന്ന നിലയില്‍ എനിക്കു പിന്തുണ പകരുന്നതുമായിരുന്നു.

എന്നാല്‍ ആ വഴി കണ്ടെത്തലുകള്‍ എളുപ്പമായിരുന്നില്ല. ഇന്ത്യയിലെത്തിയ വിദേശ കോളേജ് വിദ്യാര്‍ത്ഥിനിയെന്ന നിലയില്‍ ഔദ്യോഗിക പ്രോഗ്രാം ഹാന്‍ഡ് ബുക്കുകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പു തന്നിരുന്നു – തദ്ദേശീയരെ ഡേറ്റ് ചെയ്യരുത്. ഇന്ത്യന്‍ പുരുഷന്മാരെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും കുറിച്ചുള്ള അമേരിക്കക്കാരുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ മുന്നറിയിപ്പുകള്‍. 2012-ല്‍ ജ്യോതി സിങ് പാണ്ഡെ എന്ന ഇരുപത്തിമൂന്നുകാരി ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയുടെ ബലാത്സംഗത്തിനും മരണത്തിനും ശേഷം ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങള്‍ ഈ വിഷയം വിശദമായി പ്രതിപാദിച്ചിരുന്നു. സ്ത്രീകളും എല്‍ജിബിടി ഗ്രൂപ്പുകളും ഇന്ത്യയില്‍ ഭീകരമായ അക്രമത്തിനിരയാകുന്നുവെന്നതു ശരിയാണ്. പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെട്ട ജാതി, മത വര്‍ഗങ്ങളിലുള്ളവര്‍. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ആഗോളപ്രശ്‌നമാണ്. ന്യൂഡല്‍ഹിയിലും ന്യൂയോര്‍ക്കിലും ഇത് ഒരുപോലെയുണ്ട്. ബലാത്സംഗക്കേസുകളില്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒരേപോലെ കാണുന്ന അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ സന്ദര്‍ഭോചിതങ്ങളല്ല. നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ ചെറുത്തുപോരാടുന്ന ഇന്ത്യന്‍ സ്ത്രീപക്ഷ പ്രവര്‍ത്തകരെ ഈ റിപ്പോര്‍ട്ടുകള്‍ അവഗണിക്കുന്നു.

ഇപ്പോള്‍ ബിരുദവിദ്യാര്‍ത്ഥിയായി ഞാന്‍ വീണ്ടും ഡല്‍ഹിയിലെത്തിയിരിക്കുന്നു. വീണ്ടും പ്രണയം അന്വേഷിക്കുന്നു. സംസ്‌കാരത്തെയും ലിംഗഭേദത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ എന്റെ മനസില്‍ മുന്‍നിരയിലുണ്ട്. ഇന്ത്യയിലെവിടെനിന്നും വിവിധ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, മത പശ്ചാത്തലങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുള്ള യൂണിവേഴ്‌സിറ്റിയിലാണ് ഞാന്‍. ലിംഗഭേദം, ലൈംഗികത, ഉഭയസമ്മതം എന്നിവയെപ്പറ്റിയുള്ള വ്യത്യസ്ത സങ്കല്‍പങ്ങള്‍ ഇവിടെയുണ്ടെന്നര്‍ത്ഥം. ഡേറ്റിങ് ഒരു വെല്ലുവിളിയാകാന്‍ ഇത് ധാരാളം. എന്നാല്‍ പുതിയ സൗഹൃദങ്ങളും സംഭാഷണങ്ങളുമുണ്ടാകാനും അവയില്‍നിന്നു പഠിക്കാനും ഒരിക്കലും കാണാനിടയില്ലാതിരുന്ന ആളുകളെ സ്‌നേഹിക്കാനുമുള്ള അവസരമാണിത്.

ഭീകരതയുടെ കഥകളുമുണ്ട്. മദ്യപിച്ച് ബൈക്കിനു പിന്നില്‍ എന്നെയിരുത്തി പാഞ്ഞുപോയ സുഹൃത്ത്. എന്റെ അപേക്ഷകളൊന്നും ബൈക്ക് നിര്‍ത്താന്‍ കാരണമായില്ല. എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ലൈംഗികമായി എന്നെ പീഡിപ്പിച്ചയാള്‍. ഫേസ്ബുക്കില്‍ സല്ലപിക്കാനെത്തിയ പന്ത്രണ്ടിലേറെപ്പേര്‍. അവഗണിച്ചും ബഹളം വച്ചും മുറിഹിന്ദിയില്‍ ഫെമിനിസത്തെപ്പറ്റി സംസാരിക്കാന്‍ ശ്രമിച്ചും ഒഴിവാക്കാന്‍ ശ്രമിച്ചവര്‍. ഇത്തരം ലൈംഗിക അതിക്രമ സംഭവങ്ങള്‍ പരിചിതമാണ്. അമേരിക്കന്‍ കോളജ് ക്യാംപസിലും ഞാന്‍ ഇവ അനുഭവിച്ചിട്ടുണ്ട്. ഇവിടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യത്യാസം പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

എന്നാല്‍ വേണ്ടത്ര പ്രണയകഥകളും എനിക്കു പറയാനുണ്ട്. ലൈംഗികതയിലെത്തുന്ന ബന്ധങ്ങളുണ്ട്. ആഴത്തിലുള്ള സൗഹൃദങ്ങളും. ശക്തരും ബുദ്ധിമതികളുമായ സ്ത്രീകളും സ്‌നേഹമുള്ളവരും സ്ത്രീപക്ഷക്കാരുമായ പുരുഷന്മാരും.

വീട്ടില്‍നിന്ന് ഏഴായിരത്തിലധം മൈല്‍ ദൂരെയുള്ള ഒരു നഗരത്തിലേക്ക് ഞാന്‍ മടങ്ങിവരാനുള്ള കാരണം ഈ ബന്ധങ്ങളാണ്. എന്റെ സുഹൃത്തുക്കളും പങ്കാളികളും എനിക്കു മനസിലാകാത്ത സാംസ്‌കാരിക സൂചകങ്ങള്‍ നിര്‍വചിക്കാന്‍ എന്നെ സഹായിച്ചു. എന്റെ മുന്‍വിധികളെ ഇല്ലാതാക്കി. ആക്രമണകാരികളായ പുരുഷന്മാര്‍ക്കും എനിക്കുമിടയില്‍ ഇവര്‍ മനുഷ്യമതിലുകളായി. അവരെ സ്‌നേഹിക്കണമെങ്കില്‍ എനിക്ക് വെളുത്ത അമേരിക്കന്‍ വനിത എന്ന ആനുകൂല്യത്തെ പ്രതിരോധിക്കുകയും അവര്‍ ഗൗരവമായെടുക്കുന്ന വിഷയങ്ങളെപ്പറ്റി പഠിക്കുകയും വേണ്ടിയിരുന്നു.

കാരണം ആദ്യമായി വിദേശത്തു പഠിക്കാനെത്തുമ്പോള്‍ ലഭിച്ച അപമാനകരമായ ഉദ്ദേശത്തിനു കടകവിരുദ്ധമായി, നമ്മില്‍നിന്നു വ്യത്യസ്തരായ ആളുകളുമായി സ്‌നേഹത്തിലാകുക എന്നതു മാത്രമാണ് മറ്റൊരു സംസ്‌കാരത്തില്‍ ഇഴുകിച്ചേരാനുള്ള വഴി. കേള്‍ക്കാനും ആശയവിനിമയം നടത്താനും വംശ, വര്‍ഗ, ദേശീയ വ്യത്യാസങ്ങളില്ലാതെ സ്‌നേഹിക്കാനും പഠിച്ചത് എന്നെ കൂടുതല്‍ നല്ല ഫെമിനിസ്റ്റും കൂടുതല്‍ ചിന്തിക്കുന്നവളും മാത്രമല്ല കൂടുതല്‍ സഹാനുഭൂതിയുള്ളൊരു സുഹൃത്തുമാക്കിയിരിക്കുന്നു.

ലൈംഗികതയുടെയും ഡേറ്റിങ്ങിന്റെയും കാര്യങ്ങളില്‍ ഇപ്പോഴും പരീക്ഷണങ്ങളിലാണ്. എങ്കിലും ആദ്യശിശിരത്തില്‍ ഞാന്‍ പരിചയപ്പെട്ട ആ വനിതയുമായി ഞാന്‍ ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുന്നു. ഇതേപ്പറ്റിയുള്ള എന്റെ കഥകള്‍ അവരുള്‍പ്പെടെ എന്റെ എല്ലാ സുഹൃത്തുക്കളെയും മടുപ്പിക്കുന്നു.

‘ഞങ്ങള്‍ക്കറിയാം,’ ആ കഥ വീണ്ടും പറയാനൊരുങ്ങിയ എന്നോട് ഈയിടെ മറ്റൊരു സുഹൃത്ത് പറഞ്ഞു. ‘അത്താഴം പാകം ചെയ്യുമ്പോള്‍ അവള്‍ പുകവലിച്ചിരുന്നു. മനസിലായി.’

വ്യത്യസ്തതകളുമായുള്ള പ്രണയം അങ്ങനെയാണ്. അത് ഭ്രാന്തുപിടിപ്പിക്കും പോലെ ബുദ്ധിമുട്ടാകാം. അതീവ ആവേശകരവുമാകാം. ഏറ്റവും മനോഹരമാകുമ്പോള്‍ വീടുപോലെ സാധാരണവും.

(ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ സിനിമ, വിഷ്വല്‍ ആര്‍ട്, തീയറ്റര്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍