UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനിപ്പോഴൊരു ദേശസ്നേഹിയാണ് സര്‍; മോദിക്ക് ഒരു തുറന്ന കത്ത്

ടീം അഴിമുഖം 

 

പ്രിയപ്പെട്ട പ്രധാനമന്ത്രി,

അങ്ങ് അധികാരത്തില്‍ വന്ന 2014 മെയ് മാസം മുതല്‍ എന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ ആവുന്നത്ര വിധത്തില്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഈ ഏതാനും ദശകങ്ങളായുള്ള എന്റെ ഈ പാവപ്പെട്ട ജീവിതമെടുത്താല്‍ ആദ്യമായാണ് ഇപ്പോള്‍ താങ്കള്‍ നടപ്പാക്കുന്നതുപോലുള്ള ഒരു മഹത്തായ ദേശീയ പദ്ധതിയില്‍ പങ്കാളിയാവുന്നത്, അത് അങ്ങേയറ്റം അഭിമാനാര്‍ഹമാണ്. അതായത്, ഇന്ത്യയുടെ ഈ ചരിത്രത്തില്‍ ഞാനും ഉള്‍പ്പെടുന്നു എന്നത് ആലോചിച്ചിട്ടു പോലുമുള്ള കാര്യല്ലായിരുന്നു എന്ന് സാരം.

 

ഓരോ ദിവസവും എന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ എന്റെ മേല്‍ ആവശ്യമുയരാറുണ്ട്, ഒന്നുകില്‍ താങ്കള്‍, അല്ലെങ്കില്‍ താങ്കളുടെ മന്ത്രിമാര്‍, അല്ലെങ്കില്‍ നിങ്ങളുടെ പ്രാദേശിക നേതാക്കള്‍ ഒക്കെയാണ് അത് ആവശ്യപ്പെടുന്നത്. ഞാന്‍ പരാതിപ്പെടുകയല്ല സര്‍, മറിച്ച് അതൊരു ബഹുമതിയായാണ് ഞാന്‍ കണക്കാക്കുന്നത്.

 

താങ്കള്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യ-പാക് ബന്ധം വീണ്ടും വഷളായത്, അതിര്‍ത്തി മേഖലയിലും കാശ്മീരിലും സൈനികരും ജനങ്ങളും കൊല്ലപ്പെടാന്‍ തുടങ്ങിയത്. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുകയാണ് താങ്കള്‍ എന്ന് എനിക്കപ്പോള്‍ തന്നെ മനസിലായി. നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്നത് ഒരു ദേശരാഷ്ട്രത്തിന്റെയും ആഘോഷമാണ് എന്നാണ് എന്നോട് പറഞ്ഞത്. എനിക്കതുവരെ അതറിയില്ലായിരുന്നു; ഒരു മഹത്തായ രാജ്യത്തിന്റെ യശസ് എന്നത് ജീവിച്ചിരിക്കുന്ന പട്ടാളക്കാരേക്കാള്‍ മരിച്ചു പോയവരാണ് എന്ന്. അതുകൊണ്ടു തന്നെ ആ മരിച്ച പട്ടാളക്കാരുടെ വീടുകളിലൊക്കെ ഞാന്‍ പോയി, ആവുന്നത്ര ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ചു. എന്റെ രക്തം തിളയ്ക്കുകയായിരുന്നു. അവരുടെ ശവദാഹത്തിനരികില്‍ നില്‍ക്കുമ്പോള്‍ അപരിചിതമായ ഒരു അഭിമാനബോധം ഉള്ളില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു.

 

അങ്ങനെയിരിക്കെ, താങ്കളുടെ അനുയായികളിലൊരാള്‍ എന്നോടു പറഞ്ഞു ഇനി മുതല്‍ ഞാന്‍ ബീഫ് കഴിക്കാന്‍ പാടില്ലെന്ന്. താങ്കള്‍ മിണ്ടിയില്ല എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ. എന്റെ ദേശസ്‌നേഹം തെളിയിക്കാനുള്ള മറ്റൊരവസരമായിരുന്നു അത്. ഉത്തരേന്ത്യയിലെങ്ങോ വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് ഒരു മുസ്ലീം വൃദ്ധനെ ആരൊക്കെയോ തല്ലിക്കൊന്നെന്നൊക്കെ ഇതിനിടയ്ക്ക് കേട്ടു. അപ്പോള്‍ തന്നെ വീട്ടില്‍ ബാക്കിയുണ്ടായിരുന്ന ബീഫ് വീടിന്റെ പിന്നില്‍ ഒരു കുഴിയെടുത്ത് മൂടി. മാത്രമല്ല, വീണ്ടുകാരെല്ലാം ചേര്‍ന്ന് ഇനി മുതല്‍ ബീഫ് കഴിക്കുകയേ ഇല്ല എന്ന പ്രതിജ്ഞയും എടുത്തു. ഇതിനും പുറമെ, എല്ലാ ദിവസവും അയല്‍വീട്ടിലെ പശുവിന് പുല്ലു പറിച്ചു കൊടുക്കണമെന്ന് മകളോട് ഞാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കറിയാം സാര്‍, ഇപ്പോള്‍ ദേശസ്‌നേഹം എന്താണെന്ന്.

 

 

വേറൊരു ദിവസം ഒരാള്‍ വന്നു പറയുകയാണ്, ഇനി മുതല്‍ ഇവിടെ ഏകീകൃത സിവില്‍ നിയമം വേണമെന്ന്. താങ്കള്‍ തന്നെ പറയുകയുണ്ടായല്ലോ നമ്മുടെ മുസ്ലീം സഹോരിമാര്‍ ഏറെ സഹിക്കുന്നുണ്ടെന്നും അവരെ നമുക്ക് സഹായിക്കണമെന്നും. എന്റെ പല ഹിന്ദു സഹോദരന്മാരും ഭാര്യമാരെ ഉപേക്ഷിച്ചിട്ടുണ്ടെന്നുള്ളതോ, ഭൂരിഭാഗം സ്ത്രീകള്‍ക്കും, എന്റെ ഭാര്യക്ക് ഉള്‍പ്പെടെ, പരമ്പരാഗത സ്വത്തില്‍ അവകാശമില്ല എന്നതോ, മകള്‍ പശുവിന് പുല്ലു പറിക്കാന്‍ പോകുമ്പോള്‍ മകന്‍ സ്‌കൂളില്‍ പോകുന്നു എന്നുള്ളതോ ഒന്നും ഞാന്‍ അപ്പോള്‍ കാര്യമാക്കിയില്ല. എതുവിധത്തിലായാലും നാം നമ്മുടെ മുസ്ലീം സഹോദരിമാരെ സഹായിക്കേണ്ട ആവശ്യമുണ്ട്. അപ്പോഴും ഉറക്കെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ഞാന്‍ മറന്നില്ല സാര്‍.

 

പിന്നൊരു ദിവസം വൈകിട്ടാണ് ഞങ്ങളുടെ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ ഇടിമുഴക്കം പോലെ ആ വാര്‍ത്തയറിയുന്നത്. എനിക്കറിയാമായിരുന്നു അടുത്ത ഒരു ദൗത്യം വരുന്നുണ്ട് എന്ന്. താങ്കള്‍ ഒറ്റയടിക്ക് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കി. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാത്തതു കൊണ്ട് എന്റെ സമ്പാദ്യമെല്ലാം 500, 1000 രൂപാ നോട്ടുകളിലായിരുന്നു സര്‍. അന്നു രാത്രി മുതല്‍ ഞാന്‍ ബാങ്കുകളില്‍ നിന്ന് ബാങ്കുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. ബാങ്കിലെത്തിയപ്പോഴാണ് അറിയുന്നത് എനിക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ മാറ്റിത്തരൂ എന്ന്. താങ്കളുടെ ആ പ്രഖ്യാപനം വന്നതിന്റെ പിറ്റേന്നു മുതല്‍ ഞാനും എന്റെ ഭാര്യയും ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവിലാണ് സര്‍. ചിലര്‍ കുഴഞ്ഞു വീഴുന്നുണ്ട്, ചിലര്‍ മരിക്കുന്നുണ്ട്. ചിലരാകട്ടെ, അധ്വാനിച്ചുണ്ടാക്കിയ പണം ഒരുവിധത്തിലും മാറ്റാന്‍ കഴിയാതെ ശ്രമമേ ഉപേക്ഷിക്കുന്നുണ്ട്. പക്ഷേ സര്‍, ഇതൊരു മഹത്തായ ദേശീയ പദ്ധതിയാണ് എനിക്കറിയാം.

 

സര്‍, ഭക്ഷണം വാങ്ങിക്കാനുള്ള പണം പോലും ഇപ്പോള്‍ കൈയിലില്ല. ഞങ്ങള്‍ക്ക് വിശക്കുന്നുണ്ട്. ദിവസങ്ങളായി കുട്ടികള്‍ക്ക് പോലും ശരിയായി ഭക്ഷണം കൊടുക്കാന്‍ കഴിയുന്നില്ല. എങ്കിലും എല്ലാ ദിവസവും ഒരനുഷ്ഠാനമെന്ന പോലെ ഞാന്‍ എന്റെ കുട്ടികളോടും ഭാര്യയോടും പറയുന്നുണ്ട്, ഇതൊരു മഹാത്തായ പദ്ധതിയാണ്, ചരിത്രപരമായ സംഭവമാണ്. നമ്മള്‍ അതിന്റെ ഭാഗമാണ് എന്നൊക്കെ. അവരൊക്കെ കൂടി ഇപ്പോള്‍ ഉറക്കെ വിളിക്കുന്നുണ്ട് സര്‍, ഭാരത് മാതാ കീ ജയ്. ശബ്ദം കുറഞ്ഞു പോയെങ്കില്‍ സര്‍ ക്ഷമിക്കണം, ഭക്ഷണം കഴിക്കാത്തതു കൊണ്ടാണ്, നാക്കും ചുണ്ടുമൊക്കെ വരളുന്നുണ്ട്. ഇതിനേക്കള്‍ ഉച്ചത്തില്‍ ഞാന്‍ അലറാന്‍ ഇനി ശ്രമിക്കാം സര്‍.

 

പ്രിയപ്പെട്ട പ്രധാനമന്ത്രി, മറ്റൊരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് പല ആളുകളും അഭ്യൂഹങ്ങള്‍ പരത്താന്‍ ശ്രമിക്കുന്നതാണ്. അവരൊയൊക്കെ താങ്കള്‍ ശക്തമായി നേരിടണം. അവര്‍ പറയുന്നത് ഇന്ത്യയിലെ മുഴുവന്‍ സമ്പത്തിന്റേയും 53 ശതമാനം നിയന്ത്രിക്കുന്നത് ഇവിടുത്തെ ഒരു ശതമാനം വരുന്ന സമ്പന്നരാണെന്നാണ്. മുകേഷ് അംബാനി സാറിനെ സാറിനും അറിയാമല്ലോ. അദ്ദേഹമുള്‍പ്പെടെയുള്ള അഞ്ച് ശതകോടീശ്വരന്മാരാണ് രാജ്യത്തെ 5,23,897 കോടി രൂപ നിയന്ത്രിക്കുന്നത് എന്നൊക്കെ അവര്‍ പറഞ്ഞു പരത്തുന്നുണ്ട്. താങ്കള്‍ അധികാരത്തില്‍ വന്ന ശേഷം പഴയ സതീര്‍ഥ്യനായ ഗൗതം അദാനി സാറിനെക്കൂടി ഈ നിരയിലേക്ക് കൊണ്ടുവന്നത് എന്തായാലും അഭിമാനിക്കാനുള്ള വകയാണ്. ഭാരത് മാതാ കീ ജയ്.

 

 

ഈ അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ മറ്റു ചില കാര്യങ്ങള്‍ കൂടി പറയുന്നുണ്ട് സര്‍, നമ്മുടെ പൊതുമേഖലാ ബാങ്കുകളെ അടക്കം കബളിപ്പിച്ച വിജയ് മല്യ എന്ന വ്യവസായിയെ താങ്കള്‍ക്ക് വളരെ നന്നായി അറിയാം എന്നാണ് അതിലൊന്ന്. നിങ്ങള്‍ രണ്ടു പേരും ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നല്ലോ. മറ്റൊന്ന് താങ്കളുടെ സുഹൃത്തായ അദാനി രാജ്യത്ത് നിന്ന് 6000 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ്. അതിന് തെളിവുകളും ഉണ്ടെന്ന് അവര്‍ പറയുന്നു. രാജ്യത്തിന് ആയിരക്കണക്കിന് കോടി രൂപാ നഷ്ടം വരുത്തിയ നിരവധി ക്രമക്കേടുകള്‍ മുകേഷ് അംബാനി നടത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അയാളുടെ സഹോദരനും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ലെന്നൊക്കെ ഈ കുറ്റം പറഞ്ഞു നടക്കുന്നവര്‍ പറയുന്നുണ്ട് സര്‍.

 

അവര്‍ പറയുന്നു, നമ്മുടെ ഒട്ടുമിക്ക സമ്പന്നര്‍ക്കും വിദേശ ബാങ്കുകളില്‍ ലക്ഷക്കണക്കിന് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് താങ്കള്‍ ഇക്കാര്യമൊക്കെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു എന്നൊക്കെ അവര്‍ പറയുന്നുണ്ട്. ഈ പണമെല്ലാം തിരിച്ചു കൊണ്ടുവരികയും 15 ലക്ഷം രൂപാ വീതം ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ നിക്ഷേപിക്കുമൊന്നൊക്കെ താങ്കള്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അവര്‍ പഞ്ഞു നടക്കുന്നുണ്ട്.

 

ഞാനവരെ വിശ്വസിക്കില്ല സര്‍. എനിക്കറിയാം താങ്കള്‍ വലിയൊരു, മഹത്തായ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന്. ഈ ക്യൂവില്‍ നില്‍ക്കുന്ന പലരേയും കണ്ടാല്‍ അറിയാം സര്‍, ദേശീയ സമ്പത്ത് കൊള്ളയടിച്ചുണ്ടാക്കിയ മുതലാണ് അവരുടെ കൈയിലുള്ളതെന്ന്. അവര്‍ പാവപ്പെട്ടവരെപ്പോലെ വേഷം ധരിച്ചിട്ടുണ്ട്, വിശക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്, ജോലി നഷ്ടത്തെക്കുറിച്ച് ആവലാതിപ്പെടുന്നുണ്ട്, ചിലര്‍ ദേഷ്യപ്പെടുന്നു പോലുമുണ്ട് സര്‍. എനിക്കറിയാം, ഇവരൊക്കെ നമ്മുടെ ദേശത്തിന്റെ സ്വത്ത് കൊളളയടിച്ചവരാണ്.

 

സര്‍, ഒരുകാര്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല, ചില സമയത്ത് സ്വയം ഒരു കള്ളനാണ് എന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ഉറപ്പായിട്ടും വീട് അരിച്ചു പെറുക്കി എവിടെയെങ്കിലും ഒരു നോട്ട് കഷ്ണം എങ്കിലും അബദ്ധത്തിലെങ്ങാന്‍ വീണു പോയിട്ടുണ്ടെങ്കില്‍ അതുമായി ഞാന്‍ കീഴടങ്ങും സര്‍. മാസങ്ങള്‍ വണ്ടിയോടിച്ചും ചുമടെടുത്തും ഒക്കെയുണ്ടാക്കിയ സമ്പാദ്യമാണ് ഈ കുറച്ച് 500 രൂപാ നോട്ടുകള്‍ എങ്കിലും ഞാന്‍ ഇക്കാര്യം പാലിക്കും എന്നുറപ്പു തരുന്നു.

 

സര്‍, എന്റെ ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ അങ്ങേക്ക് തൃപ്തി വന്നെങ്കില്‍ ഇന്നത്തേക്കുള്ള ഭക്ഷണം തരുമോ? ബീഫ്? അയ്യോ, അതൊന്നും വേണ്ട. ഒരു വെജിറ്റേറിയന്‍ ഭക്ഷണം തന്നെ ധാരാളം. അതും ദിവസത്തില്‍ ഒരു നേരമെങ്കിലും കിട്ടിയാല്‍ അത്രയെങ്കിലും ആശ്വാസമാകും സര്‍. താങ്കളുടെ ഈ മഹത്തായ പദ്ധതിയെക്കുറിച്ച് ഒരിക്കലും മറക്കില്ല സര്‍.

ഭാരത് മാതാ കീ ജയ്

താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു സര്‍

ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍