UPDATES

ട്രെന്‍ഡിങ്ങ്

രാധാജിയുടെ നാവും തലയും പിന്നെ ചെ ഗുവേരയും

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ മത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ആളാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍ എന്ന രാധാജിയുടെ കണ്ടെത്തല്‍

കെ എ ആന്റണി

കെ എ ആന്റണി

എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട് എന്ന് വളരെ വ്യക്തമാകുന്നതാണ് പുതുവര്‍ഷ വര്‍ത്തമാനവും യാഥാര്‍ഥ്യവും. ഒരു പ്രത്യക്ഷ ഉദാഹരണമായി നമ്മുടെ രാധാജിയുടെ വെളിപ്പെടുത്തല്‍ തന്നെ നോക്കുക. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ മത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ആളാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍ എന്ന രാധാജിയുടെ കണ്ടെത്തല്‍. ഇതിനുള്ള പരിഹാരവും രാധാജി തന്നെ കണ്ടെത്തി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമല്‍ ഇന്ത്യ വിട്ടുപോകണം എന്നതാണ് അത്.

സത്യത്തില്‍ ഇതാദ്യമായല്ല ഒരു സംഘി നേതാവ് ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണമെന്ന് ആവശ്യപെടുന്നത്. സ്വാധ്വി പ്രാചിയും സാക്ഷി മഹാരാജും ഒക്കെ ഇതേ ആവശ്യം നേരത്തെ ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഓം പുരി തുടങ്ങിയ നടന്മാരോടും അനന്തമൂര്‍ത്തി എന്ന മഹാനായ എഴുത്തുകാരനോടുമൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരു സംഘി നാവില്‍ നിന്നും ഇങ്ങനെ ഒരു ആവശ്യം ഉയരുന്നത് ഇതാദ്യം.

നോട്ടു വിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ ആക്ഷേപിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു രാധാജി രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന്. ഇപ്പോള്‍ കമലിനെതിരെ വര്‍ഗീയ വിഷം തുപ്പിയതോടെ രാധാജി തന്റെ അജണ്ട കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് രാധാജിയുടെ മാത്രം അജണ്ടയല്ലെന്നതും വ്യക്തമാണ്. കേരളത്തിലെ ഓരോ സംഘിയും മനസ്സില്‍ ഉരുവിടുന്നത് രാധാജി അല്പം ഉറക്കെ പറഞ്ഞു. അത്ര തന്നെ. നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോടും സംഘികള്‍ ഇത് തന്നെ പറയുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. പണ്ട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ പറ്റാതെ പോയത് കൊണ്ടുകൂടിയാവണം ഗോഡ്സെ വെടിയുണ്ടകൊണ്ടു ഗാന്ധിജിയെ പറഞ്ഞു വിട്ടത്.

ഈ രാധാജി ആള് ചില്ലറക്കാരനൊന്നുമല്ല. പേരില്‍ രാധയും കൃഷ്ണനും ഉള്ളതുകൊണ്ട് മാത്രമല്ല ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ബി ജെ പി യില്‍ കുമ്മനംജി ഉദിച്ചു ഉയരും മുന്‍പ് തന്നെ ഒരു താമര മൊട്ടായി എ .എന്‍ രാധാകൃഷ്ണന്‍ എന്ന രാധാജി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. ആ മൊട്ട് വിരിയാന്‍ അല്പം കാലം എടുത്തു എന്ന് മാത്രം. വെറുമൊരു ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്നും ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള രാധാജിയുടെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏറെ വിയര്‍പ്പൊഴുക്കി ആര്‍ എസ് എസ് കെട്ടിപ്പടുത്ത പി പി മുകുന്ദനെയും രാമന്‍ പിള്ളയെയും പോലുള്ളവര്‍ തഴയപ്പെട്ടപ്പോള്‍ കേരളത്തിന്റെ സംഘി സദസ്സില്‍ പൊന്തിവന്ന അനേകം താമരപ്പൂക്കളില്‍ ഇമ്മിണി വലിയ ഒരു പൂവ് ആണ് ഇന്നിപ്പോള്‍ രാധാജി. തീര്‍ന്നില്ല. ഇന്നിപ്പോള്‍ ശശികല ടീച്ചറെ വെല്ലുന്ന വര്‍ഗീയ നാവിന്റെ ഉടമ കൂടിയാണ് രാധാജി.

കമല്‍ മത വര്‍ഗീയ വാദികളുടെ തോഴനാണെന്നു കണ്ടെത്തിയ രാധാജി മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തിക്കളഞ്ഞു. കേരളത്തിലെ, പ്രത്യേകിച്ചും കണ്ണൂരിലെ രാഷ്ട്രീയ സംഘടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രധാന കാരണക്കാരന്‍ വിപ്ലവ ഇതിഹാസം ചെ ഗുവേര ആണെന്നതാണ് അത്. ചെ ഗുവേര ഒരു ചോരക്കൊതിയന്‍ ആയിരുന്നവെന്നും പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ചെ ഗുവേര ചിത്രങ്ങളും പോസ്റ്ററുകളും നീക്കം ചെയ്താല്‍ കേരളത്തില്‍ സമാധാനം പുലരും എന്നുമാണ് രാധാജിയുടെ കണ്ടെത്തല്‍. മലബാറില്‍ ഡി വൈ എഫ് ഐ ക്കു യൂണിറ്റ് ഉള്ള സ്ഥലങ്ങളില്ലാം ചെ ഗുവേരയെ കാണാം. എന്നുകരുതി ചെ ഗുവേര ഡി വൈ എഫ് ഐ-കാരുടെ മാത്രം സ്വത്തല്ല. ലോകമെമ്പാടുമുള്ള യുവതി-യുവാക്കളുടെ ഹരമാണ് ചെ. ചെ ഗുവേര ആരാധകരുടെ കൂട്ടത്തില്‍ ഡി വൈ എഫ് ഐ-ക്കാരും പെടുന്നു എന്ന് മാത്രം.

അതൊക്കെ എന്തുമാകട്ടെ. എന്തായാലും രാധാജിയുടെ തല സമ്മതിക്കണം. രാഷ്ട്രീയ ചോരക്കളി അവസാനിപ്പിക്കുന്നതിലേക്കായി പലരും എത്രയും കാലം തല പുകച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത ഒരു വലിയ സത്യമല്ലേ ഇപ്പോള്‍ രാധാജി കണ്ടെത്തിയിരിക്കുന്നത്! ഇനിയിപ്പോള്‍ അര്‍ജന്റീനക്കാരന്‍ ചെയെ അര്‍്ജന്റീനയിലേക്കോ അദ്ദേഹത്തിന്റെ പ്രവര്‍ത്തി കേന്ദ്രങ്ങള്‍ ആയിരുന്ന ക്യൂബയിലേക്കോ ബൊളീവിയയിലേക്കോ നാട് കടത്താന്‍ രാധാജി ആവശ്യപ്പെട്ടുകളയുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍