ഒരു രക്തസാക്ഷിയുടെ അമ്മയ്ക്ക് ആയിരം രക്തസാക്ഷികളെക്കാള്‍ വീറുണ്ടായിരിക്കും; നിശ്ചയിക്കപ്പെടുന്ന സ്ഥലത്ത് നടത്തപ്പെടുന്ന പ്രഹസനമല്ല സഖാവേ സമരം
സഖാവ് ഷംസീറേ, ഒന്നോര്‍മിപ്പിക്കട്ടെ;
2016 മാര്‍ച്ച് 21 ന് ജിഷ്ണു പ്രണോയി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നതിങ്ങനെയാണ്-
പിണറായിയെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും…ചിലര്‍ ഭയക്കും…ചിലരു കെടന്നുമോങ്ങും..ചിലരു ചൊറിഞ്ഞുകൊണ്ടേയിരിക്കും..അവഗണിച്ചേക്കുക…അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്..ലാല്‍സലാം..
മരിച്ചവരെല്ലാം മരിച്ചവരല്ല ഷംസീറേ…താങ്കളും വിളിച്ചിട്ടുള്ളതുപോലെ അവര്‍ ജീവിക്കുന്നു മറ്റുള്ളവരിലൂടെ…ജിഷ്ണുവും ജീവിച്ചിരിപ്പുണ്ട്; അവന്റെ അമ്മയിലൂടെ, അച്ഛനിലൂടെ, ബന്ധുക്കളിലൂടെ, കൂട്ടുകാരിലൂടെ, നാട്ടുകാരിലൂടെ…മറക്കരുത്…
സമരം ചെയ്തും അടികൊണ്ടും കൊല ചെയ്യപ്പെട്ടും ഒക്കെ ഓരോരുത്തരായി കെട്ടിപ്പൊക്കിയ ഒരു പ്രസ്ഥാനം ഭരണത്തിലിരിക്കുമ്പോള്‍ ഒരമ്മ തന്റെ മകന്റെ നീതിക്കുവേണ്ടി നടുറോഡില്‍ വലിച്ചിഴയ്ക്കപ്പെടുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുമ്പോള്‍ ഷംസീറേ നിങ്ങള്‍ നടത്തുന്ന പ്രതികരണമുണ്ടല്ലോ, ആ ധാര്‍ഷ്ഠ്യം മനസിലാക്കാതിരിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല മലയാളികള്‍.
നിശ്ചയിക്കപ്പെടുന്ന സ്ഥലത്ത് നടത്തപ്പെടുന്ന പ്രഹസനമല്ല സഖാവേ സമരം. തെരുവുകളിലും ഭരണകൂടത്തിന്റെ തിരുമുമ്പിലും നെഞ്ചുവിരിച്ചു നിന്നു നടത്തുന്ന പോരാട്ടമാണത്. തോക്കിന്‍ മുനകള്‍ക്കു മുന്നിലും കഴുമരത്തിലുമാണ് രക്തസാക്ഷികള്‍ ഉണ്ടായിരിക്കുന്നത്. സ്വയം മനസിലാക്കിയിട്ടില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചെങ്കിലും അറിയണം. പറ്റുമെങ്കില്‍ ഗോര്‍ക്കിയുടെ അമ്മ എന്ന നോവലെങ്കിലും വായിച്ചു നോക്കണം. വായിക്കാന്‍ പറ്റില്ലെങ്കില്‍ വെസ്വൊലോദ് പുഡോവ്കിന്‍ സംവിധാനം ചെയ്ത ദ മദര്‍(1926) എന്ന സിനിമ കണ്ടാലും മതി. ഗോര്‍ക്കിയുടെ അമ്മയുടെ ചലച്ചിത്രാവിഷ്‌കാരമാണത്.
ഒരു രക്തസാക്ഷിയുടെ അമ്മയ്ക്ക് ആയിരം രക്തസാക്ഷികളെക്കാള്‍ വീറുണ്ടായിരിക്കും ഷംസീറേ.. താങ്കളുടെ നേതാവ് ഭരിക്കുന്ന പൊലീസിനേക്കാള്‍ വലിയ ശക്തിയെ വെല്ലുവിളിച്ച അമ്മമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഉണ്ടാവില്ല, ചരിത്രം അറിയുന്നവന്റെ കമ്യൂണിസമല്ലല്ലോ നിങ്ങള്‍ പറയുന്നത്. സിനിമാക്കാരന്‍ നടിച്ചു കാണിക്കുന്ന കമ്യൂണിസം കൊണ്ട് കേരളത്തില്‍ പ്രസ്ഥാനം വളരുമെന്ന മൂഢവിശ്വാസം കൊണ്ടുനടക്കുന്നവരാണല്ലോ നിങ്ങള്‍. ചുവന്നുടുപ്പിട്ട നിവിന്‍ പോളിക്കൊപ്പം ജീപ്പില്‍ കയറി നിന്നാല്‍ ചെറിയൊരാള്‍ക്കൂട്ടത്തിന്റെ ആകര്‍ഷണം കിട്ടുമായിരിക്കാം, പക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ചുറ്റുമുണ്ടായിരുന്ന ആള്‍ക്കൂട്ടം ഇതിലുമൊക്കെ വലുതായിരുന്നു. മനസിലാകുമോ ഷംസീറിനതൊക്കെ…
എന്താണു ഷംസീര്‍ താങ്കള്‍ പറഞ്ഞത്; പൊലീസിന്റെതു സ്വാഭാവിക പ്രതികരണമായിരുന്നെന്നോ? ആ അമ്മയെ റോഡില്‍ വലിച്ചിഴച്ചതാണോ പൊലീസിന്റെ സ്വഭാവിക പ്രതികരണം? പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയാല്‍ ഒരു നിശ്ചിത പരിധിയിലെത്തിയാല്‍ പൊലീസ് തടയുമെന്നോ? ബഹുമാനപ്പെട്ട എംഎല്‍എ, താങ്കളുടെ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയും യുവജനസംഘടനയും പിന്നെയീ സിപിഎമ്മും എല്ലാം ദൂരവും പരിധിയും അളന്നും പൊലീസിന്റെ പ്രതികരണം മുന്‍കൂട്ടി മനസിലാക്കിയും തന്നെയാണല്ലോ സമരം നടത്തിപ്പോരുന്നത്. പൊലീസ് സ്റ്റേഷനില്‍ കയറിയും ബോംബ് നിര്‍മിക്കുമെന്നു വെല്ലുവിളിച്ച നേതാവിന്റെ പിന്‍ഗാമിയുടെ ജനാധിപത്യ മര്യാദകളെ കുറിച്ചുള്ള വാചാലത ഭംഗിയായിട്ടുണ്ട്. നേതാവിന്റെ നിഴല്‍ ചാരി നിന്നു നേതാവാകുന്നവരുടെ ന്യായീകരണം!
ആരായിരുന്നു രാജന്‍, ആരാണയാളെ കൊന്നത്? ആരായിരുന്നു ഈച്ചരവാര്യര്‍, എന്തിനായിരുന്നു ആ അച്ഛന്‍ ഭരണകൂടവാതിലുകള്‍ കയറിയിറങ്ങിയതെന്നൊക്കെ ചോദിച്ചു നടന്നിരുന്നവരല്ലേ ഷംസീറേ നിങ്ങള്‍, ഇപ്പോള്‍ അതേ ചോദ്യങ്ങള്‍, അതേ വൈകാരികതയോടെ ആവര്‍ത്തിക്കട്ടെ; ആരായിരുന്നു ജിഷ്ണു? എന്തായിരുന്നു അവന്റെ രാഷ്ട്രീയം? എന്തിനായിരുന്നു അവന്‍ കൊല്ലപ്പെട്ടത്? എന്തിനാണ് ആ അമ്മയെ നടുറോഡില്‍ വലിച്ചിഴച്ചത്?