UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവത്വത്തിന് ഏറെ പ്രതീക്ഷവയ്ക്കാം ഈ സര്‍ക്കാരില്‍: അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ/അഭിമുഖം

Avatar

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

എസ്എഫ് ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വിജയക്കൊടി പാറിച്ച തലശ്ശേരി എംഎല്‍എ സി എന്‍ ഷംസീര്‍ ആണ് ഇത്തവണ കൂടെയുള്ളത്. സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലമായിരുന്നു തലശ്ശേരിയില്‍ ഇത്തവണ പാര്‍ട്ടി ഷംസീറിനെ നിയോഗിക്കുന്നത് വിജയം സുനിശ്ചിതമാക്കിയാണ്. എതിരാളിയായി പഴയ സഹപ്രവര്‍ത്തകന്‍ എ പി അബ്ദുള്ളകുട്ടി വന്നതോടെ മണ്ഡലം വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ എതരാളിയെ നിഷ്പ്രഭമാക്കി ഷംസീര്‍ വിജയിച്ചപ്പോള്‍ കേരളത്തിന്റെ യുവത്വത്തെ നിയമനിര്‍മാണസഭയില്‍ പ്രതിനിധീകരിക്കാന്‍ ഒരാള്‍ കൂടി ആവുകയായിരുന്നു. മണ്ഡലത്തിലും പൊതുവായി യുവജനങ്ങള്‍ക്കായും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍  അഡ്വ.എ എന്‍ ഷംസീര്‍ എംഎല്‍എ അഴിമുഖം പ്രതിനിധി നിതിന്‍ അംബുജനുമായി പങ്കുവയ്ക്കുന്നു.

നിതിന്‍ അംബുജന്‍: യുവജന സംഘടന നേതാവ് എന്ന നിലയില്‍ നിന്നും പാര്‍ലമെന്ററി രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു അനുഭവങ്ങള്‍?

അഡ്വ.എ എന്‍ ഷംസീര്‍: യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനെന്നതു തന്നെയാണ് തെരഞ്ഞെടുപ്പിലും സഹായമായത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്, അവരിലൊരാളി നില്‍ക്കാന്‍ കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയായി ചെന്നപ്പോഴും ഞാനവര്‍ക്ക് അപരിചിതനായിരുന്നില്ല.

നി: തലശ്ശേരി ഏറ്റവും കൂടുതല്‍ പേരുദോഷം കേള്‍പ്പിക്കുന്നത് അതിന്റെ ഗതാഗതക്കുരുക്ക് കൊണ്ടാണ്. ഇതു പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുക?

ഷംസീര്‍: തലശ്ശേരി നഗരം സ്ഥിതി ചെയ്യുന്നത് ഒരു പ്രത്യേക ഭൂപ്രദേശത്താണ്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് റെയില്‍പാതയും. അതിന്റെതായ ചെറിയ പരിമിതികള്‍ ഉണ്ട്. എന്നിരിക്കിലും ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്തുക തന്നെ വേണം. തലശ്ശേരി-മാഹി ബൈപാസിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാന്‍ സാധിച്ചാല്‍ കുറെയൊക്കെ ഈ പ്രശ്‌നം തീരും. യഥാര്‍ത്ഥത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മുമ്പേ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ചില യുഡിഎഫ് എംഎല്‍എമാരുടെ തര്‍ക്കങ്ങള്‍ കാരണമാണ് നീണ്ടുപോയത്. ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ മുന്‍ എംഎല്‍എ കോടിയേരി ബാലകൃഷ്ണന്‍ നല്ല ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാനും ഈ പ്രശ്‌നം പരിഹരിക്കുവാന്‍ സജീവമായ ഇടപെടലുകള്‍ നടത്തും.

നി: തലശ്ശേരി-മൈസൂര്‍ റെയില്‍പാത പരിഗണനയിലുണ്ടോ?

ഷം: അതു പണ്ടുമുതലേ ഉള്ള ആവശ്യമാണ്. ഇപ്പോഴത്തെയും മുമ്പത്തെയും കേന്ദ്ര സര്‍ക്കാരുകള്‍ ഇതുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും കാര്യമായ സമീപനം നടത്തിയിട്ടില്ല, രാഷ്ട്രീയം മാറ്റിവെച്ചു ഈ പദ്ധതിക്ക് വേണ്ടി കേന്ദ്രത്തില്‍ ചര്‍ച്ച നടത്തുവാന്‍ തയ്യാറാണ്.

നി: വേറെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് മനസിലുള്ളത്?

ഷം: ജനകീയ മോഡലില്‍ നടന്നൊരു സംവിധാനമുണ്ട് തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി. അത് ഇന്ത്യക്ക് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ്. എപ്രകാരം നാടിന്റെ വികസനത്തിന് ജനങ്ങളെക്കൂടി ഉള്‍പ്പെടുത്താം എന്നതിന്റെ മാതൃക. അത് ജനങ്ങളുടെ പണമാണ്, ജനങ്ങളുടെ ഭൂമിയാണ്. അതിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. കെട്ടിടം നിര്‍മിക്കണം. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൗകാര്യങ്ങള്‍ മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നല്‍കും.

നി: തെരഞ്ഞെടുപ്പിലെ എതിരാളി എ പി അബ്ദുള്ളക്കുട്ടി എസ്എഫ്‌ഐയില്‍ താങ്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആളായിരുന്നു…

ഷം: ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണ്. സംഘടനയിലേക്ക് ഞാനെത്തുമ്പോള്‍ തന്നെ അദ്ദേഹം എസ്എഫ്‌ഐ നേതാവായിരുന്നു. തെരഞ്ഞെടുപ്പ് എതിരാളിയായി അദ്ദേഹത്തിന്റെ രംഗപ്രവേശമാണ് എന്റെ ഇത്രയും വലിയ വിജയത്തിനു കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പ്രസ്ഥാനത്തെ വഞ്ചിച്ചു പോയ ആള്‍ എന്ന വികാരം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആ വ്യക്തിക്ക് ഇത്രയും വലിയ ശിക്ഷ കൊടുക്കണം എന്ന തോന്നല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടവര്‍ അന്‍പത്തൊന്നു ദിവസം ഊണും ഉറക്കവും ഇല്ലാതെ പ്രവര്‍ത്തിച്ചു. ഞങ്ങള്‍ ജയിക്കുകയും ചെയ്തു.

നി: അബ്ദുള്ളക്കുട്ടിക്കെതിരെ ഉള്ള തുപ്പല്‍ മാധ്യമങ്ങളില്‍ വിവാദമായിരുന്നു…

ഷം: അത് മാധ്യമങ്ങളില്‍ വിവാദമായി എന്നല്ലാതെ അതിന്റെ ഏതെങ്കിലും ഒരു പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കണ്ടോ? മാധ്യമങ്ങള്‍ പലതും പ്രചരിപ്പിക്കും. അത് ശുദ്ധ നുണയാണെന്ന് ജനങ്ങള്‍ തെളിയിച്ചു.

നി: മണ്ഡലത്തില്‍ കഴിഞ്ഞ പ്രാവശ്യം കോടിയേരിക്ക് ലഭിച്ചതില്‍ കൂടുതല്‍ ഭൂരിപക്ഷം താങ്കള്‍ക്ക് ലഭിച്ചു. സംസ്ഥാനത്ത് ആഞ്ഞടിച്ച ഭരണപക്ഷ വിരുദ്ധ വികാരമാണോ കാരണം?

ഷം: രണ്ടു കാരണങ്ങളാണ്. ഒന്ന്, യുഡിഎഫ് വിരുദ്ധ വികാരം ശക്തമായി ഉണ്ടായിരുന്നു. ജനങ്ങള്‍ വോട്ടിംഗിലൂടെ പ്രതികരിച്ചു. രണ്ടാമത്തത് സഖാവ് കോടിയേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍. അതിന്റെ അംഗീകാരമാണ് എനിക്ക് കിട്ടിയ ഭൂരിപക്ഷം.

നി: യുവാക്കളുടെ കൂടുതല്‍ പ്രാതിനിധ്യം ഇത്തവണത്തെ നിയമസഭയിലുണ്ട്. യുവജങ്ങള്‍ക്ക് എത്രമാത്രം പ്രതീക്ഷ വെയ്ക്കാം?

ഷം: ഇതില്‍ വാസ്തവമെന്തെന്നാല്‍, ഈ മന്ത്രിസഭയ്ക്കു മുന്നില്‍ ഞങ്ങളുടെ യുവ ലീഡര്‍ഷിപ്പ് തോറ്റുപോയി എന്നതാണ്. ഞങ്ങള്‍ യുവ സാമാജികര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ കണ്ടു നിയമന നിരോധനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുവാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങളെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ആദ്യ ക്യാബിനറ്റില്‍ തന്നെ നിയമന നിരോധനത്തെ കുറിച്ച് പരിശോധിച്ച്, പഠിച്ചു റിപ്പോര്‍ട്ട് തരണം എന്ന അറിയിപ്പ് നല്‍കിയത്. യുവജനത ഏറ്റവും സന്തോഷിക്കുന്ന വാര്‍ത്തകള്‍ തുടക്കം മുതല്‍ തന്നെഈ മന്ത്രിസഭ നല്‍കുന്നുണ്ട്.

നി: അതിരപ്പിള്ളി വിഷയത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്?

ഷം: അതിരപ്പിള്ളി വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പു നല്‍കാം. പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മുന്നണിയാണ് ഇടതുപക്ഷം. മനുഷ്യനും വേണം പ്രകൃതിയും വേണം. ഇത് രണ്ടും സംയോജിപ്പിച്ചു കൊണ്ട് മാത്രമേ സത്യത്തില്‍ വികസനം മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളൂ.

നി: ബിജെപിയുടെ മുന്നേറ്റം എങ്ങനെ വിലയിരുത്തുന്നു?

ഷം:ചിലയിടങ്ങളില്‍ അവര്‍ മുന്നേറിയിട്ടുണ്ട്, രണ്ടാം സ്ഥാനത്ത് എത്തി. അവര്‍ വലിയ പ്രചരണം കാഴ്ചവെച്ചു. പ്രധാന മന്ത്രി വന്നു, ദേശീയ അധ്യക്ഷന്‍ വന്നു, കേന്ദ്രമന്ത്രിമാരുടെ വലിയൊരു പട തന്നെ വന്നു. തലശ്ശേരിയില്‍ കേന്ദ്ര മന്ത്രിമാര്‍ തെക്കോട്ടും വടക്കോട്ടും ഓടി. എന്നിട്ട് എന്ത് സംഭവിച്ചു? ഇത്രയും പ്രചരണങ്ങള്‍ നടത്തിയിട്ടും ബിജെപിക്ക് മുന്നേറാന്‍ സാധിച്ചില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും നേമം ജയിച്ചില്ലേ എന്ന്, ജയിച്ചു എങ്ങനെ?അവിടെ ജയിച്ചത് യുഡിഎഫിന്റെ വീഴ്ചയാണ്. അവിടെ ജയിച്ചത് ബിജെപിയല്ല ഒ. രാജഗോപാലെന്ന വ്യക്തിയാണ്. ബിജെപിയുടെ ഡൗണ്‍ ഹില്‍ മാര്‍ച്ച് തുടങ്ങിയിരിക്കുന്നു. മോദി വെറും കുമിള ആണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവരുടെ മലയിറക്കമാണ്. ഇനി വരാന്‍ പോകുന്നത് മതേതരത്വ മുന്നണിയുടെ കാലമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് നിതിന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍