UPDATES

ട്രെന്‍ഡിങ്ങ്

ശശിയായത് ജനം

മറുവശത്തു ഒരു കിളിനാദം കേട്ടപ്പോൾ മതിമറന്നുപോയെങ്കിൽ ധാർമികത ഉയർത്തിപ്പിടിച്ചു മന്ത്രിസ്ഥാനം ഉപേക്ഷിച്ച ശശീന്ദ്രൻ വീണ്ടും മന്ത്രിയാവുന്നതിൽ ഒരു അഭംഗിയുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

ഫോൺ കെണി വിവാദത്തിൽ പെട്ട എൻ സി പി നേതാവും മുൻ ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായിയെന്നും ഉടൻ തന്നെ മന്ത്രിസ്ഥാനത്തു മടങ്ങിയെത്തുമെന്നുള്ളതാണ് കേരളത്തിലെ പുതിയതും പ്രധാനപ്പെട്ടതുമായ വാർത്തകളിലൊന്ന്. പരാതിക്കാരിയായ മംഗളം ചാനൽ ലേഖിക ശശീന്ദ്രനെതിരെ താൻ നൽകിയ പരാതി പിൻവലിച്ചതോടെയാണ് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്യന്തം മംഗളകരമായി കലാശിച്ചത്. സത്യത്തിൽ ശശീന്ദ്രൻ കുറ്റവിമുക്തനാക്കപ്പെട്ടു എന്ന വാദം ശരിയല്ലെന്നും കേസ് ഒത്തുതീർപ്പായി എന്നാണു പറയേണ്ടതെന്നുമാണ് പ്രതിപക്ഷ വാദം. ഈ വാദത്തോട് തല്ക്കാലം യോജിക്കേണ്ടിവരും. കാരണം മംഗളം ചാനൽ അതിന്റെ ലോഞ്ചുമായി ബന്ധപ്പെട്ടു ബ്രേക്കിംഗ് ന്യൂസ് ആയി പ്രക്ഷേപണം ചെയ്ത ഒരു വാർത്തയാണ് വിവാദങ്ങൾക്കു തുടക്കം. പ്രസ്തുത വാർത്തയിൽ പറയുന്നത് കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് മന്ത്രിയെ സമീപിച്ച ഒരു വീട്ടമ്മയോട് മന്ത്രി അതിരുവിട്ടു പെരുമാറിയെന്നും പിന്നീട് നിരന്തരം അവരെ ടെലിഫോണിൽ വിളിച്ചു ലൈംഗിക ഭാഷണം നടത്തിയെന്നുമായിരുന്നു. ഇതിനു തെളിവായി മന്ത്രിയുടേതെന്നു തോന്നിപ്പിക്കുന്ന ടെലിഫോൺ ഭാഷണവും ചാനൽ എയർ ചെയ്തിരുന്നു.

വാർത്തക്ക് പിന്നാലെ മന്ത്രി ധാർമ്മികതയുടെ പേരുപറഞ്ഞു രാജി വെച്ചെങ്കിലും പ്രസ്തുത സംഭാഷണം തന്റേതല്ലെന്നു പറഞ്ഞിരുന്നില്ല. എന്നാൽ വാർത്തയുടെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം ഉണ്ടാവുകയും ചാനൽ മേധാവിക്കും കൂട്ടർക്കുമെതിരെ കേസ്സെടുക്കുകയും ചെയ്ത ഘട്ടത്തിൽ പുതിയ വിശദീകരണവുമായി ചാനൽ സി ഇ ഓ രംഗത്തുവന്നു. വാർത്തയിൽ പരാമര്‍ശിക്കപ്പെടുന്നയാൾ ഏതോ ഒരു വീട്ടമ്മയല്ലെന്നും തന്റെ സ്ഥാപനത്തിലെ ഒരു ലേഖികയാണെന്നുമായിരുന്നു വിശദീകരണം. തുടർന്ന് ഷീ ടോയ്‌ലെറ്റുമായി ബന്ധപ്പെട്ടു ഒരു വാർത്ത ശേഖരിക്കാൻ മന്ത്രിയെ സമീപിച്ച തന്നെ മന്ത്രി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്ന് ലേഖിക പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസ് ലേഖിക പിൻവലിച്ചതിനെ തുടർന്നാണ് ശശീന്ദ്രനെതിരെ കേസില്ല എന്ന് കോടതി ഇന്നലെ പറഞ്ഞത്. അങ്ങിനെ വരുമ്പോൾ കേസ് ഒത്തുതീർന്നുവെന്നു പറയുന്നതുതന്നെയാണ് കൂടുതൽ ശരി.

എകെ ശശീന്ദ്രന് ഇനി പട്ടുപരവതാനി; സിപിഐ നിലപാടെന്താ?

ഫോൺ കെണിയായാലും പെൺ കെണിയായാലും ഇനി തേൻ കെണിയായാലും വാർത്ത വന്നയുടൻ ധാർമികതയുടെ പേരുപറഞ്ഞു മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രന് ചാനൽ എയർ ചെയ്ത ശബ്‌ദരേഖയിലെ ശബ്‌ദം തന്റേതല്ലെന്നു പറയാൻ കഴിയാത്തിടത്തോളം കാലം മന്ത്രി സ്ഥാനത്തു തിരികെയെത്താൻ എന്ത് ധാര്‍മ്മികകതയാണുള്ളതെന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചാനലും ലേഖികയും മാന്യമായ മാധ്യമ പ്രവർത്തനത്തിന്റെ സർവ്വ സീമകളും ലംഘിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ മറുവശത്തു ഒരു കിളിനാദം കേട്ടപ്പോൾ മതിമറന്നുപോയെങ്കിൽ (ശബ്‍ദരേഖയിലെ ഭാഷണം തന്റേതല്ലെന്നു ശശീന്ദ്രൻ പറയാത്തിടത്തോളം കാലം അങ്ങിനെതന്നെ കരുതേണ്ടിവരും) ധാർമികത ഉയർത്തിപ്പിടിച്ചു മന്ത്രിസ്ഥാനം ഉപേക്ഷിച്ച ശശീന്ദ്രൻ വീണ്ടും മന്ത്രിയാവുന്നതിൽ ഒരു അഭംഗിയുണ്ടെന്നു പറയേണ്ടിവരുന്നു.

എകെയല്ല സികെ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍