UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം കോണ്‍ഗ്രസ്സുമായി കൂടില്ല എന്ന ‘മഹാപരാധ’വും എകെ ആന്റണിയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും

കേരളത്തിൽ സി പി എമ്മിനും ബി ജെ പി ക്കും ഒരേ മനസ്സാണെന്നു പറയുന്ന എ കെ ആന്റണി ബി ജെ പി നേതാവ് ഓ രാജഗോപാൽ കേരള നിയമ സഭയിൽ എത്തിയത് ആരുടെ സഹായം കൊണ്ടാണെന്നു കൂടി ഓർക്കുന്നത് നന്നായിരിക്കും

കെ എ ആന്റണി

കെ എ ആന്റണി

ബി ജെ പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുമ്പോഴും കോൺഗ്രസ്സുമായി തിരെഞ്ഞെടുപ്പ് സഖ്യമോ ധാരണയോ വേണ്ട എന്നുള്ളതാണ് കൊൽക്കൊത്തയിൽ ഇന്നലെ സമാപിച്ച സി പി എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്റെ കാതൽ. ബി ജെ പിയെ തകർക്കാൻ കോൺഗ്രസ്സുമായി സഖ്യമോ ധാരണയോ ആകാം എന്ന സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദത്തെ ഖണ്ഡിക്കുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖയാണ് വോട്ടെടുപ്പിലൂടെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. രണ്ടു രേഖകൾ ഉണ്ടായിരുന്നുവെന്നും 31 നെതിരെ 55 വോട്ടിനാണ് ഏപ്രിലിൽ ഹൈദരാബാദിൽ നടക്കുന്ന 22 – ആം പാർട്ടി കോൺഗ്രസിൽ സമർപ്പിക്കേണ്ട കരട് രാഷ്ട്രീയ നയ രേഖ അംഗീകരിച്ചതെന്നും വാർത്താസമ്മേളത്തിൽ യെച്ചൂരി തന്നെ സമ്മതിച്ച കാര്യമാകയാൽ ഇനി ഇക്കാര്യത്തിൽ ആരെങ്കിലും തർക്കം ഉന്നയിക്കാൻ ഇടയില്ല. ഇനിയിപ്പോൾ അറിയേണ്ടത് പാർട്ടിയുടെ പരമോന്നത സഭയായ പാർട്ടി കോൺഗ്രസ് ഈ രേഖ അതേപടി അംഗീകരിക്കുമോ അതോ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് മാത്രമാണ്.

സി പി എം കേന്ദ്ര കമ്മിറ്റിയിലും പി ബിയിലുമൊക്കെ അടവ് നയം സംബന്ധിച്ച തർക്കം ഇത് ആദ്യമായൊന്നുമല്ല. ഇതിനു മുൻപും കോൺഗ്രസിനെ തറ പറ്റിക്കാൻ ജനസംഘവുമായി കൈകോർക്കുന്നത് സംബന്ധിച്ച രേഖയും വലിയ തർക്കത്തിലേക്കു നയിച്ചിട്ടുണ്ട്. ജ്യോതിബസു ഇന്ത്യൻ പ്രധാനമന്ത്രി ആകണമോ വേണ്ടയോ എന്ന വിഷയത്തിലും എന്തിനേറെ പ്രകാശ് കാരാട്ടിന് ശേഷം ആര് പാർട്ടി ജനറൽ സെക്രട്ടറി ആകണമെന്ന കാര്യത്തിലും കടുത്ത വാദ പ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ജെ എൻ യു വിദ്യാഭ്യാസ കാലത്തു തന്നെ പാർട്ടിയുമായി ഉറ്റ ബന്ധം പുലർത്തിയിരുന്നവരെങ്കിലും കോഫീ ഹൗസ്സ് ബുദ്ധിജീവികൾ എന്ന് പരിഹസിക്കപ്പെട്ടിരുന്ന പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഹർകിഷൻ സിങ്ങുമായുള്ള അടുപ്പത്തിന്റെ പേരിൽ കേന്ദ്ര കമ്മിറ്റിയിലും പി ബിയിലുമൊക്കെ എത്തിപ്പെട്ടപ്പോഴും പല മുതിർന്ന നേതാക്കളും എതിർ സ്വരം ഉയർത്തിയിരുന്നു എന്നതും മറന്നുകൂടാ.

മുകളിൽ പറഞ്ഞതൊക്കെ ഇതിനകം തന്നെ പുറത്തു വന്ന കാര്യങ്ങളാണ്. ഇവിടെ ഇപ്പോൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയൊ വേണ്ടെന്ന കരട് രാഷ്ട്രീയ രേഖയുടെ ശരി തെറ്റുകളും പ്രസ്തുത രേഖയ്ക്കെതിരെ പല കോണുകളിൽ നിന്നും, പ്രത്യേകിച്ച് എ കെ ആന്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള പ്രതികരണങ്ങളെക്കുറിച്ചും സി പി എം കോൺഗ്രസ്സുമായി കൂട്ടുകൂടിയെ മതിയാവൂ എന്ന മട്ടിലുള്ള ചാനൽ ചർച്ചകളെയും പത്ര വാർത്തകളെയും കുറിച്ചാണ. ഇവർ എല്ലാവരും ഉന്നയിക്കുന്ന പ്രധാന വാദം സി പി എം ചെയ്തത് കൊടിയ അപരാധമാണെന്നും ഇതിനു പിന്നിൽ സി പി എം കേരള ഘടകമാണെന്നതുമാണ്. കോൺഗ്രസിനെ തള്ളിപ്പറയുക വഴി വലിയൊരു വർഗീയ-ഫാസിസ്റ്റ് ശക്തിയായി മാറിക്കഴിഞ്ഞ ബി ജെ പിക്കും സംഘപരിവാറിനുമെതിരെ അഖിലേന്ത്യ തലത്തിൽ മതേതര ശക്തികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയെന്ന ചരിത്രപരമായ ദൗത്യത്തിൽ നിന്നും സി പി എം ഓടിയൊളിച്ചിരിക്കുന്നുവെന്നും ഇവർ പരിതപിക്കുന്നുണ്ട്.

കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ സി പി എം കേന്ദ്ര കമ്മിറ്റിയുടെ ഇന്നലത്തെ തീരുമാനത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചിരിക്കുന്നത് എ കെ ആന്റണിയാണ്. മോദിയുടെ ഭരണ തുടർച്ചയാണ് സി പി എം ആഗ്രഹിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റിയിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചത് കേരളത്തിൽ നിന്നുമുള്ള സി പി എം നേതാക്കളാണെന്നും പ്രത്യക്ഷത്തിൽ ആക്രമിക്കുകയും പരോക്ഷമായി സഹകരിക്കുകയും ചെയ്യുന്ന നിലപാടാണ് സി പി എമ്മിനും ബി ജെ പി ക്കും ഉള്ളതെന്നും കേരളത്തിൽ കോൺഗ്രസിന്റെ സ്വാധീനം കുറക്കുന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കും ഒരേ മനസ്സാണെന്നും ആന്റണി പറയുന്നു. ആന്റണി ഇന്നലെ ഉന്നയിച്ച ഇതേ കാര്യങ്ങൾ തന്നെയാണ് കഴിഞ്ഞ രണ്ടു ദിവസമായി വിവിധ വാർത്താ ചാനലുകളിൽ അവതാരകരും ചർച്ചകളിൽ പങ്കെടുത്ത ഭൂരിഭാഗം അതിഥികളും പങ്കുവെച്ചതും.

യെച്ചൂരിയെ തറപറ്റിച്ചത് കേരള സി പി എമ്മിന്റെ തടിമിടുക്കോ?

അവതാരകര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം ഇത്തരത്തിൽ ഒരു തീരുമാനം സി പി എം ഭരിക്കുന്ന ത്രിപുരയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങിനെ ബി ജെ പിക്കു അനുകൂലമായേക്കാം എന്നതാണ്. ത്രിപുര അസംബ്ലിയിൽ ആകെയുണ്ടായിരുന്ന ആറ് കോൺഗ്രസ് എം എൽ എമാരും ആദ്യം തൃണമൂൽ കോൺഗ്രെസ്സിലേക്കും പിന്നീട് ബി ജെ പി യിലേക്കും പോയ കാര്യം അറിയാത്തവരല്ല ഇത്തരത്തിൽ ഒരു ആശങ്ക ഉന്നയിക്കുന്നതെന്നതാണ് ഏറെ വിചിത്രം. മണിപ്പുരിലും ഗോവയിലും അടുത്തകാലത്ത് സംഭവിച്ചതെന്നതാണെന്നും ഇവർ സൗകര്യ പൂർവം മറക്കുകയാണ്.

കോൺഗ്രസ് വലിയ മതേതര പാർട്ടിയാണെന്നു വാദിക്കുന്ന അവതാരകരും അവരുടെ വാദം അംഗീകരിക്കുന്നവർക്കും ബിജെപിയുടെയും സംഘപരിവാറിന്റെയും ഫാസിസ്റ്റ് നയങ്ങളുടെ ഭാഗമായി നടന്നുവരുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യ ധ്വംസനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഉയർത്തിക്കാട്ടുന്നത് പദ്മാവത് എന്ന സിനിമയാണ്. ഈ സിനിമ നിരോധിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ഉണ്ടെന്ന കാര്യം മറന്നു പോയതാകാൻ വഴിയില്ലല്ലോ.

ഇനിയിപ്പോൾ എ കെ ആന്റണിയിലേക്കു വരാം. 1980 ൽ സി പി എമ്മുമായി എ കെ ആന്റണി വിഭാഗം സഹകരിച്ചതിന്റെ ഭാഗമായാണല്ലോ അന്നത്തെ ഇ കെ നായനാർ മന്ത്രിസഭയിൽ ആര്യാടനും പി സി ചാക്കോയുമൊക്കെ അംഗങ്ങൾ ആയത്. ആ സർക്കാരിന് തള്ളി താഴെയിട്ടതിന്റെ ജാള്യത ആന്റണിക്ക് ഇനിയും മാറിയിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം തന്റെ സി പി എം വിരോധം കൊണ്ട് നടക്കുക തന്നെ ചെയ്യും. കേരളത്തിൽ സി പി എമ്മിനും ബി ജെ പി ക്കും ഒരേ മനസ്സാണെന്നു പറയുന്ന എ കെ ആന്റണി ബി ജെ പി നേതാവ് ഓ രാജഗോപാൽ കേരള നിയമ സഭയിൽ എത്തിയത് ആരുടെ സഹായം കൊണ്ടാണെന്നു കൂടി ഓർക്കുന്നത് നന്നായിരിക്കും.

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍