UPDATES

ട്രെന്‍ഡിങ്ങ്

ഗുര്‍ദാസ്പുരും വേങ്ങരയും; അമിത്ഷായ്ക്കും കുമ്മനത്തിനും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ്

രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്

ചുവപ്പു ഭീകരതയെയും ജീഹാദി ഭീകരതയെയും കേരളത്തില്‍ നിന്നും തൂത്തെറിയുമെന്ന് അവകാശപ്പെട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷ യാത്ര നടത്തുന്നത്. കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും സിപിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പദയാത്രയില്‍ പങ്കെടുത്തുകൊണ്ട് അവകാശപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ അഴിമതികളെ എടുത്തുകാണിച്ച് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആഗ്രഹം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അവരെ പോലും അമ്പരപ്പിച്ച വിജയം നേടുകയും ചെയ്തു. നരേന്ദ്ര മോദിയെന്ന നേതാവിനെ മുന്‍നിര്‍ത്തി നേടിയ ഈ വിജയത്തോടെ തങ്ങള്‍ കോണ്‍ഗ്രസിനെ രാജ്യത്ത് തന്നെ അപ്രസക്തരാക്കിയെന്നാണ് അന്നുമുതല്‍ അവര്‍ അവകാശപ്പെടുന്നത്. അതിന് ശേഷമാണ് സിപിഎമ്മിനെ രാജ്യത്തുനിന്നും തുടച്ചു നീക്കണമെന്ന ആഗ്രവുമായി നേതാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ ഇന്ന് രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ 1327 വോട്ടുകളാണ് ബിജെപിയ്ക്ക് കുറഞ്ഞിരിക്കുന്നത്. പിടി അലിഹാജിയെ സ്ഥാനാര്‍ത്ഥിയാക്കിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 7055 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ പാര്‍ട്ടി കേഡര്‍ തന്നെയായ കെ ജനചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അവര്‍ക്ക് ലഭിച്ചതാകട്ടെ കേവലം 5728 വോട്ടുകളും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര സംസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നതും അതിന്റെ ഫലം പുറത്തുവന്നതും. ജിഹാദി ഭീകരതയ്ക്കും ചുവപ്പ് ഭീകരതയ്ക്കും എതിരായി എന്ന അവകാശവാദത്തോടെ സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ ബിജെപിയുടെ പ്രകടനത്തിനെ കുറിച്ചു വലിയ വിശകലനങ്ങള്‍ക്കൊന്നും സാധ്യതയില്ല. എന്നാല്‍ 1327 വോട്ടര്‍മാര്‍ തങ്ങളെ കൈവിട്ടതിന്റെ കാരണം കണ്ടെത്തേണ്ട ബാധ്യത കുമ്മനത്തിനും ബിജെപി നേതൃത്വത്തിനുമുണ്ട്. ജനരക്ഷാ യാത്ര കേന്ദ്രനേതാക്കളുമായി വേങ്ങരയിലും പര്യടനം നടത്തിയിരുന്നുവെന്നു കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

വേങ്ങരയില്‍ സോളാര്‍ പ്രകാശിച്ചില്ല; ഖാദറിന്റേത് നാണം കെട്ട വിജയം

എസ്ഡിപിഐയുടെ വോട്ട് വിഹിതം അയ്യായിരത്തിലേറെ വര്‍ദ്ധിച്ചു. ഇത് യുഡിഎഫും എല്‍ഡിഎഫും തങ്ങളെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയതിനാലാണെന്ന് ബിജെപിയ്ക്ക് വേണമെങ്കില്‍ വാദിക്കാം. ബിജെപിയ്ക്ക് നഷ്ടമായ വോട്ടിന്റെ അഞ്ചിരട്ടിയോളം എസ്ഡിപിഐ നേടിയെന്നത് ഇടതുകാലിലെ മുടന്ത് വലതുകാലിലേക്ക് മാറ്റിയതിന് തുല്യം മാത്രമാണ്. അതിനെ അങ്ങേയറ്റം ആശങ്കയോടെ കാണേണ്ടതുമാണ്. എന്നാല്‍ കൊടിഞ്ഞി ഫൈസല്‍ കൊലപാതക കേസുകള്‍ പോലുള്ള സംഭവങ്ങള്‍ ബിജെപിയ്ക്ക് നല്‍കിയ തിരിച്ചടി മാത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നാണ് കൊടിഞ്ഞി ഫൈസലിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായിരുന്നു ഫൈസല്‍ ചെയ്ത തെറ്റ്. ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് ഫൈസലിന്റെ ബന്ധുക്കളും മുസ്ലിം മതം സ്വീകരിക്കുകയുണ്ടായി. ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിനെ ഓഗസ്റ്റ് 24ന് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തക ഷാഹിദയെ അറസ്റ്റ് ചെയ്തതാണ് എസ്ഡിപിഐയ്ക്ക് തുണയായ മറ്റൊരു ഘടകം. ഇക്കഴിഞ്ഞ സെപ്തംബര്‍ 14ന് അറസ്റ്റിലായ ഷാഹിദയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ആരോപിച്ചാണ് ഷാഹിദയെ അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ മുഖ്യപ്രതിയായ വട്ടംകുളം ലത്തീഫിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താലാണ് ഷാഹിദയെ അറസ്റ്റ് ചെയ്തതെന്നാണ് എസ്ഡിപിഐയുടെ ആരോപണം. എന്തായാലും എസ്ഡിപിഐയ്ക്ക് അധികമായി ലഭിച്ചിരിക്കുന്ന 5000ലേറെ വോട്ടുകള്‍ക്ക് ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നിസ്സംശയം പറയാം.

ശിരോമണി അകാലിദളിനൊപ്പം ചേര്‍ന്ന് 13ല്‍ ആറ് സീറ്റുകളും നേടി താരതമ്യേന മികച്ച വിജയമാണ് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. ദലിത് സംവരണ മണ്ഡലമായ ഹോഷിയാര്‍പുരിലും ഗുര്‍ദാസ്പുരിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചത് രാജ്യമെങ്ങും ആഞ്ഞടിച്ച ബിജെപി അനുകൂല തരംഗത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുര്‍ തിരിച്ചുപിടിച്ച വിനോദ് ഖന്നയുടെ വിയോഗത്തെ തുടര്‍ന്ന് അവിടെ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വരികയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രതാപ് സിംഗ് ബജ്‌വയെ 1.36 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ച ഖന്നയ്ക്ക് പകരം മത്സരിച്ച സ്വരണ്‍ സിംഗ് സലാരിയ ദയനീയമായാണ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ നേടിയത്. കോണ്‍ഗ്രസിന് ഇത് പഞ്ചാബിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ്. നാല് തവണ ഗുര്‍ദാസ്പുരില്‍ വിനോദ് ഖന്നയിലൂടെ വിജയം നേടിയ ബിജെപിയെ സംബന്ധിച്ച് പഞ്ചാബില്‍ ഇനിയും നിലയുറപ്പിക്കാനായിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ഇത്. വിനോദ് ഖന്നയുടെ വ്യക്തിപരമായ സ്വാധീനം 2014ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിയെ സഹായിച്ചുവെന്നതാണ് സത്യം.

വേങ്ങരയിലെ കണക്കുകള്‍, കളിയല്ല കാര്യമാണ്; എല്‍ഡി എഫിനും യുഡിഎഫിനും

കോണ്‍ഗ്രസിനെ രാജ്യത്ത് അപ്രസക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അത്രമാത്രം ആശ്വാസകരമായിരിക്കില്ലെന്ന് ഈ ഉപതെരഞ്ഞെടുപ്പോടെ അവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. 2014ല്‍ മോദി വികാരമായിരുന്നു രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. തുഗ്ലക്കിയന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിച്ചിരിക്കുന്നുവെന്ന് ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേരിട്ടിരിക്കുന്ന ഈ കനത്ത പരാജയം ബിജെപിയെന്ന പാര്‍ട്ടിയുടെ മാത്രം പരാജയമാണെന്ന് പറയേണ്ടി വരുന്നത് അതിനാലാണ്. ബീഫ് നിരോധനവും അതിന്റെ പേരില്‍ നടത്തുന്ന ദലിത്, മുസ്ലിം കൊലപാതകങ്ങളും ബിജെപി വിരുദ്ധ തരംഗമായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് ഗുര്‍ദാസ്പുര്‍ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് നല്‍കുന്നത്.

വേങ്ങരയില്‍ കുറഞ്ഞുപോയ ആയിരത്തി മുന്നൂറിലേറെ വോട്ടുകള്‍ക്ക് ചൊവ്വാഴ്ച അവസാനിക്കാനിരിക്കുന്ന ജനരക്ഷാ യാത്രയില്‍ കുമ്മനം മറുപടി പറയേണ്ടതുണ്ട്. കാരണം യാത്ര മുന്നോട്ട് വയ്ക്കുന്ന ജിഹാദി, ചുവപ്പ് ഭീകരതകളെന്നത് തികച്ചും അപ്രസക്തമാണെന്ന സന്ദേശം കൂടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നല്‍കുന്നത്. മറുവശത്ത് ദലിത്, മുസ്ലിം വിരുദ്ധതയും വീണ്ടുവിചാരമില്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങളും ബിജെപി വിരുദ്ധ വികാരമാണ് ഉയര്‍ത്തിയതെന്നും കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്ത് പ്രസക്തമാണെന്നും ഗുര്‍ദാസ്പുരില്‍ നിന്നെങ്കിലും അമിത് ഷാ മനസിലാക്കേണ്ടിയിരിക്കുന്നു.

വേങ്ങരയില്‍ ഇടതും വലതും മാത്രമല്ല; എസ്ഡിപിഐയും ബിജെപിയും തമ്മില്‍ പോരാടി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍