UPDATES

ആന്റണിയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ

കേരളത്തിന്റെ മതേതര, ജനാധിപത്യ അടിത്തറ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ശക്തമായ ഒരു നേതൃത്വം ഉണ്ടാകേണ്ടിയിരിക്കുന്നു

സംഘടനാ തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം നിലനില്‍ക്കെ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന് ഇടിത്തീ പോലെയാണ് സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് എന്ന ദുര്‍ഭൂതം കൂടി പുറത്തു വന്നിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ തലമുതിര്‍ന്ന നേതാക്കളെല്ലാം കേസില്‍ കുറ്റക്കാരാണെന്ന അവസ്ഥ വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ആടിയുലയുകയാണ്. രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും ആ വാക്കുകളില്‍ ആത്മവിശ്വാസക്കുറവും വായിച്ചെടുക്കാനാകും. നിലവില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ഒരു ആരോപണം പോലും ഉന്നയിക്കാനോ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം പോലുള്ള വിഷയങ്ങളെ ജനകീയ പ്രക്ഷോഭമാക്കി മാറ്റുന്നതിലും പരാജയപ്പെട്ട കോണ്‍ഗ്രസിന് നാല് വര്‍ഷത്തിന് ശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാമെന്നത് ഇപ്പോള്‍ ഒരു വിദൂര സ്വപ്‌നം മാത്രമാണ്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ശക്തമായ ഒരു നേതൃത്വമാണ് അവര്‍ക്കിന്ന് ആവശ്യം. അല്ലാത്ത പക്ഷം സംസ്ഥാനത്തെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയെന്ന ബിജെപിയുടെ സ്വയംപ്രഖ്യാപനത്തിന് മുന്നില്‍ തലകുനിച്ചുകൊടുക്കേണ്ട ഗതികേടായിരിക്കും അവരെ കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇനിയും കരുത്തുകാട്ടാന്‍ സാധിക്കാത്ത രമേശ് ചെന്നിത്തലയില്‍ പ്രതീക്ഷവച്ചിട്ട് യാതൊരു ഫലവുമില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ നേരിടുന്നതിന് മുമ്പ് ശക്തമായ ഒരു നേതൃത്വം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. തെറ്റുചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളെ നേരിടാന്‍ അത് പോര എന്ന അവസ്ഥയാണ് ഉള്ളത്. ഇതിനിടയിലാണ് രണ്ടാം സ്ഥാനത്തിനായുള്ള ബിജെപിയുടെ കളികള്‍ നടക്കുന്നതെന്നും ഓര്‍ക്കണം. രണ്ടാം സ്ഥാനമെന്നാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോഴെങ്കിലും അധികാരം പിടിച്ചെടുക്കാനുള്ള അവസരം കൂടിയാണ്. ബിജെപി രണ്ടാം സ്ഥാനത്ത് വരുന്നത് കേരളത്തിലെ മതേതര, ജനാധിപത്യ അടിത്തറയെ സാരമായി തന്നെ ബാധിക്കും. അത് തടയാന്‍ കോണ്‍ഗ്രസിന് ശക്തമായ ഒരു നേതൃത്വം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉമ്മന്‍ ചാണ്ടിയും തലമുതിര്‍ന്ന പല നേതാക്കളും സോളാറിന്റെ നിഴലിലായിരിക്കുന്ന സ്ഥിതിയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് കേന്ദ്രത്തിലേക്ക് പോയ ആന്റണിയെ തിരികെ കൊണ്ടുവരുന്നത് തന്നെയാണ് ഉചിതം. പൊതുസമ്മതനെന്ന ഘടകം പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോള്‍ അഴിമതി വിരുദ്ധ ഇമേജ് ജനങ്ങള്‍ക്കിടയില്‍ സഹായകമാകും. ദേശീയ നേതൃത്വത്തില്‍ ഉത്തരവാദിത്വപ്പെട്ട ധാരാളം ജോലികള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തേണ്ടതും അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് ഓര്‍ക്കേണ്ടതുണ്ടത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാനെയാണ് ഉമ്മന്‍ ചാണ്ടി കണ്ടുവച്ചിരുന്നത്. എന്നാല്‍ സോളാര്‍ കേസില്‍ ബെന്നിയും കുറ്റക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഉമ്മന്‍ ചാണ്ടിയുടെ ഒരു നോമിനി തല്‍ക്കാലം പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തുന്നത് പാര്‍ട്ടിയ്ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷമാകും ചെയ്യുക. ഇനി എം എം ഹസ്സനെ തന്നെ വെച്ചു ഓടിക്കാമെന്ന് വെച്ചാല്‍ അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും സംഘടന തന്നെ ഇല്ലാതാവും.

കേരളഘടകത്തിലെ അഭിപ്രായ ഭിന്നത മൂലം കേന്ദ്രനേതൃത്വം ഇവിടുത്തെ സംഘടന തെരഞ്ഞെടുപ്പ് മാത്രം സാവകാശം മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്. ആന്റണിയെ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നാല്‍ ഈ അഭിപ്രായ ഭിന്നതയ്ക്കും പരിഹാരമാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സ്ഥാനം രാജിവച്ച മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെയും മറ്റ് പലരുടെയും സഹായം അദ്ദേഹത്തിനുണ്ടാകുമെന്ന് ഉറപ്പാണ്. യുവതുര്‍ക്കികളായ വിഡി സതീശന്‍, വിടി ബല്‍റാം, ഷാഫി പറമ്പില്‍, ടിഎന്‍ പ്രതാപന്‍ എന്നിവരെയും നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തിയാല്‍ സംഘടനയ്ക്ക് സാവകാശം കെട്ടുറുപ്പ് തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കീഴ്ഘടകങ്ങളില്‍ നടക്കുന്ന ചര്‍ച്ച. അഴിമതിക്കാരെന്ന ആരോപണം പോലും ഇവര്‍ക്കാര്‍ക്കും എതിരെ ഇതുവരെയും ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ തളര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ബിജെപിയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കി സ്വയം അപ്രസക്തമാകുന്നതില്‍ നിന്നെങ്കിലും കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ ഇതിലൂടെ സാധിക്കും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍