16 രാജ്യങ്ങള്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ മുങ്ങിത്താഴ്ന്നു. നിലവിലെ ജേതാക്കളായ ലോക ഒന്നാം നമ്പര്‍ ടീം ജര്‍മനി പുറത്തായതാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഞെട്ടിക്കുന്ന വാര്‍ത്ത. ഏഷ്യന്‍ ശക്തിയായി ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.
കണക്കുകൂട്ടലുകള്‍ക്കും വിരവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും താല്‍ക്കാലിക വിരാമം. ഗ്രൂപ്പ് ജിയില്‍ പാനമ-ടുണീഷ്യ, ഇംഗ്ലണ്ട്-ബെല്‍ജിയം മത്സരങ്ങളോടെ രണ്ടാഴ്ച നീണ്ട ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് സമാപനമായി. വാശിയേറിയ പോരാട്ടങ്ങളും അപ്രതീക്ഷിത വീഴ്ചകളും ഉയര്‍ച്ചകളും ഉയിര്‍ത്തെഴുന്നേല്‍പുകള്‍ക്കുമൊടുവില്‍ 16 ടീമുകള്‍ പ്രീക്വാര്‍ട്ടറിന്റെ കരപറ്റിയിരിക്കുന്നു. 16 രാജ്യങ്ങള്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ മുങ്ങിത്താഴ്ന്നു. നിലവിലെ ജേതാക്കളായ ലോക ഒന്നാം നമ്പര്‍ ടീം ജര്‍മനി പുറത്തായതാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഞെട്ടിക്കുന്ന വാര്‍ത്ത. ഏഷ്യന്‍ ശക്തിയായി ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ
പ്രീക്വാര്‍ട്ടറില്‍: ഉറുഗ്വായ്, റഷ്യ
പുറത്തായവര്‍: സൗദി, ഈജിപ്ത്
ആതിഥേയരായ റഷ്യ ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ നിന്നു തന്നെയാണ് ആദ്യ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവുമുണ്ടായത്. ആദ്യം മത്സരങ്ങള്‍ നടന്നു എന്നതുമാത്രമല്ല, അവയില്‍ ഉറുഗ്വായും റഷ്യയും പുലര്‍ത്തിയ ആധിപത്യം കൂടിയായിരുന്നു അതിനു കാരണം. മൂന്നില്‍ മൂന്നു മത്സരവും ജയിച്ച് ഉറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ സൗദിയെയും ഈജിപ്തിനെയും തറപറ്റിച്ച് റഷ്യ രണ്ടാമന്‍മാരായി. മൂന്നാമതെത്തിയ സൗദിയോടും തോറ്റ മുഹമ്മദ് സലാഹിന്റെ ഈജിപ്തിന് പോയിന്റൊന്നുമില്ലാതെ മടങ്ങേണ്ടിവന്നു.
മോശം ഫോമുമായി, ലോകകപ്പ് ടീമുകളിലെ അവസാന റാങ്കുകാരായി മത്സരത്തിനിറങ്ങിയ ആതിഥേയരുടെ അപ്രതീക്ഷിത കുതിപ്പു തന്നെയാണ് എ ഗ്രൂപ്പിലെ പ്രധാന സംഭവം. ഉദ്ഘാടന മത്സരത്തില്‍ ഏഷ്യയില്‍ നിന്ന് ഏറെ പ്രതീക്ഷകളുമായെത്തിയ സൗദിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടങ്ങിയ റഷ്യ രണ്ടാം മത്സരത്തില്‍ ഈജിപ്തിനെ 3-1ന് തറപറ്റിച്ച് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. അവസാന മത്സരത്തില്‍ ഉറുഗ്വായ്‌ക്കെതിരെ തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ തന്നെയാകും അവര്‍ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ നേരിടുക. ജൂലൈ ഒന്നിനാണ് മത്സരം.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഉറുഗ്വായുടെ ലോകകപ്പിലെ തുടക്കം അത്ര ശക്തമായിട്ടായിരുന്നില്ല. ഈജിപ്തിനെതിരെയും സൗദിയ്‌ക്കെതിരെയും ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് അവര്‍ വിജയിച്ചത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ശേഷം റഷ്യയുമായുള്ള മത്സരത്തില്‍ റഷ്യയെ 3-0ന് തറപറ്റിച്ച് അവര്‍ പ്രീക്വാര്‍ട്ടറിന് ഒരുങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഉറുഗ്വായ്‌ക്കെതിരെ 30ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകാനിടയില്ല.
ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളായ മുഹമ്മദ് സലാഹാണ് പ്രീക്വാര്‍ട്ടറിലെത്തുമ്പോള്‍ എ ഗ്രൂപ്പിന്റെ നഷ്ടമാകുന്നത്. ആദ്യ മത്സരത്തില്‍ സലാഹില്ലാഞ്ഞിട്ടും ഈജിപ്ത് മികച്ച കളിയാണ് കാഴ്ചവെച്ചത്. അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങിയ നിര്‍ഭാഗ്യം കൂടിയാണ് ഈ ലോകകപ്പ് അവര്‍ക്ക് ദുരന്തമാക്കിയത്. രണ്ടു കളികളില്‍ തോറ്റെങ്കിലും ഈജിപ്തിനെതിരായ ആശ്വാസജയവുമായാണ് സൗദി മടങ്ങുന്നത്.

ഗ്രൂപ്പ് ബി
പ്രീക്വാര്‍ട്ടറില്‍: സ്‌പെയിന്‍, പോര്‍ച്ചുഗല്‍
പുറത്തായവര്‍: ഇറാന്‍, മൊറോക്കോ
സ്‌പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന ശക്തരായ ഗ്രൂപ്പ്. ഇറാനും മൊറോക്കോയുമുള്ള ഗ്രൂപ്പില്‍ നിന്ന് ഇവര്‍ തന്നെ പ്രീക്വാര്‍ട്ടറിലുമെത്തി. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല ഇവര്‍ക്ക്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരദിനം വരെ കാക്കേണ്ടിവന്നു സ്‌പെയിനിനും പോര്‍ച്ചുഗലിനും. രണ്ടു സമനിലയും ഒരു ജയവുമായാണ് ഇരു ടീമുകളും പ്രീക്വാര്‍ട്ടറിനെത്തുന്നത്.
ലോകകപ്പിലെ ആദ്യ വമ്പന്‍ പോരാട്ടം കണ്ട സ്‌പെയിന്‍-പോര്‍ച്ചുഗല്‍ മത്സരത്തോടെയാണ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ക്ക് തുടക്കമായത്. ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രിസ്റ്റിയാനോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനോട് 3-3ന് സമനില പിടിച്ചു. രണ്ടാം മത്സരത്തില്‍ സ്‌പെയിന്‍ മൊറോക്കോയേയും പോര്‍ച്ചുഗല്‍ ഇറാനെയും എതിരില്ലാത്ത ഓരോ ഗോളുകള്‍ക്ക് തോല്‍പിച്ച് പ്രീക്വാര്‍ട്ടറിലേക്ക് ഒരു പടികൂടി അടുത്തു. അവസാന മത്സര ദിനത്തില്‍ മൊറോക്കോ ഒഴികെയുള്ള മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നു. ഇറാന്‍ പോര്‍ച്ചുഗലിനെ തോല്‍പിക്കുകയും സ്‌പെയിന്‍ മൊറോക്കോയോട് തോല്‍ക്കുകയും ചെയ്താല്‍ ആര്‍ക്കു വേണമെങ്കിലും ക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നു.
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഇറാനും മൊറോക്കോയും സ്‌പെയനിനെയും പോര്‍ച്ചുഗലിനെയും സമനിലയില്‍ തളയ്ക്കുകയായിരുന്നു. അപ്രതീക്ഷിത ഫലങ്ങളില്ലാതെ അഞ്ചു പോയിന്റ് വീതം നേടി സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലേക്ക്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യനായി. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ ജേതാക്കളാണ് ഇവരുടെ എതിരാളികള്‍. ഒരോ ജയവും സമനിലയുമായി ഇറാന്‍ മൂന്നാമതും ഒരു സമനിലയുമായി മൊറോക്കോ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുമായി.

ഗ്രൂപ്പ് സി
പ്രീക്വാര്‍ട്ടറില്‍: ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്
പുറത്തായവര്‍: പെറു, ഓസ്‌ട്രേലിയ
അപ്രതീക്ഷിത ഫലങ്ങളൊന്നുമില്ലാത്ത ഗ്രൂപ്പ് സിയില്‍ നിന്നും കാര്യമായ പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ഫ്രാന്‍സും ഡെന്‍മാര്‍ക്കും യോഗ്യത നേടിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെയും പെറുവിനെയും തോല്‍പിച്ച് ഫ്രാന്‍സ് അനായാസം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരാ സമനിലയോടെ ഏഴു പോയിന്റുമായി യൂറോപ്യന്‍ ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയാണ് അവരുടെ എതിരാളികള്‍.
പെറുവിനെതിരെ ജയവും ഓസ്‌ട്രേലിയക്കും ഫ്രാന്‍സിനുമെതിരെ സമനിലയുമായാണ് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്തുന്നത്. ജൂലൈ ഒന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ക്രൊയേഷ്യയെ നേരിടും. ഓസ്‌ട്രേലിക്കെതിരായ മത്സരം ജയിച്ച പെറുവാണ് ഗ്രൂപ്പ് സിയില്‍ മൂന്നാമത്. ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച ഓസ്‌ട്രേലിയ അവസാനസ്ഥാനത്തും.

ഗ്രൂപ്പ് ഡി
പ്രീക്വാര്‍ട്ടറില്‍: ക്രൊയേഷ്യ, അര്‍ജന്റീന
പുറത്തായവര്‍: നൈജീരിയ, ഐസ്ലാന്‍ഡ്
ലോകകപ്പിലെ ഉദ്വേഗം അതിന്റെ പരകോടിയിലെത്തിച്ച ഗ്രൂപ്പാണിത്. അര്‍ജന്റീനയുടെ അപ്രതീക്ഷിത വീഴ്ചകളും ഒടുവിലെ ഉയിര്‍ത്തെഴുന്നേല്‍പും ലോകകപ്പിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ നിമിഷങ്ങളാണ് ആരാധകര്‍ക്ക് നല്‍കിയത്. മൂന്നില്‍ മൂന്നു കളികളും ഒമ്പത് പോയിന്റുമായി ജയിച്ച് ആധികാരികമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ നാലു പോയിന്റുമായി അര്‍ജന്റീന കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. നൈജീരിയയും ഐസ്ലാന്‍ഡുമാണ് ഗ്രൂപ്പില്‍ നിന്ന് പുറത്തായത്.
ലോകകപ്പിലെ നവാഗതരായ ഐസ്ലാന്‍ഡിനോട് സമനില വഴങ്ങിയാണ് അര്‍ജന്റീന തുടങ്ങിയത്. എന്നാല്‍, രണ്ടാംമത്സരത്തില്‍ ക്രൊയേഷ്യയോട് 3-0ന് പരാജയപ്പെട്ട് അവര്‍ ലോകകപ്പിന്റെ പുറത്തേക്കുള്ള വാതിലോളമെത്തി. എന്നാല്‍, ഐസ്ലാന്‍ഡ്-നൈജീരിയ മത്സര ഫലത്തിന്റെ ഭാഗ്യത്തിലും അവസാന മത്സരത്തില്‍ നൈജീരിയക്കെതിരെ 86-ാം മിനിറ്റില്‍ നേടിയ ഗോളിന്റെ ബലത്തിലും മെസ്സിയും കൂട്ടരും ദുരന്തമൊഴിവാക്കി. ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായതിനാല്‍ ഫ്രാന്‍സാണ് പ്രീക്വാര്‍ട്ടറില്‍ അവരുടെ എതിരാളികള്‍. ഒരു മത്സരം പോലും തോല്‍ക്കാതെ മികച്ച ഫോമിലെത്തുന്ന ഫ്രഞ്ച് പടയെ തോല്‍പിക്കുക ലാറ്റിനമേരിക്കന്‍ ടീമിന് അനായാസമാവില്ല.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ക്രൊയേഷ്യ ഈ ലോകകപ്പിലെ നിശബ്ദ വിപ്ലവകാരികളാണ്. നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ ചില പോരായ്മകളുണ്ടായെങ്കിലും ശക്തരായ എതിരാളികള്‍ എത്തിയപ്പോള്‍ കരുത്തുകാട്ടിയ ടീമാണിത്. നൈജീരിയയ്‌ക്കെതിരെ നിറംമങ്ങിയ ജയം നേടിയ ക്രൊയേഷ്യ പക്ഷേ, എതിരില്ലാത്ത മൂന്നു ഗോളിനാണ് കിരീടപ്രതീക്ഷയുമായെത്തിയ അര്‍ജന്റീനയെ തകര്‍ത്തത്. അവസാന മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ പ്രധാന താരങ്ങളില്ലാതെയും ജയിക്കാനും അവര്‍ക്കായി.
മികച്ച കളി കാഴ്ചവെച്ച് പുറത്തായ ടീമുകളാണ് നൈജീരിയയും ഐസ്ലാന്‍ഡും. ക്രൊയേഷ്യക്കെതിരെ സെല്‍ഫ് ഗോളും പെനാല്‍റ്റിയും വഴങ്ങി തോറ്റ ടീം അര്‍ജന്റീനയ്‌ക്കെതിരെ 86-ാം മിനിറ്റില്‍ വഴങ്ങിയ ഗോളിലൂടെയാണ് ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വഴി കണ്ടെത്തിയത്. ഐസ്ലാന്‍ഡിനെതിരെ അവര്‍ ജയിക്കുകയും ചെയ്തു. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ഐസ്ലാന്‍ഡാകട്ടെ അര്‍ജന്റീനയ്‌ക്കെതിരെ സമനില നേടുകയും മറ്റു രണ്ടു കളികളിലും മികച്ച പോരാട്ടവീര്യം പുറത്തെടുക്കുകയും ചെയ്ത ശേഷം തലയുയര്‍ത്തി തന്നെയാണ് മടങ്ങുന്നത്.

ഗ്രൂപ്പ് ഇ
പ്രീക്വാര്‍ട്ടറില്‍: ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്
പുറത്തായവര്‍: സെര്‍ബിയ, കോസ്റ്റാറിക്ക
ആദ്യ മത്സരത്തിലും മറ്റുള്ളവരുടെ മത്സരഫലങ്ങളിലും കിടുങ്ങിയ ബ്രസീലും കഷ്ടിച്ചു കടന്നുകൂടിയ സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടുന്ന ഇ ഗ്രൂപ്പ് മികച്ച പോരാട്ടം കണ്ട ഗ്രൂപ്പുകളിലൊന്നാണ്. പുറത്തായ സെര്‍ബിയക്കും കോസ്റ്റാറിക്കയ്ക്കും തീര്‍ത്തും മോശമായ ലോകകപ്പൊന്നുമല്ല റഷ്യയിലേത്.
ബൊലെ ഹൊറിസോണ്ടയിലെ ദുരന്ത സ്മരണകളും പേറിയെത്തിയ ബ്രസീലിന്റെ ഞെട്ടലോടെയാണ് ഇ ഗ്രൂപ്പിലെ മത്സരങ്ങള്‍ ആരംഭിച്ചത്. സ്വിറ്റ്സർലൻഡിനെിരായ മത്സരത്തിൽ സമനില വഴങ്ങിയ ബ്രസീലിന് കോസ്റ്റാറിക്കയ്ക്ക് എതിരായ രണ്ടാംമത്സരവും ആശങ്കകളാണ് സമ്മാനിച്ചത്. കളിസമയത്ത് ഗോൾരഹിതമായിരുന്ന മത്സരത്തിലെ ഇഞ്ചുറി ടൈമിൽ തുടർച്ചയായി രണ്ടു ഗോളടിച്ച് ബ്രസീൽ അത്ഭുതം കാട്ടി. അവസാന മത്സരത്തിൽ സെർബിയയെയും തോൽപിച്ച കാനറികൾ ഗ്രൂപ്പ് ചാമ്പ്യൻമാരാവുകയും ചെയ്തു. ജൂലൈ രണ്ടിന് നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിൽ നിന്ന് മെക്സിക്കോയാണ് അവരുടെ എതിരാളികൾ.
ഒരു കളിപോലും തോറ്റില്ല എന്നതാണ് സ്വിറ്റ്സർലാൻഡിന് ഗ്രൂപ്പിൽ നിന്നും മുന്നേറാൻ അവസരം കൊടുത്തത്. ബ്രസീലിനെ സമനിയിൽ തളച്ച് സ്വിസ് ടീം സെർബയക്കെതിരെ ജയിച്ചു. എന്നാൽ, കോസ്റ്റാറിക്കയോട് സമനില വഴങ്ങിയാണ് അവർ ഗ്രൂപ്പ് സ്റ്റേജ് അവസാനിപ്പിച്ചത്. പ്രീക്വാർട്ടറിൽ ജൂലൈ മൂന്നിന് സ്വിറ്റ്സർലൻഡ്-സ്വീഡൻ മത്സരം കാണാം. കോസ്റ്റാറിക്കയ്ക്കെതിരെ ആശ്വാസജയം നേടിയ സെർബിയ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ ഒരു സമനില മാത്രം അക്കൗണ്ടിൽ ചേർത്ത കോസ്റ്റാറിക്ക അവസാന സ്ഥാനത്തായി.

ഗ്രൂപ്പ് എഫ്
പ്രീക്വാർട്ടറിൽ: സ്വീഡൻ, മെക്സിക്കോ
പുറത്തായവർ: സൗത്ത് കൊറിയ, ജർമനി
പ്രതീക്ഷിച്ചിരുന്നതുപോലെ’ ചാമ്പ്യൻമാരെ പുറത്താക്കിയ ഗ്രൂപ്പെന്ന ഖ്യാതി ഇത്തവണ എഫ് ഗ്രൂപ്പിന്. തൊട്ടുമുമ്പത്തെ ലോകകപ്പിലെ ചാമ്പ്യൻമാരെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കുകയെന്ന ലോകകപ്പിന്റെ ശീലം ഇത്തവണ കരുത്തരായ ജർമനി തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യഘട്ടം അവസാനിക്കുമ്പോൾ എഫ് ഗ്രൂപ്പിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാനായിരുന്നു അവരുടെ വിധി. സ്വീഡനും മെക്സിക്കോയും നോക്കൗട്ടിലെത്തിയ ഗ്രൂപ്പിൽ സൗത്ത് കൊറിയയാണ് ജർമനിയ്ക്ക് കൂട്ട്. എന്നാൽ, അവസാന മത്സരത്തിൽ ജർമനിയെ എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ച് പ്രീക്വാർട്ടർ സാധ്യതകൾ ഇല്ലാതാക്കിയതും കൊറിയക്കാരായിരുന്നു. 2002 -ലെ സെമിയിൽ തോൽപിച്ചതിന് ജർമനിയോടുള്ള ഏഷ്യൻ ടീമിന്റെ മധുരപ്രതികാരം കൂടിയായി ഇത്.
മെക്സിക്കോയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ഒന്നാം റാങ്കുകാരായ ജർമനി ലോകകപ്പ് ആരംഭിച്ചത്. കൊറിയയോട് തോൽക്കും മുമ്പ് സ്വീഡനോട് നേടയ ജയം മാത്രമുണ്ടാകും 21-ാം ലോകകപ്പിൽ അവർക്കോർമിക്കാൻ. ജർമനിയോട് തോറ്റെങ്കിലും കൊറിയയെയും മെക്സിക്കോയേയും തോൽപിച്ചാണ് സ്വീഡൻ നോക്കൗട്ട് ഉറപ്പാക്കിയത്. മെക്സിക്കോയ്ക്കൊപ്പം ആറു പോയിന്റ് പങ്കിട്ട സ്വീഡൻ ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡാണ് എതിരാളികൾ.
ജർമനിയോട് ജയിച്ച് തുടങ്ങിയ മെക്സിക്കോ അടുത്ത മത്സരത്തിൽ സൗത്ത് കൊറിയയെയും ചുരുട്ടിക്കെട്ടി ഏറെക്കുറെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ സ്വീഡനോട് 3-0ന്റെ കനത്ത പരാജയറ്റേുവാങ്ങിയത് അവർക്ക് ക്ഷീണമായി. പ്രീക്വാർട്ടറിൽ ബ്രസീലാണ് എതിരാളികൾ. ജർമനിയ്ക്കെതിരായ രണ്ടു ഗോൾ ജയത്തോടെ ഗോൾ വ്യത്യാസത്തിലും മുന്നിൽ കടന്ന സൗത്ത് കൊറിയ ഗ്രൂപ്പിൽ മൂന്നാമതായി. മൂന്ന് പോയിന്റുണ്ടെങ്കിലും ജർമനിയ്ക്ക് അവസാന സ്ഥാനമായിരുന്നു വിധിച്ചത്.

ഗ്രൂപ്പ് ജി
പ്രീക്വാർട്ടറിൽ: ബെൽജിയം, ഇംഗ്ലണ്ട്
പുറത്തായവർ: ടുണീഷ്യ, പനാമ
പ്രീക്വാർട്ടർ നേടിയ ടീമുകളും പുറത്തായ ടീമുകളും തമ്മിലുള്ള അന്തരം തന്നെ ജി ഗ്രൂപ്പിന്റെ കഥ പറയും. ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ ജയങ്ങൾ കണ്ട ഗ്രൂപ്പാണിത്. കന്നി ലോകകപ്പിനെത്തിയ പനാമ ഒന്നും ചെയ്യാനില്ലാതെ മടങ്ങിയപ്പോൾ പനാമയെ മാത്രം തോൽപിച്ച ടുണീഷ്യ മൂന്നാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച മൂന്ന് ടീമുകളിലൊന്നാണ് ബെൽജിയം. ജി ഗ്രൂപ്പിൽ അക്ഷരാർത്ഥത്തിൽ അവരുടെ അപ്രമാദിത്തമായിരുന്നു. ആദ്യ മത്സരത്തിൽ പനാമയെ 3-0ന് മുക്കിയ ബെൽജിയം ടുണീഷ്യയെ 5-2ന് കശക്കിയെറിഞ്ഞ് പ്രീക്വാർട്ടറുറപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകപക്ഷീയമായ ഒരു ഗോൾ ജയം കൂടിയായപ്പോൾ ബെൽജിയൻ പടയോട്ടം പൂർത്തിയായി. പ്രീക്വാർട്ടറിൽ ജപ്പാൻ ബെൽജിയത്തിന് വെല്ലുവിളിയാകുമോ എന്ന് കണ്ടറിയണം. ജൂലൈ രണ്ടിനാണ് മത്സരം.
അവസാന മത്സരത്തിൽ ബെൽജിയത്തോട് തോറ്റെങ്കിലും ആദ്യ മത്സരത്തിൽ ടുണീഷ്യയെ 2-1നും രണ്ടാം മത്സരത്തിൽ പനാമയെ 6-1നും തോൽപിച്ച ഇംഗ്ലണ്ടിനും പ്രീക്വാർട്ടർ പ്രവേശനം ആയാസമുള്ളതായിരുന്നില്ല. പ്രീക്വാർട്ടറിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും.

ഗ്രൂപ്പ് എച്ച്
പ്രീക്വാർട്ടറിൽ: കൊളംബിയ, ജപ്പാൻ
പുറത്തായവർ: സെനഗൽ, പോളണ്ട്
പ്രീക്വാർട്ടറിലെ ഒരേയൊരു ഏഷ്യൻ സാന്നിധ്യമായി ജപ്പാൻ യോഗ്യത നേടിയ ഗ്രൂപ്പിൽ പോളണ്ടാണ് ദുരന്തമായത്. ഫിഫ റാങ്കിങിൽ പോളണ്ട് എട്ടാംസ്ഥാനത്തും ജപ്പാൻ 61-ാം സ്ഥാനത്തുമാണ്. കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോൾ സെനഗൽ മൂന്നാംസ്ഥാനത്ത് ലോകകപ്പ് അവസാനിപ്പിച്ചു. ജപ്പാനുമായി പോയിന്റിലും ഗോൾ വ്യത്യാസത്തിലും സമനില പിടിച്ച സെനഗലിന് ഫെയർപ്ലേയിലാണ് പ്രീക്വാർട്ടർ നഷ്ടമായത്.
ജപ്പാനിൽ നിന്നും ആദ്യ മത്സരത്തിൽ നിന്നേറ്റ ഷോക്കിൽ ഉണർന്ന കൊളംബിയ പിന്നീട് പോളണ്ടിനെയും സെനഗലിനെയും തോൽപിച്ചാണ് ഗ്രൂപ്പ് ചാമ്പ്യൻ പട്ടം ഉറപ്പാക്കിയത്. ഇംഗ്ലണ്ടാണ് നോക്കൗട്ടിലെ എതിരാളികൾ. ആദ്യ മത്സരത്തിൽ കൊളംബിയയെ അട്ടിമറിക്കുകയും രണ്ടാം മത്സരത്തിൽ സെനഗലിനെ സമനിലയിൽ തളയ്ക്കുകയും ചെയ്ത ജപ്പാന് കളിക്കളത്തിലെ സംയമനമാണ് തുണയായത്. പോയിന്റിലും ഗോൾ ശരാശരിയിലും തുല്യമായ സെനഗലിനെ മഞ്ഞക്കാർഡുകളുടെ എണ്ണത്തിൽ പിന്തള്ളിയാണ് ജപ്പാൻ മുന്നേറിയത്. മൂന്ന് മത്സരങ്ങളിൽ സെനഗൽ അഞ്ച് മഞ്ഞക്കാർഡുകൾ വാങ്ങിയപ്പോൾ മൂന്നെണ്ണം മാത്രമായിരുന്നു ജപ്പാന് കിട്ടിയിരുന്നത്. പ്രീക്വാർട്ടറിൽ ബെൽജിയത്തെ മറികടക്കാൻ പക്ഷേ, ജപ്പാന് ഫെയർ പ്ലേ മാത്രം പോരാതെവരും.
ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റപ്പോൾ തന്നെ പോളണ്ട് പുറത്തേക്കുള്ള വഴി കണ്ടെത്തിയിരുന്നു. ജപ്പാനെതിരെ ആശ്വാസജയം നേടി മടങ്ങാനായിരുന്നു പോളണ്ടുകാരുടെ വിധി. പോളണ്ടിനെ 2-1ന് തോൽപിച്ച സെനഗൽ തുടക്കം മുതൽ പ്രീക്വാർട്ടർ പ്രതീക്ഷ പുലർത്തിയിരുന്നു. ജപ്പാനെതിരായ സമനിലയോടെ പോളണ്ടിന്റെ സാധ്യകൾ ഇല്ലാതായ് അവരുടെ പ്രതീക്ഷകളേറ്റി. എന്നാൽ, അവസാന മത്സരത്തിൽ കൊളംബിയയോട് തോറ്റതോടെ 36 വർഷങ്ങൾക്ക് ശേഷം ആഫ്രിക്കയില്ലാത്ത നോക്കൗട്ടാകും ഇത്തവണത്തേതെന്ന് ഉറപ്പായി.
ഫിഫ വേള്‍ഡ് കപ്പിലെ ‘അര്‍ജന്റീന × ഫ്രാന്‍സ് കളിയുടെ (30-06-2018) പ്രിവ്യൂവുമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..
‘റൗണ്ട് 16’ ലെ പോരാട്ടത്തിന് അര്‍ജന്റീനയും ഫ്രാന്‍സും തുടക്കമിടും
ജര്‍മനി പുറത്തായത് നന്നായി; ഇല്ലേല്‍ ലോകകപ്പ് യുറോ കപ്പായേനെ!
കേരളത്തിന്റെ ഫുട്‌ബോള്‍ ലഹരിക്ക് ‘മിശിഹാ’യുടെ അംഗീകാരം: കയ്യൊപ്പ് പതിഞ്ഞ പന്ത്
PREVIEW: ഇന്ന് ഫ്രാൻസ് × അർജന്റീന; അതി ജീവിച്ചാല്‍ റഷ്യയില്‍, അല്ലെങ്കില്‍ മടങ്ങാം നാട്ടിലേക്ക്