UPDATES

ട്രെന്‍ഡിങ്ങ്

വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

ഇനി ആരൊക്കെ പോകാന്‍ ഇരിക്കുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് പോകുന്നതിനു മുന്‍പുള്ള പൊട്ട ബുദ്ധിക്ക് തോന്നിയതാണ്. സിപിഎമ്മിനെ എല്ലാകാലത്തും പേടിപ്പിക്കാന്‍ പറ്റിയ വജ്രായുധം-ടിപി ചന്ദ്രശേഖരന്‍.

കാംപസ് രാഷ്ട്രീയത്തില്‍ നിന്നും ഒട്ടും വളര്‍ന്നിട്ടില്ല താനെന്ന് വി ടി ബല്‍റാം ഒരിക്കല്‍ കൂടി തെളിയിച്ചു. ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന കാമ്പസ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച കെ എസ് യു നേതാവ് സതീശന്‍ കഞ്ഞിക്കുഴി ചെയ്യുന്നതില്‍ കൂടുതലൊന്നും തനിക്ക് ചെയ്യാന്‍ കഴിയില്ലെന്നും. കുത്തിത്തിരിപ്പും പിന്നില്‍ കുത്തും. പിന്നെ അവസരം കിട്ടിയാല്‍ സ്വയം പുണ്യാളന്‍ ചമയലും.

സ്വതവേ തന്റെ പാര്‍ട്ടി കുഴപ്പത്തില്‍ പെടുമ്പോഴൊക്കെ തന്ത്രപരമായ നിശബ്ദത പാലിക്കുകയും എതിര്‍പക്ഷത്തെ അടിക്കാന്‍ വടി കിട്ടുമ്പോള്‍ ആഞ്ഞടിക്കുകയും ചെയ്യുന്ന യുദ്ധതന്ത്രമാണ് വി ടി ബല്‍റാം പ്രയോഗിക്കാറ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഓഡിറ്റര്‍മാരുടെ സ്ക്രീന്‍ ഷോട്ട് ആക്രമണത്തില്‍ പെട്ട് പലപ്പോഴും നട്ടം തിരിയാറുമുണ്ട്.

പക്ഷേ ഇത്തവണ രണ്ടും കല്‍പ്പിച്ചങ്ങ് ചാടി. ഒരു രാഷ്ട്രീയ ഉരുള്‍പൊട്ടലായിരുന്നില്ലേ ഇന്നലെ സംഭവിച്ചത്. ആരൊക്കെയാണ് ആ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിരിക്കുന്നത്. ഇനി ആരൊക്കെ പോകാന്‍ ഇരിക്കുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് പോകുന്നതിനു മുന്‍പുള്ള പൊട്ട ബുദ്ധിക്ക് തോന്നിയതാണ്. സിപിഎമ്മിനെ എല്ലാകാലത്തും പേടിപ്പിക്കാന്‍ പറ്റിയ വജ്രായുധം-ടിപി ചന്ദ്രശേഖരന്‍.

മൈതാന മധ്യത്തില്‍ നിന്നുള്ള ഒരു ലോംഗ് റെയ്ഞ്ചര്‍. പക്ഷേ പോസ്റ്റ് മാറിപ്പോയി എന്നു മാത്രം. ആ ബൂമറാംഗ് ഷോട്ടില്‍ കുലുങ്ങിയത് സ്വന്തം വലകൂടിയായിരുന്നു.

ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.

ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.

‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.

ഒരു വശത്ത് വാള്‍ സ്ട്രീറ്റ് പിടിച്ചടക്കുന്ന ആവേശത്തില്‍ ടി എം തോമസ് ഐസക് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് പിടിച്ചടക്കിക്കൊണ്ടുള്ള സോളാര്‍ സമരം പിന്‍വലിക്കുന്നത്. തുടര്‍ന്ന് വന്ന വാര്‍ത്തകള്‍ പിണറായിയും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ഒരു ഫോണ്‍ കോളിനെ കുറിച്ചായിരുന്നു. ആ ഫോണ്‍ സംഭാഷണത്തിലൂടെ അതും ഇതും കോംപ്ലിമെന്‍റ്സാക്കി എന്നായിരുന്നു മാധ്യമ പാണന്‍മാരുടെ പാട്ടുകച്ചേരി.

പിന്നീട് സിപിഎമ്മിനെ കുത്താനായി സിപിഐ അടക്കം ഈ അപസര്‍പ്പകഥ പലപ്പോഴും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം കക്ഷിയാകാന്‍ തയ്യാറെടുക്കുന്ന ബിജെപിയുടെ മുഖ്യ പ്രചരണായുധമായിരുന്നു ഈ ഇടതു വലതു ഒത്തുതീര്‍പ്പ് കഥ.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നിയമസഭ അംഗമായിരുന്ന വിടി ബല്‍റാം ‘ടിപി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു’ എന്നു നടത്തിയ വെളിപ്പെടുത്തല്‍ സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും ഒരു പോലെ ഭസ്മമാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും ടി പി കേസില്‍ സി ബി ഐ അന്വേഷണം എന്ന ആവശ്യം ടിപിയുടെ ഭാര്യയും ആര്‍ എം പി നേതാവുമായ കെ കെ രമ ഉയര്‍ത്തുന്ന സാഹചര്യത്തില്‍. ഈ അവസരം മുതലെടുക്കാന്‍ ബിജെപി തീരുമാനിച്ചാല്‍ സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയുംകുഴപ്പത്തിലാക്കാന്‍ പോന്ന മറ്റൊരു രാഷ്ട്രീയ-നിയമ യുദ്ധമായി പരിണമിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

“ടിപി കേസില്‍ തങ്ങള്‍ നിരന്തരമായി ഉന്നയിച്ചിരുന്ന വസ്തുത ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവും നിയമസഭ സാമാജികനുമായുള്ള ആള്‍ തന്നെ സ്ഥിരീകരിക്കുമ്പോള്‍ അതിന് അതീവ ഗൗരവമുണ്ട്. ഇവിടെ ഇത്തരത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നറിയാവുന്നതുകൊണ്ടു തന്നെയാണ് പുറത്തു നിന്നുള്ള ഒരു ഏജന്‍സി ടി പി കേസ് അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ആവശ്യപ്പെടുന്ന സിബിഐ അന്വേഷണം അംഗീകരിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് ബല്‍റാമിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലും വ്യക്തമാക്കുന്നത്.” രമ അഴിമുഖത്തോട് പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍