UPDATES

യാത്ര

കാടകം; ആനമലൈ ടൈഗര്‍ ട്രെയില്‍സിലൂടെ ഒരു യാത്ര

Avatar

സുജിത് പുല്‍പ്പാറ

തണുത്ത കാറ്റ് ബസ്സിന്റെ തുറന്നിട്ട ജനല്‍ പാളികള്‍ക്കിടയിലൂടെ അകത്തേക്ക് തുളച്ചു കയറുന്നു. ഉറക്കച്ചടവോടെ തുറന്നിരിക്കുന്ന കണ്ണുകള്‍ ഇടക്ക് അടഞ്ഞു പോവുന്നുണ്ട്. ഇടക്കെപ്പോഴോ ഒരു ബോര്‍ഡ് കണ്ടു ‘ ആനമലൈ ടൈഗര്‍ റിസര്‍വിലേക്ക് സ്വാഗതം ‘… സേതുമട ചെക്ക്‌പോസ്റ്റ് കഴിഞ്ഞിരുന്നു. ഇനി ഒരു ചുരം കയറണം. മഴക്കാറ് നിറഞ്ഞ ആകാശവും മഞ്ഞിന്റെ നേര്‍ത്ത വലയവും തീര്‍ക്കുന്ന അന്തരീക്ഷത്തില്‍ ആലസ്യത്തോടെ വന്നു ചിതറുന്ന സ്വര്‍ണ്ണ വെളിച്ചം കണ്ണില്‍ വിസ്മയം തീര്‍ക്കുന്നു. വളഞ്ഞുപുളഞ്ഞു കിടക്കുന്ന കാനന പാതയിലൂടെ അല്‍പ്പം കിതച്ചു കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സിന്റെ ചക്രങ്ങള്‍ നീങ്ങി.

ടോപ് സ്ലിപ് ..നിശബ്ദത പോലും ഭയം സൃഷ്ടിക്കുന്ന കാടിന് നടുവിലായി വിശാലമായ ഒരു പുല്‍മേട്, അവിടെ കുറച്ചു ക്വാര്‍ട്ടേഴ്‌സുകളും ഒരു കാന്റീനും ഒരു ഫോറസ്റ്റ് ഓഫീസും. എപ്പോഴും ഏതു വന്യജീവിയേയും പ്രതീക്ഷിക്കാവുന്ന ചുറ്റുപാട്. തണുത്ത കാറ്റും, മഞ്ഞും ഇടക്ക് വന്നു പോവുന്ന ചാറ്റല്‍ മഴയും. മാനുകളും മയിലും സ്വൈര വിഹാരം നടത്തുന്നു. ധാരാളം കരിങ്കുരങ്ങുകളെ (ലംഗൂര്‍) അവിടെ കാണാം. ഉച്ച കഴിഞ്ഞു ഫോറസ്റ്റ് ഓഫീസിലെ എഴുത്തുകുത്തുകള്‍ കഴിഞ്ഞു ഞങ്ങള്‍ പതിനെട്ടുപേര്‍ ക്യാമ്പ് ഷെഡില്‍ ഒത്തു ചേര്‍ന്നു. എല്ലാവര്‍ക്കും നല്ല വിശപ്പുണ്ട്. ഊണിനുള്ള സമയം ആവുന്നതെ ഉള്ളൂ. ക്ഷമകെട്ട് ഓരോരുത്തരായി കാന്റീന്‍ വാതിലിനടുത്തായി നിലയുറപ്പിച്ചു.

ആവി പറക്കുന്ന പച്ചരി ചോറും കടലുപോലെ ഒഴുകി നടക്കുന്ന രസവും, സാമ്പാറും ഒരു തോരനും വല്യ പപ്പടവും (അപ്പളം) അച്ചാറും. ഊണ് സുഭിക്ഷം. ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ചു നേരം പുല്‍ത്തകിടിയില്‍ വിശ്രമിച്ചു. ‘ജംഗിള്‍ സഫാരി’ ചെയ്താലോ എന്ന ആശയം പെട്ടെന്നായിരുന്നു മനസ്സില്‍ ഉദിച്ചത്. ടോപ് സ്ലിപ്പില്‍ നിന്നും ഏകദേശം ഒന്‍പതു കിലോമീറ്റര്‍ ആണ് സഫാരി. ഇരുപത്തഞ്ച് പേര്‍ തികഞ്ഞാല്‍ ഒരു വണ്ടി വിടും. ടൂറിസ്റ്റിന്റെ വേഷത്തില്‍ വെള്ളമടിച്ചു നാറുന്ന ചേട്ടന്മാരെയും കൊണ്ട് വനയാത്ര നടത്തുന്നതിലും ഭേദം ആത്മഹത്യയാണെന്ന് വരെ തോന്നിപ്പോയി. എങ്കിലും പോയി. പ്രത്യേകിച്ച് വന്യമൃഗങ്ങളെ ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും സഫാരി അവസാനിക്കുന്നത്  ‘കുംകി’ (താപ്പാന) ആനകളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു സ്ഥലത്ത് ആണ്. ആനക്കുട്ടിക്ക് ഭക്ഷണം വായില്‍ കൊടുക്കുന്നതും കുളിപ്പിക്കുന്നതും, അതിന്റെ കുറുമ്പുകളും എല്ലാം ഫ്ലാഷ് ഇല്ലാതെ തന്നെ ഹൃദയത്തില്‍ പതിയുന്ന കാഴ്ചകള്‍ ആണ്.

കുംകി ക്യാമ്പില്‍ നിന്നും മടങ്ങുമ്പോഴേക്കും ഇരുട്ടിന്റെ കവചം കാടിനെ മൂടിയിരുന്നു. കുറ്റിക്കാട്ടില്‍ തിളങ്ങുന്ന കണ്ണുകളെ തിരിച്ചറിയാനാവാത്ത വിധം ചുറ്റും ഇരുട്ട് നിറഞ്ഞിരുന്നു. ടോപ് സ്ലിപ്പ് എത്തിയപ്പോഴേക്കും പുല്‍ത്തകിടിയില്‍ നിറയെ മാനുകളും ഒന്ന് രണ്ടു കാട്ടുപന്നിയും ഉണ്ട്. കാന്റീനില്‍ നിന്നും ചൂട് ചായയും കുടിച്ചു ഡോര്‍മെറ്ററിക്ക് പുറകിലുള്ള ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നു. ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി. വനയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പലരുടെയും യാത്ര അനുഭവങ്ങള്‍ പങ്കുവെച്ചു. കളിയും ചിരിയുമായി സമയം ചിലവഴിച്ചു.

 

തൊട്ടാല്‍ കൈ പൊള്ളുന്ന കുറുമയും ചൂടുള്ള ചപ്പാത്തിയും പിന്നെ നമ്മുടെ സുഹൃത്ത് റമീസ് സ്വന്തം ഉത്തരവാദിത്വത്തില്‍ ഉണ്ടാക്കിയ പലതരം അച്ചാറുകളും കഴിച്ചു കൊണ്ട് അത്താഴം അവസാനിപ്പിച്ചു.വീണ്ടും ഗ്രൌണ്ടിലെ സിമന്റ് കൊണ്ട് നിര്‍മിച്ച ഇരിപ്പിടങ്ങളിലേക്ക്. 

കാടിന്റെ നിശബ്ദതയെ തഴുകി വീശുന്ന കാറ്റില്‍ ഒരു ഗാനം പൊട്ടിമുളച്ചു. അല്ലിയാമ്പല്‍ കടവില്‍, ഏതു കരിരാവിലും .. മറന്നിട്ടുമെന്തിനോ..നദിയെ നദിയെ.. കവിത … അങ്ങിനെ നീണ്ടു പോയ സായാഹ്നം. ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധം ഓര്‍മകളില്‍ അലിഞ്ഞു ചേര്‍ന്നു .. നീണ്ട യാത്ര യുടെ ക്ഷീണവും, ഉറക്കത്തിന്‍റെ വിളിയും കൊണ്ട് ഓരോരുത്തരായി അവരവരുടെ കിടക്കയിലേക്ക് നീങ്ങി .. അവസാനം ഞങ്ങള്‍ നാലോ അഞ്ചോ പേര്‍ മാത്രമായി. കാടിനുള്ളിലെ രാത്രിയുടെ വശ്യത നിറഞ്ഞു നില്‍ക്കുന്നു. മഴക്കാറിനെ വകഞ്ഞു മാറ്റി തെളിഞ്ഞു വരുന്ന ചന്ദ്രിക .. കാട്ടു പൂക്കളുടെ ഗന്ധവും , കോടമഞ്ഞും .. വിദൂരതയില്‍ മിന്നി മായുന്ന പച്ച വെളിച്ചവും .. ഭയം ഉള്ളില്‍ കിനിഞ്ഞു. കാടിന്റെ ആ നേര്‍ത്ത സംഗീതം തുടര്‍ന്നു. 

എല്ലാ വനയാത്രയിലും എന്നപോലെ ഇത്തവണയും ഞങ്ങള്‍ അതിരാവിലെ എഴുന്നേറ്റു. കണ്ണുതുറന്നു നേരെ കാട്ടു വഴിയിലൂടെ ഒരു നടത്തം, അത് നല്‍കുന്ന ഒരു സന്തോഷം, ഉണര്‍വ് ഒന്നും പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഏഴു മണിയോടെ ഞങ്ങള്‍ എല്ലാവരും ടോപ് സ്ലിപ് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ഹാജരായി. ഞങ്ങളുടെ ഗൈഡ് ബേബി ചേട്ടന്‍ വരാനുള്ള കാത്തിരിപ്പാണ്. ഇടക്ക് എല്ലാവരും ചായയും ബിസ്‌കറ്റും കഴിച്ചു. എഴരയോടു കൂടി ട്രെക്ക് റൂട്ടില്‍ കയറി, നേരത്തെ പറഞ്ഞ പോലെ എല്ലാവരും നിശബ്ദരായിരിക്കണം എന്ന കാര്യം കണ്ണു കൊണ്ടും ആംഗ്യം കൊണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.

നാച്വര്‍ അഡ്വഞ്ചര്‍ ഫൌണ്ടേഷന്‍ (നാഫ്) സംഘടിപിച്ച വനയാത്രകളില്‍ ഏറ്റവും നിശബ്ദമായിരുന്നു ഈ വനയാത്ര.  അതുകൊണ്ട് പല നേട്ടങ്ങളും ഈ യാത്രയില്‍ ലഭിച്ചു. വരിവരിയായി അച്ചടക്കത്തോടെ ആയിരുന്നു നടത്തം. രാവിലെ ആയതു കൊണ്ട് മലയണ്ണാന്‍, ലങ്ഗൂര്‍, വേഴാമ്പല്‍ മറ്റു പലതരം പക്ഷികളെയും കാണാന്‍ കഴിഞ്ഞു. വീതിയുള്ള വഴിയില്‍ നിന്നും പെട്ടെന്ന് ഒറ്റയടി പാതയിലേക്ക് കടന്നു. വഴിയിലേക്ക് നീണ്ടുകിടക്കുന്ന മരക്കൊമ്പുകളും, മുള്‍ച്ചെടികളും പലരുടെയും ശരീരത്തില്‍ ചെറിയ മുറിവുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഈര്‍പ്പം നിറഞ്ഞ വഴിയില്‍ കാല്‍പാദങ്ങള്‍ താഴ്ന്നു പോവുന്നുണ്ടായിരുന്നു. ഇനി ഒരിറക്കം അവിടെ താഴെ ചെറിയ ഒരു കുളം, ചെളി നിറഞ്ഞു കലങ്ങിയ വെള്ളം. ബേബിച്ചേട്ടന്‍ കുറച്ചു മുന്നിലായിരുന്നു നടന്നിരുന്നത്. കുളത്തിന്റെ ഉപരിതലത്തില്‍ ചെറിയ ഒരനക്കം. ‘രാജന്‍’ ആണത്, ബേബിച്ചേട്ടന്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു. പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും രാജവെമ്പാല ഒരു അത്ഭുതമായി തോന്നുന്നത് അപ്പോഴായിരുന്നു. രാജകീയ പ്രൌഡിയോടെ അവന്‍ ജലപ്പരപ്പിലൂടെ നീങ്ങി ഞങ്ങള്‍ക്ക് കടന്നുപോകുവാനുള്ള വഴിയില്‍ നിലയുറപ്പിച്ചു. നിലത്തു നിന്ന് ഏകദേശം മൂന്നടിയോളം ഉയര്‍ന്നു പത്തി വിടര്‍ത്തി നില്‍ക്കുന്നു തിളങ്ങുന്ന മേനിയോടെ. എസ്എല്‍ആര്‍ ക്യാമറകള്‍ അവനു നേരെ ചിമ്മി തെല്ലു ഭയത്തോടെ. ആര് മുന്നില്‍ വന്നു പെട്ടാലും തൊഴുതു നിന്ന് പോവുന്ന രാജകീയത്വം.

ബേബിച്ചേട്ടന്‍ ഒരു സംഭവം ആണെന്ന് പറയാതെ വയ്യ. അനുഭവ സമ്പത്ത് എന്നത് എത്ര പണം കൊടുത്താലും സ്വന്തമാക്കുവാന്‍ കഴിയില്ല എന്നത് ബേബിച്ചേട്ടന്റെ ഓരോ നീക്കങ്ങളില്‍ നിന്നും നമുക്ക് പഠിക്കാം. ജനിച്ചത് മലയാളി ആയിട്ടാണെങ്കിലും തമിഴ്’കാടിന്റെ’ സ്വന്തം മകനായിട്ട് ഇപ്പോള്‍ ജീവിക്കുന്നു. വീണ്ടും നടത്തം തുടര്‍ന്നു ഇപ്പോള്‍ കാടിന്റെ സ്വഭാവം മാറി. ഉയര്‍ന്നു നില്‍ക്കുന്ന പുല്ലു വകഞ്ഞു മാറ്റി വേണം നടക്കാന്‍ ഒരു വളവു തിരിഞ്ഞതും മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന വാച്ച് ടവര്‍ കണ്ടു. ഞങ്ങള്‍ അതിന്റെ മുകളില്‍ കയറി കയ്യില്‍ കരുതിയിരുന്ന ഓറഞ്ച് കഴിച്ചു ക്ഷീണം അകറ്റി.

ബേബിച്ചേട്ടന്‍ വീണ്ടും ഓര്‍മിപ്പിച്ചു ഇത് പോലെ തന്നെ നിശബ്ദമായ് നടന്നാല്‍ ഞാന്‍ കാട്ടുപോത്തിനെ കാണിച്ചു തരാം. അപ്പോള്‍ മുതല്‍ നിശബ്ദക്ക് കുറച്ചു മാറ്റ് കൂടി. ആനത്താരിലൂടെയും പുതിയ വഴികള്‍ സൃഷ്ടിച്ചും ബേബിച്ചേട്ടന്‍ പടയപ്പയെ പോലെ മുന്നില്‍ നടന്നു. ചേട്ടന്റെ കയ്യില്‍ ആകെ ഉള്ളത് വഴിയില്‍ നിന്നും എടുത്ത ചൂരല്‍ പോലത്തെ ഒരു ചെറിയ വടി മാത്രം ആണ്. ലംഗൂറുകള്‍ സിഗ്‌നല്‍ കൊടുക്കുന്ന പോലെ ഒച്ചയുണ്ടാക്കിത്തുടങ്ങി. പെട്ടന്ന് ഞങ്ങളോട് നടത്തം നിര്‍ത്തുവാന്‍ ആംഗ്യം കാണിച്ചു കൊണ്ട് ബേബിച്ചേട്ടന്‍ പതുക്കെ രണ്ടടി മുന്നോട്ടു വച്ചു. തൊട്ടപ്പുറത്ത് നിന്നും വല്യ ശബ്ദത്തോടെ മുരള്‍ച്ച.

പതിഞ്ഞ ശബ്ദത്തില്‍ ‘ആന ‘.. ‘ഒറ്റയാന്‍ ‘എന്ന ശബ്ദങ്ങള്‍ അവിടുത്തെ മുളംകൊമ്പുകളില്‍ തട്ടി തെറിച്ചു വീഴുന്നുണ്ടായിരുന്നു. എല്ലാവരും ഭയ ചകിതരായി. കുറച്ചു പേര്‍ ബേബിച്ചേട്ടന്‍ പറഞ്ഞപോലെ ഒരു വശത്തേക്ക് മാറി നിന്നു, ഒരാള്‍ ആനത്താരിയിലേക്ക് ഓടി, എന്തോ ഞങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്നപോലെ തോന്നി. വീണ്ടും മുരള്‍ച്ച .. ഓരോരുത്തരായി ചേട്ടന്റെ പുറകെ കാടിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി, ഒരു ഒഴിഞ്ഞ സ്ഥലം. എല്ലാരുടെയും ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു, മുഖം വിളറിയിരുന്നു. ഇപ്പോഴും രക്ഷപ്പെട്ടോ ഇല്ലയോ എന്ന ആശങ്ക മുന്നില്‍ ഉണ്ട്. ബേബിച്ചേട്ടന്‍ ഞങ്ങള്‍ ചിതറി ഓടിയതിനു വഴക്ക് പറഞ്ഞു . ‘നിങ്ങള്‍ ഒക്കെ എന്ത് ട്രെക്കേഴ്‌സ് ആണ്? എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു പോയി.

ഹൃദയമിടിപ്പിന് അപ്പുറം ഒറ്റയാന്‍ നില്‍ക്കുന്നുണ്ടെന്ന് അറിയിക്കാതെ ബേബിച്ചേട്ടന്‍ ഞങ്ങളുടെ മധ്യത്തില്‍ ഇരുപ്പുറപ്പിച്ചു. ഷൂവിന്റെ കെട്ടഴിച്ചു കടിച്ചിരിക്കുന്ന അട്ടയെ വലിച്ചെറിഞ്ഞു കൊണ്ട് ഞങ്ങളെ ഒന്ന് തണുപ്പിക്കാന്‍ വേണ്ടി ഒരു പാട്ട് പാടി

‘ടും ടും, ടും ഡും ..കാട്ടു മല്ലിയെ പാക്കണം മാ
കാട്ടു മല്ലിയെ പാക്കണം മാ .. അമ്മാ
നമ്മ വയസി പൈകള്‍ എല്ലാം വന്ത് കാട്ടുക്കുള്ള ഓടിപോയി അലമോരി ടും ടും, ടും ഡും’

ബേബിച്ചേട്ടന്റെ ആ പാട്ടിന് വല്ലാത്തൊരു എനര്‍ജിയാണ്. ഒരു റൌണ്ട് കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ശാന്തരും കൂടുതല്‍ ഉന്മേഷവാന്മാരും ആയി. ഞങ്ങളുടെ ഏറ്റവും പുറകിലായി വന്നവര്‍ക്ക് ഒറ്റയാന്റെ പാര്‍ശ്വ ഭാഗങ്ങള്‍ കാണാന്‍ കഴിഞ്ഞു. ലംഗൂറുകളുടെ കരച്ചില്‍ അപ്പോഴും കേള്‍ക്കാമായിരുന്നു.

വീണ്ടും ഹൈകിംഗ് തുടര്‍ന്നു. മുന്‍പ് പറഞ്ഞ വാക്ക് പാലിക്കാന്‍ ആയിരുന്നു ബേബിച്ചേട്ടന്റെ അടുത്ത ശ്രമം. ഇത്തവണ ആരും ചേട്ടന്‍ പറയാതെ ഓടുകയോ അനങ്ങുക പോലും ചെയ്യില്ല എന്ന് ഉറപ്പിച്ചു. ചേട്ടന്‍ മുന്‍പത്തെ പോലെ കയ്യിലെ വടി കൊണ്ട് ഞങ്ങളെ നിയന്ത്രിച്ചു അനുസരണയുള്ള ആട്ടിന്‍ പറ്റത്തെ പോലെ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു.

നിശബ്ദതയുടെ വാരിയെല്ലുകള്‍ തകര്‍ത്തുകൊണ്ട് എണ്ണ തേച്ചു മിനുക്കിയ ഉരുക്ക് കൊണ്ടുണ്ടാക്കിയ പോലത്തെ കാട്ടുപോത്ത്. ആരും അനങ്ങിയില്ല, ബേബി ചേട്ടനോടുള്ള വിശ്വാസം. വീണ്ടും അടുത്ത കാട്ടുപോത്ത് മുന്നിലൂടെ ഓടി അകന്നു, സമാധാനം. എന്തോ വലിയ അപകടത്തില്‍ നിനും രക്ഷപെട്ടപോലെ എല്ലാരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

നടത്തത്തിനു കുറച്ചു വേഗം കൂടിയപോലെ ആരും ഒന്നും മിണ്ടുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വീതിയുള്ള ജീപ്പ് റോഡിലേക്ക് കയറി. ഡോര്‍മിറ്ററിയിലേക്ക് ഇനി കഷ്ടിച്ച് ഒരു കിമി ദൂരം മാത്രം. ഞങ്ങള്‍ കയ്യില്‍ കരുതിയിരുന്ന മധുരനാരങ്ങ എല്ലാവര്‍ക്കും വിതരണം ചെയ്തു . ബേബിച്ചേട്ടനെ എടുത്തുപൊക്കി ഒന്ന് ആഘോഷിക്കണം എന്നുണ്ടായിരുന്നു.

തിരിച്ചു ക്യാമ്പില്‍ വന്നു ഷൂസില്‍ കയറിപ്പറ്റിയ രക്തദാഹികളായ പാവം അട്ടകളെ എടുത്തു മാറ്റി. കുളിച്ചു ഫ്രഷ് ആയി എല്ലാവരും സിമന്റ് ഇരിപ്പിടങ്ങളില്‍ ഒത്തു കൂടി. ഒരുമിച്ചാണ് പോയതെങ്കിലും പലരുടെയും അനുഭവങ്ങളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരുന്നു.

ഫോറസ്റ്റ് ഓഫീസില്‍ ഞങ്ങള്‍ കണ്ട രാജവെമ്പാലയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുന്‍പ് ജനുവരിയില്‍ കുറച്ചകലെയായി നിമിഷ നേരത്തേക്കു മാത്രമേ ദര്‍ശനം ലഭിചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യമായാണ് ഇത്രയും അടുത്തും ദൈര്‍ഘ്യമേറിയതുമായ കാഴ്ച ലഭിക്കുന്നത്. രാജവെമ്പാലയെ കാണാന്‍ ആദിവാസികളും, ഫോറെസ്റ്റ് ഓഫീസ് ജീവനക്കാരും സലിലിന്റെ ക്യാമറക്ക് മുന്‍പില്‍ തടിച്ചു കൂടി.

ഇനി ഒരു യാത്ര പറച്ചില്‍ ആണ്. ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും താത്കാലികമായി പിരിഞ്ഞു, മറ്റൊരു യാത്രയുടെ അറിയിപ്പിന് കാതോര്‍ത്തുകൊണ്ട്. ഓരോ യാത്രയും അവസാനിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയും. മഞ്ഞില്‍ അലിഞ്ഞു നില്‍ക്കുന്ന പുല്‍മേടുകളില്‍ മാന്‍ കൂട്ടം വിഹരിക്കുന്നു. മയിലുകള്‍ ഒതുക്കി നിര്‍ത്തിയ പീലികളും ചുമന്ന് മാനുകള്‍ക്കിടയിലൂടെ.

ഓടി തളര്‍ന്ന ബസ്സിന്റെ സീറ്റില്‍ ക്ഷീണം ഉറക്കത്തിന്റെ രൂപത്തില്‍ ഓടിയെത്തുമ്പോളും. ബേബി ചേട്ടന്റെ പാട്ടും ഒറ്റയാന്റെ മുരള്‍ച്ചയും ചെവിയില്‍ അലയടിച്ചുകൊണ്ടിരുന്നു.

ടും ടും, ടും ഡും ..കാട്ടു മല്ലിയെ പാക്കണം മാ ..കാട്ടു മല്ലിയെ പാക്കണം മാ .. അമ്മാ .. നമ്മ വയസി പൈകള്‍ എല്ലാം വന്ത് കാട്ടുക്കുള്ള ഓടിപ്പോയി അലമോരി ടും ടും, ടും ഡും..

കൂടുതല്‍ ചിത്രങ്ങള്‍

(കൊച്ചിയില്‍  സി247 എന്ന കമ്പനി  ജനറല്‍ മാനേജര്‍ ആണ് ലേഖകന്‍ )

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍